Wednesday, August 12, 2020
ഉണക്കക്കപ്പപ്പുഴുക്ക് [തനതു പാകം - 40]കേരളത്തിൽ ഭക്ഷ്യക്ഷാമം വന്നപ്പഴൊക്കെ നമ്മളെ രക്ഷപെടുത്തിയത് മരച്ചീനി [കപ്പ ,പൂള ] ആണ്.ബ്രസീലിയൻ വംശജനായ ഇവനെ ഇവിടെ ക്കൊണ്ടുവന്നത് പോർച്ചുഗീസ് കാരാണ് തിരുവതാംകൂർ മഹാരാജാവ് വിശാ ഘം തിരുനാൾ രാമവർമ്മത്തമ്പുരാനാണ് ഇവിടെ ഇത് സർവ്വസാധാരണമാക്കിയത്.സ്റ്റാർച്ചിൻ്റെ കലവറയായ ഈ കിഴങ്ങിൽ പ്രോട്ടീനോ, വിറ്റാമിനോ ഒന്നും ഇല്ല എന്നു തന്നെ പറയാം.ഇതിന് ഒരു വിഷാംശം ഉണ്ടുതാനും അപകടകരമല്ലങ്കിലും തിളപ്പിച്ച് ഊററിക്കളഞ്ഞാൽ ഇത് ഒഴിവായിക്കിട്ടും.ഈ വിഷാംശം പൂർണ്ണമായും നീക്കി ഇതിനെ ഒരു സമീകൃതാഹാരമാക്കി ഉപയോഗിക്കുന്ന ഒരു രീതി മദ്ധ്യകേരളത്തിലുണ്ട്.കപ്പ പറിച്ച് തൊണ്ടുകളഞ്ഞ് വട്ടത്തിൽ അരിഞ്ഞ് വലിയ ചെമ്പിൽ വെള്ളമൊഴിച്ച് വാട്ടി എടുക്കും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് നന്നായി വെയിലത്ത് ഉണക്കി സൂക്ഷിക്കും.വാട്ടുമ്പോൾ ചെമ്പിൽ പച്ചമഞ്ഞൾ ചതച്ചിടാറുണ്ട്.വീണ്ടും ആകപ്പ നല്ലവണ്ണം വെള്ളമൊഴിച്ച് ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു് കുക്കറിൽ വേവിച്ചെടുക്കും. അതിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് അത് ഒരു ഉരുളിയിലേക്ക് പകരുക. തലേ ദിവസം വെള്ളത്തിലിട്ട് കതിർത്തവൻപയർ കുക്കറിൽ മഞ്ഞപ്പൊടിയും സ്വൽപ്പം ഉപ്പും ചേർത്ത് വേവിച്ച് ഊറ്റിവച്ചത് ഈ കപ്പയിലേക്ക് പകരണം. നാളികേരം ചിരകി എടുത്ത് കരിവേപ്പില, കാന്താരിമുളക് ഉപ്പ്, ഉള്ളി, ചുവന്ന മുളക് എന്നിവ പാകത്തിന് ചേർത്ത് അരച്ചെടുക്കണം. കുറച്ച് കുരുമുളക് പൊടിയും ചേർക്കുന്നത് നല്ലതാണ്.അത് കപ്പയും പയറും കൂടിയ മിശ്രിതത്തിലേക്ക് ചേർത്ത് ചെറിയ തീയ്യിൽ നന്നായി ഇളക്കി യോജിപ്പിക്കണം .തീ കെടുത്തി മുകളിൽ വെളിച്ചണ്ണ ത ളി ച്ച് അടച്ചു വയ്ക്കണം.കപ്പയിലെ സ്റ്റാർച്ചും, പയറിലെ പ്രൊട്ടീനും ചേർന്ന് അപകടമില്ലാത്ത ഉണക്കു കപ്പപ്പുഴുക്ക് ഉണ്ടാക്കാം. നല്ല ഉലുവ മാങ്ങ കൂടി ഉണ്ടങ്കിൽ അത്യംത്തമം
Subscribe to:
Post Comments (Atom)
No comments:
Post a Comment