Tuesday, May 25, 2021

എൻ്റെ തോമ്മസ് സാറും അന്നമ്മ ടീച്ചറും. [ ഗുരുപൂജ 12 ] കുറിച്ചിത്താനം ശ്രീ കൃഷ്ണാ വൊക്കേഷണൽ ഹൈസ്കൂളിലെ എൻ്റെ വിദ്യാഭ്യാസ കാലം. എൻ്റെ ഓപ്പളും അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എല്ലാടീച്ചേഴ്സിൻ്റെയും നോട്ടപ്പുള്ളി.പഠനത്തിൽ വലിയമിടുക്കൊന്നുമില്ലാത്ത എനിയ്ക്ക് പക്ഷേ സയൻസ് ഇഷ്ട്ടമായിരുന്നു.അതു കൊണ്ട് തന്നെ തോമസ് സാറും അന്നമ്മ ടീച്ചറും എനിക്ക് പ്രിയപ്പെട്ടവർ. രണ്ടു പേരും ഇഷ്ട്ടപ്പെട്ടുള്ള ആ വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. പുരോഗമനാശയങ്ങളിലൂടെ ഒരു ഇടതു മനസിൻ്റെ ഉടമയായിരുന്ന തോമ്മ സ്സാറുമായി ഞാൻ വല്ലാതെ അടുത്തു .അങ്ങിനെ ടീച്ചറോടും. പഠിയ്ക്കാത്തതിന് കടുത്ത ശിക്ഷ നൽകുമ്പഴും അവരുടെ ഉള്ളിൽ എന്നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. അനിയൻ എന്നേ എന്നേ വിളിയ്ക്കാറുള്ളു. കാലം കിടന്നു പോയി. ഞാൻ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി നോക്കുന്നകാലം. ഒരു ദിവസം ടീച്ചർ ബാങ്കിൽ വന്നു. ഇതിനകം സാറിൻ്റെ വിയോഗം ഞാനറിഞ്ഞിരുന്നു. ടീച്ചറെ എങ്ങിനെ അഭിമുഖീകരിക്കും. ടീച്ചർ ഒരക്കൗണ്ട് തുടങ്ങാൻ വന്നതാണ്.ഭീമമായ ഒരു തുകയ്ക്ക് തന്നെ അക്കൗണ്ട് തുടങ്ങി.ഞാൻ ഉടനെ തന്നെ എല്ലാം പൂർത്തിയാക്കി പാസ് ബുക്ക് ഏൾപ്പിച്ചു. എന്നേ ടീച്ചർ അടുത്ത് വിളിച്ചു. കയ്യിൽ ഒരു വലിയ കവർ ഉണ്ട്. അതിൻ്റെ പുറത്ത് എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട്. അതെൻ്റെ നേരേ നീട്ടി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. കരുത്തിൻ്റെ പ്രതീകമായ എൻ്റെ ടീച്ചർ കരയുന്നോ,"ഈ കവറിൽ 28020 രൂപായുണ്ട്. അവസാനമായി തോമസ് സാർ എടുത്തു വച്ചതാണ്. ആ കവറിൻ്റെ പുറത്ത് ഒരു കണക്ക് കുറിച്ചിട്ടുണ്ട്.കൂടെ ഡിനോമിഷനും. അദ്ദേഹത്തിൻ്റെ കയ്യക്ഷരമാണ്. ഇത് ഇതേപടി ബാങ്ക് സെയ്ഫിൽ വയ്ക്കാൻ പറ്റുമോ? ക്യാഷ് അകൗണ്ടിൽ ഇട്ടോളൂ. പക്ഷെ ഒരു കാലത്ത് ആ നോട്ട് തന്നെ തിരിച്ചു തരണം ആ കവർ സഹിതം. ലോക്കറില്ലാത്ത തു കൊണ്ടാണ്. സാങ്കേതികമായി ബാങ്കിൻ്റെ നിയമം അനുവദിക്കുമോ?എങ്കിൽ ചെയ്തു തരൂ."ടീച്ചർ എന്നോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഞാൻ മാനേജരുമായി സംസാരിച്ചു. പ്രത്യേക സാഗ്ഷൻ വേണം. നോക്കട്ടെ." ആ ക്യാഷ് ഞാൻ വാങ്ങി വച്ചു.ഞാൻ അത്രയും ക്യാഷ് ടീച്ചറുടെ അകൗണ്ടിൽ ഇട്ടു. ശരി എന്ന് ടീച്ചറോട് പറഞ്ഞപ്പഴും ആ വിവരം ഞാൻ പറഞ്ഞില്ല.... ടീച്ചർ അമേരിയ്ക്കയ്ക്ക് പോയി.കാലം കഴിഞ്ഞു. ഒരു ദിവസം ടീച്ചർ വന്നിട്ടുണ്ട് ഒന്നവിടം വരെ വരുമോ എന്നു ചോദിച്ചു. ഞാൻ ഉടനെ അവിടെ എത്തി.ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച. ശരീരം മുഴുവൻ തളർന്ന് ടീച്ചർ കിടക്കയിൽ.നല്ല ഓർമ്മയുണ്ട്. വലതുകൈ മാത്രംചലിപ്പിയ്ക്കാം. സംസാരിയ്ക്കാൻ വിഷമമില്ല. ആ കവർ തിരിച്ചു തന്നേക്കൂ. ബുദ്ധിമുട്ടിയതിൽ ക്ഷമിക്കണം. ഞാൻ ടീച്ചറുടെ അടുത്തിരുന്നു. ആ കൈ എൻ്റെ മടിയിൽ വച്ചു. ഒത്തിരി നേരം സംസാരിച്ചിരുന്നു. പഴയ കാര്യങ്ങളൊക്കെപ്പങ്കുവച്ചു.വൈകിട്ട് ആ കവർ ഭദ്രമായി മകൻ ജസ്റ്റിനെ ഏൾപ്പിച്ചു. ആ തുകയ്ക്ക് ചെക്കും തന്നു.പിറ്റേ ദിവസം ടീച്ചറേ അമേരിയ്ക്കയ്ക്ക് കൊണ്ടു പോകാനുള്ള ടൻഷനിലായിരുന്നു മക്കൾ. പക്ഷേ വൈകുന്നേരമായപ്പഴേയ്ക്കും ടീച്ചർ ഉഷാറായത്രേ. സ്കൂളിലെ പഴയ ഓർമ്മകൾ ആണ് കാരണം. മക്കൾ നന്ദി പറഞ്ഞു. അങ്ങിനെ ടീച്ചർ പോയി. പിന്നെ ഞാൻ ടീച്ചറെക്കണ്ടിട്ടില്ല.

No comments:

Post a Comment