Tuesday, December 19, 2017

 അപ്പാപ്പന്റെ ചായക്കട.....

     അഞ്ചു വർഷം പഠിച്ച ആ കോളേജിന്റെ പടിയിറങ്ങിയിട്ട് കുറേ ആയി. ഒരു വലിയ കുന്നിൻ മുകളിലുള്ള സെന്റ്.സ്റ്റീഫൻസ് കോളേജ്. അടുത്തെങ്ങും ഒരു വീടു പോലുമില്ല. ഒരു വലിയ കാടിനു നടുക്കാണ്. കോളേജ് കോമ്പൗണ്ടിന്റെ ഒരു മൂലക്കു് ഒരോലപ്പുര. അപ്പാപ്പന്റെ ചായക്കടയാണ്.അന്ന് കോളേജിൽ ക്യാൻറീൻ ഇല്ല. അപ്പാപ്പനാണ് നമ്മളുടെ അന്നദാദാ വ്.സുഖിയൻ, പരിപ്പുവട, ഉഴുന്നുവട, ബോണ്ട, അപൂർവ്വം മുണ്ടൻ കപ്പയും ചമ്മന്തിയും. സമയം കിട്ടുമ്പഴൊക്കെ നമ്മളുടെ താവളം അവിടെയാണ്. 

         അവിടെ മേശപ്പുറത്ത് ഒരു വലിയ പറ്റു ബുക്ക് വച്ചിട്ടുണ്ട്. ഞങ്ങൾ കഴിച്ച് നമ്മളുടെ പറ്റ് സ്വയം അതിലെഴുതിപ്പോരും. പാവം... അപ്പാപ്പനെപ്പററിക്കുന്നവരും ഉണ്ട്. പക്ഷേമാ സാവസാനം പറ്റുതീർക്കുന്നവരാണധികവും. അപ്പാപ്പന് എല്ലാവരോടും സ്നേഹമാണ്., വിശ്വാസമാണ്.പ0നം നിർത്തിപ്പൊന്ന ഒരാഴ്ച അപ്പാപ്പന്റെ കട തുറന്നില്ല. ഞങ്ങളിൽ പലർക്കും യാത്ര പറയാൻ പോലും പറ്റിയില്ല.
            കാലം കുറേക്കഴിഞ്ഞു.ആ കടയേയും അപ്പാപ്പ നേയും മറന്നു. പിന്നേയും കുറേക്കാലം കഴിഞ്ഞ് മോളുടെ അഡ്മിഷനാണ് അവിടെപ്പോയത്.ആദ്യം തിരഞ്ഞത് അപ്പാപ്പന്റെ കടയാണ്. ആ കട ഒരു മാറ്റവുമില്ലാതെ അവിടെത്തന്നെ. അപ്പാപ്പനു വയസായി. കണ്ടപ്പോ ൾ സന്തോഷമായി. സഹായത്തിന് ഒരു പയ്യൻ ഉണ്ട്.
" ആ പഴയ പറ്റു ബുക്ക് ഒന്നു കാണാൻ പറ്റുമോ "? അപ്പാപ്പന് അത്ഭുതമായി. ഒരു പഴയ പെട്ടിയിൽ നിന്ന് ആ ബുക്ക് തപ്പിക്കൊണ്ടുവന്നു തന്നു. പൊടി തട്ടി ഞാൻ അതു് സാവധാനം തുറന്നു. അതിന്റെ 42 - oപേജ് എന്റെയാണ്. ഇനിയും പന്ത്രണ്ടര രൂപാ കൊടുക്കാനുണ്ട്. അഞ്ഞൂറിന്റെ ഒരു നോട്ട് ആ വിറക്കുന്ന കയ്യിൽ വച്ചു കൊടുത്തു. ജീവിതത്തിന്റെ കഷ്ടപ്പാടുകൾ വീഴ്ത്തിയ ആ മുഖത്തെ ചുളിവിൽ കൂടി ഒരിറ്റു കണ്ണീർ ഒഴുകി വരുന്നത് ഞാൻ കണ്ടു...

No comments:

Post a Comment