Tuesday, May 25, 2021

"കൊട്ടും ചിരിയും " [ അച്ചു ഡയറി-431]മുത്തശ്ശാ നാട്ടിൽ വരുമ്പഴൊക്കെ മുത്തശ്ശൻ്റെ പരദേവതയ്ക്കും, സർപ്പക്കാവിലും, മുല്ലയ്ക്കൽ തേവർക്കും വിളക്കു വയ്ക്കുന്നതച്ചു ആണ് .ആദ്യമൊക്കെ പേടി ആയിരുന്നു. സർപ്പക്കാവിൽ വിളക്കു വയ്ക്കാനും യക്ഷി യമ്മക്ക് വിളക്കു വയ്ക്കാനും .യക്ഷി ഞങ്ങളുടെ ഒക്കെ രക്തം കുടിയ്ക്കും എന്നൊക്കെപ്പറഞ്ഞ് ആദിയേട്ടൻ പേടിപ്പിച്ചിരുന്നു.അതു പോലെ പാമ്പിൻ കാവിലും. ഇതൊക്കെ അച്ചൂന് ഇപ്പഴും അൽഭുതമാണ്.പക്ഷേ മുല്ലയ്ക്കൽ ഭഗവതിയുടെ മുമ്പിലുള്ള ഒരു വഴിപാട് അച്ചൂന് ഇഷ്ട്ടാ." കൊട്ടും ചിരിയും കഴിക്കുക ". നമുക്ക് എന്തെങ്കിലും ഒരു സാധനം കാണാതെ പോയാൽ അത് കണ്ടെത്താനാണ് "കോട്ടും ചിരിയും "വഴിപാട്.മുല്ലയ്ക്കൽ മുറ്റത്ത് ഒരുരുളിയിൽ ഗുരുതി നിറയ്ക്കുക. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്ത് അതിൽ വെള്ളമൊഴിച്ചാൽ ചുവപ്പുനിറമുള്ള ഗുരുതി കിട്ടും. ചുറ്റും മൂന്ന് പ്ലാവില വച്ച് അതിൽ ഓടം വച്ച് എണ്ണ ഒഴിച്ച് തിരിതെളിയ്ക്കണം.അതിനു ശേഷം അതിനു ചുറ്റും കൈകൊട്ടി ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കണം. മൂന്നു പ്രാവശ്യം. അതു കഴിഞ്ഞ് ഉരുളിയും ഓടവും കമിഴ്ത്തിവച്ച് പുറകോട്ട് നോക്കാതെ തിരിച്ചു പോരണം.എന്നിട്ട് ഇവിടെ വന്നു തിരഞ്ഞാൽ നഷ്ട്ടപ്പെട്ടത് കിട്ടുമെന്ന് അമ്മമ്മ പറഞ്ഞു. അമ്മമ്മ ക്ക് പല പ്രാവശ്യം കിട്ടിയിട്ടുണ്ടത്രെ,.ടൻഷൻ കൂടാതെ നോക്കിയാൽ കിട്ടും. കൈ കൊട്ടി ഉറക്കെ ചിരിയ്ക്കുമ്പോൾ നമ്മുടെ ടെൻഷൻ മാറും. അപ്പം തിരയുമ്പോൾ നമുക്കു കിട്ടും. എന്നാ മുത്തശ്ശൻ പറയുന്നേ. പക്ഷേ അച്ചൂന് അമ്മമ്മ പറയുന്നത് വിശ്വസിയ്ക്കാനാ ഇഷ്ട്ടം. ഇങ്ങിനെ രസമുള്ള പരിപാടികൾ അച്ചൂ നിഷ്ട്ടാണ്. പുറകോട്ട് തിരിഞ്ഞു നോക്കാതെ പോരണ ന്നു പറഞ്ഞപ്പോൾ അച്ചൂന് ഒന്നു നോക്കാൻ തോന്നിയതാ .ഭാഗ്യം. അച്ചു നോക്കിയില്ല.

No comments:

Post a Comment