Sunday, July 26, 2020
ആരണ്യകാണ്ഡം [ കീ ശക്കഥകൾ -177 ]ആരണ്യകാണ്ഡത്തിന് തയാറാകേണ്ടിരിക്കുന്നു. മഹാനഗരത്തിൽ മഹാമാരി. ഞാനും എൻ്റെ സീതയും തയ്യാറായി. നാട്ടിൻ പുറത്തുള്ള തറവാട്ടിലെക്ക്.വിശാലമായ നാലുകെട്ട്. പന്ത്രണ്ട് ഏക്കറോളം പരന്നു കിടക്കുന്ന തറവാട്ടുവളപ്പ്. അവിടെ അച്ഛനും അമ്മയും മാത്രം. പണ്ട് ഇവിടെ എത്തുമ്പോൾ അവൾക്ക്ആകെ വിമ്മിഷ്ട്ടമായിരുന്നു. പക്ഷേ ഇന്നവൾ ഈ അന്തരീക്ഷം ആസ്വദിക്കുന്നു.വലിയ മാനംമുട്ടി പടർന്നു പന്തലിച്ചു കിടക്കുന്നവന്മരങ്ങൾ മാവും., പ്ലാവും, തേക്കും അരയാലും പേരാലും, ഇലഞ്ഞിയും എല്ലാമുണ്ട്. എല്ലാം സൂര്യഭഗവാനെ ഭൂമി കാണിക്കിയ്ക്കില്ല എന്ന വാശിയിൽ പടർന്നു നിൽക്കുന്നു. ശാപമോക്ഷം കാത്ത് അഹല്യകൾ അനവധി കുയിലിൻ്റെ ഗാനവും മയിലിൻ്റെ ന്യത്തവും. അണ്ണാറക്കണ്ണൻ്റെ ഛിൽഛിൽ ആരവം. പായൽ കയറി കാടുപിടിച്ചു കിടക്കുന്ന ഇല്ലക്കുളം. ഇടിഞ്ഞു വീഴാറായ കുളപ്പുര മാളിക. നീർക്കോലിയും, തവളയും മത്സ്യവും നിറഞ്ഞ കുളത്തിലിറങ്ങാൻ ആദ്യം അവൾക്ക് പേടി ആയിരുന്നു.അമ്മയുണ്ടാക്കിയ നീലീ ഭൃംഗാദിതേച്ച് കാലത്ത് അമ്മയുടെ കൂടെ തുടിച്ചു കളിയ്ക്കുമ്പോൾ നഷ്ടപ്പെടുത്തിയ കാലങ്ങളോർത്ത് അവൾ ദുഖിക്കുന്നതായി തോന്നി.നിഷ്ക്കളങ്കതയുടെ പ്രതീകമായ എൻ്റെ ഗ്രാമം.ഇവിടെ മാരീചവേഷത്തിൽ സ്വർണ്ണ മാനുകളില്ല, കപടവേഷധാരി ആയ സ്ത്രീജിതനായ രാവണന്മാരില്ല. പെൺകെണി ഒരുക്കാൻ ശൂർപ്പണ കമാരില്ല. ഒരുത പോവനം പോലെ പാവനമായ ഗ്രാമഭംഗി. സർപ്പക്കാടിനടുത്തുള്ള പർണ്ണശാല വള്ളികയറി മൂടിക്കിടക്കുന്നു. പടർന്നു പന്തലിച്ച നെന്മേനിവാകമരത്തിൻ്റെ ചുവട്ടിൽ ആവള്ളിക്കുടിലിന് ഒരു സ്വർണ്ണ നിറം വന്ന പോലെ. കരിങ്കല്ലിൽ ഒരിരിപ്പിടം. ഒരു ചെറിയ ഉഞ്ഞാൽ.സെറ്റുമുണ്ടുടുത്ത് പത്തൂവും ചൂടി അജ്ഞനക്കണ്ണെഴുതി.നാൽപ്പാമരക്കുറിയും തൊട്ട് എൻ്റെ സീത. അവൾ ആ കെ മാറി.നടുമുറ്റത്തിൻ്റെ ഒരു മൂലയിൽ നാരായണക്കിളിയുടെ മണ്ണൂ കൊണ്ടുള്ള ഒരു കൂടുണ്ട്. അതിൻ്റെ ചടുലചലനങ്ങൾ നോക്കിയിരിക്കുക സകരമാണ്. കുറുകി കാലിനടിയിൽ സ്നേഹം കൂടുന്ന കുറിഞ്ഞി പൂച്ചയും ഇന്നവളുടെ കൂട്ടുകാരിയാണ്. നന്ദിനി പ്പശുവിൻ്റെ കിടാവിനൊപ്പം ഓടിക്കളിക്കുന്ന അവൾക്ക് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു.നല്ല നാടൻ ചെമ്പാവിൻ്റെ പൊടിയരിച്ചൊർ വിഷമയമല്ലാത്ത പച്ചക്കറി, ശുദ്ധമായ ജലം, പാല് അതു പോലെ പരിശുദ്ധമായ പ്രാണവായു.പത്തിലത്തോരൻ...... ഇവിടെ ഒരു മഹാമാരിയും അടുക്കില്ല. ഈ നല്ല അന്തരീക്ഷം ആസ്വദിക്കാൻ ഒരു മഹാമാരിവേണ്ടി വന്നു എന്നത് വിരോധാഭാസം. അച്ഛൻ്റെയും അമ്മയുടേയും കരുതൽ കരുത്താകുന്നത് ഞങ്ങളറിഞ്ഞു." ആര്യപുത്രാ... നമുക്ക് ഈ വനവാസം അവസാനിപ്പിക്കണ്ടന്നു വച്ചാലോ? ബാംഗ്ലൂരെ ഫ്ലാറ്റ് നമുക്ക് വിൽക്കാം. എന്നിട്ട് ജീവിതകാലം മുഴുവൻ നമുക്ക് ഈ ആരണ്യകാണ്ഡത്തിൽ വസിക്കാം"ഞാനവളെ മാറോടണച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment