Tuesday, August 4, 2020
അംബികാകുമാരി ടീച്ചർ [ഗുരുപൂജ - 2 ]ഞാൻ എൽ.പി.സ്ക്കൂളിൽ രണ്ടു വർഷമേ പഠിച്ചുള്ളു. നമ്മുടെ പ്രസിഡൻ്റ് ശ്രീ.കെ.ആർ.നാരായണന് ആദ്യക്ഷരം പറഞ്ഞു കൊടുത്ത പ്രസിദ്ധമായ കുറിച്ചിത്താനത്തെ എ.പി സ്ക്കൂൾ. മൂന്നാം ക്ലാസിൽ ആദ്യമായെത്തിയതുകൊണ്ട് തന്നെ മറ്റു കുട്ടികളുമായി ഇടെപെടാൻ സമയമെടുത്തു.അന്നത്തെ കാലത്ത് ഒരു ഓർത്തഡോക്സ് നമ്പൂതിരി കുടുബത്തിൽ നിന്നു വന്ന കുട്ടി എന്നുള്ള നിലയ്ക്ക് ബാക്കി കുട്ടികളും ഒരു തരം അകലം പാലിച്ചത് എന്നെ വേദനിപ്പിച്ചിരുന്നു.അങ്ങിനെ സ്കൂൾ അങ്കണത്തിൽ പകച്ചു നിന്ന ആ വള്ളിനിക്കറുകാരന് ആശ്വാസമായത് എൻ്റെ ക്ലാസ് ടീച്ചർ ആയിരുന്നു. അബികാകുമാരി ടീച്ചർ എന്നെ മുമ്പിലത്തെ ബഞ്ചിൽത്തന്നെ കൊണ്ടിരുത്തി. എൻ്റെ അമ്മയുടെ ഛായയും, കരുതലും ഉള്ള ടീച്ചർ ആണ് എന്നിൽ ആത്മവിശ്വാസം നിറച്ച് സ്ക്കൂളിലെ മുഖ്യധാരയിലേക്ക് എത്തിച്ചത്. മിക്കവാറും എല്ലാ വിഷയവും ഒരു ടീച്ചർ തന്നെയാകും കൈകാര്യം ചെയ്യുക. പൊതുവേ അന്തർമുഖനായിരുന്ന എന്നെ കൂട്ടുകാർക്കൊപ്പം കളിയ്ക്കാനും മറ്റും പ്രേരിപ്പിച്ച് സാവധാനം ടീച്ചർ എന്നെ മാറ്റി എടുത്തു.പ0നത്തിലും ഒരു ലക്ഷ്യബോധം ഉണ്ടാക്കിത്തന്നു. അടുത്ത വർഷം യു പി സ്ക്കൂളിലേയ്ക്ക് മാറുമ്പോൾ ആ നല്ല ടീച്ചറെ നഷ്ടപ്പെട്ട വേദന ആയിരുന്നു മനസിൽ.അന്ന് സ്ക്കൂളിൽ ഉപ്പുമാവ് ഉണ്ട്.കൂട്ടുകാർ സ്ലെററിനും പുസ്തകത്തിനും കൂടെ ഒരു വട്ടയിലയും കൊണ്ടുവരും. ഉച്ചക്ക് കൂട്ടികൾ ഉപ്പുമാവ് ഉണ്ടാക്കുന്ന അമ്മാവന് ചുറ്റും കൂടും. ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്.കൂട്ടുകാരോട് അസൂയ തോന്നിയിട്ടുണ്ട്.സ്ക്കൂളിൽ നിന്നു വന്നാൽപ്പോലും കുളത്തിൽപ്പോയി മുങ്ങിക്കുളിച്ചിട്ടേ ആഹാരം തരൂ. അപ്പം സ്ക്കൂളിൽ നിന്ന് ഉപ്പുമാവ് കഴിച്ചു എന്നറിഞ്ഞാലുള്ള പുകിൽ അറിയാമല്ലോ.? അപ്പഴൊക്കെ എൻ്റെ പ്രശ്നങ്ങൾ മനസിലാക്കി ഒപ്പം നിന്നത് ടീച്ചർ ആണ്.അറുപത്തിരണ്ടു വർഷം മുമ്പുള്ള കഥയാണ്. ആ ടീച്ചർ എന്നെ ഓർക്കുന്നു പോലും ഉണ്ടാകില്ല. ഇന്ന് ടീച്ചർ തൃപ്പൂണിത്തു റെ യാണ് താമസം എന്നറിഞ്ഞു. പോയിക്കാണണം. ആ പാദങ്ങളിൽ നമസ്ക്കരിയ്ക്കണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment