Wednesday, July 29, 2020

എൻ്റെ അന്തോനിയും കുഞ്ഞ റോതയും [നാലുകെട്ട് -268]എനിക്കോർമ്മ വച്ച കാലം മുതൽ അന്തോനി ഇങ്ങിനെ തന്നെ. ഒരു മാറ്റവുമില്ല. ഈ എൺപതാം വയസിലും തലമുടി നരച്ചിട്ടില്ല. പല്ല് പോയിട്ടില്ല. കുട്ടിക്കാലം മുതൽ ഈ തറവാട്ടിലെ പണിക്കാരനാണ്. കൃഷിപ്പണി മുഴുവൻ അന്തോനി യുടെ മേൽനോട്ടത്തിലാണ്. പാടത്തു പണി.കാള കളെ പരിപാലിക്കൽ, കാളപൂട്ട്, ഞവരി അടി എല്ലാം അന്തോനിയാണ് ചുക്കാൻ പിടിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് കറ്റ കൊണ്ടു വയ്ക്കാൻ മുറ്റം ചാണകം കൊണ്ട് മെഴുകി. നടുക്ക് കുറ്റി നാട്ടി അതിൽ കെട്ടി ഉറപ്പിച്ച മുളയിൽപ്പിടിച്ചാണ് കറ്റ മെതിയ്ക്കുന്നത്.മെതി കഴിഞ്ഞാൽ പതം അളന്നു കൊടുക്കുന്നത് അന്തോനിയാണ്. ചിലർക്ക് അന്തോനി കൂടുതൽ കൊടുക്കും. അതച്ഛൻ അനുവദിച്ചിട്ടുള്ളതാണ്അന്തോനി യുടെ വിവാഹത്തിൻ്റെ കഥ രസമാണ്. അന്തോനി യുടെ അച്ഛൻ്റെ ആദ്യ പുത്രനാണ് അന്തോനി.അതു പോലെ കുഞ്ഞ റോതയുടെ അമ്മയുടെ ആദ്യപുത്രിയാണ് കുഞ്ഞ റോത. പിന്നെ അന്തോനി യുടെ അച്ഛനും കുഞ്ഞ റോതയുടെ അമ്മയും വിവാഹം കഴിച്ചു. അച്ഛൻ്റെയും അമ്മയുടേയും വിവാഹം കഴിഞ്ഞാണ് അന്തോണിയും കുഞ്ഞ റോതയും വിവാഹിതരാകുന്നത്. സത്യത്തിൽ വിവാഹം കഴിക്കുമ്പോൾ രണ്ടു പേരും തമ്മിൽ ഒരു ബന്ധവുമില്ല.അന്തോനി യുടെ പാളത്തൊപ്പി രസമാണ്. അതിനുള്ളിൽ അനേകം രഹസ്യ അറകളുണ്ട്. അന്തോനിയുടെ സബാദ്യം മുഴുവൻ അതിലാണ്. അതുപോലെ മുറുക്കാനും. അന്തോനി കുട്ടിക്കാലത്തുണ്ടാക്കിത്തന്ന തൊപ്പി ഈ അടുത്ത കാലം വരെ സൂക്ഷിച്ചു വച്ചിരുന്നു. പകലന്തിയോളം പണി എടുത്ത് വൈകിട്ട് ഷാപ്പിൽപ്പോയി രണ്ടു പേരും കള്ളുകുടിയ്ക്കും.നാട്ടിലെ കള്ളുഷാപ്പ് ഒരു കുപ്പി കള്ളു കുടിച്ച് ഉത്ഘാടനം ചെയ്തത് അന്തോണിയാണ്. " സ്ഥാപകൻ " എന്ന സ്ഥാനപ്പേർ ചാർത്തിക്കൊടുത്ത് എല്ലാ ദിവസവും രണ്ടു കുപ്പി ക്കള്ള് സൗജന്യമായി സ്ഥാപകന് കൊടുത്തിരുന്നു. രാത്രി ചൂട്ടും കത്തിച്ച് പാട്ടും പാടി വരുന്ന അവരുടെ രൂപം ഇന്നും ഓർമ്മയിലുണ്ട്. കാലയവനികക്കുള്ളിൽ മറഞ്ഞ കാർന്നോന്മാർക്കൊപ്പം മനസിൽ എൻ്റെ പ്രിയപ്പെട്ട അന്തോനിക്കും ഒരു സ്ഥാനമുണ്ട്

No comments:

Post a Comment