Friday, September 26, 2025
ഗൊണ്ടോളാ- വെനീസിലെ അതി മനോഹരമായ ഒരു കൊതുമ്പുവള്ളം [ യൂറോപ്പ് -1 45] ജലയാനങ്ങളുടെ നാടാണ് വെനീസ്.ബാറ്റല്ലകൾ, കോർലിനകൾ, ഗാലികൾ ഒക്കെയുണ്ടങ്കിലും ജലയാനങ്ങളിലെ രാജകുമാരനാണ് വെനീസിലെ "ഗൊണ്ടൊല". പരമ്പരാഗതമായ പരന്ന അടിത്തട്ട് പതിനൊന്നു മീറ്റർ നീളം ഒന്ന് പോയിൻ്റ് ആറു മീറ്റർ വീതി,മണ്ണൂറ്റി അമ്പത് കിലോ ഭാരം ഉള്ള ഒരു ചെറിയ വള്ളം - നമ്മുടെ കൊതുമ്പുവള്ളത്തോട് ചെറിയ സാമ്യം: നല്ല നീളമുണ്ട്. വീതി കുറവാണ്. എട്ട് തരം മരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം.ഓക്ക്, മഹാഗണി ,വാൾ നട്ട്, ചെറി, ഫിർ, ലാർച്ച് തുടങ്ങി എട്ടു് കനം കുറഞ്ഞ ബലം കൂടിയ മരങ്ങൾ. ഇരുന്നൂറ്റി എൺമ്പത് കഷ്ണങ്ങൾ യോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം. വെനീസിലെ ആറ് ജില്ലകളെ പ്രതിനിധീകരിക്കുന്ന ലോഹം കൊണ്ടുള്ള ആറ് പല്ലുകൾ മുമ്പിൽ ഉറപ്പിച്ചിട്ടുണ്ടാവും.ആറുമാസത്തെ പരിശീലനം വേണം ഇത് തുഴയാൻ. അതി മനോഹര ഇരിപ്പിടം പിച്ചള കെട്ടിയ അമരം. ഓടിക്കുന്നവർക്ക് ഗൊണ്ടേ ജിയർ എന്നാണ് പറയുക. ചുവന്ന സിൽക്കു കുപ്പായവും, പ്രത്യേകതരം തൊപ്പിയും ധരിച്ച് പാട്ടും പാടി അങ്ങിനെ ഓളപ്പരപ്പുകളെ തലോടി അവൻ തുഴയുന്നതു കാണാൻ ഒരു ചന്തമുണ്ട്. രണ്ടു വശവുമുള്ള പരമ്പരാഗത ഭവനങ്ങൾ, പള്ളികൾ പണ്ടകശാലകൾ എല്ലാം കണ്ട് ഒരു മനോഹര യാത്ര. അതൊരനുഭവമാണ്.വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയമാണിത്. കയറുമ്പോൾ ഇത് മറിയുമോ എന്നു ഭയമുണ്ടായിരുന്നു.പക്ഷെ ഒരു ചെറു തുവ്വൽ പോലെ അത് ഒരു കുലുക്കവുമില്ലാതെ തെന്നി നീങ്ങും. മണിക്കൂറിനാണ് അതിൻ്റെ റേയ്റ്റ് .ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന മോഹിച്ചു പോകുന്ന യാത്ര.
Subscribe to:
Post Comments (Atom)

No comments:
Post a Comment