Friday, August 14, 2020

പാച്ചൂന് ഏട്ടനൊപ്പമാകണം [ അച്ചു ഡയറി-355 ]മുത്തശ്ശാ പാച്ചുവിനേക്കൊണ്ടു തോറ്റു.എല്ലായിടത്തും അവന് ഏട്ടനൊപ്പം നിൽക്കണം. രാവിലെ ഇഢലി കഴിച്ചാൽ അതും ഏട്ടൻ കഴിച്ചിടത്തോളം. അവൻ കൊച്ചു കുട്ടിയല്ലേ. പറഞ്ഞാൽ മനസിലാകില്ല. അവിടെ അച്ചു തോറ്റു കൊടുക്കും. വിശന്നാലും വേണ്ടില്ല.ക്യാരംസ് കളിക്കുമ്പഴും അവന് എപ്പഴും ജയിയ്ക്കണം. ഞങ്ങൾ രണ്ടു പേരും മാത്രം കളിയ്ക്കുമ്പോൾ അച്ചു തോറ്റു കൊടുക്കും. പക്ഷേ നാലു പേരു് കളിക്കുമ്പോൾ അതു പറ്റില്ലല്ലോ? വാശിയാകും അടിയാകും. അവനേക്കൊണ്ട് അച്ചു തോറ്റു.കഴിഞ്ഞ ദിവസം ഗീതയിലെ ഒരു ശ്ലോകം അച്ചു ചൊല്ലി റിക്കാർഡ്‌ ചെയ്ത് അയച്ചില്ലേ. മുത്തശ്ശൻ 'മിടുക്കൻ, എന്നു പറഞ്ഞില്ലേ.പ്രശ്നമായി. അവനും ചൊല്ലണം. റിക്കാർഡ്‌ ചെയ്തത് പല പ്രാവശ്യംകേട്ട് കഷ്ടിച്ച് ചൊല്ലാറായി. ഒന്നും ക്ലിയർ അല്ല. അച്ചൂന് ചിരി വന്നു. പക്ഷേ അവൻ്റെ ആ വാശി അച്ചൂ നിഷട്ടായി. അത് റിക്കാർഡ് ചെയ്തയച്ചിട്ടുണ്ട്. ഏട്ടൻ ചൊല്ലിയതിനേക്കാൾ നല്ലതായി എന്നവനോട് ഒന്നു പറഞ്ഞേക്കണം.ഇന്നലെ വേറൊരു പ്രശ്നം. അവന് ഉടനേ ഏട്ടനൊപ്പം പത്തു വയസാകണം. എത്ര പറഞ്ഞാലും മനസിലാകില്ല. അങ്ങിനെ ഉടനേ പത്തു വയസാകാൻ പറ്റില്ല. അതിന് ഇനിയും അഞ്ചു വർഷം കഴിയണം. അപ്പം ഏട്ടനും വയസു കൂടില്ലേ? അതു പറ്റില്ല. അവന് ഏട്ടന് ഒപ്പം ആകണം. എന്താ മുത്തശ്ശാ പറയുക ഇതിലച്ചൂന് ഒന്നും ചെയ്യാൻ പറ്റില്ല. മുത്തശ്ശൻ ഒന്നു പറഞ്ഞു നോക്കൂ.,

No comments:

Post a Comment