Friday, September 26, 2025

ഗൊണ്ടോളാ- വെനീസിലെ അതി മനോഹരമായ ഒരു കൊതുമ്പുവള്ളം [ യൂറോപ്പ് -1 45] ജലയാനങ്ങളുടെ നാടാണ് വെനീസ്.ബാറ്റല്ലകൾ, കോർലിനകൾ, ഗാലികൾ ഒക്കെയുണ്ടങ്കിലും ജലയാനങ്ങളിലെ രാജകുമാരനാണ് വെനീസിലെ "ഗൊണ്ടൊല". പരമ്പരാഗതമായ പരന്ന അടിത്തട്ട് പതിനൊന്നു മീറ്റർ നീളം ഒന്ന് പോയിൻ്റ് ആറു മീറ്റർ വീതി,മണ്ണൂറ്റി അമ്പത് കിലോ ഭാരം ഉള്ള ഒരു ചെറിയ വള്ളം - നമ്മുടെ കൊതുമ്പുവള്ളത്തോട് ചെറിയ സാമ്യം: നല്ല നീളമുണ്ട്. വീതി കുറവാണ്. എട്ട് തരം മരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം.ഓക്ക്, മഹാഗണി ,വാൾ നട്ട്, ചെറി, ഫിർ, ലാർച്ച് തുടങ്ങി എട്ടു് കനം കുറഞ്ഞ ബലം കൂടിയ മരങ്ങൾ. ഇരുന്നൂറ്റി എൺമ്പത് കഷ്ണങ്ങൾ യോജിപ്പിച്ചാണ് ഇതിൻ്റെ നിർമ്മാണം. വെനീസിലെ ആറ് ജില്ലകളെ പ്രതിനിധീകരിക്കുന്ന ലോഹം കൊണ്ടുള്ള ആറ് പല്ലുകൾ മുമ്പിൽ ഉറപ്പിച്ചിട്ടുണ്ടാവും.ആറുമാസത്തെ പരിശീലനം വേണം ഇത് തുഴയാൻ. അതി മനോഹര ഇരിപ്പിടം പിച്ചള കെട്ടിയ അമരം. ഓടിക്കുന്നവർക്ക് ഗൊണ്ടേ ജിയർ എന്നാണ് പറയുക. ചുവന്ന സിൽക്കു കുപ്പായവും, പ്രത്യേകതരം തൊപ്പിയും ധരിച്ച് പാട്ടും പാടി അങ്ങിനെ ഓളപ്പരപ്പുകളെ തലോടി അവൻ തുഴയുന്നതു കാണാൻ ഒരു ചന്തമുണ്ട്. രണ്ടു വശവുമുള്ള പരമ്പരാഗത ഭവനങ്ങൾ, പള്ളികൾ പണ്ടകശാലകൾ എല്ലാം കണ്ട് ഒരു മനോഹര യാത്ര. അതൊരനുഭവമാണ്.വിനോദ സഞ്ചാരികൾക്ക് ഏറ്റവും പ്രിയമാണിത്. കയറുമ്പോൾ ഇത് മറിയുമോ എന്നു ഭയമുണ്ടായിരുന്നു.പക്ഷെ ഒരു ചെറു തുവ്വൽ പോലെ അത് ഒരു കുലുക്കവുമില്ലാതെ തെന്നി നീങ്ങും. മണിക്കൂറിനാണ് അതിൻ്റെ റേയ്റ്റ് .ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന മോഹിച്ചു പോകുന്ന യാത്ര.

Thursday, September 25, 2025

വെനീസ് ഒരു റൊമാൻ്റിക് ജലനഗരം [ യൂറോപ്പ് - 143 ]വില്യം ഷെക്സ്പിയറുടെ വെനീസിലെ വ്യാപാരി പഠിച്ചിട്ടുണ്ട്. അന്നു മുതൽ ഈ സ്വപ്ന ഭൂമിയെപ്പറ്റി കേൾക്കാൻ തുടങ്ങിയതാണ്. ട്രയിനിൽ വച്ചു തന്നെ ഈ ജലകന്യകയുടെ മനോഹാരിത മനസിലാക്കിയിരുന്നു. മനോഹരമായ റയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയപ്പഴേ കണ്ടത് മുമ്പിൽ മനോഹരമായ ഒരു ജലപാത .പല തരം ബൊട്ടുകളും ക്രൂയിസുകളും തലങ്ങും വിലങ്ങും പോകുന്ന ജലാശയം. ഇവിടെ റോഡിൽ മോട്ടോർ വാഹനങ്ങൾ ഒന്നുമില്ല. മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം. യാത്രക്ക് മുഴുവൻ ജലഗതാഗതം ആണ് അശ്രയം അല്ലങ്കിൽ കാൽനട യാത്ര. തുറന്ന ജലാശയങ്ങൾ കൊണ്ടും, കനാലുകൾ കൊണ്ടും വേർതിരിച്ച നൂറ്റിപ്പതിനെട്ട് ചെറു ദ്വീപുകളുടെ സമൂഹം. അതാണ് ഈ രാജ്യം. പോ, പിയേഴ്സ് നദി കൾ കരകളെ വേർതിരിച്ചൊഴുക്കുന്നു.നാനൂറ്റി നാപ്പതിൽപ്പരം പാലങ്ങൾ ഉണ്ടിവിടെ. അധികവും തടിപ്പാലങ്ങൾ. അതിനു ചുവട്ടിലൂടെ ജലയാനങ്ങൾക്ക് പോകാൻ പാകത്തിനുള്ള ആർച്ച് ബ്രിജുകൾ . കലയുടെയുo, വാസ്തുവിദ്യയുടെയും, വിശ്വ സാ ഹിത്യത്തിൻ്റെയും പാരമ്പര്യം പുലർത്തുന്ന നാട് ലോകത്തിലെ ഒന്നാമത്തെ വിനോദസഞ്ചാര കേന്ദ്രമാണ്.മാർക്കോപ്പൊളോയും, കാസനോവയും ഈ മനോഹര ഭൂപ്രദേശത്തിലെ അന്തേവാസികൾ ആയിരുന്നു.. കാലങ്ങളായി അനേകം യുദ്ധങ്ങളുടെയും അധിനിവേശത്തിൻ്റെയും കെടുതിയിൽ നിന്ന് ഒരു ഫീനക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ആണ് ഇന്നത്തെ ഈ രീതിയിൽ ആയത്. അതിൻ്റെ തിരുശേഷിപ്പുകൾ ഈ നഗരത്തിലുടനീളം നമുക്ദർശിക്കാം.ചരിത്ര പ്രസിദ്ധമായ ഈ വാണിജ്യ നഗരം ഇന്നും അതിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ജലഗതാഗതമാണ് പ്രധാന സഞ്ചാരോപാധി. ക്രൂയിസ് കളും, ബോട്ടുകളും, വാട്ടർ ടാക്സികളും മനോഹരമായ ഗൊണ്ടോള കൾകൊണ്ടും ഈ രാജ്യം ചലനാത്മകമാണ്. ഈ രാജ്യം നടന്നു തന്നെ കാണണം. ധാരാളം പരമ്പരാഗതമായ വീടുകൾക്കിടയിലുള്ള ഇടുങ്ങിയ പാതകളിലൂടെ എത്ര വേണമെങ്കിലും നടക്കാം. ഒരോ പാതയും അവസാനിക്കുന്നത് ഒരു കനാലിലാണ്.പല വീടുകളിലും ഒരു വശം വെള്ളമാണ്. അവർക്ക് സ്വന്തമായി ചെറിയ ബോട്ടുകൾ ഉണ്ട്. നടന്നു നടന്നു മടുക്കുമ്പോൾ കനാൽ വക്കത്ത് ധാരാളം ലഘുഭക്ഷണശാലകൾ ഉണ്ട്. പിസയും പാസ് തയും പിന്നെ മത്സ്യ വിഭവങ്ങളും. കൂടെ ബിയറും മാറ്റു പാനീയങ്ങളും.എത്ര കിലോമീററർ നടന്നാലുംമടുപ്പു തോന്നാത്ത നാട് .അത്ര മനോഹരമാണിവിടുത്തെ കാഴ്ച്ചാനുഭവം. നമ്മുടെ ആലപ്പുഴയും, കുട്ടനാടും ഇതുപോലെ മനോഹരമാക്കി ലോക വിനോദ സഞ്ചാര മേഘലയാക്കി മാറ്റാവുന്നതാണ്. അതിനുള്ള മുൻകൈ ഇപ്പൊ ൾത്തന്നെ ഉണ്ട്. എങ്കിലും ഒരു ചെറിയ ടച്ച് കൂടി ഉണ്ടങ്കിൽ ഇതുപോലെ നമുക്കും ഒരു വിനോദ സഞ്ചാര കേത്രം ആക്കി മാറ്റാമായിരുന്നു.ഇവിടത്തെ മറ്റും കന്ദ്രങ്ങളും, പള്ളികളും പോർട്ടും ഒക്കെത്തേടി യാത്ര തുടർന്നു.

Wednesday, September 24, 2025

വെനീസിലേയ്ക്ക് ഹൈ സ്പീഡ് ട്രയിനിൽ [ യൂറോപ്പ് -142] വത്തിക്കാനിലേയും റോമിലേയും കാഴ്ച്ചകൾക്ക് തത്ക്കാലം വിരാമമിട്ട് മനോഹരി ആയ വെനീസിനെ പുൽകാൻ തീരുമാനിച്ചു.അത് വരുണിൻ്റെ പ്ലാനാണ്. യാത്രയിൽ ഒരു വ്യത്യസ്ഥത കൂടുതൽ ആസ്വാദ്യകരമാകും. വീണ്ടും റോമിൽ എത്തി കൊളോസിയവും മററു ചരിത്രസ്മാരകങ്ങളും കാണാം. ഇറ്റലിയിലെ ട്രയിൻ സർവ്വീസ് ലോകോത്താരമാണ്. മണിക്കൂറിൽ നാനൂറു കിലോമീറ്റർ വരെ വേഗതയിൽ പ്പോകുന്ന ട്രയിൻ അവിടുണ്ട്. വെനീസിലെ ക്ക് റഡ് ആരോ, സിൽവർ ആരോ, വൈറ്റ് ആരോ എന്നു മൂന്നു തരം ട്രയിൻ ഉണ്ട്. ഫ്റെച്ചി ആറൻ്റോയുടെ സിൽവർ ആരോ തന്നെ തിരഞ്ഞെടുത്തു. അങ്ങോട്ട് അതിലാകാം. മണിക്കൂറിൽ ഇരുനൂറ്റി അമ്പതു കിലോമീററർ സ്പീഡാണ്. സാധാരണ മൂന്നു മണിക്കൂർ നാൽപ്പത്തി അഞ്ച് മിനി ട്ടെടുക്കേണ്ടതിന് ഇതിൽ ഒന്നര മണിക്കൂറോളം ലാഭിക്കാം അതി മനോഹരി ആയ ഒരു ഹൈസ്പീഡ് ട്രയിൻ. അകം ഒരു രാജകൊട്ടാരം പോലെ.രണ്ടു നിരയിൽ രണ്ടു സീറ്റു വീതം. അഭിമുഖമായ നാലു സീററിനു നടുവിൽ മേശ- ഫ്രീ വൈ ഫൈ .ചാർജി ഗ് പോയിൻ്റ് ലഗേജ് സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം. വലിയ ചില്ലുജാലകത്തിലൂടെ പുറം ലോകം കാണുമ്പോൾ മാത്രമേ ഈ വേഗത മനസ്സിലാകൂ. മേശപ്പുറത്ത് ഒരു കപ്പിവെള്ളം വച്ചാൽ അതിൻ്റെ പ്രതലത്തിൽ ഒരു ചലനം പോലുമുണ്ടാകില്ല. അത്രക്ക് കുലുക്കമില്ലാത്ത യാത്ര. മനോഹരമായ പുഷ്ബാക്ക് കുഷ്യൻ സീറ്റ്. അടുത്ത കമ്പാർട്ട്മെൻ്റ് ഓപ്പൺ ബാറാണ്. ലോക പ്രസിദ്ധ ഇറ്റാലിയൻ ഡിഷ് മുഴുവൻ അവിടെ കിട്ടും.നല്ലചിൽഡ് ബിയറും ഇറ്റാലിയൻ പിസയും .യാത്രയെ ആസ്വാദ്യകരമാക്കാൻ പിന്നെ എന്തു വേണം. യാത്രാ കുറിപ്പുകൾ പൂർണ്ണമാക്കണം.അത് ഈ യാത്രയിലാകാം. പണ്ടു പാO പുസ്തകത്തിൽപ്പഠിച്ച വെനീസിലെ കച്ചവടക്കാരൻ ഓർമ്മ വന്നു. ആ സ്വപ്ന ഭൂമിയിലേയ്ക്ക് ഇങ്ങിനെ തന്നെ പോകണമെന്ന് തോന്നി. തിരിച്ച് എക്സിക്യൂട്ടീവ് ക്ലാസാണ് ബുക്ക് ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഹൈ സ്പീഡ് ട്രെയിനിനെ എതിർക്കുന്നവർ ഇതിലൊന്നു യാത്ര ചെയ്യണ്ടതാണ് എന്നു തോന്നി.

വത്തിക്കാൻ മ്യൂസിയം - ഒരു ചരിത്ര പേടകം [ യൂറോപ്പ് -141] ചരിത്രപ്രസിദ്ധമായവ ത്തിയ്ക്കാൻ മ്യൂസിയം വിസ്തരിച്ച് കാണണമെങ്കിൽ ഒരു ദിവസം പൂർണ്ണമായും വേണം .അതുകൊണ്ട് വെള്ളിയാഴ്ച്ച പത്തരക്ക് ബുക്ക് ചെയ്തു. അവിടെ വലിയ ക്യൂ ആണ്. പക്ഷെ സമയക്രമം അനുസരിച്ച് കാര്യക്ഷമതയോടെ അവിടെ ക്യൂ നിയന്ത്രിച്ചിരുന്നു.ഞായറാഴ്ച്ച ഇവിടെ സന്ദർശനം സൗജന്യമാണ്. അകത്തു കയറിയാൽ നമുക്ക്ഓഡിയോ ഉപകരണം കിട്ടും. ആദ്യം പുരാതന ഈജിപ്ഷ്യൻ കളക്ഷനാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയുടെയും പോപ്പുമാരുടെയും കളക്ഷൻ മുഴുവൻ ഇവിടെ മനോഹരമായി പ്രദർശിപ്പിച്ചിട്ടുണ്ട്.ഈജിപ്ഷ്യൻ കളക്ഷൻ തന്നെ ഒമ്പതുമുറികളിലായാണ് ക്രമീകരിച്ചിരിക്കന്നത് ഗ്രിഗോറിയാനോ എജിയാനോ മ്യൂസിയത്താൽ ഈജിപ്ഷ്യൻ മമ്മികൾ, ശിൽപ്പങ്ങൾ പ്രതിമകൾ എല്ലാം കാണാം. വത്തിക്കാൻ ചരിത്ര മ്യൂസിയത്തിലേക്ക് കടന്നാൽ അപ്പോളോ ,അഖ നോൻസ്, അഗസ്തസ്സ് തുടങ്ങിയവരുടെ പ്രതിമകൾ നിരനിരയായി വച്ചിട്ടുണ്ട്. ഏതൻസിലെ പഴയകാല സ്ക്കൂൾ മുറികൾ, മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ കാരവാജിയൊേ[ അന്ത്യവിശ്രമം] - മേൽത്തട്ട് പെയിൻ്റിഗ്കൾ എല്ലാം അൽഭുതാദരങ്ങളോടെ നോക്കി നിന്നു പോകും. ചുവന്ന മാർബിളിൽ തീർത്ത ചാപ്പൽ സിംഹാസനം, മറ്റു പ്രസിദ്ധമായ റോമൻ ശിൽപ്പങ്ങൾ ഇഗ്നോസിയോസാൻ്റിയുടെ അതിപുരാതനമായ ഇറ്റാലിയുടെ ഭൂപടം, ഇരട്ട സ ർ പ്പിള ആകൃതിയിലുള്ള പടിക്കെട്ട് എല്ലാം ചരിത്രം മനസിലാക്കി കണ്ടു മനസിലാക്കാനും ആസ്വദിക്കാനും സമയമെടുക്കും രണ്ടായിരം വർഷത്തെ ചരിത്രമുറങ്ങുന്ന റൊമാ സാമ്രാ ജ്യത്തിലൂടെ ഉള്ള ഒരു കാലാന്തര യാത്ര ആയാണ് ഈ സന്ദർശനം അനുഭവപ്പെട്ടത്. ഇത്ര വിപുലമായ ഒരു ചരിത്ര മ്യൂസിയം ഇത്രയും ചുരുക്കത്തിൽ വിശദീകരിച്ചത് ആചരിത്ര സ്മാരമത്തോട് ചെയ്യുന്ന അനീതി ആണന്നറിയാം. എന്നാലും ചുരുക്കുന്നു.ഇത് ചരിത്ര വിദ്യർത്ഥികൾക്ക് വിഭവസമൃദ്ധമായ ഒരു വിരുന്നാകും എന്ന കാര്യത്തിൽ സംശയമില്ല.

Tuesday, September 23, 2025

വത്തിക്കാനിൽ പ്രായപ്പെട്ട പോപ്പുമായി മുഖാമുഖം [ യൂറോപ്പ് - 140] വത്തിക്കാനിൽ ഇപ്പോൾ ജൂബിലിയുടെ നിറവിലാണ്. എങ്ങും ആഘോഷമയം. ഇപ്പഴത്തെ പോപ്പ് ലിയോ പതിനാലാമനെ നേരിൽ അടുത്തു കാണാനു മുള്ള ഒരു ഭാഗ്യം എനിക്കും ഉണ്ടായി. ജനങ്ങളുമായി കാണാനും,സവദിക്കാനും എല്ലാ ബുധനാഴ്ച്ചയും പോപ് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വരും. ഒരോരുത്തരുടേയും അടുത്തുവന്ന് കുശലം പറയും, ദു:ഖങ്ങൾ കേൾക്കും, ആശീർവദിക്കും. കൊച്ചു കുട്ടികളെ എടുത്ത് മുത്തം കൊടുക്കും.അതിനു ശേഷം സെൻ്റ് പീറേറഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരിക്കുന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യും. ഞങ്ങൾക്ക് നേരത്തെ പാസ് ലഭിച്ചിരുന്നു. സിസ്റ്റർ വെറൊണിക്കാ പള്ളി മുഴുവൻ സിസ് തരിച്ച് കാണാനും പോപ്പിനെ അടുത്തു കാണാനും ഉളള സൗകര്യം ഒരുക്കിത്തന്നിരുന്നു. ആൾക്കാർ പ്രവേശിക്കന്നതിന് മുമ്പ് തന്നെ മുൻ നിരയിൽത്തന്നെ ഞങ്ങൾക്ക് ഇരിപ്പിടം ഒരുക്കിത്തന്നിരുന്നു. പോപ്പ് വരുമ്പോൾ അടുത്തു കാണാനും സംവദിക്കാനുള്ള സൗകര്യത്തിലായിരുന്നു ഇരിപ്പിടം. എൻ്റെ അച്ചൂസ് ഡയറി എന്ന പുസ്തകം പാപ്പിന് നേരിട്ട് കൊടുക്കണം എന്ന ഒരു മോഹവുമുണ്ടായിരുന്നു. അതിനും സൗകര്യം കിട്ടി എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. ആദ്യം ക്രൂശിതനായ യേശുദേവനേയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണമായിരുന്നു. പിന്നീട് അടുത്ത് വിവാഹിതരായ ദമ്പതികളുടെ ഒരു ഘോഷയാത്ര. പിന്നെ ബിഷപ്പ്മാരും അച്ചൻ മാരും-. അപ്പഴേക്കും അപ്രതീക്ഷിതമായി മഴ പെയ്തു.പോപ്പിൻ്റെ പരിപാടി ക്യാൻസൽ ചെയ്യുമോ എന്നുവരെ സംശയിച്ചു. പക്ഷേ അദ്ദേഹം തുറന്ന വാഹനത്തിൽ ജനങ്ങളുടെ ഇടയിലേയ്ക്ക് വരാൻ തയാറായി. എൻ്റെ തൊട്ടുമുമ്പിൽ എത്തിയപ്പോൾ അഭിവാദ്യം അർപ്പിച്ച് എൻ്റെ പുസ്തകം ഞാൻപോപ്പിന് നേരെ നീട്ടി.ഉടൻസെക്യൂരിറ്റി ഗാർഡ് അത് വാങ്ങി പോപ്പിന് കൈമാറി.അധികം താമസിക്കാതെ അദ്ദേഹത്തിൻ്റെ ഒരാശംസ മെയിലിൽ കിട്ടുമെന്നും അറിയിപ്പ് കിട്ടി.ഒത്തിരി ഭാഗ്യങ്ങൾക്കൊപ്പം അച്ചൂൻ്റെ ഡയറിക്ക് വേറൊരു മഹാഭാഗ്യം കൂടി . ആ പരമോ ന്നതനായ ആദ്ധ്യാത്മികാചാര്യനും, വത്തിക്കാൻ സിറ്റിയുടെ ഭരണാധിപനുമായ അദ്ദേഹം സാധാരണ ജനങ്ങളുമായി സംവദിക്കാനെടുക്കുന്ന മുൻകൈ എന്നെ അൽഭുതപ്പെടുത്തി. അഭിനന്ദനീയമായിത്തൊന്നി. അനുകരണീയവും

Sunday, September 21, 2025

ബസിലിക്കയിലെ വിശുദ്ധ പത്രോസിൻ്റെ കല്ലറ [ യൂറോപ്പ് 138] റൊമൻ ചക്രവർത്തി ആയിരുന്ന നീറോയുടെ കാലത്ത് വിശുദ്ധ പത്രോസ് രക്ത സാക്ഷി ആയി. അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. വത്തിക്കാൻ കുന്നിൻ്റെ താഴ്വരയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.പിന്നീട് കൃസ്തുമതം സ്വീകരിച്ച ഒരുറോമൻ ചക്രവർത്തി ആ കല്ലറയുടെ മുകളിൽ ഒരു ബസ്സലിക്ക നിർമ്മിച്ചു. ആ പഴയ കല്ലറയുടെ മുകളിലാണ് ഇന്നത്തെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക. ബസലിക്കയിലെ പ്രസിദ്ധമായ അൾത്താരക്കു താഴെ നിലവറയിൽ ആണ് യേശുവിൻ്റെ പന്ത്രണ്ട് അപ്പോസ്തന്മാരുടെ തലവനായിരുന്ന പത്രോസിൻ്റെ കല്ലറ. പ്രധാന താഴികക്കുടത്തിനു താഴെയാണ് ഈ തുരങ്ക പാത ബസലിക്കയിലെ " ഗ്രോട്ടോ " എന്നാണി ഈ പാവനമായ കല്ലറ അറിയപ്പെടുന്നത്.പടികൾ ഇറങ്ങി ആതുരങ്ക പാതയിലൂടെ ഞങ്ങൾ മുമ്പോട്ടു നീങ്ങി.അതിനിരുവശവും വെള്ളമാർബിളിൽ തീർത്ത കല്ലറകൾ ആണ്. ഏതാണ്ട് നൂറോളം കല്ലറകൾ ആ നിലവറയിൽ ഉണ്ട്. അതിലധികവും പോപ്പുമാരുടെ ആണ്. ഏറ്റവും മനോഹരമായത് വിശുദ്ധ പത്രോസിൻ്റെ കല്ലറയാണ്. നല്ല ഭംഗിയുള്ള ഒരു ചില്ലു വാതിലിൻ്റെ പുറകിലായാണ് ആ കല്ലറ.ഏറ്റവും പുതിയ കല്ലറ പോപ്പ് ജോൺ പോൾ രണ്ടാമൻ്റെ ആണ്. അവിടെ പ്രാർത്ഥനാ ഹാളും ബലിപീഠവും ഉണ്ട്.ഞങ്ങൾ അവിടന്നു സാവധാനംപുറത്തു കടന്നു

Saturday, September 20, 2025

വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക - ശിൽപ്പ ചാതുരിയിൽ ഒന്നാമത് നിൽക്കുന്ന ദേവാലയം ( യൂറോപ്പ് - 137] വത്തിക്കാനിൽ ടൈബർ നദിയുടെ പടിഞ്ഞാറുവശത്ത് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ആരാധിക്കുന്ന ഒരു പടുകൂറ്റൻ ദേവാലയം - സെൻ്റ് പീറ്റേഴ്സ് ബസ്സലിക്ക! എഴുനൂറ്റി ഇരുപത് അടി നീളവും നാനൂറ്റി അമ്പത് അടി വീതിയും നാനൂറ്റി നാപ്പത്തി എട്ട് അടി ഉയരമുള്ളതുമായ ഈ ദേവാലയത്തിൽ ഇരുപതിനായിരം പേർക്കിരിക്കാനും അറുപതിനായിരം പേർക്ക് നിൽക്കാനും സൗകര്യമുണ്ട് - മൈക്കലാഞ്ചലോ, കാർലോ മെഡർണോ, ഡോണറ്റോ എന്ന വാസ്തുശിൽപ്പികൾ പലകാലത്തായി രൂപപ്പെടുത്തിയതാണ് ഈ ദേവാലയം മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ പി യാത്തൊയിൽ നിന്നു തന്നെ തുടങ്ങാം. ക്രൂശിതനായ ഏശുനാഥനെ ഏറ്റുവാങ്ങി തൻ്റെ മടിയിൽ കിടത്തിയ രീതിയിലുള്ള ഒരുത്തമ കലാസൃഷ്ടിയാണിത്. തൂവെള്ള മാർബിളിൽ തീർത്ത ഈ ശിൽപ്പം മൈക്കലാഞ്ചലോയുടെ ഒരു മാസ്റ്റർ പീസ് ആണ്.കരുണയും, കരുതലും, സ്നേഹവും സഹാനുഭൂതിയും എല്ലാം നമുക്ക് ഈ ശിൽപ്പത്തിൽ നിന്ന് വായിച്ചെടുക്കാം. ഇത്ര മഹത്തായ ഈ ശിൽപ്പം കൊണ്ട് ലോകം മുഴുവൻ കരുണയുടെയും സഹാനുഭൂതിയുടെയും ഒരു വലിയ സന്ദേശം നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനെട്ട് വർഷക്കാലം ആദേവ ശിൽപ്പി ആ ബസലിക്കക്കു വേണ്ടി പണി എടുത്തു. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. അതിന് ഒരു നാൽപ്പത്തി അഞ്ചു നില കെട്ടിടത്തിൻ്റെ ഉയരമുണ്ട്. അതിലെ കൊത്തുപണികളും പെയിൻറി ഗുകളും നമ്മളെ അൽഭുതപ്പെടുത്തും. താഴികക്കുടത്തിൻ്റെ അടിയിൽ തുണി തൊട്ടിൽ കെട്ടി അതിൽ മലർന്നു കിടന്നാണ് ഇതിൻ്റെ ഡക്കറേഷൻ പണികൾ നടത്തിയത്: അതുപോലെ താഴെ വെള്ളം വച്ച് അതിൽ നോക്കിയും അവിടുത്തെ പ്രധാന അൾത്താരയാണ് വെറൊരൽഭുതം: ഒരു ഒമ്പത് നില കെട്ടിടത്തിൻ്റെ വലിപ്പമുണ്ടതിന്.ലോകത്തെ ഏറ്റവും വലിയ അൾത്താര .മനോഹരമായതും. നവോഥാന വാസ്തുശിൽപ്പകലയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ പള്ളി.ബ റോക്യു ശൈലിയും കാണാം. ഈ അൾത്താരയുടെ അടിയിലാണ് വിശുദ്ധപത്രോസിൻ്റെ ശവകുടീരം: മൈക്കലാഞ്ചലോ ചോക്കിൽ വരച്ച പള്ളിയുടെ രൂപരേഖ പാൽക്കാലത്ത് കണ്ടെടുത്തിരുന്നു. ബാക്കിയുള്ളവ ശിൽപ്പി തന്നെ നശിപ്പിച്ചിരുന്നു. ജൂബിലിക്കു മാത്രം തുറക്കുന്ന വെങ്കല വാതിലും കൊത്തുപണികളുടെ മകുടോദാഹരണമാണ്. അവിടുത്തെ പെയിൻ്റിങ് പലതും പലരും പല ദേശത്തു നിന്നും പലപ്പോഴായി വന്നു പൂർത്തി ആക്കിയതാണ് എന്നു തോന്നും. ഓലക്കുടയും പിടിച്ച് കൃഷ്ണ നൊട് സാമ്യമുള്ള ഒരു പെയിൻ്റിലും മുകളിൽ കാണാം. ഒരോ ഇഞ്ചും കൊത്തുപണികളാലും പെയിൻ്റിഗ്കളാലും സമ്പന്നമായ ഈ പള്ളി മുഴുവൻ വിസ്തരിച്ച് കാണണമെങ്കിൽ ഒരു ആറു മണിക്കുർ എങ്കിലും വേണംഏശുവിൻ്റെ പന്ത്രണ്ട് അപ്പൊസ്തലൻമാരുടെ തലവൻ വിശുദ്ധ പത്രോസിൻ്റെ ശവകുടീരം ഈ അൾത്താരയുടെ താഴെ നിലവറയിൽ ആണ്. ഞങ്ങൾ സാവധാനം ആ നിലവറയിലെയ്ക്ക് ഇറങ്ങി

ദൈവ ദൂതരേപ്പോലെ പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും [ യൂറോപ്പ് -136] ഉണ്ണിയുടെ വീട്ടിൽ നിന്ന് മെട്രോയിൽ ആണ് വത്തിക്കാനിലേക്ക് പോയത് :റോമിൽ കാറിനെക്കാൾ ആൾക്കാർ മെട്രോ യെ ആണ് ആശ്രയിക്കുന്നത്. അങ്ങു ദൂരെ ചരിത്രപ്രസിദ്ധമായ സെൻ്റ് പീറ്റേഴ്സ് ബസലിക്ക കാണാം. വീതി കൂടിയ മനോഹരമായ രാജവീഥി തിങ്ങിനിറഞ്ഞ് ആൾക്കാരാണ്. ലോകത്തിൻ്റെ നാനാഭാഗത്ത് നിന്നും വന്നവർ. പള്ളിയുടെ മുൻ വശമുള്ള വിശാലമായ മൈതാനത്തിൽ എത്താൻ തന്നെ അര മണിക്കൂർ എടുത്തു: ഒരു തൃശൂർ പൂരത്തിൻ്റെ ആളാണ്. മൈലുകൾ നീളുന്ന ക്യൂ. എൻ്റെ പ്രിയ സുഹൃത്ത് ബിഷപ്പ് മാർ മാത്യു മൂലക്കാട് രണ്ടു പേരെ ഏർപ്പാടാക്കിയിരുന്നു. പ്രിൻസച്ചനും സിസ്റ്റർ വെറോണിക്കയും. പ്രിൻസച്ചൻ ടിക്കറ്റ് ഉൾപ്പടെ എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കിത്തന്നിരുന്നു. സിസ്റ്റർക്ക് ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിൻ്റെ ലൊക്കേഷൻ അയച്ചുകൊടുത്തു." അവിടെത്തന്നെ നിന്നൊളൂ ഞാൻ അങ്ങോട്ടു വരാം " സിസ്റ്ററുടെ മെസേജ്.അഞ്ചു മിനിട്ടിനകം ദൈവദൂതയുടെ കൂട്ട് സിസ്റ്റർ എത്തി. പരിചയപ്പെട്ടു. നമ്മുടെ കടുത്തുരുത്തിയാണ് സ്വദേശം. പതിനാറു വർഷമായി വത്തിക്കാനാലാണ്.ഒരു തപസ്വിനിയുടെ ശാന്തമായ ഭാവം.ശബ്ദം താഴ്ത്തിയുള്ള മണിനാദം പൊലത്തശബ്ദം.ആ പുണ്യ ഭൂമിയുടെ എല്ലാ സത്തയും ഉൾക്കൊണ്ട പെരുമാറ്റം. ആ അപരിചിത ചുറ്റുപാടിൽ ഈ വലിയ തിരക്കിൽ അവരെക്കണ്ടപ്പോൾത്തന്നെ വലിയ ആശ്വാസം തോന്നി."നമുക്കാദ്യം പള്ളി കാണാം." ഞങ്ങൾ സിസ്റ്ററുടെ കൂടെ നടന്നു. പള്ളിയുടെ ഒരു വശത്തുകൂടി ഞങ്ങളെ അകത്തു കയറ്റി. പള്ളിയിൽ ആരേയും പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നില്ല. മൈക്കലാഞ്ചലയേപ്പൊലുള്ള ലൊകോത്തര കലാകാരന്മാരുടെ കയ്യൊപ്പു ചാർത്തിയ ആ പുണ്യ ദേവാലയത്തിലേക്ക് കാലെടുത്തു വച്ചപ്പഴേ ഒരു വല്ലാത്ത അനുഭൂതി. ആ പരിശുദ്ധ ദേവാലയത്തിൻ്റെ ഒരോ ഇഞ്ചും സിസ്റ്റർ വിവരിച്ചുതന്നു. സൗകര്യമായി ക്യാമറയിൽ പകർത്താനും സൗകര്യം കിട്ടി. ഇതിൻ്റെ ഗാംഭീര്യം മുഴുവൻ എങ്ങിനെ എൻ്റെ പുസ്തകത്തിൽ എഴുതിഫലിപ്പിക്കും എന്ന ഭയമായിരുന്നു എനിക്ക്. എൻ്റെ പദസമ്പത്ത് അപര്യാപ്തമാകും എന്നൊരു തോന്നൽ.പള്ളി മുഴുവൻ വിസ്ഥരിച്ചു കാണിച്ച് പോപ്പിനെ നേരിട്ടുകാണാൻ മുൻ നിരയിൽത്തന്നെ ഇരിപ്പിടവും അവർ ഒരുക്കിത്തന്നു. അവരോട് എങ്ങിനെ നന്ദി പറയേണ്ടു എന്നറിയാതെ ഞങ്ങൾ കുഴങ്ങി.അവർ ഒന്നു ചിരിച്ച് വിടവാങ്ങി. വിഷമഘട്ടത്തിൽ സഹായിക്കുന്ന മാലാഖമാരുടെ കഥകൾ ധാരാളം വായിച്ചിട്ടുണ്ട്. ഇപ്പോൾ അങ്ങിനെ ഒരു മാലാഖയെ നേരിട്ടു കണ്ട പ്രതീതി:

Friday, September 19, 2025

റോമിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി [ യൂറോപ്പ് - 135] സ്വിറ്റ്സർലൻ്റ് യാത്രയുടെ ക്ഷീണം മാറിയിട്ടില്ല - ഒരാഴ്ച്ച വിശ്രമം. ഇനി ഇറ്റലിക്കു്.ഇൻഡോവണിൽ നിന്നാണ് ഫ്ലൈറ്റ്. ഈസിജറ്റ്: പക്ഷേ അത്ര ഈസി ആയിരുന്നില്ല കാര്യങ്ങൾ. അവിടെ വരെ കാറിൽപ്പോയി കാറ് അവിടെ പാർക്ക് ചെയ്ത് പോകാനായിരുന്ന പ്ലാൻ. അവിടെ ഒരാഴ്ച്ചത്തേക്ക് സെയ്ഫായി പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. അതിരാവിലെ തന്നെ ഇറങ്ങി ഒന്നര മണിക്കൂർ കാറിൽപ്പോകണം. ഇറങ്ങിയപ്പഴെ നല്ല മഴ. ഇതു വരെ കാണാത്തത്ര ബ്ലോക്കും. അതിനിടെ മുമ്പിലെങ്ങോ ഒരാക്സിഡൻ്റും: വണ്ടി വഴിതിരിച്ചുവിട്ടു. സമയം വൈകി.ഒരു പ്രകാരത്തിൽ ഇൻഡോ വൺ വിമാനത്താവളത്തിലെത്തി. സമയം വൈകി. ഫ്ലൈറ്റ് മിസായി. ആകെ നിരാശ ആയി. പിറ്റേ ദിവസം വത്തിക്കാനിൽ പോപ്പിനെ കാണാൻ അപ്പായിൻ്റ്മെൻ്റ് കിട്ടിയിട്ടുണ്ട്. എത്തിയെ പറ്റൂ. നിവർത്തിയില്ലാതെ തിരിച്ചു പൊന്നാലൊ എന്നു വരെ ആലോചിച്ചതാണ്. ക്രൈസസ് മാനേജ്മെൻ്റിൻ്റെ ഉസ്താദായ വരുണും ഒന്നു പരുങ്ങി. പക്ഷേ തിരിച്ചു പോകാൻ അവൻ സമ്മതിച്ചില്ല.ബ്രസ്സൽ സി ൽ നിന്ന് വൈകിട്ട് ആറുമണിക്കുള്ള റോം ഫ്ലൈറ്റ് ബുക്കു ചെയ്തു.ഇനി അവിടെ എത്തണം. ട്രയിൻ തന്നെ ശരണം. രണ്ടു ട്രയിൻ മാറിക്കയറണം .സാരമില്ല സമയമുണ്ട്. ട്രയിനുകൾ ബുക്ക് ചെയ്തു. . ആദ്യ ട്രയിൻ വിചാരിച്ചതിലും സമയമെടുത്തു. രണ്ടാമത്തെ ട്രയിൻ സ്റ്റാർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തി ഓടിക്കയറി.അതിന് സ്പീട് കുറവാണു തോന്നി. അടുത്ത ഫ്ലൈറ്റും മിസാകുമോ? മനസിൽ ഒരു ഭയം. ഒന്നും ചെയ്യാനില്ല. ട്രയിനിറങ്ങി വിമാനത്താവളത്തിൽ കൃത്യസമയത്താണെത്തിയത്.രാത്രി പന്ത്രണ്ട് മണിക്ക് റോമിൽ വിമാനമിറങ്ങി. വരുണിൻ്റെ ഫ്രണ്ട് ഉണ്ണി റോമിലാണ് താമസിക്കുന്നത്. ഉണ്ണിവണ്ടി കൊണ്ടു വന്നിരുന്നു. ഒരാഴ്ച്ച ഉണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.' ഞങ്ങൾക്കും ഉണ്ണിയെയും ഭാര്യയെയും നേരത്തേ അറിയാം. ഉണ്ണിയുടെ ഭാര്യ ചൈനാക്കാരിയാണ്. ചിററ് സി. നല്ല പെരുമാറ്റം. ലൗവിഗ് നേച്ചർ .സ്വന്തം കുടുംബം പോലെ ഒരാഴ്ച്ച.ഉണ്ണി ഒരു നല്ല ഹിസ്റ്റോറിയൻ കൂടി ആണ്. റോമിൻ്റെ ചരിത്രവും ചരിത്രസ്മാരകങ്ങളും അവന് കാണാപ്പാടമാണ്.ഈ യാത്രക്ക് ഉണ്ണിയുടെ സാമിപ്യം എന്തു മാത്രമാണ് പ്രയോജനപ്പെട്ടതെന്ന് പറഞ്ഞറിയിയിക്കാൻ വിഷമം. അങ്ങിനെ വത്തിക്കാനും റോമും വെനീസും കാണാനുള്ള മോഹം നടക്കുമെന്നായി. നാളെ വത്തിക്കാനിലേക്ക്

Thursday, September 18, 2025

കൊളോൺ കത്തീഡ്രൽ - ജർമ്മനിയിലെ ഒരിക്കലും പൂർത്തി ആകാത്ത പള്ളി [ യൂറോപ്പ് -134] ജർമ്മനിയിലെ വെസ്റ്റ് ഫാലിയായിൽ കൊളോണിൽ ആണ് ഈ അതിഗംഭീരകത്തീഡ്രൽ .വിശുദ്ധ പത്രൊസിൻ്റെ പള്ളി.ഗോതിക് ശൈലിയുടെ മകടോദാഹരണം.നാനൂറി എഴുപത്തിനാലടി നീളവും ഇരുനൂറ്റി എൺമ്പത്തിമൂന്നടി വീതിയും അഞ്ഞൂറ്റിപതിനഞ്ചടി ഉയരവുമുള്ള ഈ പൗരാണിക പള്ളി യുണസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലോകത്ത് മൂന്നാം സ്ഥാനം അലങ്കരിക്കുന്ന ഈ ദേവാലയം സന്ദർശകർക്ക് വിവരിക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. പ്രതിവർഷം ചുരുങ്ങിയത് ആറ് ദശലക്ഷം സന്ദർശകരാണ് ഈ കത്തീഡ്രൽ സന്ദർശിക്കുന്നത്. യുദ്ധം, തീപിടുത്തം ,ഭൂകമ്പം, ആസിഡ് മഴ ഇവയൊക്കെക്കൊണ്ട് പല പ്രാവശ്യം തകർന്ന ഈ ദേവാലയം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. വലിയ രണ്ടു ഗോപുരങ്ങളും, മനോഹര പ്രവേശന കവാടവും ഒക്കെ കൊണ്ട് അതിൻ്റെ പുറത്തു നിന്നുള്ള കാഴ്ച്ച തന്നെ മനസ്സിനെ കീഴടക്കിയിരുന്നു. അകത്തേക്ക് കയറിയപ്പോൾ വീണ്ടും ഞട്ടിച്ചു. വിശാലമായ ഉൾവശം ലോക പ്രസിദ്ധ കൊത്തു പണികൾ, പെയിൻ്റിഗ്കൾ, കറുത്ത മാർബിളിൽ തീർത്ത ലോകോത്തര അൾത്താര .ബൈബി ൾ കഥകൾ അലേപനം ചെയ്ത മനോഹര സ്റ്റെയിൻ ലസ് ഗ്ലാസ്സ് വിൻ്റൊകൾ എല്ലാം കൊണ്ടും ആ കമനീയമായ ഉൾവശം നമ്മുടെ ഹൃദയത്തിൽ ലയിച്ചുചേരും.ആകെ പതിനൊന്നു മണികളിൽ ഇരുപത്തിനാലു ടൺ ഭാരമുള്ള പ്രധാന മണി ഒരൽഭുതമാണ്. സർപ്പിളാകൃതിയിലുള്ള അഞ്ഞൂറ്റിമുപ്പത്തിമൂന്നു പടി കൾ കയറിച്ചെന്നാൽ ഉയരത്തിലെ മനോഹര ബാൽക്കണിയിൽ എത്താം. ലോകത്തിൻ്റെ നിറുകയിൽ എത്തിയ ഒരു പ്രതീതി. അറുനൂറു വർഷമായി ഒരിക്കലും പണിതീരാത്ത ഈ പള്ളിയെപ്പറ്റി ഒരു കഥ നിലവിലുണ്ട്. പള്ളിയുടെ പ്രധാന ശിൽപ്പി ഈ പള്ളിയുടെ രൂപകൽപ്പന എങ്ങിനെ വേണമെന്ന് ആലൊച്ചിച്ച് നദിക്കരയിൽ ഒരു പാറക്കരുകിൽ ഇരിക്കുകയായിരുന്നു.അതു ചെകുത്താൻ പാറ ആയിരുന്നുവത്രെ. പെട്ടന്ന് ഒരപരിചിതൻ പ്രത്യക്ഷപ്പെട്ട് ആ മണലിൽ മനോഹരമായ ഒരു പള്ളിയുടെ പ്ലാൻ വരച്ചുകാണിച്ചു. ശിൽപ്പി അൽഭുതപ്പെട്ടു പോയി.ലക്ഷണമൊത്ത ഒരു പള്ളിയുടെരൂപരേഖ. ആ അളവിൽ പള്ളി പണിതൊട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ ഞാൻ ചെകുത്താനാണ് ഞാൻ പറഞ്ഞ നിബന്ധനകൾ അനുസരിച്ചാൽ സമ്മതം. പക്ഷെ ചെകുത്താനുമായുള്ള ഉടമ്പടി ശിൽപ്പിക്ക് തെറ്റിക്കണ്ടി വന്നു.ചെകുത്താൻ കോപിച്ചു ശപിച്ചു വത്രേ. ഒരിക്കലും ഈ പള്ളിയുടെ പണി തീരില്ല എന്നും, എന്നെങ്കിലും പണി തീർന്നാൽ അന്ന് ലോകാവസാനമായിരിക്കും എന്നും ശപിച്ചു.അതുകൊണ്ടായിരിക്കാം ഇന്നും പണിതീരാതെ കിടക്കുന്നതെന്ന് കഥ. ഒരു പാട് കഥകളും, മിത്തുകളും, ചരിത്രവും ഉറങ്ങിക്കിടക്കുന്ന ഈ മനോഹര പള്ളി കാണാൻ സാധിച്ചത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായിത്തൊന്നി.

ബ്ലാക്ക് ഫോറസ്റ്റ് - ജർമ്മനിയിലെ ഒരു നിഗൂഡ വനപ്രദേശം [ യൂറോപ്പ് - 133]തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു നിഗൂഡ വനപ്രദേശമാണ് ബ്ലാക്ക് ഫോറസ്റ്റ്. അതിലൂടെയുള്ള സവാരി അവിസ്മരണീയമാണ്. ഇരുവശവും ഇടതൂർന്ന ഭീമാകാര മരങ്ങൾ.കാറ്റടിക്കമ്പോൾ ഉള്ള മർമ്മര ശബ്ദങ്ങൾ .പക്ഷികളുടെ കള കൂജനങ്ങൾ. സൂര്യഭഗവാനെ മറയ്ക്കുന്ന പ്രകൃതി. ഇടക്ക് ആകാശവും മരങ്ങളും മൂടുന്ന കോടമഞ്ഞ്. തണുത്ത മരവിച്ച അന്തരീക്ഷം.ആറായിരം ചതുരശ്ര കാലൊ മീറ്റർ വിസ്തീർണ്ണം. ഈ വനമദ്ധ്യത്തിലൂടെ ഉള്ള യാത്ര ഒരു ലഹരി ആണ്. കരടിയും ചെന്നായും കാട്ടുപന്നിയും വിഹരിക്കുന്ന ഈ വനത്തിൽ ട്രക്കിഗ് സാഹസികമാണ്. എന്നാലും ഇടക്ക് നല്ല റിസോർട്ടുകൾ ഉണ്ട്. അവിടെ സുരക്ഷിത താമസ സൗകര്യം ഉണ്ട്. അവരുടെ ഫൊറസ്റ്റ് കേക്ക് രുചിക്കാം. ട്രക്കിഗ് നടത്താം. അന്തിയുറങ്ങാം ഡാന്യൂബ് - നെക്കാൻ നദികളുടെ ഉൽഭ സ്ഥാനം ഈ മലമുകളിൽ ആണ്.പണ്ടുകാലത്ത് ഇരുമ്പു ഖനനത്തിനു പ്രസിദ്ധമായിരുന്നു ഇവിടം. അതുപോലെ പട്ടാള ക്യാമ്പുകളുടെയും .ധാരാളം കോട്ടകളുടെ അവശിഷ്ടങ്ങൾ ഇന്നും അവിടവിടെ കാണാം. മുമ്പ് കെൽറ്റിക്ക് ദേവത അബ് നോബയുടെ പേരിലാണ് ഈ വനം അറിയപ്പെട്ടിരുന്നത്. ഇന്ന് അത് ഒരു റൊമാൻ്റിക്ക് വന മേഘലയാണ്. സ്വടിക തുല്യമായ തടാകങ്ങളും, മനോഹര വെള്ളച്ചാട്ടവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ജർമ്മനിയുടെ പ്രസിദ്ധമായ കുക്കു ക്ലോക്ക് ഈ യാത്രാപാതയിലാണ്.അതാ മനോഹരമായ ഒരു ഡ്രൈവാണ് ഏറ്റവും സുഖം.ഇനി പ്രസിദ്ധമായ കൊളോൺ കത്തീഡ്രലിലേക്ക് -

Wednesday, September 17, 2025

ബ്ലാക്ക് ഫോറസ്റ്ററിലെ "കുക്കു ക്ലോക്ക് " [ യൂറോപ്പ് -13 1 ] സ്വിസ്റ്റർലൻ്റിൽ നിന്നും തിരിച്ചു വരുന്നതിനിടെയാണ് ജർമ്മനിയിലെ പ്രസിദ്ധമായ ബ്ലാക്ക് ഫോറസ്റ്റിൽ പ്രവേശിച്ചത്.ഒരു റൊമാൻ്റിക് ഭാവം തരുന്ന ആ മനോഹരമായ ഡ്രൈവ് എത്തിച്ചേർന്നത് ജർമ്മനിയുടെ ഐക്കനായ " കുക്കു ക്ലോക്കി "നടുത്താണ്. വഴിവക്കിൽത്തന്നെ ആൻ്റിക്സ്റ്റൈലിൽ ഉള്ള ഒരു വലിയ കെട്ടിടം. അതിൻ്റെ മുഖപ്പു മുഴുവൻ ഒരു ഭീമാകാരമായ ക്ലോക്കിൻ്റെ ഡയൽ ആണ്. വലിയ അക്കങ്ങൾ വൃത്തത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. ഒരു മരത്തിൻ്റെ കായിനെ ഓർമ്മിപ്പിക്കുന്ന ഭീമാകാരമായ രണ്ടു പെൻഡുലങ്ങൾ അതിൻ്റെ വശത്തായി ഒരു വലിയ പൽച്ചക്രം. തടികൊണ്ടുണ്ടാക്കിയ ആ വലിയ ക്ലോക്കിൻ്റെ മുൻവശത്ത് ഇരട്ടവാതിൽ കാണാം. ഒരൊ സമയക്രമമുസരിച്ച് ആ വാതിൽ ഇരുവശത്തേക്കും തുറക്കും അതിൽ നിന്നും ചിറകുവിടർത്തി ഒരു കുക്കുപ്പക്ഷി പ്രത്യക്ഷപ്പെടും .അത് സമയത്തിന് അനുസരിച്ച് കുക്കു എന്നു റക്കെ കൂവും .ഞങ്ങൾ കൃത്യം പന്ത്രണ്ടു മണിയ്ക്കാണെത്തിയത്.ആ പക്ഷി പന്ത്രണ്ട് പ്രാവശ്യം കൂവി.ആ മനോഹരമായ ക്ലോക്ക് കാണാൻ ദിവസേന ആയിരക്കണക്കിന് ആൾക്കാരാണു വരുക. ഇനി ആ കെട്ടിടത്തിൻ്റെ മറുവശത്തേക്ക് പോയാൽ ഇതുപോലെ തന്നെ വേറൊരു ക്ലോക്കുണ്ട്. മ്യൂസിയ്ക്കും ഡാൻസും സന്നിവേശിപ്പിച്ചിട്ടുണ്ടന്നു മാത്രം. അത് നമുക്ക് കോയിൻ ഇട്ടാൽ ഏതു സമയത്തും പക്ഷിയെക്കൊണ്ട് കൂവിയ്ക്കാം. ഇതു ഭംഗിയായി പരിപാലിയ്ക്കാൻ അവിടെ ജോലിക്കാരുണ്ട്.ആഴ്ച്ചയിൽ ഒരു പ്രാവശ്യം ഇത് വൈൻഡ് ചെയ്താൽ മതിയാകും.വിനോദ സഞ്ചാരികൾക്ക് ഇതൊരു കാഴ്ച്ചാനുഭവമാണ്. ഈ രണ്ടു ക്ലോക്കുകളുടെയും മദ്ധ്യത്തിലുള്ള ഹാളിൽ ആയിരക്കണക്കിനു മൊഡൽ കുക്കുക്ലോക്കുകളുടെ ഒരു വൻശേഖരം തന്നെയുണ്ട്. അത് അവയുടെ ഒരു വിൽപ്പന ശാല കൂടി ആണ്. ഞങ്ങൾ സാവധാനം ആ കെട്ടിടത്തിൽ പ്രവേശിച്ചു.

Tuesday, September 16, 2025

ആൽപൈൻ സെൻസേഷൻ; "- ഒരു കാലാന്തര യാത്ര. [ യൂറോപ്പ് - 129] സ്വിറ്റ്സർലൻ്റിൽ ഐസ് പാലസ് കഴിഞ്ഞാൽ ഏറ്റവും ആസ്വദിച്ചത് ഈ യാത്രയാണ്. സ്പിനക്സ് ഹാളിനും ഐസ് പാലസിനും ഇടയിലുള്ള പാതയിലൂടെ ഉള്ള യാത്ര. അവിടുത്തെ റയിൽവേയുടെ ചരിത്രം മുഴുവൻ അവിടെ വായിച്ചെടുക്കാം ഈ രാജ്യത്തിൻ്റെ ഭൂതകാലത്തിൻ്റെ നാഴികക്കല്ലുകൾ ഇടക്കിടെ കാണാം. പഴയ ഫോട്ടോ കൾ, സംഗീതോപകരണങ്ങൾ, സിനിമാനിക്ക് ദൃശ്യങ്ങൾ എല്ലാം മനോഹരമായ LED ദീപപ്രഭയിൽ തെളിഞ്ഞു കാണാം. സംഗീത സാന്ദ്രമാക്കി ആ യാത്ര അവർ അവിസ്മരണീയമാക്കിയിട്ടുണ്ട്. നമ്മുടെ കപിൽദേവിൻ്റെയും മറ്റു കായിക താരങ്ങളുടെയും ചിത്രങ്ങൾ അവിടെ കമനീയമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടത്തെ സ്നോ ഗ്ലോബ് കാണണ്ടതാണ്. ഇടക്ക് ഹിമപാതവും നമുക്ക് ആസ്വദിക്കാം. മൂവായിരത്തി അഞ്ഞൂറിൽ താഴെ മീറ്റർ ഉയരത്തിൽ മൈനസ് ടു ഡിഗ്രി തണുപ്പിൽ നമുക്ക് അൽപ് സിനെമനസുകൊണ്ട് വാരിപ്പുണരാം. അവിടത്തെ മണ്ണൂറ്റി അറുപത് ഡിഗ്രി പനോര മിക്ക് കാഴ്ച്ചാനുഭവം ഹൃദ്യമാണ്. ഈ സെൻസെഷണലായ യാത്ര ഈ രീതിയിൽ രൂപകൽപ്പന ചെയ്തവരുടെ ഭാവന അംഗീകരിച്ചേ മതിയാകൂ. മനോഹരമായ ദൃശ്യ ങ്ങ ളിലൂടെ അവർ നമ്മൾ അറിയാതെ തന്നെ അവരുടെ ചരിത്രം നമ്മേ പഠിപ്പിച്ചു തരും ഒരു നീണ്ട കാലാന്തര യാത്ര കഴിഞ്ഞ് വർത്തമാനകാലത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഒന്നുകൂടി തിരിച്ചു പോകാൻ തോന്നുന്ന ഒരു കാവ്യഭംഗി

Sunday, September 7, 2025

ആൽപ്സ് പർവതത്തിൻ്റെ മട്ടുപ്പാവിൽ [ യൂറോപ്പ് - 125] കേബിൾ കാറിൽ യൂറോപ്പിൻ്റെ ഏറ്റവും ഉയരത്തിൽ ഞങ്ങൾ എത്തി. അവിടുന്ന് ലിഫ്റ്റിൽകയറി മുകളിൽ എത്തിയാൽ വിശാലമായ ഒരിടമാണ്. അവിടെ എല്ലാം നമുക്ക് കിട്ടുന്ന ഷോപ്പിംഗ് സെൻ്ററുകൾ ഉണ്ട്. ഗോവണിവഴി ഒരു തുറന്ന സ്ഥലത്തെത്താം. അതിൻ്റെ മൂന്നു വശവും ഗ്ലാസി ട്ടിരിക്കുന്നു. അതിൽ കൂടി പുറത്തേക്കുള്ള കാഴ്ച്ച അവർണ്ണനീയം. നോക്കെത്താത്ത ദൂരം മഞ്ഞുമലകൾ. "ജങ് പ്രൗജോച്ച് " അതാണ് ആ സ്ഥലത്തിൽ പറയുക. യൂറോപ്പിൻ്റെ ഏറ്റവും ഉയരത്തിൽ പന്തീരായിരത്തോളം അടി ഉയരത്തിൽ നിന്നാൽ അൻപ് സിൻ്റെവലിപ്പവും സൗന്ദര്യവും ആസ്വദിക്കാം രണ്ടു കൊടിമുടി കൾ തമ്മിൽ ബന്ധിപ്പിക്കുന്ന നുകം എന്നർത്ഥം വരുന്ന പേര്.കന്യക അല്ലങ്കിൽ തപസ്വിനി എന്ന സങ്കൽപ്പം.നമ്മൾ ദേവി എന്നു സങ്കൽപ്പിക്കുന്ന പോലെ. ആ മുറിയുടെ വാതിൽ തുറന്ന് കൊടി മുടിക്ക്മുകളിള്ളിലുള്ള മഞ്ഞിലേയ്ക്ക് കാലെടുത്തു വയ്ക്കാം. തൂവെള്ള പഞ്ഞി കെട്ടുപോലെ മഞ്ഞ്.കാല് പുതഞ്ഞു പൊകും ചുറ്റും തൂവെള്ള നിറം മാത്രം. സൂര്യഭഗവാൻ്റെ പൊൻ കിരണങ്ങളിൽ ആ മഞ്ഞുമലകൾ വെട്ടിത്തിളങ്ങുന്നു. തണുപ്പു കൊണ്ട് മരവിച്ചു പോകുമോ എന്ന പേടി. കാറ്റിൻ്റെ ശക്തിയിൽ കണ്ണിൽ നിന്നും കണ്ണീരൊഴുകിയത് വരെ ഉറഞ്ഞു മഞ്ഞ് ആയി. മൈനസ് ഏഴ് ഡിഗ്രിയാണ്. ആ മഞ്ഞുവാരിക്കളിക്കുമ്പോൾ ഒരു വല്ലാത്ത ഉന്മാദാവസ്ഥ ആയിരുന്നു. ഒരു കൊച്ചു കുട്ടിയുടെ മനസുമായി അവിടെ ഓടി നടന്നു. മഞ്ഞിൽ പുതഞ്ഞു വീണു. മഞ്ഞു കുടഞ്ഞ് കളഞ്ഞ് എഴുന്നേറ്റു. അതിൻ്റെ അതിരിൽ ഒരു ചുവന്ന കമ്പി കെട്ടിയിട്ടുണ്ട്. അതിനപ്പുറം അഗാധമായ ഗർത്തമാണ്. കാലൊന്നു തെറ്റിയാൽ! ആദ്യം ശ്വസിക്കാൻ ചെറിയ വിഷമം അനുഭവിച്ച തൊഴിച്ചാൽ എല്ലാം ഭദ്രം; ആൽപ്സ് പർവ്വതം അങ്ങ് ഫ്രാൻസ് വരെ നീളുന്നു. അപ്പഴാണ് സെക്യൂരിറ്റി ഗാർഡിൻ്റെ വിസിൽ: പെട്ടന്ന് ഹിമപാതം! .മഞ്ഞുകട്ടികൾ ആകാശത്തു നിന്ന് പെയ്യുന്നു. അത് ശരീരത്തിൽ തട്ടിത്തെറിക്കുന്നു. എല്ലാവരേയും അവർ അകത്തു കയറ്റി വാതിലടച്ചു. സത്യത്തിൽ അതൊരു വല്ലാത്ത അനുഭവമായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിൽക്കാൻ മോഹമുണ്ടായിരുന്നു - അവർ സമ്മതിച്ചില്ല. തിരിച്ചു വീണ്ടും ആ ചില്ലുമേടയിലേയ്ക്ക്. അവിടെ ഇരുന്നു വീണ്ടും ആ പ്രകൃതിയുടെ പ്രതിഭാസം കണ്ടാസ്വദിച്ചു - അവിടെ ഭൂമിക്കടിയിൽ അവർ ഒരു മായാലോകം തന്നെ തീർത്തിട്ടുണ്ട്.ഇതു പോലെ പല സ്ഥലത്തും വാതായനങ്ങ ഉണ്ട്. ഇനി അവിടുത്തെ ഐസ് ഗുഹയിലേയ്ക്ക് :

Thursday, September 4, 2025

വിൻ്റർ ജാക്കാറ്റിനായി "മെറ്റ് സി "ലേക്ക് [ യൂറോപ്പ് - 121] സ്വിറ്റ്സർലൻ്റിലേക്ക് പോകാൻ ഇറങ്ങിയപ്പഴാണ് വിൻ്റർ ജാക്കറ്റിൻ്റെ ബാഗ് എടുക്കാൻ മറന്നതറിഞ്ഞത്‌. ജാക്കാറ്റില്ലാതെ സ്വിസ് മണ്ണിൽ കാലു കുത്താൻ പറ്റില്ല. അത്ര തണുപ്പാണവിടെ. പിന്നെ പതിനയ്യായിരത്തിന് മുകളിൽ ആൽപ്സ് പർവതം കയറണ്ടതാണ്. അവിടെ ഇതിന് തീപിടിച്ച വിലയാണ്. എന്തു ചെയ്യും. പോകുന്ന വഴി ഒന്നു തിരിച്ചു വിട്ടാൽ ഫ്രാൻസിലെ മെറ്റ്സിൽ നിന്നു വാങ്ങാം. അവിടെ വില കുറവാണ്. കുറച്ചുവളയ്ക്കണം. സാരമില്ല. അവരുടെ ആവാണിജ്യ സിരാകേന്ദ്രം കൂടി കാണാമല്ലോ. വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തു. അത് ഫ്റാൻസിൽ ശ്രദ്ധിക്കണ്ടതാണ്. കാൽനടയായുള്ള ഷോപ്പിംഗ് ആണിവിടുത്തെ സംസ്ക്കാരം.ധാരാളം കച്ചവട സ്ഥാപനങ്ങളും വ്യവസായ സംരംഭകരും ഉള്ള സിറ്റി.ഫ്റാൻഡിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണിവിടം.ചരിത്രം ഉറങ്ങുന്ന ഒത്തിരി സ്ഥാപനങ്ങൾ ഇവിടുണ്ട്. ഏതാണ്ട് മുവ്വായിരം വർഷത്തെ പാരമ്പര്യമുള്ള ഈ സ്ഥലം യുനസ്ക്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. " വിശുദ്ധ കോട്ട എന്നർത്ഥം വരുന്ന വാക്ക് ലോപിച്ചാണ് മെറ്റ്സ് ആയത്. സുഹൃത്ത് നിർദ്ദേശിച്ച കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല. സിറ്റിയിലെ വലിയ കടകളിൽ ഒന്നാണത്.ഒന്നാന്തരം വിൻ്റർ ജാക്കറ്റുകളുടെ ഒരു വലിയശേഖരം തന്നെയുണ്ടവിടെ വിലയും വളരെക്കുറവ്. സ്വിറ്റ്സർലൻ്റിൽ ജാക്കററ് വാടകയ്ക്ക് കിട്ടും. വാടക വരുന്ന തുകയുടെ പകുതി വിലക്ക് ഇവിടെ ജാക്കറ്റ് വാങ്ങാം. ഞങ്ങൾക്ക് മൂന്നു പേർക്കും ആഗ്രഹിച്ച പോലെ തന്നെ കിട്ടി. തൊപ്പിയും, ഗ്ലൗസും ലൊഗ് സോക്സും ഒക്കെ ഇവിടെ ലാഭത്തിൽ കിട്ടും. ജാക്കറ്റ് വാങ്ങാനാണങ്കിലും ഫ്രാൻസിലെ ഈ ഗ്രീൻ സിറ്റി സന്ദർശിക്കാൻ സാധിച്ചത് ഒരു ഭാഗ്യമായി എനിക്കു തോന്നി

Wednesday, September 3, 2025

പഴയിടം മോഹനൻ മുത്തശ്ശൻ വീട്ടിൽ വന്നു. [അച്ചു ഡയറി-580 ] മുത്തശ്ശാ ഇന്നൊരു വലിയ സെലിബ്രറ്റി അച്ചൂൻ്റെ വീട്ടിൽ വന്നു. പഴയിടം മോഹനൻ മുത്തശ്ശൻ. അമ്മയും, മുത്തശ്ശനും പറഞ്ഞു ധാരാളം കേട്ടിട്ടുണ്ട്. ഒന്നരക്കോടി കുട്ടികൾക്ക് സദ്യ പാകം ചെയ്തു കൊടുത്ത ആളല്ലെ. വരുമെന്നു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അമേരിക്കയിൽ മൂന്നാമത്തെ പരിപാടിക്കാണിവിടെ എത്തുന്നത്: കെ സി എസിൻ്റെ ഓണത്തിന് ഏതാണ്ടായിരം പേർക്കാണ് സദ്യ ഒരുക്കുന്നത്. ഞങ്ങൾ പോയിരുന്നു. ഇവിടുത്തെ പൊതു അടുക്കളകളിലെല്ലാം അവരുടെ സിങ്കിൽ കഴുകാൻ പറ്റുന്ന വലിപ്പമുള്ള പാത്രങ്ങളേ കാണാം. ഈ ചെറിയ പാത്രങ്ങളിൽ ഇത്ര അധികം പേർക്ക് ! അച്ചൂന് അൽഭുതം തോന്നി. മുത്തശ്ശൻ്റെ പരിചയം കൊണ്ടും പ്രൊ ഫഷണലിസം കൊണ്ടും മാത്രമാണ് അതു സാധിച്ചത്.അമ്മയുടെ ഒരു ടീം തന്നെ സഹായിക്കാൻ തയാറായതാണ്.അത് സമ്മതിച്ചില്ല. സഹായത്തിന് നാലു പേർ ഉണ്ടായിരുന്നു. സദ്യ നന്നായി. അച്ചൂന്അവ്യേലും, സാമ്പാറും പിന്നെ പായസവുമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.നാലു ദിവസമായി ഉറങ്ങിയിട്ടില്ല മുത്തശ്ശൻ. കാണുന്നവർക്ക് ഒരു വലിയ സെലി ബ്രറ്റി. അവരുടെ കഷ്ട്ടപ്പാടുകളെപ്പറ്റി ആരും ചിന്തിക്കുന്നില്ലന്നച്ചൂന് തോന്നി.ഇതിനിടെ സെൽഫി എടുക്കാനും, സ്റ്റെജിൽസമ്മാനദാനത്തിനും മുത്തശ്ശൻ വേണം. ഒരു വിധം പരിപാടികൾ ഒതുക്കി അച്ഛനും അമ്മയും കൂടി മുത്തശ്ശനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ട് വന്നു. ഇവിടെ വന്ന് അമ്മ ഉണ്ടാക്കി വച്ച ചോറ് തൈരും പച്ചമുളക്കും കൂട്ടിക്കഴിച്ചു. ഇത്ര ലോകപ്രസിദ്ധനായ ഒരു ഷെഫ് എന്തു സിമ്പിൾ ആയാണ് പെരുമാറുന്നത്. ഡൗൺ ടു ഏർത്ത് എന്നു പറയില്ലേ.അതു പോലെ. ഇനി അഞ്ചു മണിക്കൂർ.പിന്നെ വിമാനത്തിൻ്റെ സമയമാകും. അമ്മ നിർബന്ധിച്ച് ഉറങ്ങാൻ പറഞ്ഞു. കാണാൻ വരുന്നവരോട് അഞ്ചര കഴിഞ്ഞു വരാൻ പറഞ്ഞു. ഉണർന്ന് ചായ കുടിച്ച് എല്ലാവരെയും കണ്ട് അവർക്ക് സെൽഫിയ്ക്ക് നിന്നു കൊടുത്ത് മടങ്ങി. അച്ഛൻ എയറോ ഡ്രോമിൽ കൊണ്ട് വിട്ടു.

Tuesday, September 2, 2025

Thoolika 2025 can be accessed here -Or you can directly access as belowhttp://kcsmw.org/thoolika-2025/

ബി ആൻഡ് ബി- താമസം ഒരനുഭവo [ യുറോപ്പ് -120 ] ലക്സംബർഗിനോടുവിടപറയാറായി. വീട് ചെക്കൗട്ട് ചെയ്യണം .കഴിഞ്ഞ ദിവസം അവിടെ വന്നത് ഒരനുഭവമാണ്. ഗൂഗിൾ മാപ്പിട്ട് രാത്രി പത്തു മണിയ്ക്ക് ഒരു വീടിൻ്റെ മുമ്പിൽ എത്തി. അവിടെ എങ്ങും ഒരു മനുഷ്യരുമില്ല. ഒരു വലിയ മലഞ്ചെരുവിൽ ആണു്. വീടിൻ്റെ മുമ്പിൽ ഭിത്തിയിൽ ഒരു ചെറിയ കറുത്ത ബോക്സുണ്ട്. അതിനു മുകളിൽ ഒരു ചെറിയ കീബോർസും. അവിടെ അവർ തന്ന കോഡ് അടിച്ചു. ആ പെട്ടി താനേ തുറന്നു.അതിൽ ആ വീടിൻ്റെ താക്കോൽ!അതെടുത്ത് ബോക്സടച്ചു വച്ച് അകത്തു കയറി. തടികൊണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്ള വീട്. അത്യന്താധുനിക സൗകര്യമുള്ള ബഡ് റൂമുകൾ, അടുക്കള, ലീവിഗ് റൂം എല്ലാമുണ്ട്. ബാത് ടബ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉള്ള ബാത്തു റൂം: ഫ്രിഡ്ജും, ഓവനും, ബ്രഡ്മെയ്ക്കറും ഗ്രില്ലുംഎല്ലാം ഉള്ള അടുക്കള .അവിടെതേയില, കാപ്പിപ്പൊടി, പഞ്ചസാര, ഗ്രീൻ ടീ എല്ലാമുണ്ട്.ഞങ്ങൾക്കാവശ്യമുള്ള ഇഷ്ടവിഭവങ്ങൾ ഞങ്ങൾ തന്നെ പാകം ചെയ്ത് കഴിയ്ക്കും. ചെക്കൗട്ട് ചെയ്ത് താക്കോൽ ആ ബോക്സിൽത്തന്നെ വച്ച് തിരിച്ചു പോന്നു. ഇനി സ്വപ്ന ഭൂമിയിലേക്ക്. സ്വിറ്റ്സർലൻ്റിലെയ്ക്ക്. B and B. " ബഡ് ആൻഡ് ബ്രെയ്ക്ക് ഫാസ്റ്റ് "അതാണ് കൺസപ്റ്റ്.എല്ലാം . പുറത്ത് ബിയറിനല്ലാത്തതിനെല്ലാം നല്ല വിലയാണ്. മനസിനിണങ്ങിയ ആഹാരം കിട്ടുകയുമില്ല. വെജിറ്റേറിയൻ ഓപ്ഷൻ കുറവാണ്. അതു കൊണ്ട് സ്വന്തമായി ഇഷ്ട്ട വിഭവങ്ങൾ ഒരുക്കി ഒരു യാത്ര. ഒരോ നാട്ടിലേയും സ്പഷ്യൽ വിഭവങ്ങൾ പരീക്ഷിക്കാൻ മറക്കാറുമില്ല. ഇനി സ്വിറ്റ്സർലൻ്റിലേക്ക് .അവിടെ "ഷാലെ ഹൗസ് ആണ് ബുക്ക് ചെയ്തിരിക്കുന്നത്.

Monday, September 1, 2025

ലക്സംബർഗ്ഗിലും "കൃഷ്ണവിലാസ് "ഹോട്ടൽ [ യൂ:റാപ്പ് -1I9 ] ലക്സംബർഗ് മുഴുവൻ നടന്നു കണ്ടു. ഇടക്ക് ഒരു തട്ടുകടയിൽ നിന്ന് ഒരു കാപ്പി കുടിച്ച തൊഴിച്ചതൊഴിച്ചാൽ ഇന്ന് ഒന്നും കഴിച്ചില്ല. കയ്യിൽക്കരുതിയഫ്രൂട്സ് മാത്രം കഴിച്ചു നടന്നു. അതിമനോഹരിആയ ലക്സംബർഗ്ഗ് എന്ന സുന്ദരിയെ ആസ്വദിക്കുമ്പോൾ എന്തു വിശപ്പ്! രണ്ടു മണി ആയി. നല്ല വിശപ്പായി. ബർഗ്ഗറും, പിസയും, ന്യൂഡിൽസും കഴിച്ചു മടുത്തു. ഒരു നെയ്റോസ്റ്റ് അല്ലങ്കിൽ ഇഢലിസാമ്പാർ .കിട്ടിയിരുന്നെങ്കിൽ.ഓർത്തപ്പോൾ വായിൽ വെള്ളമൂറി. എന്ത്;സിറ്റിയുടെ നടുക്കു തന്നെ ഒരു വെജിറ്റേറിയൻ ഹോട്ടൽ, കൃഷ്ണവിലാസ്.സൗത്ത് ഇന്ത്യൻ ഹോട്ടൽ. തനിമ ദ്രാസി.വിശ്വസിക്കാൻ കഴിഞ്ഞില്ല. അകത്തു കയറി. നല്ല ആതിഥ്യമര്യാദ. ചെറിയ ശബ്ദത്തിൽ അവിടെ കൃഷ്ണ സ്തുതിയും, മുരുക സ്റ്റുതിയും കേൾക്കാം. ചന്ദനത്തിരിയുടെ ഹൃദ്യമായ ഗന്ധം.മെനു ഒരു വലിയ പുസ്തകമാണ്.ആർത്തിയോടെ അത് തുറന്നു നോക്കി: മൂന്നു മാസമായി അമേരിക്കയിലും രണ്ടു മാസമായി യൂറോപ്പിലും യാത്രയിൽ ലഭിക്കാത്ത നമ്മളുടെ തനതു Iവിഭവങ്ങൾ. പാരമ്പര്യ രുചിക്കൂട്ടുകൾ.അവസാനം ഒരാവറെജ് മലയാളിയുടെ ഇഷ്ടവിഭവത്തിൽ കണ്ണുടക്കി. നെയ്റോസ്റ്റ്, മസാല ദോശ, ഇഢലിസാമ്പാർ .മൂന്നും പോരട്ടെ. നെയ്റോസ്റ്റിൻ്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം അടിച്ചപ്പഴേ സകല നിയന്ത്രണവും വിട്ടു. എന്തൊരു സ്വാദ്.അതു പോലെ സാമ്പാറിൽ കുളിച്ച ഇഢലി .അവരുടെ ടിഫിൻ സാമ്പാർ പ്രസിദ്ധമാണ്. കൊരിക്കടിക്കണം.നാട്ടിൽ പഴയിടം മോഹനൻ്റെ പ്രസിദ്ധമായ സാമ്പാറിൻ്റെ രുചി ഓർത്തു പോയി . ഭഗവാൻ്റെ അരികിലുള്ള ചില്ലലമാരിയിൽ വിവിധ ബ്രാൻ്റിലുള്ള വിവിധ തരംബിയറുകൾ .അതിവരുടെ ഒരു ശീലമാണ്.ഇവർ പച്ചവെള്ളത്തേക്കാൾ കൂടുതൽ ബിയർ ആണുപയോഗിക്കുന്നത്.