Sunday, August 16, 2020
"ചേട്ടാ ഭഗവതി പുറത്ത് " [ നാലുകെട്ട് - 271]പഞ്ഞം കർക്കിടകം കഴിഞ്ഞു.പൊന്നിൻചിങ്ങം പിറന്നു. നമ്മുടെ പുതുവൽസരം. പണ്ട് ചിങ്ങമാസത്തിലൂടെ പുതുവത്സരത്തിലേക്കുള്ള പ്രവേശനം ഒരാഘോഷമാണ്. ഇന്നും ഓണത്തിൻ്റെ ഈണം മനസിൽ ആവേശമാണ്.അതു പോലെ ഒരു വലിയ ആത്മവിശ്വാസവും.പണ്ട് "ചേട്ടാ ഭഗവതി"യെ ക്കളയുക എന്നൊരു ചടങ്ങുണ്ട്. എല്ലാ സ്ഥലവും അടിച്ചു വൃത്തിയാക്കി മാലിന്യം പുറത്തു കളയുന്ന ചടങ്ങ്. കർക്കിടക സങ്കറാന്തിക്കാണ് ഈ ചടങ്ങ്. കരികൂട്ടി ഉരുട്ടിയ ഒരു കറുത്ത ഉരുള, നൂറും മഞ്ഞപ്പൊടിയും കൂട്ടിയ ചുവന്ന ഉള, കൂവച്ചെടി കടയോടെ പറിച്ചത്, പച്ച മഞ്ഞൾ, പൂവ്വാംകുരുന്നില, മുക്കൂറ്റി, തലനാരിൻകെട്ട്, നഖം, പ്ലാവില കോട്ടി അതിൽ തിരി കത്തിച്ചത്, ഇതെല്ലാം ഒരു പഴയ മുറത്തിലും, ഉടത്ത കലത്തിലുമാക്കി, ചൂട്ട് കൊളുത്തി ഒരോ മുറിയിലും ചെന്ന് "ചേട്ടാ ഭഗവതി പുറത്ത് ശ്രീ ഭഗവതി അകത്ത് "എന്നു റക്കെപ്പറഞ്ഞ് ദീപം ഉഴിഞ്ഞ് എല്ലാം കൂടി ദൂരെക്കൊണ്ടുക്കളയുന്നു.അങ്ങിനെ ചേട്ടാ ഭഗവതിയെ പുറത്താക്കി അകത്തു കയറി വാതിലടച്ച് ശ്രീ ഭഗവതിയെ പ്രതിഷ്ടിക്കുന്നു. അഷ്ടമംഗല്യത്തിൽ വിളക്കുവച്ച് ഒരു നല്ല വർഷത്തിനായി പ്രാർത്ഥിക്കുന്നു.അന്നത് ശുചീകരണത്തിൻ്റെ ഒരു ഭാഗമായ ചടങ്ങാണത്. മനസ്സിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മാറാലകളും കളഞ്ഞ് പ്രതീക്ഷയുടെ പുതുനാമ്പുകൾ മനസിൽ മുളയ്ക്കുന്നു. പിന്നെ ഓണാഘോഷമായി. പൂവിടലും, ഊഞ്ഞാലാട്ടവും ഓണത്തപ്പനെ വരവേക്കലും ഓണക്കോടിയും, ഓണസദ്യയുമൊക്കെയായി പുതുവർഷത്തിന് വർണ്ണാഭമായ ഒരു തുടക്കം കിട്ടുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment