Wednesday, September 3, 2025

പഴയിടം മോഹനൻ മുത്തശ്ശൻ വീട്ടിൽ വന്നു. [അച്ചു ഡയറി-580 ] മുത്തശ്ശാ ഇന്നൊരു വലിയ സെലിബ്രറ്റി അച്ചൂൻ്റെ വീട്ടിൽ വന്നു. പഴയിടം മോഹനൻ മുത്തശ്ശൻ. അമ്മയും, മുത്തശ്ശനും പറഞ്ഞു ധാരാളം കേട്ടിട്ടുണ്ട്. ഒന്നരക്കോടി കുട്ടികൾക്ക് സദ്യ പാകം ചെയ്തു കൊടുത്ത ആളല്ലെ. വരുമെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അമേരിക്കയിൽ മൂന്നാമത്തെ പരിപാടിക്കാണിവിടെ എത്തുന്നത്: കെ സി എസിൻ്റെ ഓണത്തിന് ഏതാണ്ടായിരം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഞങ്ങൾ പോയിരുന്നു. ഇവിടുത്തെ പൊതു അടുക്കളകളിലെല്ലാം അവരുടെ സിങ്കിൽ കഴുകാൻ പറ്റുന്ന വലിപ്പമുള്ള പാത്രങ്ങളേ കാണാം. ഈ ചെറിയ പാത്രങ്ങളിൽ ഇത്ര അധികം പേർക്ക് ! അച്ചൂന് അൽഭുതം തോന്നി. മുത്തശ്ശൻ്റെ പരിചയം കൊണ്ടും പ്രൊ ഫഷണലിസം കൊണ്ടും മാത്രമാണ് അതു സാധിച്ചത്.അമ്മയുടെ ഒരു ടീം തന്നെ സഹായിക്കാൻ തയാറായതാണ്.അത് സമ്മതിച്ചില്ല. സഹായത്തിന് നാലു പേർ ഉണ്ടായിരുന്നു. സദ്യ നന്നായി. അച്ചൂന്അവ്യേലും, സാമ്പാറും പിന്നെ പായസവുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.നാലു ദിവസമായി ഉറങ്ങിയിട്ടില്ല മുത്തശ്ശൻ. കാണുന്നവർക്ക് ഒരു വലിയ സെലി ബ്രറ്റി. അവരുടെ കഷ്ട്ടപ്പാടുകളെപ്പറ്റി ആരും ചിന്തിക്കുന്നില്ലന്നച്ചൂന് തോന്നി.ഇതിനിടെ സെൽഫി എടുക്കാനും, സ്റ്റെജിൽസമ്മാനദാനത്തിനും മുത്തശ്ശൻ വേണം. ഒരു വിധം പരിപാടികൾ ഒതുക്കി അച്ഛനും അമ്മയും കൂടി മുത്തശ്ശനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നു. ഇവിടെ വന്ന് അമ്മ ഉണ്ടാക്കി വച്ച ചോറ് തൈരും പച്ചമുളക്കും കൂട്ടിക്കഴിച്ചു. ഇത്ര ലോകപ്രസിദ്ധനായ ഒരു ഷെഫ് എന്തു സിമ്പിൾ ആയാണ് പെരുമാറുന്നത്. ഡൗൺ ടു ഏർത്ത് എന്നു പറയില്ലേ.അതു പോലെ. ഇനി അഞ്ചു മണിക്കൂർ.പിന്നെ വിമാനത്തിൻ്റെ സമയമാകും. അമ്മ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. കാണാൻ വരുന്നവരോട് അഞ്ചര കഴിഞ്ഞു വരാൻ പറഞ്ഞു. ഉണർന്ന് ചായ കുടിച്ച് എല്ലാവരെയും കണ്ട് അവർക്ക് സെൽഫിയ്ക്ക് നിന്നു കൊടുത്ത് മടങ്ങി. അച്ഛൻ എയറോ ഡ്രോമിൽ കൊണ്ട് വിട്ടു.

No comments:

Post a Comment