Thursday, August 20, 2020
ദുര്യോധനൻ്റെ മാന്ത്രിക കവചം [കൃഷ്ണൻ്റെ ചിരി - 33 ]ശ്രുതായുധൻ്റെ മരണത്തിനു ശേഷം അർജുനൻ്റെ പരാക്രമം അനുപമമായിരുന്നു. വ്യൂഹത്തിൽ അർജുനൻ വെട്ടിത്തെളിച്ച വഴിയിലൂടെ ശ്രീകൃഷ്ണൻ സമർത്ഥമായി തേർതെളിച്ചു.ഈ രീതിയിൽ ഈ യുദ്ധം തുടർന്നാൽ അർജുനൻ ഈ വ്യൂഹം ഭേദിച്ച് അധികം താമസിയാതെ ജയദ്രഥനെ വധിക്കും എന്നു കണ്ട് പരാതിയുമായി ദുര്യോധനൻ ദ്രോണരുടെ അടുത്തുചെന്നു. അദ്ദേഹത്തെ ഭത്സിക്കാൻ തുടങ്ങി. അങ്ങയുടെ സ്നേഹം ഇന്നും പാണ്ഡവരോടാണ്."എനിയ്ക്ക് പ്രായമായില്ലേ? മാത്രമല്ല ഗാണ്ഡീവധാരി ആയ അർജ്ജുനനെ തടയുക അസാദ്ധ്യമാണ്.പോരാത്തതിന് അവൻ്റെ സാരഥി കൃഷ്ണനും.എൻ്റെ എത്ര ആയുധങ്ങളാണ് ആ തേരാളിയുടെ സാമർഥ്യംകൊണ്ട് നഷ്ടപ്പെട്ട് ഫലം കാണാതെ പോയത്.ഇന്ന് സൂര്യാസ്തമനം വരെ അർജ്ജുനൻ ജയദ്രഥൻ്റെ അടുത്തെത്താതെ നോക്കൂ. നീ തന്നെ പോയി അർജ്ജുനനെ തടയൂ." എന്നു പറഞ്ഞ് ആചാര്യൻ മന്ത്രം ജപിച്ച് ദുര്യോധനന് ഒരു മാന്ത്രിക കവചം ഉണ്ടാക്കിക്കൊടുത്തു. ഏതു ദിവ്യാസ്ത്രത്തേയും ചെറുക്കാൻ ഈ കവചത്തിനു കഴിയും.വർദ്ധിത വീര്യത്തോടെ ആ മാന്ത്രിക കവചം ധരിച്ച് ദുര്യോധനൻ അർജ്ജുനനുമായി ഏറ്റുമുട്ടി. ദുര്യോധനൻ്റെ പരാക്രമത്തിൽ കൃഷ്ണാർജുനന്മാർ പോലും അത്ഭുതപ്പെട്ടു.ഗാണ്ഡീവ ത്തിൽ നിന്ന് തൊടുക്കുന്ന ഒര സ്ത്രവും ദുര്യോധനനെ ഏൾക്കുന്നില്ല. ദിവ്യാസ്ത്രങ്ങൾ പോലും ആ ഉജ്വല കവചത്തിൽ തട്ടി തെറിച്ചു പോകുന്നു. കൃഷ്ണന്കാര്യം മനസിലായി.ആ മാന്ത്രിക കവചം ആവരണം ചെയ്യാത്ത ദുര്യോധനൻ്റെ ശരീരഭാഗം ലക്ഷ്യം വയ്ക്കൂ.അർജുനന് കാര്യം മനസിലായി. ദുര്യോധനൻ്റെ കയ്യിലും കാലിലും അസ്ത്ര വർഷം തന്നെ നടത്തി. ദുര്യോധനൻ്റെ കൈകൾ അറ്റു വീഴും എന്ന സ്ഥിതി വന്നപ്പോൾ ദുര്യോധനൻ പിൻ വാങ്ങി.സൂര്യൻ അസ്തമിക്കാൻ ഇനി കുറച്ചു സമയമേ ഉള്ളു. എങ്ങിനെ ജയദ്രഥ വധം നടക്കും. ശ്രീകൃഷ്ണൻ്റെ യുദ്ധതന്ത്രങ്ങൾക്കായി കാത്തിരിയ്ക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment