Wednesday, May 19, 2021

?എൻ്റെ ടീച്ചറമ്മ [കീശക്കഥകൾ - 121 ]കർക്കശക്കാരനായ ആ ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു പ്രാധമിക വിദ്യാഭ്യാസം. ചിട്ടയിൽ അണുവിടെ മാറ്റം വരാത്ത അച്ചടക്കത്തിൻ്റെ അപ്പോസ്തലൻ. ഇതു വരെയുള്ളതിൽ നിന്നും സ്ക്കൂളിന് ഒരു ദിശാബോധം വന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ബുദ്ധിയും ശക്തിയും മാത്രം പോരായിരുന്നു കുട്ടികളുടെ മനസു കീഴടക്കാൻ .ഭയത്തിൻ്റെ നിഴലിൽ പട്ടാളച്ചിട്ടയിൽത്തന്നെ പഠിച്ചു.തെറ്റു ചെയ്യാൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. ക ഠിനശിക്ഷ. നേരെ നിന്ന് അഭിപ്രായം പറയാൻ പോലും ആർക്കും ധൈര്യമില്ല.അപ്പഴാണ് ഒരു മാലാഖയേപ്പോലെ ടീച്ചറമ്മ എത്തിയത്. എപ്പഴും ശാന്തമായിച്ചിരിക്കുന്ന ടീച്ചറമ്മ. സൗമ്യമായ പെരുമാറ്റം.പെട്ടന്നു തന്നെ കുട്ടികളുടെ ഹൃദയത്തിലേയ്ക്ക് കടന്നു കയറിയത് പോലെ. ആദ്യം ക്ലാസിൽ വന്നപ്പഴേ മേശപ്പുറത്തിരുന്ന വടിഎടുത്തു മാറ്റി. ആയമ്മ ഹൃദയം കൊണ്ടാണ് പഠിപ്പിക്കുന്നതെന്നു തോന്നി. ക്ലാസിലെ പ0ന വിഷയങ്ങളിൽ നിന്നു മാറി ജീവിതരീതി, ആഹാരരീതി എല്ലാം കരിക്കുലത്തിൻ്റെ ഭാഗമാക്കി. ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരക്രമത്തിനും ക്ലാസെടുത്ത് കൂടെ നിന്നു. ചോദ്യം ചോദിയുന്നവരേ ചേർത്ത് പിടിച്ച് പ്രതികരിയ്ക്കാൻ പ്രോത്സാഹിപ്പിച്ചു വീട്ടിലേകഷ്ടപ്പാട്ടുകളിലേയ്ക്കും അവർ ഇറങ്ങി വന്നു. പരിഹാരമുണ്ടാക്കി.ഇന്നു ടീച്ചർ നമുക്ക് വെറും അദ്ധ്യാപികയല്ല, അമ്മയാണ്, സഹോദരിയാണു് ദൈവമാണ്. ഈ ഭൂലോകത്തിൻ്റെ ഒരു കോണിലിരുന്ന് തൻ്റെ പ്രത്യേക പ്രവർത്ത രീതി ലോകം മുഴുവൻ അംഗീകരിയ്ക്കുന്ന രീതി വന്നു. അപ്പഴും ഒരു മാറ്റവുമില്ലാതെ ടീച്ചറമ്മ.പെട്ടന്നാണ് ഇടിത്തീ പോലെ ആ ദുരന്ത വാർത്ത. ടീച്ചർ അമ്മയ്ക്ക് ട്രാൻസ്ഫർ. ഉള്ളു നടുങ്ങി.പ്രൊമോഷനാണത്രേ. അത്രയും നല്ല ഒരദ്ധ്യാപികയെ അതിൽ നിന്നു മാറ്റിയാൽ നാടിന് തന്നെ നഷ്ട്ടമാണ്. ഞങ്ങളെല്ലാവരും കൂടിയാണ് ടീച്ചറമ്മയുടെ അടുത്തെിയത്. എല്ലാവരും കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്. ടീച്ചർ അപ്പഴും ശാന്തമായിത്തന്നെ പ്രതികരിച്ചു. നമ്മളൊക്കെ ഒരു നല്ല സിസ്റ്റത്തിൻ്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നു എന്നേയുള്ളു. ചിലപ്പോൾ എന്നേക്കാൾ നല്ല ഒരു ടീച്ചറെ നിങ്ങൾക്ക് കിട്ടും.പിന്നെ നിങ്ങളുടെ ജയവും പരാജയവും നിങ്ങളുടെ തന്നെ കയ്യിലാണ്.

No comments:

Post a Comment