Monday, January 30, 2017

   അടുപ്പിൽ ഗണപതി - [ നാലുകെട്ട് - 11 1]

  അടുക്കളയിലെ ആ കരിപിടിച്ച അടുപ്പ്‌  ഇന്നും ഉണ്ണിക്ക് ഒരു വല്ലാത്ത ഓർമ്മയാണ്. നിലത്ത നിന്ന് അധികം ഉയരമില്ല. ഇളകിയ വെട്ടുകല്ല് മണ്ണു കുഴച്ച് തേച്ച് ഉറപ്പിച്ചിട്ടുണ്ടാവും. ചാണകവും ചിരട്ടകരിയും കൂട്ടി മെഴുകിയിരിക്കും . ഭിത്തിയും മുകൾഭാഗവും കരിപിടിച്ചിട്ടുണ്ട്. ചെമ്പ് പാത്രങ്ങൾ, ഇരുമ്പിന്റെ ചീനച്ചട്ടി, കൽച്ചട്ടി എല്ലാം കരിപിടിച്ച് അടുത്തുണ്ടാകും. എന്നും ബലിയും പിറന്നാളും സദ്യയും. ഉണങ്ങാത്ത വിറക് അടുപ്പിൽ വച്ച് ഊതി ഊതി കലങ്ങിയ കണ്ണുമായി, ഒരു പരിഭവവും ഇല്ലാതെ എന്റെ പ്രിയപ്പെട്ട അമ്മ! . എല്ലാം ഇന്ന് ഓർമ്മയാണ്.

      എന്നും കുളിച്ചു വന്ന്‌ " അടുപ്പിൽ ഗണപതി " ഇടാറുള്ള അമ്മയാണ് ഉണ്ണിയുടെ നല്ല ഓർമ്മ, .കുളിച്ചീറ നൂം ചുറ്റി അടുപ്പ്, അരിമാവ് കൊണ്ട്  അണിഞ്ഞ്, കത്തിക്കുന്നു. നാളികേരം, മലര്, ശർക്കര എന്നിവ ഗണപതിയെ സങ്കൽപ്പിച്ച്, പൂ ആരാധിച്ച് അഗ്നിയിൽ ഹോമിക്കുന്നു. അടുപ്പിൽ ഗണപതി ഇടുക എന്നാണതിന് പായുക.അന്തർ 
ജനങ്ങൾ നടത്തുന്ന ഒരു ഗണപതി ഹോമം .  ഒരു ദിവസത്തിന്റെ നല്ല ആരംഭത്തിനായി. ഇത് ഒരു ദിനചര്യയുടെ ഭാഗമാണ് അമ്മക്ക്. ഈ അടുക്കളയിലും അന്തപ്പുരത്തിലും ജീവിതം ഹോമിച്ച അമ്മമാരെപ്പറ്റി ഒരു ചരിത്രം തന്നെ എഴുതാനുണ്ട്. അന്തർജനങ്ങളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നയിച്ച ആ മഹാനുഭാവന് പ്രണാമം അർപ്പിച്ചു കൊണ്ട് ഉണ്ണിതന്റെ ചിന്തയിൽ നിന്നുണർന്നു...

Sunday, January 29, 2017

  ത്രയംമ്പക മഹാരാജാവ് വില്ലെടുത്തു കഴിത്തു........

പട്ടാഭിഷേകത്തിന്റെ പിറ്റേ ദിവസം തന്നെ തിട്ടൂരം. കുടിയേറിയവർ മാത്രമുള്ള രാജ്യമാണ് തന്റെത് എന്നു രാജാവ് മറന്നു. മഹത്തായ ആ ഭരണഘടന തന്നെ ആദ്യ ലക്ഷ്യം.രാജ്യത്തിനു ചുറ്റും മുള്ളുവേലി കെട്ടാനും തീരുമാനിച്ചു. അതിന് അയൽ രാജ്യക്കാർ തന്നെ കാശു മുടക്കണമെന്നും തുഗ്ലക്ക് !.. മനുഷ്യത്വത്തിന്നെതിരെ ഒരു വൻമതിൽ. അഭയം തേടി വന്നവരെ ദുരിതത്തിലെക്കു തന്നെ ആട്ടിപ്പായി ച്ചു. മഹാരാജാവ് നല്ലൊരു വ്യാപാരി കൂടിയാണ്. എന്തിനും തന്റെ മഹാരാജ്യത്തിനു് ലാഭം കിട്ടണം. ലോക സംരക്ഷകൻ എന്നു പറഞ്ഞ് അരുംകൊലകൾ ചെയ്യാൻ തന്റെ ഖജനാവിലെ പണം ഇനി വേണ്ട. എന്തിനും ലോക പൊലീസ് പണിക്ക് കൂലി കിട്ടണം.കൊട്ടേഷൻ തന്നാൽ മതി. ചെയ്തു തരും.
   പക്ഷേ മഹാരാജാവ് ഒന്നു മറന്നു തന്റെ രാജ്യം ഇത്രയും പുരോഗമിച്ചത് ഇവരുടെ ഒക്കെ വിയർപ്പു കൊണ്ടാണ് എന്നത് .ഈ അർപ്പണ മനോഭാവത്തോടെയുള്ള അടിമപ്പണിക്ക് സ്വന്തം പ്രജകളെ കിട്ടില്ലന്നറിയുമ്പോൾ ഒരിക്കൽ രാജാവ് ദുഖിക്കും.
    മഹാരാജാവിന് നല്ല ബുദ്ധി തോന്നണേ ഭഗവാനേ  പ്രത്യേകിച്ചും അഗ്നേയാ സ്ത്രത്തിന്റെ ആ മാരക പേടകം അദ്ദേഹത്തിന്റെ കൈവശം ഉള്ള സമയത്ത്.......?

Thursday, January 26, 2017

    ഉപ്പു മരിക- [നാലുകെട്ട് -1 10]

      ആലില ആകൃതിയിലുള്ള ആ ഉപ്പ് മരിക ഇപ്പഴും ഉണ്ടിവിടെ. അതേ ആകൃതിയിലുള്ള അടപ്പ് തിരിക്കാൻ പാകത്തിനാണ്. ഉപ്പ നിറച്ച് അതു തിരിച്ചടച്ചു വയ്ക്കാം. മരിക ഉണ്ടാക്കുന്ന തടിക്കും പ്രത്യേകതയുണ്ട്. ഉപ്പിലെ ജലാംശം മുഴുവൻ വലിച്ചെടുക്കുന്ന ഒരു പ്രത്യേകതരം തടിയാണത്. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. 
   പൊടിയുപ്പിനായി വലിയ ഉരുളിയിൽ കല്ലുപ്പ് കലക്കുന്നു. എല്ലാം അലിഞ്ഞു കഴിയുമ്പോൾ അന്ന് പറമ്പിൽ സുലഭമായിക്കാണുന്ന ഒരു തരം സസ്യം അതിൽ ചതച്ചിടുന്നു."
ഉപ്പ് തെളി" എന്നാണ് ആ സസ്യത്തിന്റെ പേര്. ഈർപ്പമുള്ള കിനറിന്റെ വക്കിനും മറ്റും ഇത് സുലഭമായിക്കാണാം.പിറ്റേ ദിവസം നോക്കുമ്പോൾ ആ ഉപ്പുവള്ളത്തിലെ ചെളി മുഴുവൻ വെള്ളത്തിനു മുകളിൽ പതഞ്ഞു കിടക്കുന്നതു കാണാം. അത് നല്ല വണ്ണം അരിച്ചെടുത്ത് ആ വെള്ളം വറ്റിക്കുന്നു. നല്ല തു വെള്ള നിറത്തിൽ നല്ല ശുദ്ധമായ വിളയിച്ച ഉപ്പ് ഉരുളിയിൽ അവശേഷിക്കുന്നു. അത് മൺഭരണിയിൽ നിറയ്ക്കുന്നു. അത്യാവശ്യമുള്ളത് മരികയിലേക്ക് മാറ്റുന്നു.

      ഇന്ന് ശുദ്ധമായ ഉപ്പു പോലും നമുക്ക് അന്യമാണ്. മറ്റു ല വ ണ ങ്ങൾ ചേർത്ത മിശ്രിതമാണ് നമുക്ക് കിട്ടുക. കമ്പോളസംസക്കാരത്തിലെ വ്യാപാരതന്ത്രത്തിന്റെ ഇരകളാണ് ഇന്ന് നാം.ഇതിൽ നിന്നുള്ള ഒരു മോചനത്തിനായി വീണ്ടും ഒരു " ഉപ്പുസത്യാഗ്രഹം " വേണ്ടി വന്നേക്കാം. ഉപ്പും മണ്ണണ്ണയും ഒഴിച്ചുള്ള മറ്റെ ല്ലാം സ്വന്തമായി ഉണ്ടാക്കിയിരുന്ന ഒരു സുവർണ്ണകാലം നമുക്കുണ്ടായിരുന്നു. ഉണ്ണി ഓർത്തു...

Tuesday, January 24, 2017

  എന്തുകൊണ്ട് പഴയിടം മോഹനൻ നമ്പൂതിരിയെ.....

    കലോൽത്സവങ്ങളിലും, I കായിക മേളകളിലും, ശാസ്ത്രമേളകളിലുമായി 2003 മുതൽ ഏതാണ്ട് ഒരു കോടിയോളം  കുരുന്നുകൾ പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക രുചി ഇതിനോടകം അറിഞ്ഞു കഴിഞ്ഞു. പലതും നഷ്ടം സഹിച്ചാണ് പഴയിടം ഇതു നടത്തിക്കൊണ്ടുപോയിരുന്നത്.
     
എന്തിനിങ്ങനെ?....
" അവർ വളർന്നു വരുന്ന പ്രതിഭകളാണ്, കുട്ടികളാണ്, അവർക്ക് ആഹാരം കൊടുക്കുന്നതിൽ ലാഭനഷ്ടം നോക്കാറില്ല."ഉടൻ ഉത്തരം കിട്ടി.
അത് നൂറ് ശതമാനം ശരിയാണ്. പല മേളകൾക്കും അനുവദിക്കുന്നതു ക അപര്യാപ്തമായിരുന്നു. പക്ഷേ ഇതുവരെ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല. ഒന്നിനും ഒരു പരാതിയും ഉണ്ടായിട്ടില്ല. ഇതു് ലാ ഭത്തിന് വേണ്ടിയല്ല. നഷ്ടം വന്നാലും സാരമില്ല. ആ മറുപടിയുടെ അന്തസത്ത അതാണ്. ദിവസവും അദ്ദേഹം പാവങ്ങൾക്കു് അന്നദാനം കൊടുക്കാറുണ്ട്. ആരും അറിയാറില്ല, അ റി യിയ്ക്കാറുമില്ല.

  ഈ മനോഭാവം അദ്ദേഹത്തിന് പൈതൃകമായി കിട്ടിയതാണ്. അദ്ദേഹത്തിന്റെ അച്ഛൻ ശ്രീ.പഴയിടം ദാമോദരൻ നമ്പൂതിരി കഥകളിയ്ക്കും, മറ്റു കലകൾക്കും കലാകാരന്മാർക്കും വേണ്ടി തന്റെ കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച ഒരു പുണ്യാത്മാവായിരുന്നു.
  പ്രധാന മന്ത്രിക്കും രാഷ്ട്രപതിക്കും വരെ ഇന്നദ്ദേഹം വിരുന്നൊരുക്കുന്നു .ഈ രുചിയുടെ തമ്പുരാനെ വേണ്ട വിധം ആദരിക്കുന്നതിൽ ഗവൺമ്മേൻറുകൾക്ക് തെറ്റുപറ്റിയൊ? ചിന്തിക്കണ്ടതാണ്. ഏതെല്ലാം തുറകളിലുള്ളവർക്ക് അവാർഡു നൽകി ആദരിക്കുന്നുണ്ട് എന്തുകൊണ്ട് പഴയിടം മോഹനൻ നമ്പൂതിരിയെ... ഈ മനുഷ്യസ്നേഹിയെ,... ഈ രുചിയുടെ " വരരുചി " യെ.

     ഇനി എങ്കിലും ഈ കാര്യം അധികാരികളുടെ സത്വര ശ്രദ്ധയിൽ വരണ്ടതാണ്.

Thursday, January 19, 2017

 അച്ചുകാർഡൊണേറ്റ് ചെയ്തു.. [അച്ചു ഡയറി-146]

     മുത്തശ്ശാ അച്ചുവിന് പുതിയ കാർ വാങ്ങി. പഴയത് വിൽക്കണം എന്നച്ഛൻ പറഞ്ഞു. അച്ചുവിന്റെ സ്ക്കൂളിൽ ടീച്ചർ " കാർ ഫോർ കിഡ്സ്"  എന്ന ഒരു പരിപാടിയെപ്പറ്റിപ്പറഞ്ഞിരുന്നു. പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള ഒരു ഓർഗനൈസേഷൻ ആണത്. അവർക്ക് നമുക്ക് നമ്മുടെകാർ സംഭാവന ചെയ്യാം.ഇത് ഒരു 'നോൺ പ്രോ ഫിറ്റ് ഓർഗനൈസേഷൻ ആണ്. 

   "നമ്മുടെ കാർ അവർക്ക് ഡൊണേറ്റ് ചെയ്താലൊ?" അച്ഛൻ വഴക്കും പറയും എന്നാ വിചാരിച്ചെ. അച്ഛൻ എന്നെത്തന്നെ നോക്കി. കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അടി കിട്ടിയതു തന്നെ. പക്ഷേ അച്ഛൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. " അച്ചുവിന്റെ ആഗ്രഹം പോലെ ആകട്ടെ." അച്ചൂന് സന്തോഷായി.അങ്ങിനെ കുട്ടികളെ സഹായിക്കാനുളള പദ്ധതിയിൽ അച്ചുവും പങ്കാളി ആയി,. നാളെ അച്ചുവിന്റെ കാർ അവർ കൊണ്ടു പോകും. കുറച്ചു സങ്കടായി.അച്ചുവിന് ആ കാറ് അത്രക്കിഷ്ട്ടായിരുന്നു . സാരമില്ല. ഒരു നല്ല കാര്യത്തിനല്ലേ. നമ്പർ പ്ലെയ്റ്റ് നമ്മൾ ഊരി എടുക്കണം. എന്നിട്ട് കാർ അവർ കൊണ്ടു പോകും. നമ്മൾ നമ്പർ പ്ലെയ്റ്റ് ട്രാൻപ്പോർട്ട് ഓഫീസിൽ കാണിച്ചു വിവരം പറഞ്ഞാൽ മതി. ടാക്സ് ഡിഡക്ഷൻ കിട്ടും എന്നു പറഞ്ഞത് അച്ചുവിന് മനസിലായില്ല.

Tuesday, January 17, 2017

കലയഴകിൽ കണ്ണൂരിൽ കണ്ണീർ വീഴരുത്.......
ലോകത്തിലെ തന്നെ ഏറ്റവും വലിയ കൗമാരക ലോത്സവം. പന്തീരായിരത്തോ ളം കലാപ്രതിഭകളുടെ പകർന്നാട്ടം. ഇവിടെ വിധികർത്താക്കൾ സത്യസന്ധരായിരിയ്ക്കണം. തുട്ടിന്റെ തൂക്കം വിധിയെ സ്വാധീനിക്കരുത്.അതിന് ഒരുമാഫിയാ സംഘം തന്നെ ഉണ്ടത്രേ. കഷ്ടം തന്നെ. ഈ കുട്ടികൾ കഴിവു തെളിയിച്ചവരാണ്. ഒത്തിരി കടമ്പകൾ കടന്നു വിജയിച്ചു വന്നവരാണവർ. അവർക്ക് നീതി ലഭിക്കണം. ഇത്തവണ നല്ല മുൻകരുതൽ എടുത്താട്ടുണ്ട് എന്നറിയുന്നു.അതു പോരാ. പിടിക്കപ്പെട്ടാൽ ഉള്ള ശിക്ഷയും ഭീകരമായിരിക്കണം.
കണ്ണൂരിൽ അർഹത ഉള്ളവരുടെ കണ്ണീർ വീണു കൂടാ.... നമുക്ക് പ്രതീക്ഷിക്കാം......
     ഓട്ടുരുളി... [നാലുകെട്ട് - 109]

ആ ഓട്ടുരുളിക്ക് ഒത്തിരി പ്രത്യേ കതയുണ്ട്. അത് അന്ന് ബലിക്ക് കവ്യം (ഉണക്കൽച്ചോറ്] വയ്ക്കാൻ മാത്രമേ ഉപയോഗിക്കൂ. പിതൃക്കളെ തൃപ്തിപ്പെടുത്താനാണ് ബലി (ശ്രാദ്ധം) ഇടുക. 
  ലോകത്തിലെ ഏറ്റവും നല്ല സമീകൃതാഹാരമാണ് നമ്പൂതിരിമാരുടെ ബലി സദ്യ എന്നൊരു പഠനം തന്നെയുണ്ട്. അതിന്റെ വിഭവങ്ങൾ വെന്ത വെളിച്ചണ്ണയിൽ ആണുണ്ടാക്കുക. വെന്ത വെളിച്ചണ്ണയുടെ ഔഷധഗുണങ്ങളേപ്പററി നിരവധി പഠനങ്ങൾ ഇതിനകം വന്നു കഴിഞ്ഞു. [ഇത് ഉണ്ടാക്കുന്ന രീതി ഈ പരമ്പരയിൽ മുമ്പ് പ്രതിപാദിച്ചിട്ടുണ്ട് ]. പുളിശേരി, എരിശ്ശേരി, ഓലൻ.ഇതിനൊക്കെക്കുരു മുള കേ ഉപയോഗിക്കൂ. കുരുമുളക് നന്നായിഅമ്മിക്കല്ലിൽ അരച്ചെടുത്താണ് ഉപയോഗിക്കുക. വറുത്തു പ്പേ രി നാലുകൂട്ടം. കോവക്കാ ആണ് മെഴുക്കു പിരട്ടി ക്ക്. പ്രധമൻ നാലു കൂട്ടം. അട, പരിപ്പ്, പഴം പിന്നെ പഞ്ചാമൃതം.കദളിപ്പഴം അരിഞ്ഞ് അതിൽ ശർക്കരയും തേങ്ങാപ്പാലും ചേർത്താണ് പഞ്ചാമൃതം ഉണ്ടാക്കുക. 
     ഒരു തൂശനില രണ്ടായി കീറി നിലത്ത് വിരിച്ച് അതിനു മുകളിൽ വേറൊരു തൂശനില ഇട്ടാണ് കവ്യം വിളമ്പുക. ആദ്യം ഇഞ്ചി, ഉപ്പ്, പിന്നെ ശർക്കര. അതിനു ശേഷം ക വ്യ o' .ശ്രാദ്ധത്തിന് വിളമ്പിക്കൊടുക്കുന്ന ക്രമം നിർബന്ധമാണ്. വെറ്റില, അടക്ക,പണം, വസ്ത്രം പിന്നെ വത്സൻ (അട). ഇതാണ് ദക്ഷിണ.
പണ്ട് മുത്തശ്ശൻ ശ്രാദ്ധത്തിനു പോകുംബോൾ ആ അടക്കു വേണ്ടി ക്കാത്തിരിക്കന്നത് ഇന്നും ഓർക്കുന്നു.

Sunday, January 15, 2017

   അത്താണി- [ നാലുകെട്ട് - 1 O8]

     നാലുകെട്ടിന്റെ വടക്കുവശത്ത് ഒരു വലിയ തൊണ്ട്. അന്ന് പശുക്കളെ അതിലെ മേയാൻ വിടും. വൈകിട്ട് അതു തന്നെ വന്ന് തൊഴുത്തിൽക്കയറും.ഈ തൊണ്ടിനു മുകളിൽ നടക്കാനായി ഒരു പാലം ഉണ്ട്.പല കപോലെ രണ്ട് കരുങ്കല്ലുക കൊത്തിമിനുക്കി അതാണ് പാലമായി ഉപയോഗിക്കുന്നത്. ആ കല്ലിൽ തറവാടിന്റെ പേരോടു കൂടി അത്താണി എന്നുകൂടെ എഴുതിയിട്ടുണ്ട്. 
       പണ്ട് പാതയോരത്ത് ചുമടി റക്കി വയ്ക്കുന്നതിനായുള്ള ചുമടുതാങ്ങികൾ ആണ് അത്താണികൾ. പരസഹായം കൂടാതെ അവിടെ നിന്ന് ചുമട് എടുത്ത് തലയിൽ പയ്ക്കാനും എളുപ്പം. അന്ന് ഒരു ചുമട് നെല്ല് എന്നു പറഞ്ഞാൽ എട്ട് പറ എന്നാണ് കണക്ക്. തലച്ചുമടേ ആണ് അന്ന്‌ സാധനങ്ങൾ ദൂരെ ദിക്കിലെക്ക് കൊണ്ടുപോയിരുന്നത്. അന്ന് കൂത്താട്ടുകുളത്തു നിന്ന് കിടങ്ങൂരു വഴിയാണ് രാജപാത. തറവാടിനടുത്ത് ആ രാജപാതയിൽ സ്ഥാപിക്കാനായിരുന്നത്രേ അതുദ്ദേശിച്ചിരുന്നത്. പക്ഷേനാട്ടുപ്രമാണിമാർ തമ്മിലുള്ള തർക്കത്തിൽ അതു നടന്നില്ല. അങ്ങിനെയാണത് അവിടെ പാലമായിട്ടതെന്ന് പുരാവൃത്തം. 
      ഇന്ന്, നാലുകെട്ടിന്റെ തറ ബലപ്പെടുത്താൻ ആ കല്ലുകൾ അതേപടി അവിടെ വച്ചിരിക്കുന്നത് കാണാം

Friday, January 13, 2017

    ഇടി മുറികളിലെ മുറിപ്പാടുകൾ....
  അന്ന് വിദ്യാദാനം ക്ഷേത്രസങ്കൽപ്പത്തിൽ.സരസ്വതീ ക്ഷേത്രം.അദ്ധ്യാപകർ ദൈവതുല്യം.പoനം ദേവാരാധന പോലെ ദിവ്യം.
   പിന്നീടത് വിദ്യാലയം ആയി. സ്വന്തം വീടിന്റെ അന്തരീക്ഷം. അദ്ധ്യാപകർക്കൊപ്പംരക്ഷിതാക്കൾക്കും കുട്ടികളുടെ പഠനത്തിൽ പങ്കാളിത്തം.
   പിന്നീട് എപ്പഴോ അത് സ്ഥാപനമായി. വിദ്യാഭ്യാസ സ്ഥാപനം. ഈ സ്ഥാപനവൽക്കരണത്തിന്റെ പരിണത ഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നു. അവിടെ ലാഭം മാത്രം. വിദ്യാർത്ഥികൾ സ്ഥാപനത്തിന്റെ വെറും ഉൽപ്പന്നങ്ങൾ മാത്രം.
   ഇന്റേണൽ മാർക്ക് എന്ന കടമ്പകിടക്കാൻ അവിടെ പെൺകുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു. അതിനും കാശ്. അവിടെ എന്തു തെറ്റും ചെയ്യാം. മ യ ക്കു മരുന്നും മദ്യവും ഉപയോഗിക്കാം പിടിക്കപ്പെട്ടാൽ രൂപാ കൊടുത്താൽ മതി. എല്ലാത്തിനും വിലവിവരപ്പട്ടികയുണ്ട്. അവിടെ കാശില്ലാത്തവർ പാർശ്വവൽക്കരിക്കപ്പെടുന്നു .അവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ഈ ഇടിമുറികളിൽ നിന്ന് ആത്മാഭിമാനം തകർന്ന്, പ്രതികരണ ശേഷിയില്ലാതെ പുറത്തു വരുന്ന പുതു തലമുറ. ഭയാനകം.
  ഇതിനൊരു മാറ്റം വേണം അത് സെൻസേഷണൽ ആയ ചാനൽ ചർച്ചകളിൽ ഒതുങ്ങാതെ, അതിനെതിരെ സമൂഹ മനസാക്ഷി ഉണരണം.  നമ്മുടെ വിദ്യാഭ്യാസ മന്ത്രിയിൽ എനിക്ക് വിശ്വാസമുണ്ട്. ഇനിയും ജിഷ്ണു മാർ ഉണ്ടാകാതിരിക്കട്ടെ.....
 അച്ചുവിന്റെ ന്യൂ ഇയർ..... [അച്ച്യുഡയറി-145] 

    മുത്തശ്ശാ ഇത്തവണത്തെന്യൂ ഇയർ ബോറടിച്ചു. മഞ്ഞും കാറ്റും കാരണം പുറത്തിറങ്ങിയില്ല. കൂട്ടുകാർക്കൊക്കെ സങ്കടായി '. നാട്ടിലായാൽ മതിയായിരുന്നു. ഇവിടെ ചില സ്ഥലത്തു് ഫയർ വർക്ക് സ് ഉണ്ട്. ഇത്തവണ അതും നടന്നില്ലന്നു പറഞ്ഞു. എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.ചിയാഗ്., അവനാ ഭാഗ്യവാൻ അവൻ രണ്ട് ന്യൂ ഇയർ ആഘോഷിച്ചു. അവൻ 2017-ൽ നാട്ടിൽ നിന്ന് പോന്നിട്ട് 2016-ൽ ആണിവിടെ എത്തിയത്. അതെങ്ങിനെ എന്നറിയൊ മുത്തശ്ശന്. സമയത്തിന്റെ വ്യത്യാസമാണ്.അച്ചു ന് സ്ക്കൂളിൽ പഠിക്കാനുണ്ട്.
   ഞങ്ങളുടെ ആഘോഷം നാളെയാ.സ്കൂളിൽ വച്ച്.എന്തായാലും മുത്തശ്ശന് ന്യൂ ഇയർ ആശംസകൾ .

Sunday, January 8, 2017

 പാതിരാപ്പൂവ് - [നാലു കെട്ട് - 107]

  ഇല്ലത്തിന്റെ വടക്കു വശത്ത് ഒരു തെങ്ങിൻ തറയുണ്ട്. കാടുപിടിച്ച് കല്ലുകൾ ഇളകിക്കിടക്കുന്നു. ആ തറയിലാണ് അർദ്ധരാത്രിയിൽ മാത്രം വിരിയുന്ന പാതിരാപ്പൂവ് [കൊടുവേലി ] ഉണ്ടായിരുന്നത്. ബാക്കി സ്ഥലത്ത് ദർഭ പുല്ലും. 
     ധനുമാസത്തിലെ തിരുവാതിരക്ക് പത്തു ദിവസം മുമ്പ് തന്നെ വൃതാനുഷ്ടാനങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. സ്ത്രീജനങ്ങൾ എഴ ര വെളുപ്പിന് എഴുന്നേൽക്കും. മരം കോച്ചുന്ന ധനുക്കുളിരിൽ കുളത്തിൽപ്പോയി തുടിച്ചു കൂളിക്കും. അരക്കൊപ്പം വെള്ളത്തിൽ നിന്ന് തുടിച്ചു കുളിക്കുമ്പോൾ ഉള്ള ജലതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാട്ടും ഉണ്ടാകും. വായ്ക്കുരവയും, വരക്കുറിയുമായി ദിവസാരംഭം. അന്നു മുതൽ സന്ധ്യക്ക് തിരുവാതിര ഉണ്ടാകും.ഊഞ്ഞാലാട്ടവും പ്രധാനം. തിരുവാതിരയുടെ തലേ ദിവസമാണ് 'എട്ടങ്ങാടി, ' എട്ടങ്ങാടിക്കുള്ള കിഴങ്ങുകൾ തിയ്യിൽ ചുട്ടെടുക്കണം. പരമശിവന് നിവേദിച്ച് പ്രസാദമായിക്കഴിക്കും. സ്ത്രീജനങ്ങളാണ് പൂജ ചെയ്യുന്നത്. 
    ധനുമാസത്തിരുവാതിര പാവ്വതീപരിണയദിന മാന്ന്. കാമദേവന് പുനർജന്മം കൊടുത്ത ദിവസമാണ് എന്നും വിശ്വാസമുണ്ട്. അന്ന് വൃത മനുഷ്ടിക്കണം. ഗോതമ്പ് അല്ലങ്കിൽ ചാമച്ചോറ്, കരിക്കും വെള്ളം, കൂവപ്പൊടി കറുക്കിയത്.ഇവയാണ് ആഹാരം. അതുപോലെ താംബൂലം. ഒരാൾ നൂറ്റൊന്ന് വെറ്റില തിഷ്ക്കർഷിക്കുന്നു. നെടുമംഗല്യത്തിനാണത്. 
  തീവ്രമായ വൃതാനുഷ്ട്ടാനത്തിൽ, ദേവ സങ്കൽപ്പത്തിൽ അധിഷ്ടിതമായി അങ്ങിനെ കേരളത്തിന്റെ ഉദാത്തമായ ഒരു തനതു കല ഇവിടെ രൂപം കൊണ്ടു. ഇന്നാ തനതു തിരുവാതിര അന്യം നിന്നോ? ആ രൂമറിയാതെ അർദ്ധരാത്രിയിൽ പുഷ്പ്പിണിയാകാൻ കൊതിച്ച കൊടുവേലി നമുക്ക് നഷ്ടമായൊ?നാലുകെട്ടിന്റെ ഈ ശൂന്യമായ മുറ്റത്ത് ഉണ്ണിക്ക്, വായ്ക്കുരവ ഇല്ലാത്ത തിരുവാതിരയില്ലാത്ത ഒരു കാലത്തിന്റെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.

Wednesday, January 4, 2017

  ഇഢ ലിപ്പാത്രം [നാലുകെട്ട് - 106]

        നല്ല ആ വിപറക്കുന്ന ഇഢ ലി. ആ പഴയ ചെമ്പ് ഇഢ ലിപ്പാത്രങ്ങൾ ഇന്ന് ചരിത്ര സ്മാരകമാണ്. പണ്ട് ഇഢ ലിത്തട്ടുകൾ നല്ല വൃത്തിയുള്ള തുണികൊണ്ട് പൊതിയും. അതിലാണ് ഇഢ ലി മാവ് ഒഴിക്കുക. നല്ല നാടൻ കത്തരിയും ഉഴുന്നും 4 - 1 അനുപാതത്തിൽ പ്രത്യേകം അരച്ചെടുക്കുന്നു. അതിൽ ഉഴുന്നിന്റെ അരവ് പ്രത്യേകം ശ്രദ്ധിക്കും. വളരെ കുറച്ച് ഉലുവ കൂടിച്ചേർക്കും. ആട്ടുകല്ലിലാണ് അരച്ചെടുക്കുക. ഇന്നത്തെ ഗ്രയിൻഡറിൽ അരച്ചാൽ മാവ് ചൂടാകുന്നത് കൊണ്ട് സ്വാദ് വ്യത്യാസം വരും. നല്ല മയം കിട്ടാൻ പിഞ്ചു വെണ്ടക്ക കൂടിച്ചേർക്കും.മാവ് തലെ ദിവസം അരച്ചിട്ട് പിറ്റേ ദിവസമേ യോജിപ്പിക്കൂ. അടുപ്പത്ത് വച്ച് വേവിക്കും.പുളിയുടെ വിറ കേ ഉപയോഗിക്കാവൂ എന്നും നിഷക്കർ ഷിക്കാറുണ്ട്. 
     ചൂട് ഇഢ ലിവാഴയിലയിൽ ആണ് വിളമ്പുക.ചട്ണിയും പൊടിയും ആണ് കുട്ട്. അന്ന് സാമ്പാർ ഉപയോഗിക്കില്ല. ഉള്ളി നിഷിദ്ധം. പക്ഷേ ആ ഇ ഢ ലിയുടെ സ്വാദ് ഇന്ന് കിട്ടില്ല. ഇന്ന് സ്റ്റീൽത്തട്ടിൽ ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുന്നു നല്ല മിനുസമുള്ള ഇഡലി ആണ് കിട്ടുക. അതിന് ആ പഴയ കാലത്തെ ഇഢലിയുടെ സ്വാദ് വരില്ല .

    അച്ഛൻ "രാമശേരി ഇഢ ലി"യെപ്പറ്റിപ്പറയാറുണ്ട്. പാലക്കാട് മരുത്ത് ഭഗവതി ക്ഷേത്രത്തിനടുത്താണ് രാമശേരി ഗ്രാമം. അവിടുത്തെ മൂതലിയാർ സമൂഹമാണ് ഈ ലോകപ്രശസ്ത ഇഢലിയുടെ നിർമ്മാതാക്കൾ.അവിടുത്തെ ചിറ്റൂരി മുത്തശ്ശിയുടെ ഇഢ ലിറയപ്പററിയാണ് അച്ഛൻ പറയാറ്. അതേ കൂട്ടിൽ നമ്മൾ ഉണ്ടാക്കിയാലും ആസ്വാദ് കിട്ടില്ല ത്രേ....

Monday, January 2, 2017

      ക്യൂ...........

     പണിക്കൂലി ബാങ്ക് അകൗണ്ടിൽ ആണ്. രാവിലെ ക്യൂവിൽക്കയറിയതാണ്. ഒരു മണിക്കൂർ എടുത്തു അകത്തു കയറാൻ. ക്യാഷ് തീർന്നു. എ.ടി.എം ൽ പൊയ്ക്കോളൂ. സാരോപദേശം കേട്ട് എ ടി എം ലേക്ക്. അവിടെയും നീണ്ട നിര. അത്യാവശ്യകാര്യത്തിനാണ്. കൂടുംബത്തിലെ പട്ടിണി അകറ്റാ നല്ല. ഒരു കുപ്പി വാങ്ങാനാണ്. അവിടെയും പണം തീർന്നു. ഒരു മണിക്കൂർ നഷ്ടം. അടുത്ത എടിഎം ചതിച്ചില്ല. സമയമെടുത്താലും കാശ് കിട്ടി. ഒരു ഭംഗിയുള്ള രണ്ടായിരത്തിന്റെ നോട്ട്. അതും കൊണ്ട് ഓടിയതാണ്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്യുവിലേക്. മദ്യം വാങ്ങാൻ. അവിടെ പരിഭവമില്ല. പരാതിയില്ല, ആർക്കും ധൃതിയും ഇല്ല. കുറേ സമയം എടുത്തു മുന്നിലെത്താൻ. ചെയ്ഞ്ചില്ല.രണ്ടായിരത്തിന്റെ ഒരു കുപ്പി തരാം. നല്ല ഭംഗിം യുള്ള കുപ്പി. മറ്റു മാർഗ്ഗമില്ല. വാങ്ങുക തന്നെ. സോഡാ വാങ്ങാൻ ഇനി കാശില്ല ആഹാരത്തിനും, തൊട്ടുകൂട്ടാൻ പോലും.
ഓടിച്ചെന്ന് വീടിന്റെ വരാന്തയിൽ കയറി. ഭാര്യ വീട്പൂട്ടി പണിക്ക് പോയി. വരൾച്ച കാരണം പച്ച വെള്ളം കിട്ടാനില്ല. പഞ്ചായത്ത് ബോർവെല്ലിനെപ്പറ്റി ഓർത്തതപ്പഴാണ്. ഒരു കാലികുപ്പി കൂടി എടുത്തങ്ങോട്ട് വച്ചുപിടിച്ചു.അവിടെയും നെടുനീളൻ ക്യൂ.മുമ്പിൽ നിന്ന വല്യമ്മയോട് ഒരു കുപ്പി ദാഹജലത്തിനായി യാചിച്ചു.കയ്യിൽ കുപ്പി കണ്ടതുകൊണ്ടാകാം എന്നെ ക്യൂവിന്റെ പുറകിലേക്ക് ആട്ടിപ്പായിച്ചു.വെള്ളവുമായി തിരിച്ചു വന്ന് വെള്ളം ചേർത്തുo ചേർക്കാതെയും കഴിച്ചു.രാവിലെ തുടങ്ങിയ അദ്ധ്വാനമാണ്. ഇളവരെ ഒന്നും കഴിച്ചിട്ടില്ല.

      ആശുപത്രി കിടക്കയിൽ ബോധം വീണപ്പോൾ ജനലിൽക്കൂടെ ഭാര്യ എനിക്ക് മരുന്നിനു വേണ്ടി ക്യൂ നിൽക്കുന്നതാണ് കണ്ടത്..

Sunday, January 1, 2017

കാലത്തിന്റെ ഘടികാരം....
നമ്മുടെ പുരാണങ്ങളിൽ കാലം ഒരുകഥാപാത്രമാണ്. നമുക്ക് കാലത്തിന്റെ ഘടികാരം ഒരോ നാഴികക്കല്ലുകൾ മാത്രം. നമുക്ക് കാലത്തിന് പുറകോട്ട് പോകാൻ പറ്റാത്തതു കൊണ്ട് മുമ്പോട്ട് പോകുന്നു. നമ്മൾ സ്വപനം കാണാൻ പഠിച്ചതുകൊണ്ട് പുതുവർഷത്തിന് വർണ്ണച്ചിറകുകൾ നൽകുന്നു. നല്ല സ്വപ്നങ്ങൾ മെനയുന്നു. സാക്ഷാൽക്കരി ചില്ലങ്കിലും പരിഭവമില്ല. ഇനിയും കാലമുണ്ട്. പക്ഷേ ഇവിടെ ഒക്കെ നമ്മൾ " ഇന്നിനെ " മറക്കുന്നു. എനിക്ക് യുഗ സന്ധ്യകളാണിഷ്ടം.
ഈ കാലത്തിന്റെ സന്ധ്യായാമത്തിൽ നിന്ന് എല്ലാവർക്കും ഒരു പുതുവൽസരം ആശംസിക്കുന്നു....
  സൂര്യഘടികാരം  [ നാലു കെട്ട് - 105]

    നാലു കെട്ടിന്റെ കിഴക്കു വശത്തെ വിശാലമായ മുറ്റം. തുളസിത്തറക്കുമപ്പുറം. അവിടെ ആയിരുന്നു കുട്ടിക്കാലത്തെ നമ്മുടെ സൂര്യഘടികാരം. നല്ല വൃത്തത്തിൽ നല്ല വെയിലു കൊള്ളുന്ന കുറെ സ്ഥലം ചാണകം മെഴുകി വൃത്തിയാക്കുന്നു. അതിന് ഒത്ത നടുക്ക് ഒരു കമ്പു നാട്ടും. ആ കമ്പിന് " ശങ്കു " എന്നാണ് പായുന്നത്.ഒരോ സമയത്തും അതിന്റെ അഗ്രത്തിന്റെ നിഴൽ പതിക്കുന്ന സ്ഥലം അടയാളപ്പെടുത്തും. സമയം രേഖപ്പെടുത്തും.പിന്നെ പകൽ സമയം ആ നിഴൽ നോക്കി സമയം നിശ്ചയിക്കാം. ആ നിഴലിന്"ശങ്കു ഛായ" എന്നാണ് പറയുക. വേനൽക്കാലത്തും പകൽ സമയത്തും ആണുപയോഗം. സൂര്യന്റെ മത്തരായനത്തിലും ദക്ഷിണാ നയനത്തിലും ഇതിനു വ്യത്യാസം വരും. 
  രാത്രിയിൽ മുത്തശ്ശൻ നക്ഷത്രങ്ങളെ നോക്കി കൃത്യമായി സമയം നിശ്ചയിച്ചിരുന്നത് ഓർക്കുന്നു. കാർത്തിക ഉച്ചയായി എഴുനേക്കൂ.മുത്തശ്ശൻ പറയാറുള്ളത് ഓർമ്മയുണ്ട്. 

    അതുപോലെ നാലു കെട്ടിന്റെ വടക്കുവശത്തെ ഭിത്തിയിൽ കരി കൊണ്ടുള്ള അടയാളം ഇന്നും അവിടെക്കാണാം. പണ്ടു ഞങ്ങൾ ഞങ്ങളുടെ ഉയരം അടയാളപ്പെടുത്തിയിരുന്നതാണത്. ആധുനിക സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് എല്ലാത്തിനും പ്രകൃതി തന്നെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.