Wednesday, August 27, 2025

ലോകത്തിലെ ഏറ്റവും മനോഹരമായ ബാൽക്കണി- കെമിൽ ഡിലാ കോർണിഷ് [ യൂറോപ്പ് 1 11 ] ലക്സംബർഗിലെ ഏററവും മനോഹരമായ സ്ഥലം ഈ ബാൽക്കണി ആണ്. കെമിൻ ഡി ലാ കോർണീഷ് ഫ്രഞ്ച് വാക്കാണ് .കുന്നിൻ്റെ വശത്തുള്ള പാത എന്നർത്ഥം. അതിൻ്റെ മുകളിലൂടെ സുരക്ഷിതമായി നടക്കാനും താഴ് വാരത്തെ കാഴ്ച്ചകൾ കാണാനും അവർ മനോഹര പാത ഒരുക്കിയിട്ടുണ്ട്. അതിൻ്റെ അരികുകൾ ഇരുമ്പ് വേലികൾ കൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്. അതിൽ നിറയെ കമിതാക്കളുടെ " ലൗ ലോക്ക് " കാണാം: അവിടെ നിന്നു താഴേക്ക് നോക്കിയാൽ ലക്സം ബർഗിൻ്റെ സമസ്ത സൗന്ദര്യവും ആസ്വദിക്കാം. ഹൃദയത്തിലേക്ക് ആവാഹിക്കാം. സ്പെയിൻകാരും ഫ്‌റഞ്ചുകാരും നിർമ്മിച്ച കോട്ടകൊത്തളങ്ങൾ അങ്ങു ദൂരെ നമുക്ക് കാണാം.യുണ സ്കോയുടെ പൈതൃകപ്പട്ടികയിൽ സ്ഥാനം പിടിച്ചതിരു വിശേഷിപ്പുകൾ എല്ലാം ഒരു മനോഹര ക്യാൻവാസിൽ എന്നപോലെ നമുക്ക് കണ്ടാസ്വദിക്കാം. ആകാശത്തിനും ചരിത്രത്തിനും ഇടയിൽ തൂങ്ങി നിൽക്കുന്ന പാത പോലെ അത് നമുക്കനുഭവപ്പെടും. പ്രകൃതിരമണീയമായ ആ ഭൂമിക മനസിനെ മത്തുപിടിപ്പിക്കുന്ന കാഴ്ച്ചാനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. നമുക്കും നമ്മുടെ ക്യാമറക്കും വിശ്രമമില്ലാത്ത ഒരു നീണ്ട യാത്ര. വല്ലാത്ത ഒരു റൊമാൻ്റിക്ക് ഫീലാണവിടെ.നല്ല തണുപ്പും തെളിഞ്ഞ വെയിലും, മന്ദമരുതനും, ഇടക്കിടെ പെയ്യുന്ന ചാറ്റൽ മഴയും എല്ലാം കൂടി നമ്മേ ലഹരിപിടിപ്പിക്കും. അവരുടെ പ്രസിദ്ധമായ ചിൽഡ് ബിയർ രുചിക്കുമ്പോൾ ഉള്ളതിനേക്കാൾ വലിയ ലഹരി. അങ്ങു ദൂരെ അഡോൾഫ് പാലം കാണാം. അതിൻ്റെ നിർമ്മിതിയിൽപ്പോലും ഒരു ചാരുതയുണ്ട്. ലോകത്ത് ഒരിക്കലും തിരിച്ചുപോരാൻ തോന്നാത്ത ഒരു പാതയുണ്ടങ്കിൽ അതിവിടെയാണ് എന്നു പറയണ്ടി വരും.ചെറിയ അരുവികളും, മനോഹര ആരാമങ്ങളും, പൂക്കൾ കൊണ്ടലങ്കരിച്ച പരമ്പരാഗത വീടുകളും, ദേവാലയങ്ങളും ഒക്കെ കൂടി ഒരു വല്ലാത്ത സൗന്ദര്യലഹരി നമ്മേ ആവേശിച്ച പോലെ.മനസില്ലാ മനസോടെയാണ് അവിടന്ന് വിട പറഞ്ഞത്. ഇനി പുതിയ കാഴ്ച്ചാനുഭവങ്ങളിലേക്ക്

No comments:

Post a Comment