Thursday, May 6, 2021
കണിക്കൊന്നയും ഇലഞ്ഞിമരവും [ നാലുകെട്ട് 340]തറവാട്ടിൽ വടക്കു കിഴക്കേ മൂലയ്ക്കാണ് സർപ്പക്കാവ്. പ്രകൃതിസംരക്ഷണത്തിന് പൂർവ്വികരുടെ ഒരു കരുതൽ.കുട്ടിക്കാലം മുതൽ അതിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞിമരത്തിനോടും, കണിക്കൊന്ന യോടും ഒരു വല്ലാത്ത അടുപ്പമുണ്ടായിരുന്നു. ഓണക്കാലത്തും തിരുവാതിരയും ഊഞ്ഞാൽ കെട്ടിയിരുന്നതതിലാണ്.ഞറളവള്ളിയും, മടക്കടയും ഉപയോഗിച്ച് .വിഷുവിനെ വരവേൽക്കാൻ സ്വർണ്ണവർണ്ണ പൂക്കൾ സമ്മാനിയന്ന കൊന്നമരം.നാട്ടുകാരെല്ലാവരും ഇവിടന്നാണ് പൂ കൊണ്ടു പോവുക. ആയുർവേദ മരുന്നിന് പലരും അതിൻ്റെ തൊലി ചെത്തിക്കൊണ്ടു പോകുമ്പോൾ ദുഖം തോന്നിയിട്ടുണ്ട്. ഇലഞ്ഞിമരം പൂത്തു കഴിഞ്ഞാൽ ചുറ്റുപാട് മുഴുവൻ അതിൻ്റെ ഗന്ധം പരക്കും. അന്ന് ഇലഞ്ഞിപ്പൂപറുക്കിയെടുത്ത് മാലകെട്ടും. അത് കയ്യിൽച്ചുററി ഇടക്കിടെ മണപ്പിച്ചു നോക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ട മണം. കുറേ ദിവസത്തേക്ക് കേടുകൂടാതെ ആ മാല ഇരിയ്ക്കും.തൊട്ടടുത്ത് മഞ്ചാടി മരം അതിൻ്റെ കായ്പൊട്ടി മഞ്ചാടിക്കുരു താഴെ വീണ് ചിതറിക്കിടക്കും. ചുവന്ന നിറത്തിലുള്ള മഞ്ചാടിക്കുരു കാണാൻ നല്ല രസമാണ്. സൗന്ദര്യത്തിൽകുന്നിക്കുരു വിനൊപ്പം.. അത് വാരി ചില്ലു പാത്രത്തിലിട്ടുവയ്ക്കും. അതിനടുത്താണ് ആ നെല്ലിമരം. ചെറിയ നെല്ലിയ്ക്കയാണ്.കുട്ടിക്കാലത്ത് അതിൻ്റെ സ്വാദ് അത്ര ഇഷ്ടമില്ലായിരുന്നു. പക്ഷേ അത് തിന്നിട്ട് പച്ചവെള്ളം കുടിച്ചാൽ വെള്ളത്തിന് മധുരമാണ്. അതിനു വേണ്ടി ക്കഴിയ്ക്കാറുള്ളതോർക്കുന്നു. ഈ മരങ്ങൾ എല്ലാം നമ്മുടെ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ ആയിരുന്നു.കാലങ്ങൾ ഏറെ ആയിട്ടും ഗൃഹാതുരത്വഭാവമുണർത്തി ആ മര മുത്തശ്ശിമാർ പടർന്നു നിന്നിരുന്നു.ഇന്നലെ നടന്ന ഒരത്യാഹിതമാണ് ഇതൊക്കെപ്പിന്നെയും ഓർമ്മിക്കണ്ടി വന്നത്.വായു ഭഗവാൻ്റെ സംഹാര താണ്ഡവം. അഞ്ചു മിനിട്ടിനുള്ളിൽ എല്ലാം കഴിഞ്ഞു. പ്രചണ്ഡമായ ആ ചുഴലിക്കൊടുങ്കാറ്റ് ആവൻമരങ്ങൾനാലിനേയും ചുഴറ്റി എറിഞ്ഞു.മറ്റു നഷ്ടങ്ങളേക്കാൾ ദുഖിപ്പിച്ച പതനം.മഴ മാറി ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. ഒരു തേങ്ങൽ പോലെ അതിൻ്റെ തളിരിലകൾ മഴ വെള്ളത്തിൽ ചെറുതായി സ്പന്ദിക്കുന്നതായിത്തോന്നി.ആ ഇലകളിൽ നിന്നു് ഇറ്റുവീണ മഴത്തുള്ളികൾ അവയുടെ കണ്ണുനീർത്തുള്ളികൾ പോലെ തോന്നിച്ചു .ഒരു മാസം മുമ്പ് ഇന്ദ്രധനുസാൽ കരിച്ചു കളഞ്ഞ ആ താന്നിമരത്തിൻ്റെ അസ്ഥിപഞ്ച രം മാത്രം നിലംപൊത്താതെ അവശേഷിച്ചു.ഇന്ദ്രദേവൻ്റെ ഉഛിഷ്ട്ടമായതുകൊണ്ടാവാം അത് വായൂദേവൻ ഉപേക്ഷിച്ചത്
Subscribe to:
Post Comments (Atom)
No comments:
Post a Comment