Thursday, August 13, 2026

ഏറ്റുമാനൂരമ്പലനടയിൽ [ മഹാക്ഷേത്രങ്ങളിലൂടെ - 61] ഏറ്റുമാനൂർ പട്ടണത്തിൻ്റെ തിലകക്കുറി ആയി ഒരു മഹാക്ഷേത്രം. മൂന്നാം തൃക്കണ്ണിൽ നിന്ന് അഗ്നിജ്വാല വർഷിക്കുന്ന രൗദ്ര ഭാവത്തിലുള്ള അഘോരമൂർത്തീ സങ്കൽപ്പം.രാവിലെ അഘോരമൂർത്തിയായും, ഉച്ചക്ക് ശരഭമൂർത്തി ആയും, വൈകിട്ട് അർദ്ധനാരീശ്വര സങ്കൽപ്പമായും ഭക്തജനങ്ങൾ ആരാധിക്കുന്നു. പടിഞ്ഞാട്ട് ദർശനമുള്ള ശൈവ സങ്കൽപ്പത്തിന് ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്.പരശുരാമ പ്രതിഷ്ഠ എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം പലതുകൊണ്ടും പ്രസിദ്ധമാണ്. വയ്ക്കം മഹാദേവക്ഷേത്രം, കടുത്തുരുത്തിതളിയിൽ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം എന്നിവ ഒരു ദിവസം ഉച്ചക്ക് മുമ്പ് തന്നെ ദർശിക്കുന്നത് വിശേഷമാണന്ന് ഭാക്തജനങ്ങൾ വിശ്വസിക്കുന്നു.ഗണപതിയും, ശാസ്ത്രവും, ദക്ഷിണാമൂർത്തിയും, ദുർഗ്ഗയും നാഗയക്ഷിയും ഇവിടെ ഉപദൈവങ്ങൾ ആയുണ്ട്. അഘോരമൂർത്തിയുടെ കോപ ജ്വാല ശമിപ്പിക്കാൻ ശാന്ത ഭാവത്തിൽ അടുത്ത തന്നെ ഒരു ശ്രീക്ഷണ ക്ഷേത്രവും കാണാം. വില്ലിൻ്റെ ആകൃതിയിലുള്ള " വില്ലു കുള"ത്തിൽ മുങ്ങിക്കുളിച്ചു വേണം ഇവിടെ ദർശനം നടത്താൻ . ഏഴരപ്പൊന്നാനയും, സ്വർണ്ണപ്പഴക്കുലയും, ബലിക്കൽ പുരയിലെ അഞ്ചു തിരിയിട്ട അതിപുരാതനമായ കെടാവിളക്കും,വില്ലുകുളവും ഒക്കെ ഇവിടുത്തെ അപൂർവ്വതയാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം എട്ട് ഊരാത്മകുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. ഇന്ന് ദേവസ്വം ബോർഡിൻ്റെ കീഴിലാണ്. കുംഭമാസത്തിലെ പത്തു ദിവസത്തേ ഉത്സവവും പ്രസിദ്ധമാണ്. അവിടത്തെ അതിപുരാതനമായ ചുമർചിത്രങ്ങൾ ഇന്നും കേടുകൂടാതെ സംരക്ഷിച്ചിട്ടുണ്ട്.