Monday, August 17, 2020
ശങ്കുപ്പണിക്കരുടെ കത്തി [ കീശക്കഥകൾ -181]ശങ്കുപ്പണിക്കർ. പൊട്ടം കുഴി പ്പഞ്ചായത്തിലെ പെരുന്തച്ചൻ.നല്ല പണിക്കാരൻ. സംസാര പ്രിയൻ. വർത്തമാനം പറയാൻ ആളെക്കിട്ടിയാൽ അപ്പം ഉളി താഴെ വയ്ക്കും. ഒറ്റമുണ്ട്. മുറിക്കയ്യൻ ഷർട്ട്. പൂണൂലും ഉണ്ട്. കയ്യിൽ സന്തത സഹചാരി ആയി ഒരു മുഴക്കോൽ. വിശ്വകർമ്മാവിൻ്റെ പാരമ്പര്യം. പെരുന്തച്ചൻ്റെ കുടുംബം.പാരമ്പര്യത്തിൻ്റെ കാര്യം പറഞ്ഞാൽ വാചാലനാകും. ജാലിയൻ കണാരൻ തോറ്റു പോകുന്ന കത്തി.ഇതുകൊണ്ടൊക്കെ ആരും പണിയ്ക്ക് വിളിയ്ക്കില്ല. പക്ഷേ സാധുവാണ്.ശുദ്ധൻ. മിക്കവാറും ഇവിടെ വരും.മുത്തശ്ശനുമായി ക്കത്തിവയ്ക്കാൻ. മുത്തശ്ശനും ഇഷ്ടാണ്. അവർ ഒത്തുകൂടിയാൽ സമയം പോണതറിയില്ല. കാപ്പിയും ഊണും ശങ്കുവിനും കൊടുക്കും.അന്ന് കൂട്ടുകുടുംബമാണ്. ഒരു ദിവസം എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു.ശങ്കുപ്പണിക്കരെ ക്കത്തി വച്ച് മുട്ടുകുത്തിയ്ക്കാൻ.രാവിലെ പത്തുമണിക്ക് ശങ്കുപടി കടന്നെത്തി. കയ്യിൽ ഒരു പെരുങ്കായത്തിൻ്റെ സഞ്ചിയുണ്ട്. പിന്നെ മുഴക്കോലും. മുത്തശ്ശനാണ് തുടങ്ങി വച്ചത്." ഉച്ചക്ക് വയ്ക്കാൻ അരിയും പലവ്യഞ്ജനവും വാങ്ങാനിറങ്ങിയതാണ്.ഇത് എത്തിയിട്ടു വേണം അവരുടെ വിശപ്പകറ്റാൻ."മുത്തശ്ശൻ ചാരുകസേരയിലാണ്.ശങ്കു താഴെ ഇറയത്ത് നിലത്ത് കുത്തിയിരിക്കുന്നു. രണ്ടു കയ്യും കൂട്ടിമുഴക്കോൽ പിടിച്ചിട്ടുണ്ട്. പഴം പുരാണങ്ങളുടെ കെട്ടഴിക്കാൻ താമസമുണ്ടായില്ല. പലപ്പഴും പറഞ്ഞിട്ടുള്ള വീരസാഹസികകഥകൾ !. പെരുന്തച്ചൻ്റെ പാരമ്പര്യത്തിൽ തുടങ്ങി സാക്ഷാൽ ശങ്കുപ്പണിക്കർ വരെ എത്തി. നേരം 12 മണി ആയി. മുത്തശ്ശന് കഴിക്കണ സമയമായി. അപ്പഴേക്കും മുത്തശ്ശൻ്റെ അനിയൻ തുപ്പൻ നമ്പൂതിരി എത്തി. ശങ്കുവിന് സന്തോഷായി." ശങ്കുവിനും ചോറ് കൊടുക്കണം. ഞാൻ ഒന്നു വിശ്രമിക്കട്ടെ.""പണിക്കരേ പൂതൃക്കോവിലിലെ ശ്രീകോവിലിൻ്റെ ആരൂഢം ശങ്കുവല്ലേ അവസാനം ശരിയാക്കിയത്."പിന്നെ ആരൂഢം ഉറപ്പിച്ചതിൻ്റെ കഥയായി. എത്ര പറഞ്ഞാലും തീരാത്ത കഥ. ഇതിനിടെ ആഹാരം കഴിക്കുമ്പഴും ശങ്കുപറഞ്ഞുകൊണ്ടിരുന്നു.. ശങ്കുവിന് സ്റ്റോക്ക് തീരുന്നില്ല. ഭൂമിക്ക് താഴെയുള്ള ഏതു വിഷയവും ശങ്കുവിന് വഴങ്ങും. നാലു മണി ആയപ്പോൾ റിലേ സമരത്തിന് അടുത്ത ആൾ വന്നു. സമയം പോയതറിയാതെ ശങ്കു.രാത്രി എട്ടുമണിക്ക് ശങ്കുവിനത്താഴം. മുത്തശ്ശനും അഫന്മാരും കിടന്നു പിന്നെ മക്കൾ ഏറ്റെടുത്തു. രാത്രി പത്തു മണി.ഏട്ടൻ വേറൊന്നു വിഷയം എടുത്തിട്ട് ശങ്കുവിൻ്റെ വിഷയ ദാരിദ്ര്യം ഒഴിവാക്കി.. ശങ്കുപ്പണിയ്ക്കർ ഒറ്റക്ക് കത്തിക്കയറുകയാണ്.ഒരു മടുപ്പുമില്ല. രാത്രി പന്ത്രണ്ടു മണി.ഏട്ടൻ ഒരുറക്കം കഴിഞ്ഞ് എഴുനേറ്റു ".പണിക്കരെ നമുക്ക് ഒന്നു മുറുക്കാം. ന്താ ". ഒരു മണിക്കൂർ ഏട്ടൻ ഒരു വിധം പിടിച്ചു നിന്നു. അപ്പഴാണ് അനിയൻ സെക്കൻ ഷോ കഴിഞ്ഞെത്തിയത്." ആ ഇളം കാവിലെ വള്ളത്തിൻ്റെ പണിയുടെ ചരിത്രം അവനു കൂടെ ഒന്നു പറഞ്ഞു കൊടുക്കൂ ". രാത്രി അങ്ങിനെ ഞങ്ങൾ മാറി മാറിപ്പെരുമാറിയിട്ടും ശങ്കുവിന് ഒരു കുലുക്കവുമില്ല.മുത്തശ്ശൻ രാവിലെ നാലു മണിക്ക് എഴുനേൽക്കും."അ..ശങ്കു പോയില്ലേ ? ഞാൻ കുളിയ്ക്കാൻ പോണൂ ശങ്കുകൂടെ വന്നോളൂ. വർത്തമാനം പറഞ്ഞിരിക്കാമല്ലോ? കുളിയും തേവാരവും കഴിഞ്ഞെത്തിയപ്പോൾ ആറു മണി. പിന്നെ ഒരോരുത്തരായി ഉണർന്നു. ഊഴം തെറ്റാതെ പണിക്കരോടേറ്റുമുട്ടി."അയ്യോ.തമ്പുരാനേ.. പന്ത്രണ്ടു മണിയായി.അരീം സാധനങ്ങളും വാങ്ങിക്കൊടുത്തില്ലങ്കിൽ വീട്ടുകാർ പട്ടിണിയാകും""എന്താ ധൃതി. പതുക്കെപ്പോകാം: "" വീട്ടിൽപ്പോയി ഇതു കൊടുത്ത് ഉടനേ വരാം"മുത്തശ്ശൻ പണിക്കാർ വശം ശങ്കു അറിയാതെ ശങ്കുവിൻ്റെ കുട്ടികൾക്ക് ആഹാരത്തിനുള്ളത് ഇന്നലെത്തന്നെ എത്തിച്ചു കൊടുത്തിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment