Saturday, January 30, 2016

...അബുദാബിയിലെ അത്ഭുത ദേവാലയം ......

       അബുദാബിയിലെ ഗ്രാൻഡ്‌ മോസ്ക് . അബുദാബിയിൽ എത്തിയപ്പോൾ ആദ്യം പോയത് അങ്ങോട്ടാണ് . അത്ഭുതപ്പെട്ടുപോയി ! ഒരുസമയം 40000 -പേർക്ക് പ്രാർദ്ധിക്കാനുള്ള സൗകര്യം . ലോകത്തിലെ 8-അം സ്ഥാനം .പലവലിപ്പത്തിൽ  82  തൂവെള്ള മിനാരങ്ങൾ . "യൂസഫ്‌ അബ് സെൽക്കി " എന്ന വാസ്തുശിൽപ്പി 'മുഗൾ , മ്യൂറിഷ് ശിൽപ്പചാതുരിയിൽ  തീർത്ത കവിത . നീല മേഖങ്ങൾക്കിടയിലേക്ക്  ഉയർന്നു  നിൽക്കുന്ന മിനാരങ്ങളുറെ ഭംഗി ഒന്നുവേറെ . അകത്ത് വിരിച്ചിരിക്കുന്ന മനോഹര പരവതാനിയാണ് മറ്റൊരത്ഭുതം .60570 -SQ ഫീറ്റിൽ 'അലി ഖലീക്കി ' എന്ന കലാകാരനാണ് അത് രൂപകൽപ്പന ചെയ്തത് .ലോകത്തിലെ തന്നെ ഏറ്റവും വലുത് . മുപ്പത് ഏക്കർ സ്ഥലത്ത് പണിതിട്ടുള്ള ഈ പവിത്ര ആരാധനാലയം അവരുടെ രാഷ്ട്ര പിതാവിൻറെ അന്ത്യവിശ്രമ സ്ഥലം കൂടിയാണ് .

    എന്നേ ഏറ്റവും ആകർഷിച്ചത് കൊട്ടാരസദൃശമായ  ആ ആരാധനാലയത്തിലെ ശാന്തതയാണ്. അവിടെ നാനാജാതിമതസ്ഥർ പ്രാർഥനക്ക് വരുന്നു .പിന്നെ വലിയ ഒരു വിഞ്ജാന സമ്പത്തിൻറെ കലവറയാണ് ഇതിൻറെ വടക്ക്കിഴക്കുള്ള മിനാരം . ഒരൊന്നാന്തരം ലൈബ്രറി .ചരിത്ര ഗവേഷകർക്ക്‌ ഒരാശ്രയം . അറിവിൻറെ ആരാധനാലയം .

   രാത്രി അതിന് മറ്റൊരു മുഖമാണ് . മുൻവശം ഒരു നിർമ്മല തടാകത്തിൽ പണിതുയർത്തിയതുപോലെ . ആലക്തിക  ദീപങ്ങളുടെ വർണ്ണ പ്രഭയിൽ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി മടങ്ങി             

Thursday, January 28, 2016

>........ എൻറെ കേരളത്തിന് എന്ത് സംഭവിക്കുന്നു ............!!!!!!!

ഞാൻ കുറച്ചു നാളായി ദൂബായിൽ ആണ് .ഇവിടുത്തെ പല മലയാളികളുടെയും കൂട്ടായ്മ്മയിൽ എനിക്ക് പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട് .അവരെല്ലാം നമ്മുടെ കൊച്ചു കേരളത്തെ ഹൃദയത്തോട് ചേർത്ത് സംവേദിക്കുന്നു . അവർ ആകെ ദുഃഖത്തിലാണ് എന്തൊക്കെയാണ് നാട്ടിൽ നടക്കുന്നത് .!!"അഭിമാന പൂരിതമായി "  ചോരതിളച്ചു ,വള്ളത്തോൾ പറഞ്ഞപോലെ സ്വന്തം രക്ത്തത്തിൽ കൊണ്ടുനടക്കുന്നവരാണിവർ .നമ്മുടെ സാംസ്ക്കാരിക കേരളത്തിന് എന്ത് സംഭവിക്കുന്നു ?..എനിക്കും ഉത്തരം മുട്ടുന്നു

     അച്ചുവിൻറെ ഡയറി -101-ആം താള്....

 " സ്നോ സില്ല   " ഐസ് ഫാൾ -അച്ചുവിന് ടെൻഷൻ ആകുന്നു ......

     മുത്തശ്സാ അച്ചു ആകെ ടെന്ഷനിലാ .വീടിനു ചുറ്റും മുഴുവൻ  മഞ്ഞ്‌ മൂടിക്കിടക്കുകയാ . പുറത്തിറങ്ങാൻ വയ്യ . സ്കൂൾ അടച്ചു .അച്ഛന് ഓഫീസിൽ പോകാൻ പറ്റുന്നില്ല . റോഡ്‌ മുഴുവൻ ഐസ്  ആണ്  .കറണ്ട് പോകാതിരുന്നാൽ മതിയായിരുന്നു ."ഫുഡ്‌ "കുറച്ച് സ്റ്റോക്ക്‌ ഉണ്ട് .ജനലിൽ കൂടി നോക്കിയാൽ പേടിയാകും .നല്ല കാറ്റാ .അപ്പൂപ്പൻതാടി പോലെ മഞ്ഞ് പറന്നു നടക്കുന്നു .പുറത്ത് ഐസ് കൊണ്ട് സിറ്റ്ഔട്ട്‌  നിറഞ്ഞു .പുറത്തേക്കുള്ള കതക് തുറക്കാൻ പറ്റുന്നില്ല .അമ്മയുടെ "ഹെയർ ഡ്രയർ " ഉപയോഗിച്ചാ കതകിനിടയിലെ മഞ്ഞു മാറ്റിയത് . കതക് തുറന്നപ്പഴേ ഐസ് അകത്തേക്ക് കയറി . കോണിയുടെ ചുവട്ടിൽ വരെ മഞ്ഞ് അടിച്ചുകയറി . അച്ഛനും ഞാനും കൂടിയാ ഐസ് മാറ്റിയത് . അച്ചു തണൂത്തുവിറച്ചു  . നല്ല തണുത്ത കാറ്റ് .അച്ചുവിന് തണുപ്പ് സഹിക്കാതെ കരഞ്ഞുപോയി കണ്ണുനീര് വരെ ഐസ് ആയി .അച്ഛൻ പെട്ടന്ന് കതകടച്ച് അച്ചുവിനെ അകത്ത് കൊണ്ടുപോയി കിടത്തി . അകത്ത് ഹീറ്റർ ഉണ്ട് .അച്ചു ഇനി പുറത്തിറങ്ങില്ല .

       ജനലിൽ കൂടി "ഐസ് ഫാൾ "  കാണാം .അത് നല്ല രസോണ്ട് കാണാൻ .എപ്പഴും അച്ഛനും അമ്മയും പാച്ചുവും അടുത്തുണ്ട് .അതച്ചുവിന് എന്തു സന്തോഷാനന്നോ ?സ്കൂൾ പത്ത് ദിവസത്തേക്ക് അടച്ചു . ഐസ് ഇങ്ങനെ കുറച്ചു ദിവസം നിന്നാലും കൊഴപ്പമില്ല .ഇനിയും മഞ്ഞു വീണ് വീട് മൂടിപ്പോയാലോ ?അയ്യോ ..വേണ്ട . ഫുഡ്‌ തീർന്നു പോയാൽ വിശക്കില്ലേ ?ഒരുനില വീടുള്ള അച്ചുവിൻറെ ഫ്രണ്ട്സ് എന്തു ചെയ്യും . ഇതൊന്നു മാറിയാൽ മതിയായിരുന്നു .       

Wednesday, January 20, 2016

  അച്ചുവിൻറെ ഡയറി -100 -ആം താൾ ..

                അതെ ഫെസ്ബൂക്കിൽ  നൂറെപ്പിസോടായി .ഇതൊരു റെക്കോർഡ്‌ ആണന്നു പറയുന്നു . എല്ലാ സൌഹൃദയരുടേയും  എൻറെ അച്ചുവിനെ സ്നേഹിക്കുന്നവരുടേയും  നിരന്തരമായ പ്രോത്സാഹനങ്ങൾ കൊണ്ടാണ് ഇത്രയും എത്തിയത് . ഇനിയും ഇതു തുടരണമോ എന്ന് അച്ചുവിനെ ഇഷ്ട്ടപ്പെടുന്നവർ തീരുമാനിക്കട്ടെ ..നന്ദി ..ഒരുപാട് നന്ദി ,
                                                   
                                                                                                                                                                                                     

.....  അച്ചുവിൻറെ ലൈബ്രറി ബുക്ക്‌ ..........  
   അച്ചു കൌണ്ടി  ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം മാറി പോയതാ കൊഴപ്പായെ .അത് മാറി സ്കൂൾ ലൈബ്രറിയിൽ കൊടുത്തു . പതിനഞ്ചു ദിവസത്തിനകം തിരിച്ചു കൊടുക്കണ്ടാതാ.  അറിയാതെ സ്കൂൾ ലൈബ്രറിയിലെ ബുക്കിന്റെ കൂടെ തിരിച്ചുകൊടുത്തു . "ജെറോനിമോ സ്ട്ടിൽട്ടൻ " എന്ന ഒരെലിയുടെ കഥയാ .അവൻറെ തന്നെ ഒത്തിരി പുസ്തകങ്ങൾ ഉണ്ട് . ഇന്നു തന്നെ സ്കൂളിൽ നിന്നത് തിരികെ വാങ്ങണം . എങ്ങിനെയാണോ ആവോ ?.

     സ്കൂളിൽ ഒരു ലഷെർ പീരീഡ്‌ ഉണ്ട് . കളിക്കാനാ .  ലൈബ്രറിയിൽ പോയി പുസ്തകം കണ്ടുപിടിക്കണം . മൂന്നാമത്തെ ഫ്ലോറിൽ ആണ് .തന്നേ പോകാൻ മടി .ജോബിനോട് പറഞ്ഞതാ . കളിക്കണ്ട സമയത്ത് ആരെങ്കിലും ലൈബ്രറിയിൽ പോകുമോ ? .അവൻ വന്നില്ല . ഞാൻ തന്നെ പോയി . അവിടെ വലിയ കുട്ടികളാ അധികം . നല്ല തിരക്കാ ആകെ ബഹളം . ലിബ്രേറിയനോടു വിവരം പറഞ്ഞു . എൻറെ കോഡ് നമ്പർ കൊടുത്തു . അപ്പുറത്തുള്ള മേശ പുറത്ത് നോക്കി എടുത്തോളാൻ പറഞ്ഞു . ഇങ്ങിനെ വന്ന ബുക്കുകൾ അവിടെ കൂട്ടിയിട്ടിട്ടുണ്ട് .സമയം തീരാറായി .നോക്കി മടുത്തു .ഇതിനിടെ ഇതെങ്ങിനെ കണ്ടുപിടിക്കാനാ . അച്ചുവിന് സങ്കടം വന്നു .സമയം പോണു .ടെൻഷൻ ആയി . ഭാഗ്യം അവനെ കിട്ടി .അവിടെ പറഞ്ഞ് പുസ്തകം കൊണ്ട് ക്ലാസിലേക്ക് ഓടി .ക്ലാസ് തുടങ്ങിയിരുന്നു .ടീച്ചർ വഴക്ക് പറഞ്ഞതുതന്നെ . എന്നേയും എൻറെ കയ്യിലുള്ള പുസ്തകവും നോക്കി .ചിരിച്ചുകൊണ്ട് ക്ലാസിൽ കയറ്റിയിരുത്തി .  ഭാഗ്യം" ടൈം ഔട്ട്‌ " കിട്ടിയില്ല .   

Tuesday, January 19, 2016

അച്ചു ടിഫിൻ ബോക്സ്‌ മറന്നു .........

മുത്തശ്ശാ അച്ചു ഇന്ന് ടിഫിൻ ബോക്സ്‌ എടുക്കാൻ മറന്നു . സ്കൂളിൽ ഫുഡ്‌ കിട്ടും . അമ്മ പറഞ്ഞിട്ടുണ്ട് . സ്കൂളിൽ അച്ചുവിൻറെ പേരിൽ അക്കൗണ്ട്‌ തുടങ്ങി അച്ഛൻ കാഷ് ഇട്ടിട്ടുണ്ട് . അച്ചുവിന് ഇഷ്ട്ടമുള്ള ഫുഡ്‌  വാങ്ങി  കഴിക്കാം .പക്ഷേ ഫുഡ്‌ എടുക്കാൻ മറക്കുന്ന ദിവസം  മാത്രമേ അച്ചു കഴിക്കാറൂള്ളൂ . പക്ഷേ ഒരുദിവസം ജോബിന് വേണ്ടി ഫുഡ്‌ വാങ്ങി കൊടുത്തു .അവൻ ഫുഡ്‌ കൊണ്ടുവന്നില്ല .' നോൺ"  മതി എന്ന് അവൻ പറഞ്ഞു . അവന് സന്തോഷായി .അച്ഛനോടും അമ്മയോടും പറഞ്ഞു .വഴക്കുപറഞ്ഞില്ല. അവർക്ക് സന്തോഷായി .

  അച്ചു ലഞ്ച് ഹോളിൽ പോയി കമ്പൂട്ടറിൽ പാസ്വേർഡ്‌ അടിച്ചു .അപ്പോൾ ഒരു നമ്പർ കിട്ടും .ആ നമ്പർ കൌണ്ടറിൽ കൊടുക്കണം . അച്ചു വെജിട്ടേറിയനാ . അത് പ്രത്യേകം പറയണം .അതിനു "ഡിഷ്‌ " കുറവാണ് . അച്ചു ബ്രെഡും ,ബൾഗറും വാങ്ങി .ഒരു ഓറഞ്ച് ജ്യൂസും വാങ്ങി .അച്ചുവിനത് മതി . പിന്നെ ഒരുചോക്ലെട്ട് കൂടി വാങ്ങി .അതച്ചുവിനല്ല . പാച്ചുവിനാ . അവനവിടെ ഏട്ടനെ കാത്തിരുപ്പുണ്ടാകും . അവന് ചോക്ലേറ്റു ക്കൂറേശ്ശേ തിന്നാറായി . അമ്മയ്ക്കും കൂടി ഒന്ന് വാങ്ങായിരുന്നു

Friday, January 15, 2016

...ദൂബായിയിൽ ഒരു ശയ്യ്വ്വ- വൈഷ്ണവ ക്ഷേത്ര സമുച്ചയം ...

         U .A .E -ൽ ആകെ ഉള്ള ഒരു ഹിന്ദു ക്ഷേത്രം .ബുർ ദുബായിലെ ഗോൾഡ്‌ സൂക്കിൽ . ദൂരെ പാർക്ക് ചെയ്യണ്ടിവന്നു .നല്ല തിരക്ക് . ദൂബായി ക്രീക്കിന്റെ ഓരം ചേർന്നുള്ള നടത്തം രസകരം . സമുദ്ര ജലം വീതിയിൽ തോടുവെട്ടി കയറ്റിവിട്ട് മനോഹരമായ ഒരു ടൌൺ ഷിപ്‌ അവർ ഒന്ടാക്കിയിരിക്കുന്നു . ബോട്ടിങ്ങും ഒക്കെ ആയി ടൂറിസത്തിന് ഒരു പുതിയ മുഖം .അതിൻറെ ഒരുവശത്താണ് ഈ ക്ഷേത്രം .
   ക്യൂ നിന്ന് ഒരിടുങ്ങിയ ഇടനാഴികയിൽ കൂടി കുറേ നടക്കണം .അതിനിരുവശവും വച്ചുവാണിഭം .എന്തും അവിടെ കിട്ടും . ഒരുകൊവണി കയറി മുകളിൽ ചെന്നാൽ ശിവമന്ദിറിന്റെ പ്രധാന വേദിയിലെത്താം. വടക്കേ ഇന്ത്യൻ രീതിയിലുള്ള ഈ ക്ഷേത്രം മനസ്സിൽ പൊരുത്തപ്പെടാൻ കുറേ സമയമെടുത്തു . അതിൻറെ കാൽഭാഗം ചില്ലുകൊണ്ട് വേർതിരിച്ചിരിക്കുന്നു . അതിനുള്ളിൽ പാർവതീസമേതനായി ഗണപതിക്കും മുരുകനും ഒപ്പം ശിവഭഗവാൻ . വർണ്ണബൾബുകൾ കൊണ്ട് അവിടം വർണ്ണാഭമാക്കിയിരിക്കുന്നു .ആളുകളെ നിയന്ത്രിക്കാനായി ഒരു വടക്കേ ഇന്ത്യൻ പാണ്ടയുടെ ആക്ക്രോശം ഒഴിച്ച് ബാക്കി എല്ലാം ശാന്തം . ഓംകാരത്തിന്റെ ഗാംഭീരമോ ,പഞ്ചാക്ഷര മന്ത്രമോ അവിടെ കേട്ടില്ല .അവിടുന്നിറങ് ങി .ഇതുപോലെ തന്നെ ശ്രീകൃഷ്ണഭഗവാൻറെ അമ്പലവും .

   ധാരാളം എണ്ണ വിളക്കുകളും ,കരിങ്കല്ലിൽ തീർത്ത വിഗ്രഹവും സോപാനവും ,അതിൽ എണ്ണ വീണൂണ്ടാകുന് ന ഒരുതരം പ്രത്യേക ഗന്ധവും .,മണി നാദവും വേദവാദ്യമായ എടക്കയുറെ ദിവ്യതാളവും ശംഖ് ധ്വനിയും ഒന്നു മില്ലാത്ത ഒരമ്പലം . ..                   

Thursday, January 14, 2016

  ടി .വി .കാണാൻ അച്ചു സമയം ബൈ ചെയ്തു .........

      അച്ചുവിന് എപ്പഴും ടി .വി .കാണാൻ തോന്നുവാ .അച്ഛനും അമ്മയും സമ്മതിക്കുന്നില്ല . ഇപ്പോൾ അച്ചു ടി .വി .കാണാൻ സമയം ബൈ ചെയ്യും . സ്കൂളിൽ ടീച്ചർ പറഞ്ഞുതന്നതാ . ഒരുമണിക്കൂർ ഇരുന്ന് പഠിച്ചാൽ അച്ചുവിന് ടി .വി .കാണാൻ ഒരു മണിക്കൂർ സമയം അച്ചുവിൻറെ ക്രെഡിറ്റിൽ വരും . അതുപോലെ രാവിലെ കുളിച്ച് ആഹാരം കഴിച്ച് സമയത്തിന് സ്കൂളിൽ പോകാൻ  തന്നേ തയാറായാൽ ടി .വി .കാണാൻ അച്ചുവിന് അര മണിക്കൂർ കൂടി കിട്ടും .അച്ചു കൃത്യമായി ചെയ്യുന്ന എല്ലാത്തിനും ,നല്ല മാർക്ക് മേടിച്ചാൽ , സ്കൂളിൽ 'സ്റ്റാർ 'കിട്ടിയാൽ ,എല്ലാത്തിനും അച്ചുവിന് ബോണസ് സമയം കിട്ടും ആ സമയമൊക്കെ ടി .വി .കാണാനോ ,കളിക്കാനോ  ഉപയോഗിക്കാം . ആരും വഴക്കുപറയില്ല . എന്താണന്നോ  ആ സമയം അച്ചു അമ്മയോടും അച്ഛനോടും ബൈ  ചെയ്തതാ . മുത്തശ്ശനു  മനസിലായോ ?. പക്ഷേ സൺ‌ഡേ ഒഴിവാക്കിയിട്ടുണ്ട് . അച്ചുവിന് ഇന്നു ഇഷ്ട്ടം പോലെ സമയം മിച്ചമുണ്ട് ടി .വി . കാണാനും കളിക്കാനും .

     പാച്ചുവിനെ നോക്കിയാൽ അര മണിക്കൂർ കൂടി തരാമെന്ന് അമ്മ പറഞ്ഞു . അതച്ചുവിന് വേണ്ടാ . പാച്ചുവിനെ നോക്കാൻ അച്ചുവിനൊന്നും വേണ്ടാ ,. അവനെൻറെ അനിയനല്ലേ

Wednesday, January 13, 2016

ദൂബായിയുടെ ശ്വാസകോശം --ജബലാലി ഗാർഡൻസ്

      ദൂബായിയിൽ കുറച്ച് ദിവസങ്ങൾ . പോരുമ്പോൾ പേടിയായിരുന്നു . ലോകത്തിലെ ഏറ്റവും തിരക്കുള്ള ദൂബായിയിലെ താമസത്തെപ്പറ്റി . പക്ഷേ അല്ഭുതപെട്ടുപോയത് ഇവിടെ വന്നപ്പോഴാണ് . ജബലാലി ഗാർഡൻസ്ൽ ആണ് മോള് താമസിക്കുന്നത് .ഏതാണ്ട് 220 -ഹെക്റെർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന അപ്പാര്ട്ടുമെന്റ്സ് . ഒന്നും നാലുനിലയിൽ കൂടുത്തൽ ഉയരമില്ല . 4000 -ത്തോളം പേർക്ക് താമസസൌകര്യം .
     ഇത്രയും സ്ഥലം മുഴുവൻ നല്ല മണ്ണ് കൊണ്ടുവന്ന് നിരത്തി ധാരാളം മരങ്ങളും .പുല്ലും പിടിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു . ഇത്രവീടുകൾക്ക് ,എന്ന കണക്കിൽ ,സ്വിമ്മിംഗ് പൂൾ ,പ്ലേഗ്രൌണ്ട് ,പൂംതോട്ടങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട് . ടെന്നീസ് ഉൾപ്പെടെ എല്ലാത്തരം കളികൾക്കും ഇവിടെ സൗകര്യം ഉണ്ട് . ഇതിനിടയിലൂടെ മനോഹരമായി ടയിൽ വിരിച്ച നടപ്പാതകൾ . ആരുവേപ്പും, മുരിഞ്ഞയും എന്നുവേണ്ട നമ്മുടെ നാട്ടിലുള്ള പലമരങ്ങളും ഈ ഈന്തപ്പനകൾക്കിടയിൽ പടർന്ന് പന്തലിചിരിക്കുന്നത് കാണാം . അതുപോലെ പുല്ലുപിടിപ്പിച്ചു പരിപാലിച്ചിരിക്കുന്ന മൈതാനങ്ങളും . മഹാ നഗരത്തിൻറെ ഒരു തിരക്കും അനുഭവപ്പെടാത്ത ഒരു വെറും നാട്ടിൻപുറം . ഇപ്പോൾ നല്ല തണുപ്പും . നമ്മുടെ മൂന്നാറിൽ പോയിക്കൂടിയ ഒരു പ്രതീതി . മണിക്കൂറുകളോളം ശൂദ്ധവായു ശ്വസിച്ച് ,വാഹനങ്ങളുടെ ബഹളമില്ലാതെ ,നടക്കാം .അല്ലങ്കിൽ സൈക്ലിംഗ് .
     
    ദൂബായിയുടെ സൌഭാഗ്യങ്ങൾ എത്തിപ്പിടിക്കാവുന്ന ദൂരത്ത്‌ ,ഈ കൊടുംമരുഭൂമിയിൽ ,അവർ ഒരു ഹരിത ഗ്രാമം പുനരാവിഷ്ക്കരിച്ചിരിക്കുന്നു . ഈ മഹാനഗരത്തിന്റെ പ്രാണവായുവിന് വേണ്ടി ,അല്ലങ്കിൽ വല്ലപ്പഴും എവിടെ വരുന്ന എന്നെപ്പോലുള്ള ഭാഗ്യവാന്മ്മാർക്കുവേണ്ടി .          

Tuesday, January 12, 2016

   അച്ചുവിന് യെല്ലോ ബെൽറ്റ്‌ ......

     മുത്തശ്ശാ അച്ചുവിന് 'തായ്‌ കോ ഡൂ ' [TAE KNOWDO] വിൽ' യെല്ലോ ബെൽറ്റ്‌ 'കിട്ടി . അച്ചുവിന് ഫൈറ്റിംഗ്  ഇഷ്ട്ടല്ലായിരുന്നു . ഫൈറ്റു ചെയ്‌താൽ മറ്റുള്ളവർക്ക് വേദനിക്കില്ലേ ?എന്നിട്ടും .തായ് കോൺ ഡൂ  വിന് ചേർന്നു .കരാട്ടെ യിൽ നിന്ന് വ്യത്യാസമുണ്ട് . ഇപ്പോൾ അച്ചുവിന് യെല്ലോ ബെൽറ്റ്‌ കിട്ടി . സന്തോഷായി . കാലുകൊണ്ട്‌ അച്ചുവിനിപ്പോൾ ഉയരത്തിൽ കിക്ക് ചെയ്യാം .ഒരു പേടിയുമില്ല . പക്ഷേ അച്ചു ഫ്രണ്ട്സിനെ കിക്ക് ചെയ്യില്ല .എനിമീസിനെ മാത്രം .അതും പേടിപ്പിക്കുകയെ ഒള്ളു . മുമ്പ് അച്ചുവിനോട് ഫൈറ്റു ചെയ്യാൻ വരുന്നവരെ പേടിയായിരുന്നു . ഇപ്പോ ഒരു പേടിയുമില്ല . പക്ഷേ പാച്ചുവിനെ ആരെങ്കിലും ഉപദ്രവിച്ചാൽ അച്ചു അവനെ ശരിയാക്കും . അതിനല്ലേ  അവൻറെ ഏട്ടൻ ഇതൊക്കെ പഠിച്ചേ ..       

Saturday, January 9, 2016

 ദൂബായ് മിറക്കിൾ ഗാർഡൻ ....മരുഭൂമിയിൽ ഒരു മലർവാടി ...

          അലാദിന്റെ അത്ഭുത വിളക്കിലെ ഭൂതത്തിന് മാത്രം പറ്റുന്ന അത്ഭുതം !.ദുബായിലെ മിറക്കിൾ ഗാർഡനിൽ എത്തിയപ്പോൾ അതാണ്‌ തോന്നിയത് . വണ്ടെർ ലാൻഡിൽ അകപ്പെട്ട ആലീസിൻറെ അവസ്ഥ . ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ പൂത്തോട്ടം . അത് ഈ മരുഭൂമിയിലാണ് . ഒരുകിലോമീറ്റർ നീളത്തിൽ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ്പ മതിൽ !.ഏറ്റവും ഉയരം കൂടിയ ഫ്ലവർ പിരമിഡ് !.780000-sq .ഫീറ്റിൽ വ്യാപിച്ചു കിടക്കുന്ന ഈ ആരാമത്തിന് വിശേഷങ്ങൾ ഏറെ . ലോകത്തിൻറെ നാനാ ഭാഗത്തു നിന്നുമുള്ള 45 -കോടിയിലധികം പുഷ്പ്പങ്ങൾ ഇവിടെ കാണാം . രണ്ട് ലക്ഷം ഗ്യാലൻ വെള്ളം വേണം ഒരുദിവസം ട്രിപ്പ്‌ ഇറിഗേഷനിലൂടെ ആണെങ്കിലും ;ഇത് നനയ്ക്കാൻ .
       വരണ്ട് ചൂടുപിടിച്ച് ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിന്നാണ് ഈ അത്ഭുത ലോകത്തിലേക്ക് പ്രവേശിച്ചത്‌ . പൂക്കൾ കൊണ്ടുള്ള കൊട്ടാരങ്ങളും ,ഇടനാഴികകളും ,തടാകങ്ങളും ഒക്കെയാണ് ഇവിടം നമ്മളെ വരവേറ്റത് . വലിയ മയിലുകളൂടേയും ,ചിത്ര ശലഭങ്ങളുടെയും ആകൃതിൽ പലിടത്തും പൂക്കൾ കൊണ്ട് രൂപഭങ്ങി മെനഞ്ഞിട്ടുണ്ട് . ഓറഞ്ചു കൊണ്ടും നാരങ്ങ കൊണ്ടും പൂക്കൾ കൊണ്ടും ഉണ്ടാക്കിയ ബുർജ് ഖലീഫാ ,ഈഫൽ ഗോപുരം എന്നുവേണ്ട ലോകത്തുള്ള മനോഹരമായതിന്റെ എല്ലാം പ്രതിരൂപം ഇവിടെ കാണാം . പൂക്കളുടെ ഹൃദ്യമായ മണവും ,ജലകണങ്ങൾ നിറഞ്ഞ തണുത്ത കാറ്റും മനസിനെ മത്തുപിടിപ്പിച്ചു .
        ഞങ്ങൾ മൂന്ന് മണിക്കെത്തിയതാണ് .പോരാൻ തോന്നുന്നില്ല . ആഹാരസാധനങ്ങൾ എല്ലാം അവിടെ കിട്ടും . ലോകത്ത് പലയിടത്ത് പോയിട്ടുണ്ടങ്കിലും ഫോട്ടോ എടുത്ത് മടുത്തതിവിടെയാണ് . ഇരുട്ടായിത്തുടങ്ങിയപ്പോൾ ഈ അത്ഭുത ലോകത്തിന് വേരൊരു മുഖം കൈവന്നു . മനോഹരമായ വർണ്ണബൾബ്ബുകൾ കൂടി തെളിഞ്ഞപ്പോൾ ഒന്നുകൂടി ചുറ്റി ക്കറങ്ങാൻ തീരുമാനിച്ചു .രാത്രി ഒമ്പതു മണിക്ക് അവർ നമ്മളെ പുറത്താക്കുന്നത് വരെ അവിടെ തങ്ങി .ഇനിയും ഇവിടെ വരും മനസ്സ് മന്ത്രിച്ചു .      

Friday, January 8, 2016

ബുർജുഖ ലീഫാ -----------ഒരു ആകാശകൊട്ടാരം ....

           മരുഭൂമിയിൽ വളരുന്ന ഒരു മനോഹര പുഷ്പം -'ഹൈമനോ കള്ളീസ് '. ആ പൂവിൻറെ ആകൃതിയിൽനിന്നാണ് ഈ ആകാശ സൌധത്തിന്റെ ആശയം ഉരുത്തിരിഞ്ഞതത്രേ . 160 -നിലകളിൽ 828 -മീറ്റർ ഉയരത്തിൽ ഈ അംബരചുമ്ബി ലോകത്ത് ഒന്നാമതായി നിലകൊള്ളുന്നു . ആയിരത്തോളം ആഡംബര അപ്പാര്ട്ടുമെന്റുകളും ,ക്ലാബ്ബുകളും ,ഷോപ്പിംഗ്‌ കോംബ്ലക്സും ,ഹോട്ടലുകളും എന്നുവേണ്ട ഒരു വലിയ നഗരത്തിന് വേണ്ടതെല്ലാം ഈ ഭീമൻ സൗധം ഉൾക്കൊള്ളുന്നു . ശെരിക്കും ഒരു  'വെർചുൽ സിറ്റി ' .
            ഏതാണ്ട് 58 -ളം ലിഫ്റ്റുകൾ . അതിൽ പ്രധാനപ്പെട്ടത് 504 -മീറ്റർ സെക്കണ്ടിൽ 10 മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന എക്സ്പ്രസ്സ്‌ലിഫ്റ്റ്‌ ആണ് . 124-മത്തെ നിലയിൽ ഒരു വിഹഗവീക്ഷനത്തിനായി ഒരു തലം ഒരുക്കിയിരിക്കുന്നു .അവിടുന്നുള്ള കാഴ്ച അവർണ്ണനീയം . നല്ലകാലാവസ്ഥയിൽ ,ദൂബായ് മുഴുവൻ ഒരു സ്പടിക കണ്ണാടിയിലെന്നപോലെ നമുക്ക് കാണാം . 76-മത്തെ നിലയിൽ ഉള്ള 'സ്വിമ്മിംഗ് പൂൾ 'ഉൾപ്പെടെ ലോക റിക്കാർഡുകൾ അനവധിയാണ് ഈ അത്ഭുത ഗോപുരത്തിന് . ഇതിൻറെ പണിക്കുവേണ്ടി ഒരു നൂതന എഞ്ചിനീയറിഗ് ടെക്കനോളഗി  തന്നെ രൂപപ്പെട്ടുവത്രേ . ഇതിന് ചുറ്റുമുള്ള ഇറിഗേഷൻ ബുർജു ഖലീഫയിലെ എയർ കണ്ടീഷനിലെ ബാഷ്പ്പം ശീതീകരിച്ചുള്ള ജലം കൊണ്ടാണ് . ഇതിന് മുമ്പിലുള്ള ജലാശയത്തിൽ ഒരുക്കിയിരിക്കുന്ന ജലധാരായന്ത്രങ്ങൾ ഒരുക്കുന്ന വിരുന്ന് നയനാനന്ദകരം ,സംഗീതസാദ്രം !..                

Wednesday, January 6, 2016

അച്ചുവിൻറെ ഇലട്രോണിക് ഡേ ...........

മുത്തശ്ശാ അച്ചുവിൻറെ സ്കൂളിൽ ഇന്നു 'എലട്രോനിക് ഡേ ' ആയിരുന്നു . ഞങ്ങൾക്ക്  ഐ പാഡും ,ലാപ്ടോപ്പും  ഒക്കെ സ്കൂളിൽ കൊണ്ടുപോകാം . എന്നിട്ട് ഞങ്ങൾക്ക്  ഗെയിം വക്കാം ,പാട്ടുകേൾക്കാം ,കാർട്ടൂണ്‍ കാണാം ,സിനിമാ വക്കാം എല്ലാം ചെയ്യാം .വൈ ഫൈ  കണക്ട്  ചെയ്യാനും സമ്മതിക്കും .ആരും വഴക്കുപറയില്ല . എല്ലാവരും ഐപാടു്  കൊണ്ടുവരും .വലിയ ക്ലാസിൽ ആയാൽ എന്നും ഐപ്പാട് കൊണ്ടുചെല്ലണം . 

     അച്ചുവിനും അച്ഛൻ ഒരു ഐ പാട് വാങ്ങിത്തന്നിട്ടുണ്ട് . അതിൻറെ 'പാസ് വേർഡ്‌ 'അച്ചു ആരോടും പറയില്ല .അത് ഷെയർ ചെയ്യാൻ പാടില്ല . ജോബ്‌ പലപ്രാവശ്യം ചോദിച്ചതാ . അച്ചു പറഞ്ഞില്ല .മുത്തശ്ശനോട് മാത്രം പറയാം . മറ്റാരോടും പറയരുത് .  'PAACHU 1 ' . അതാ പാസ് വേർഡ്‌ . അച്ചുവിന് ഏറ്റവും ഇഷ്ട്ടം അവനെയാ .അതാ പാസ് വേർഡ്‌ അങ്ങിനെ ആക്കിയത് .

   കൂട്ടുകാർ പാട്ട് വച്ച് ഡാൻസ് ചെയ്തു അച്ചുവിനത് പറ്റില്ല . ജോബ്‌ അവൻറെ ഐ പ്പാടിൽ ചെസ്സ്‌ കളിക്കാൻ വിളിച്ചതാ അച്ചുവിനതും അറിയില്ല .പഠിക്കണം .അച്ചുവിന് സങ്കടായി .

Tuesday, January 5, 2016

..അഗ്നിദേവനെ തോൽപ്പിച്ച  അഡ്രസ് ഹോട്ടൽ ........
        
              ദൂബായിലെ അഡ്രസ് ഹോട്ടൽ .2015 -ഡിസംബർ 31 -ന് ആണ് ആ ദുരന്തം . പുതുവർഷആഖോഷങ്ങൾക്ക് ദൂബായ് മുഴുവൻ കാത്തിരുന്ന നിമിഷം . 64 നിലകളുള്ള ആ ആഡംബര ഹോട്ടലിൽ തീ പടർന്നു . കാറ്റിന്റെ ശക്തി   കൂടിയായപ്പോൾ മുഴുവനായി !.ദൂബായ്മോളിന്റെയും ബുര്ജുഖലീഫയുടെയും തൊട്ടടുത്ത ആ ഹോട്ടൽ നിറയെ ആൾക്കാർ . അതിൻറെ ചുറ്റുപാടും 'ഫയർ വർക്സ്‌ 'കാണാൻ ഒരു ലക്ഷത്തിന് മുകളിൽ ആൾക്കാർ . ഉച്ചയോടെ ട്രാഫിക് മുഴുവൻ ബ്ലോക്ക്‌ . അങ്ങോട്ടുള്ള വാഹനഗതാഗതവും അസാധ്യം .ഈ സമയത്ത് എല്ലാവരുടെയും മനസ്സിൽ കരിനിഴൽ വീഴ്ത്തി ,വേദനയിൽ മുക്കി അഗ്നി ദേവൻറെ താണ്ഡവം .

           അത്ഭുതം അവിടെയാണ് .ഒരാൾക്കുപോലും ജീവാപായമില്ലാതെ ,ആ ജനപ്രളയത്തിനിടയിലും  എല്ലാവരെയും അവർ രക്ഷിച്ചു !.അവിടുത്തെ രാജകുമാരനുൾപ്പെടെ സ്വന്തം ജീവൻ ത്രിണവൽഗണിച്ചു രക്ഷാ പ്രവർത്തനത്തിൽ മുഴുകി . വലിയ കെട്ടിടങ്ങളിലെ 'സുരക്ഷാ മാനദണ്ഡങ്ങൾക്ക്    എന്തുമാത്രം പ്രാധാന്യം അവർ കൊടുത്തിരുന്നു എന്ന് നമ്മൾ മനസിലാക്കണം .

      ഇവിടെ നമ്മുടെ നാട്ടിൽ വലിയ കെട്ടിടങ്ങൾ  'ഫയർ സുരക്ഷക്കുള്ള ' നിയമം പാലിക്കണമെന്ന് സത്യസന്ധനായ  ഒരു ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഭരണാധികാരികൾ അദ്ദേഹത്തെ ക്രൂശിച്ചു .കേരളം മുകളിലേക്കാണ് താഴെക്കല്ല വളരണ്ടത് എന്നായിരുന്നു അവരുടെ ഭാഷ്യം !.

    ഇങ്ങനെ ഒരാപത്തുണ്ടായാൽ അതിൽ വസിക്കുന്ന നിസ്സഹായരായ ജനങ്ങളെ അങ്ങുമുകളിലേക്ക് പറഞ്ഞയക്കുന്ന വികസനമന്ത്രം എനിക്ക് മനസിലാകുന്നില്ല .      

Monday, January 4, 2016

...ജമീറാ ബീച് റസിഡൻസ്‌ ---ദൂബായ് .....

   ജെ .ബി .ആർ ..ദുബായിലെ മറ്റൊരൽഭുതമാണ് . ഒരു  ബീച്ചിൽ ഇതിൽകൂടുതൽ ചെയ്യാനില്ല എന്ന് കണ്ടവർ ഉറപ്പിച്ച് പറയുമ്പോൾ ,പകുതിപോലും ആയിട്ടില്ല എന്നുള്ള രീതിയിൽ പണികൾ ഇപ്പഴും പുരോഗമിക്കുന്നു . ലോകോത്തര നിലവാരത്തിലുള്ള ഹോട്ടലുകളിൽ എഴായിരത്തോളം അപ്പാര്ട്ടുമെന്റുകൾ ഉണ്ട് . ഏതാണ്ട് പതിനയ്യായിരം പേർക്കുള്ള താമസ സൗകര്യം . 1.7 കിലോമീറെർ നീളത്തിൽ ,2 sq .കിലോമീറ്റർ വിസ്ത്രിതിയിൽ ആണ് ഈ മായിക ലോകം .

  ഈ മനോഹരമായ കടൽത്തീരം ലോകോത്തര നിലവാരത്തിലാക്കിയിട്ടുണ്ട് .ആ മണൽത്തരികളിൽ ഇറങ്ങിയാൽ നിങ്ങൾക്ക് പൂർണ്ണ സ്വാതത്ര്യം .പക്ഷേ അതിനുമുകളിലേക്ക് വസ്ത്രധാരണത്തിലും മറ്റും ചില നിയന്ത്രണം .സൂര്യകിരണങ്ങൾക്കായി നിരനിരയായി അവർ കിടക്കുന്ന കാഴ്ച ഈ അറബ് ലോകത്ത് ഒരത്ഭുതം തന്നെ . കുട്ടികൾക്കും വലിയവർക്കും പലതരം സാഹസിക വിനോദോപാധികൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലോകസംസ്കാരത്തിന്റെ ഒരു പരിഛെ ദം തന്നെ ഇവിടെക്കാണാം .ഈ തീരത്തിനക്കരെ ഒരു കൃത്രിമ ദീപ് തന്നെ ഇവർ ഉണ്ടാക്കിയിരിക്കുന്നു . 'ബ്ലൂ വാട്ടർ ഐലാൻഡ്‌ '. അവിടെ 'ലണ്ടൻ ഐ ' യുടെ മാതൃകയിൽ 'ദൂബായ് ഐ ' യുടെ പണി പുരോഗമിക്കുന്നു .ലോകത്തിലെ ഏറ്റവും വലുത് .എല്ലാം അല്ലങ്കിലും ഇവിടെ അങ്ങിനെയാണല്ലോ ?.

     രണ്ടായിരത്തി ഇരുപത് ആകുമ്പഴേക്കും ദൂബായ് എങ്ങിനെ ആകണമെന്ന് ഒരുദാത്തവീക്ഷണമുണ്ടവർക്ക് .അതാണ്‌ ..20 -20 . അതിനുള്ള ഉറച്ച കാൽവയ്പ്പോടെ ഉള്ള ഓട്ടത്തിൽ ആണവർ .അവിടെ അലസതയില്ല പരിസ്ത്തിതിക്കാരില്ല ,തൊഴിൽ സമരങ്ങളില്ല .ഉള്ളത് ഉറച്ച ഒരു ലക്ഷ്യം മാത്രം .പിന്നെ ധനവും .   

Saturday, January 2, 2016

  ,,അച്ചുവിനും കിട്ടി ന്യൂ ഇയർ ഗിഫ്റ്റ് ................

       മുത്തശ്ശാ അച്ചുവിനിപ്പോ സ്കൂൾ അവധിയാ . പാച്ചു ആണ് കൂട്ട് .പുറത്തിറങ്ങാൻ വയ്യ . നല്ല മഞ്ഞ്‌ . കൂട്ടുകാരാരും കളിക്കാൻ വരില്ല . പാച്ചു ഇപ്പോൾ മുട്ടുകുത്തി ഓടി നടക്കും . കോണിയുടെ അടുത്താ പേടി , അവനങ്ങോട്ടെങ്ങാൻ പോയാൽ !. അച്ചു നോക്കുന്നുണ്ട് .

     അവന് പല്ലുവന്നു .രണ്ടെണ്ണം മുകളിലും ,ഒരെണ്ണം താഴേയും . അവൻ ചരിച്ചപ്പോൾ അച്ചുവാ ആദ്യം കണ്ടത് . അവൻറെ വായിൽ വിരലിട്ട് തോട്ടുനോക്കിയതാ .അവനെന്നെ കടിച്ചു .കടിവിടുന്നില്ല .ഏട്ടന് വേദനിക്കുന്നുണ്ടൂട്ടോ . പക്ഷേ ഞാൻ കൈ വലിച്ചില്ല .അവന് വേദനിച്ചാലോ . അവസാനം അവൻ കടി വിട്ടു . എന്തൊരു കടിയാ . ഭാഗ്യത്തിന് മുറിഞ്ഞില്ല എന്നാലും ഏട്ടന് അവൻ തന്ന ന്യൂ ഇയർ ഗിഫ്റ്റ് . ! കൈ വേദനിച്ചിട്ടു വയ്യ .