Thursday, September 18, 2025

കൊളോൺ കത്തീഡ്രൽ - ജർമ്മനിയിലെ ഒരിക്കലും പൂർത്തി ആകാത്ത പള്ളി [ യൂറോപ്പ് -134] ജർമ്മനിയിലെ വെസ്റ്റ് ഫാലിയായിൽ കൊളോണിൽ ആണ് ഈ അതിഗംഭീരകത്തീഡ്രൽ .വിശുദ്ധ പത്രൊസിൻ്റെ പള്ളി.ഗോതിക് ശൈലിയുടെ മകടോദാഹരണം.നാനൂറി എഴുപത്തിനാലടി നീളവും ഇരുനൂറ്റി എൺമ്പത്തിമൂന്നടി വീതിയും അഞ്ഞൂറ്റിപതിനഞ്ചടി ഉയരവുമുള്ള ഈ പൗരാണിക പള്ളി യുണസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്ത് മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഈ ദേവാലയം സന്ദർശകർക്ക് വിവരിക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. പ്രതിവർഷം ചുരുങ്ങിയത് ആറ് ദശലക്ഷം സന്ദർശകരാണ് ഈ കത്തീഡ്രൽ സന്ദർശിക്കുന്നത്. യുദ്ധം, തീപിടുത്തം ,ഭൂകമ്പം, ആസിഡ് മഴ ഇവയൊക്കെക്കൊണ്ട് പല പ്രാവശ്യം തകർന്ന ഈ ദേവാലയം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. വലിയ രണ്ടു ഗോപുരങ്ങളും, മനോഹര പ്രവേശന കവാടവും ഒക്കെ കൊണ്ട് അതിൻ്റെ പുറത്തു നിന്നുള്ള കാഴ്ച്ച തന്നെ മനസ്സിനെ കീഴടക്കിയിരുന്നു. അകത്തേക്ക് കയറിയപ്പോൾ വീണ്ടും ഞട്ടിച്ചു. വിശാലമായ ഉൾവശം ലോക പ്രസിദ്ധ കൊത്തു പണികൾ, പെയിൻ്റിഗ്കൾ, കറുത്ത മാർബിളിൽ തീർത്ത ലോകോത്തര അൾത്താര .ബൈബി ൾ കഥകൾ അലേപനം ചെയ്ത മനോഹര സ്റ്റെയിൻ ലസ് ഗ്ലാസ്സ് വിൻ്റൊകൾ എല്ലാം കൊണ്ടും ആ കമനീയമായ ഉൾവശം നമ്മുടെ ഹൃദയത്തിൽ ലയിച്ചുചേരും.ആകെ പതിനൊന്നു മണികളിൽ ഇരുപത്തിനാലു ടൺ ഭാരമുള്ള പ്രധാന മണി ഒരൽഭുതമാണ്. സർപ്പിളാകൃതിയിലുള്ള അഞ്ഞൂറ്റിമുപ്പത്തിമൂന്നു പടി കൾ കയറിച്ചെന്നാൽ ഉയരത്തിലെ മനോഹര ബാൽക്കണിയിൽ എത്താം. ലോകത്തിൻ്റെ നിറുകയിൽ എത്തിയ ഒരു പ്രതീതി. അറുനൂറു വർഷമായി ഒരിക്കലും പണിതീരാത്ത ഈ പള്ളിയെപ്പറ്റി ഒരു കഥ നിലവിലുണ്ട്. പള്ളിയുടെ പ്രധാന ശിൽപ്പി ഈ പള്ളിയുടെ രൂപകൽപ്പന എങ്ങിനെ വേണമെന്ന് ആലൊച്ചിച്ച് നദിക്കരയിൽ ഒരു പാറക്കരുകിൽ ഇരിക്കുകയായിരുന്നു.അതു ചെകുത്താൻ പാറ ആയിരുന്നുവത്രെ. പെട്ടന്ന് ഒരപരിചിതൻ പ്രത്യക്ഷപ്പെട്ട് ആ മണലിൽ മനോഹരമായ ഒരു പള്ളിയുടെ പ്ലാൻ വരച്ചുകാണിച്ചു. ശിൽപ്പി അൽഭുതപ്പെട്ടു പോയി.ലക്ഷണമൊത്ത ഒരു പള്ളിയുടെരൂപരേഖ. ആ അളവിൽ പള്ളി പണിതൊട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ ഞാൻ ചെകുത്താനാണ് ഞാൻ പറഞ്ഞ നിബന്ധനകൾ അനുസരിച്ചാൽ സമ്മതം. പക്ഷെ ചെകുത്താനുമായുള്ള ഉടമ്പടി ശിൽപ്പിക്ക് തെറ്റിക്കണ്ടി വന്നു.ചെകുത്താൻ കോപിച്ചു ശപിച്ചു വത്രേ. ഒരിക്കലും ഈ പള്ളിയുടെ പണി തീരില്ല എന്നും, എന്നെങ്കിലും പണി തീർന്നാൽ അന്ന് ലോകാവസാനമായിരിക്കും എന്നും ശപിച്ചു.അതുകൊണ്ടായിരിക്കാം ഇന്നും പണിതീരാതെ കിടക്കുന്നതെന്ന് കഥ. ഒരു പാട് കഥകളും, മിത്തുകളും, ചരിത്രവും ഉറങ്ങിക്കിടക്കുന്ന ഈ മനോഹര പള്ളി കാണാൻ സാധിച്ചത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായിത്തൊന്നി.

No comments:

Post a Comment