Friday, April 27, 2018

പൂച്ചട്ടിയിൽ വളരുന്ന പൂക്കൾ [കീ ശക്കഥ-27]

     വിമാനത്തിൽക്കയറിയപ്പോൾ മുതൽ മനസ് അസ്വസ്ഥമാണ്. മോനെക്കാണാൻ ധൃതിയായി. അഞ്ചു വർഷമായി അവനെ ബോർഡിഗിൽ ആക്കി ഞങ്ങൾ വിദേശത്തേക്ക് പോയതാണ്. ഇൻസ്യയിൽ കിട്ടാവുന്ന ഏറ്റവും നല്ല റസിഡൻഷ്യൽ സ്ക്കൂൾ തന്നെ വേണം. ഊട്ടിയിലാണ്. നല്ല പ്രൊഫഷണലായി അവൻ വളരണം. അതിനായി എത്ര രൂപാ മുടക്കാനും ഞങ്ങൾ തയ്യാറായിരുന്നു.
കോയമ്പത്തൂർ വിമാനമിറങ്ങി നേരേ ഊട്ടിയിലേക്ക്.നാട്ടിൽപ്പോലും പോകുന്നത് അതിനു ശേഷം. അവൻ വളർന്നു കാണും. കാണുമ്പഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കണം.ആ കവിളത്ത് ഒത്തിരി ഒത്തിരി മുത്തം കൊടുക്കണം. എന്തെല്ലാം സാധനങ്ങളാണ് അവനു വേണ്ടി കൊണ്ടു വന്നിരിക്കുന്നത്.
    ആ പ്രൗഢഗംഭീരമായ സ്കൂൾ അങ്കണത്തിൽ എത്തി. സെക്യൂരിറ്റി ഹോസ്റ്റലിലെ വിസിറ്റി ഗ്റൂമിൽ എത്തിച്ചു. എട്ടുമണിക്ക് മോനെക്കാണാം. വെയിറ്റു ചെയ്യൂ.
എന്റെ പൊന്നുമോനെക്കാണാനും അപ്പോയ്ന്റ്മെൻറ് വേണോ! സമയം പോണില്ല. ഇനിയും പത്തു മിനിട്ട്. ഒരു യുഗം പൊലെ തോന്നി. അവനെക്കാണാ ധൃതി ആയി. ക്ലോക്കിൽ എട്ടു മണി അടിച്ചു.അവൻ സ്റ്റപ്പിറങ്ങി വരുന്നു. ഒരു പാടു വളർന്നിരിക്കുന്നു. ഞാനോടിച്ചെന്നു അവനടുത്തേക്ക്. അവനെ വാരിപ്പുണരണം.
  "ഹലോ മാം ഹൗ ആർ യൂ"
അവൻ കൈ നീട്ടി ഒരു ഷെയ്ക്ക് ഹാന്റ്.
    " ബീ.സീറ്റഡ് "
അടുത്തുള്ള സെറ്റി അവൻ ചൂണ്ടിക്കാണിച്ചു.
അടുത്ത കസേരയിൽ അവനും ഇരുന്നു.
"വാട്ട് എബൗട്ട് മൈ ഫാദർ? "
കുറച്ചു കൊച്ചു കൊച്ച് ചോദ്യങ്ങൾ. പെട്ടന്നവൻ വാച്ചു നോക്കി."സോറി മാം ഇറ്റ് ഈസ് ടൈം ഫോർ സ്റ്റഡി.സി യു ഈവനിഗ്. ബൈ... ബൈ " അവൻ കയ്യിൽപ്പിടിച്ച് ഒന്നുകുലുക്കി സ്റ്റെ പ്പ് കയറിപ്പോയി.
മണ്ണിൽ വേരുകളില്ലാതെ ഒരു പൂച്ചട്ടിയിൽ വളർന്ന എന്റെ മോൻ വേരുകൾ മറക്കുന്നൊ?എന്റെ കണ്ണീരിൽ അവന്റെ രൂപം അവ്യക്തമായി.

      ഹൃദയത്തേക്കാൾ പ്രധാനം ബുദ്ധി എന്നു പഠിപ്പിക്കുന്ന ആ വ്യവസായ സ്ഥാപനത്തിൽ നിന്നും ഞാനിറങ്ങി.ഒരു ചെറിയ തേങ്ങലോടെ... ഒരു വല്ലാത്ത വിങ്ങലോടെ

No comments:

Post a Comment