Saturday, May 9, 2020

എൻ്റെ അമ്മ...ഈ മാതൃദിനത്തിൽ എൻ്റെ പ്രിയപ്പെട്ട അമ്മക്ക് പ്രണാമം. ഈ നാലുകെട്ടിൻറെ മാറാലപിടിച്ച അകത്തളത്തിലേയ്ക്ക് കാലെടുത്തു വച്ച  അന്നുമുതലുള്ള ത്യാഗത്തിൻറെ കഥ പറഞ്ഞറിഞ്ഞിരുന്നു .പിന്നീട് അടുത്തറിഞ്ഞിരുന്നു .അന്ന് ഒരു വലിയ നമ്പൂതിരി തറവാട് .പുറമെ ഭദ്രം . പക്ഷേ അന്തർജനങ്ങളാകാൻ വിധിക്കപ്പെട്ടവരുടെ കാര്യം മഹാകഷ്ടം . അഫന്മ്മാരും ,മുത്തഫന്മാരും അടങ്ങിയ ഒരു വലിയ തറവാട് .രാവിലേ ഏഴരവെളുപ്പിന് തുടങ്ങും ഒരുദിവസം .  കുളിച്ചുവന്നാൽ നിത്യപൂജക്കുള്ളത് ഒരുക്കുന്നത് മുതൽ തുടങ്ങും ജോലി .എല്ലാവർക്കും ആഹാരം ഒരുക്കണം .പണിക്കാരുണ്ടാകും ,വിരുന്നുകാരുണ്ടാകും .എത്ര വയ്ക്കണമെന്ന് ഒരുകണക്കുപോലും ഉണ്ടാകില്ല .അതുകൊണ്ടൊക്കെ ചിലപ്പം അവസാനം അമ്മ പട്ടിണിയാകും . അന്ന് ഇന്നത്തെ സൗകര്യങ്ങൾ ഒന്നുമില്ല . വെള്ളം കോരണം അരക്കുന്നത് അമ്മിക്കല്ലിൽ പൊടിക്കാൻ ഉരള് ,തിരിക്കല്ല് . എല്ലാം നല്ല അദ്ധ്വാനം .തറനിരപ്പിൽ അടുപ്പ് .നനഞ്ഞ വിറക് ഊതി കത്തിച്ചു് കലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയേ ഇന്നും ഓർക്കുന്നു .പകുതി ദിവസം ഒരിക്കൽ [ഒരുനേരം ആഹാരം ] ,ഉവാസം [അന്ന് ആഹാരം കഴിക്കില്ല ]         മിക്കവാറും ശ്രാദ്ധം ,വാവുബലി ,വിശേഷാൽ പൂജകൾ ,പിറന്നാൾ എല്ലാത്തിനും അമ്മയുടെ കയ്യെത്തണം . ഒരുപരിഭവവുമിലാതെ ഒരു യോഗിനി യുടെ മനസുമായി എൻറെ 'അമ്മ .പുരാണത്തിലും ,ജ്യോതിഷത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അമ്മ ഞങ്ങൾക്ക് പുരാണകഥകൾ പറഞ്ഞുതരാനുള്ള സമയവും കണ്ടെത്തിയിരുന്നു . ആ വലിയ കുടുംബം കാല ക്രമത്തിൽ ഒരു ചെറിയ കുടുംബത്തിലേക്ക് ചുരുങ്ങി .ഇനി 'അമ്മ കഷ്ട്ടപ്പെടരുത് . അമ്മയുടെ കണ്ണൂനീർ ഇനി ഇവിടെ വീഴരുതു്. അത്ഭുതം! അമ്മ കരയുന്നത് ഞാൻ കണ്ടിട്ടില്ല. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ കൊമ്പരയുടെ മൂലയിൽ ആരും കേൾക്കാതെ കരഞ്ഞിട്ടുണ്ടാവാം. തൻ്റെ എല്ലാമായിരുന്ന പരദേവതക്ക് നെയ് വിളക്കു വയ്ക്കുമ്പോൾ ആ കണ്ണു നനഞ്ഞിട്ടുണ്ടാവാം. ഈ വലിയ തറവാടിൻ്റെ അടുക്കളയിലും പൂജാമുറിയിലും തടവിലാക്കപ്പെട്ട അന്തർജനങ്ങൾക്ക് അന്ന് കരയാൻ അനുവാദമില്ല.. സമയവുമില്ല.പക്ഷേ വിധി മറിച്ചായിരുന്നു . അച്ഛൻറെ അസുഖം ,മരണം ഇതമ്മയേതളർത്തി എങ്കിലും പിടിച്ചുനിന്നു . അന്നാണറിയുന്നത് മാരകമായ ക്യാൻസർ അമ്മയെ വിഴുങ്ങിയിരുന്നെന്ന് .ദീർഘമായ ചികിത്സ .അതിന്റെ ഭീകരമായ വേദനയും കഷ്ടപ്പാടും നമ്മളെ അറിയിക്കാതിരിക്കാൻ 'അമ്മ ശ്രദ്ധിച്ചിരുന്നു . ആയുസ് എന്നെത്തും എന്ന് 'അമ്മ കൃത്യമായി പ്രവചിക്കുന്നു . ആ ദിവസം വന്നു .എൻറെ മടിയിൽ തലവച്ചു് ആ സംഭവബഹുലമായ ജീവിതത്തിന് തിരശീല വീണു.... ജീവിതത്തിൽ ഇന്നുവരെ ദൈവമേ എന്നു വിളിക്കാതെ 'അമ്മേ' എന്നു മാത്രം വിളിച്ചു ശീലിച്ച എനിക്ക് ഇന്നും അമ്മയാണെൻ്റെ ദൈവം.                           എൻറെ പ്രിയപ്പെട്ട അമ്മക്ക് കണ്ണീർ പ്രണാമം .......... .     

No comments:

Post a Comment