Monday, January 2, 2017

      ക്യൂ...........

     പണിക്കൂലി ബാങ്ക് അകൗണ്ടിൽ ആണ്. രാവിലെ ക്യൂവിൽക്കയറിയതാണ്. ഒരു മണിക്കൂർ എടുത്തു അകത്തു കയറാൻ. ക്യാഷ് തീർന്നു. എ.ടി.എം ൽ പൊയ്ക്കോളൂ. സാരോപദേശം കേട്ട് എ ടി എം ലേക്ക്. അവിടെയും നീണ്ട നിര. അത്യാവശ്യകാര്യത്തിനാണ്. കൂടുംബത്തിലെ പട്ടിണി അകറ്റാ നല്ല. ഒരു കുപ്പി വാങ്ങാനാണ്. അവിടെയും പണം തീർന്നു. ഒരു മണിക്കൂർ നഷ്ടം. അടുത്ത എടിഎം ചതിച്ചില്ല. സമയമെടുത്താലും കാശ് കിട്ടി. ഒരു ഭംഗിയുള്ള രണ്ടായിരത്തിന്റെ നോട്ട്. അതും കൊണ്ട് ഓടിയതാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്യുവിലേക്. മദ്യം വാങ്ങാൻ. അവിടെ പരിഭവമില്ല. പരാതിയില്ല, ആർക്കും ധൃതിയും ഇല്ല. കുറേ സമയം എടുത്തു മുന്നിലെത്താൻ. ചെയ്ഞ്ചില്ല.രണ്ടായിരത്തിന്റെ ഒരു കുപ്പി തരാം. നല്ല ഭംഗിം യുള്ള കുപ്പി. മറ്റു മാർഗ്ഗമില്ല. വാങ്ങുക തന്നെ. സോഡാ വാങ്ങാൻ ഇനി കാശില്ല ആഹാരത്തിനും, തൊട്ടുകൂട്ടാൻ പോലും.
ഓടിച്ചെന്ന് വീടിന്റെ വരാന്തയിൽ കയറി. ഭാര്യ വീട്പൂട്ടി പണിക്ക് പോയി. വരൾച്ച കാരണം പച്ച വെള്ളം കിട്ടാനില്ല. പഞ്ചായത്ത് ബോർവെല്ലിനെപ്പറ്റി ഓർത്തതപ്പഴാണ്. ഒരു കാലികുപ്പി കൂടി എടുത്തങ്ങോട്ട് വച്ചുപിടിച്ചു.അവിടെയും നെടുനീളൻ ക്യൂ.മുമ്പിൽ നിന്ന വല്യമ്മയോട് ഒരു കുപ്പി ദാഹജലത്തിനായി യാചിച്ചു.കയ്യിൽ കുപ്പി കണ്ടതുകൊണ്ടാകാം എന്നെ ക്യൂവിന്റെ പുറകിലേക്ക് ആട്ടിപ്പായിച്ചു.വെള്ളവുമായി തിരിച്ചു വന്ന് വെള്ളം ചേർത്തുo ചേർക്കാതെയും കഴിച്ചു.രാവിലെ തുടങ്ങിയ അദ്ധ്വാനമാണ്. ഇളവരെ ഒന്നും കഴിച്ചിട്ടില്ല.

      ആശുപത്രി കിടക്കയിൽ ബോധം വീണപ്പോൾ ജനലിൽക്കൂടെ ഭാര്യ എനിക്ക് മരുന്നിനു വേണ്ടി ക്യൂ നിൽക്കുന്നതാണ് കണ്ടത്..

No comments:

Post a Comment