Sunday, May 17, 2020

പ്രവാസം [ കീശക്കഥകൾ 157 ]എൻ്റെ പച്ചപ്പിലേക്ക്, നമ്മുടെ കരുതലിലേക്ക് പറന്നിറങ്ങിയപ്പോൾ എന്താശ്വാസം. ആരോഗ്യ പ്രവർത്തകരുടെ പരിശോധന. സ്നേഹമസൃണപെരുമാറ്റം.പരിശോധന കഴിഞ്ഞു. നെഞ്ചിടിപ്പ് കൂടി.ഏഴു ദിവസം ഡിപ്പാർട്ട്മെൻ്റൽ കോറൻ നെറ്റ്യിൻ. ഭാര്യയും മക്കളും വിമാനത്താവളത്തിൽ സ്വീകരിക്കാൻ വന്നില്ല. അവരുടെ വണ്ടിയിൽത്തന്നെ ആശുപത്രിയിലേക്ക്.മൂന്നു വർഷമായി മണലാരണ്യത്തിൽപ്പണി എടുക്കുന്നു. ആദ്യമായി വരുകയാണ്. കുട്ടികൾ ക്കും ഭാര്യയ്ക്കും, ബാക്കി ഉള്ളവർക്കും പലപ്പഴായി വാങ്ങിയ തൊക്കെ പെട്ടിയിൽ അടുക്കി വച്ചിട്ടുണ്ട്. പിന്നെ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അപ്പു. അവന് ഒരു കുപ്പി. എല്ലാവരേയും കാണാനുള്ള മോഹം. പക്ഷേ.ഗവന്മേൻ്റ് എല്ലാ സൗകര്യവും ചെയ്തു തരുന്നുണ്ട്. സിം കാർഡ് വരെ. എന്തും സ ഹിക്കാം എൻ്റെ നാട്ടിൽ എത്തിയല്ലോ? ഈ നിയമങ്ങൾ എനിക്കും എൻ്റെ നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടിയാണ്. സന്തോഷത്തോടെ അനുസരിക്കാം. അവളെ വിളിക്കാറുണ്ട്. ഭാര്യയുടെ ദുഖം ആ ശബ്ദത്തിൽ ഞാൻ തിരിച്ചറിഞ്ഞു.അങ്ങിനെ ഏഴു ദിവസം പിന്നിട്ടു.ഡോക്ടർ വന്നു.ചെക്കു ചെയ്തു. " വീട്ടിലെക്ക് ഇനി പോകാം..... പക്ഷേ ഏഴു ദിവസം കൂടി ക്വാറൻ്റയിനിൽ വേണം. വീട്ടിൽ മതി.ഞങ്ങൾ ഇടക്ക് വന്ന് അന്വേഷിക്കും നിങ്ങൾ എന്നും റിപ്പോർട്ട് തരണം." സന്തോഷം. വീട്ടിലേക്കാണല്ലോ. അവർ എന്നെ വീട്ടിൽ ആക്കി.തൻ്റെ പ്രയത്നം കൊണ്ടുണ്ടാക്കിയ മനോഹരമായ വീട്. ആദ്യം കാണുകയാണ്. ആരേം കാണുന്നില്ലല്ലോ?" വീട്ടിൽ എല്ലാം ഒരുക്കിയിട്ടുണ്ട്. ഇതാ താക്കോൽ " അവർ തിരികെ പ്പോയി. വാതിൽ തുറന്ന് അകത്തു കയറി.അപ്പോൾ ഫോൺ ബല്ലടിച്ചു. വീട്ടുകാരിയാണ്.ശബ്ദത്തിൽ ഒരു ദുഃഖഛായ. ഞങ്ങൾ ചിററപ്പൻ്റെ വീട്ടിലേക്കു പോന്നു. ഏഴു ദിവസം അവിടുന്ന് മാറി നിൽക്കണം എന്നാണ് നിർദ്ദേശം. എല്ലാം റഡിയാക്കിയിട്ടുണ്ട്. ആഹാരം പാകം ചെയ്യാനുള്ളതൊക്കെ അവിടെ ഒരുക്കിയിട്ടുണ്ട്" അവൾ കരച്ചിൽ നിയന്ത്രിക്കാൻ വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂന്നു വർഷമായി നാട്ടിൽ വന്നിട്ടും തമ്മിൽ കാണാൻ പറ്റാത്തതിൻ്റെ വിഷമം എനിക്കും ഉണ്ട്. അമ്മുവിനേം അപ്പുവിനേം വാരിയെടുത്ത് മുത്തം കൊടുക്കണം. സമ്മാനം കൊടുക്കണം. എല്ലാം നഷ്ടമായി.നാളെ ഏഴു ദിവസം തീരുകയാണ്. സോക്ടർ വന്ന് വീണ്ടും ടെസ്റ്റ് ചെയ്യും.സമ്മതിച്ചാൽ കുട്ടികളെ കാണാം. എപ്പഴും അവൾ വിളിക്കും. അപ്പൂൻ്റെ കയ്യിൽ ക്കൊടുക്കൂ."അച്ഛൻ്റെ അസുഖം മാറിയോ.?""അച്ഛന് അസുഖമൊന്നുമില്ല മോനെ.. നാളെ നമുക്ക് കാണാം അപ്പൂ നും അമ്മൂ നും എത്ര കളിപ്പാട്ടങ്ങളാ അച്ഛൻ കൊണ്ട് വന്നിട്ടുള്ളതെന്നറിയാമോ? നാളെത്തരാം""ഇപ്പം അച്ഛനേ കൂട്ടികൾ കാണണ്ടാന്ന് ചിറ്റപ്പൻ പറഞ്ഞു. അതുപോലെ അവിടുന്നു കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ തൊടരുതെന്നും പറഞ്ഞു. അപ്പൂന് സങ്കടായി. "ഈശ്വരാ ഇതെന്തൊരവസ്ഥ.ഈ പ്രവാസം ഇവിടെ വന്നിട്ടും തീരുന്നില്ലല്ലോ.? ജനൽ തുറന്ന് പുറത്തേക്ക് നോക്കി അങ്ങിനെ എത്ര നേരം ഇരുന്നു എന്നൊർമ്മയില്ല. തൊടിയിൽ ഒരാൾ പശുവിനെ തീററുന്നുണ്ടല്ലോ. അയ്യോ ഇതെൻ്റെ കൂട്ടുകാരൻ അപ്പുവല്ലേ. അവനോടുള്ള ഇഷ്ടം കൊണ്ട് അവൻ്റെ പേരാ മോനിട്ടത്. അത്ര അടുപ്പമായിരുന്നു. എല്ലാക്കാര്യത്തിനും ഒന്നിച്ചായിരുന്നു.ഞാൻ കതകു തുറന്നു." അപ്പൂ " ഞാൻ ഉറക്കെ വിളിച്ചു. അവൻ ഞട്ടിത്തിരിഞ്ഞു നോക്കി. അവനൊന്നു പരുങ്ങി. പതുക്കെ തിരിഞ്ഞു നടന്നു. "അപ്പൂ ഇതു നിൻ്റെ കൂട്ടുകാരനാണ്. നിനക്ക് ഞാനൊരു കുപ്പി കൊണ്ടു വന്നിട്ടുണ്ട്. അവൻ നടത്തത്തിന് സ്പീട് കൂട്ടി. അവൻ തിരിഞ്ഞു നിന്നു."സത്യത്തിൽ എനിക്കു പേടിയാണ്.. നീ എന്നോട് ക്ഷമിക്കൂ: "അവൻ ഓടി മറഞ്ഞു.മണലാരണ്യത്തിലെ കടുത്ത കഷ്ട്ടപ്പാടിലും ഇങ്ങിനെ മനസിന് വിഷമമുണ്ടായിട്ടില്ല.ഞാന കത്തുകയറി. കട്ടിലിൽ വീണു. തലയിണയിൽ മുഖo അമർത്തി."

No comments:

Post a Comment