Friday, July 24, 2020

കൊറോണാദേവിയും യമധർമ്മനും [കീ ശക്കഥകൾ - 175]"മഹാരാജൻ അങ്ങയെ മുഖം കാണിക്കാൻ ഒരാൾ വന്നിരിക്കുന്നു.""ആരാണ് ചിത്രഗുപ്തൻ ഇത്ര രാവിലെ.""കൊറോണാദേവി എന്നാ പറഞ്ഞത്. ""അയ്യോ എന്തിനാ കടത്തിവിട്ടേ? അവളെ മുഖം കാണിച്ചാൽപ്പണികിട്ടും. സകലരേയും കൊന്നൊടുക്കിയിട്ടേ അവൾ പോകൂ. അന്നൊരിക്കൽ ശിവഭഗവാൻ തൃക്കണ്ണു തുറന്ന് എന്നെ ദഹിപ്പിച്ചപ്പോൾ ഭൂമിയിലുണ്ടായ പുകില് നിനക്ക് ഓർമ്മയില്ലേ?""എന്തോ സഹായം ചോദിച്ചാണ് അതു കൊടുത്തു കഴിവതും വേഗം ഒഴിവാക്കൂ,,,." വരാൻ പറയൂ. ഇരിപ്പിടം കുറേ ദൂരെ മാറ്റി ഇട്ടാൽ മതി"കാലൻ്റെ തിരുമുമ്പിൽ കൊറോണാദേവി ഉപവിഷ്ടയായി.മാസ്ക്ക് ധരിച്ച് യമധർമ്മരാജാവും ചിത്രഗുപ്തനും സുരക്ഷിത അകലം പാലിച്ച് ഇരുന്നു."എന്താണ് വേണ്ടത്. വേഗം പറഞ്ഞ് സ്ഥലം വിടൂ.""ഞാൻ ഭൂമിയിൽ എൻ്റെ വിളയാട്ടം തുടങ്ങി. ഇനി അങ്ങേയ്ക്ക് നല്ല തിരക്കായിരിക്കും, ഇനി ഈ പഴയ രീതി, പോത്തും കയറും ഒക്കെ ഒന്നു മാറ്റി കുറച്ചു കൂടെ ഹൈടെക് ആക്കൂ.അതു പോലെ സ്വർഗ്ഗത്തിലും നരകത്തിലും കൂറേക്കൂടി സ്ഥലം കണ്ടെത്തണ്ടി വരും.""എനിക്ക് പണി തരുന്നത് ഇവിടെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്.ഇതവസാനിപ്പിക്കാറായില്ലേ?""ഇല്ല ഞാൻ തുടങ്ങിയിട്ടേ ഒള്ളു. മനുഷ്യൻ സകല സീമകളും ലംഘിക്കുന്നു. അവനാരേയും പേടിയില്ല. ദൈവത്തെപ്പോലും. അവൻ സ്വന്തം കാര്യം മാത്രം നോക്കി മറ്റു ജീവജാലങ്ങളേയും പ്രകൃതി വിഭവങ്ങളേയും നശിപ്പിച്ചുള്ള ഈ തേരോട്ടം അവസാനിപ്പിച്ചേ തീരൂ. അവനൊരു പണി കൊടുത്തില്ലങ്കിൽ അവൻ ലോകം മുഴുവൻ നശിപ്പിക്കും.""കേരളത്തിലാണെനിക്ക് പണി കിട്ടിയത്. അവിടുത്തെ ആരോഗ്യ സംവിധാനവും അതു കൈകാര്യം ചെയ്യുന്നവരും ലോകത്ത് ഏറ്റവും മെച്ചപ്പെട്ടതാണ്. പണ്ട് എൻ്റെ ചേച്ചി " നിപ്പ" യെ അവർ നിഷ്പ്രയാസം തുരത്തിയതാണ്. ആ ടീച്ചറമ്മയോടുള്ള പക അന്നു തുടങ്ങിയതാണ്. ഇത്തവണ അവരെ ഞാൻ മുട്ടുകുത്തിക്കും""അവരെ തോൽപ്പിക്കുക അത്ര എളുപ്പമല്ല. എനിക്കു തന്നെ അവിടെ പണി കുറവാ ""അതിനൊരു മാർഗ്ഗമുണ്ട്. അവർക്ക് സെൻസേഷണലായ ഒരു പൈങ്കിളി കഥ കിട്ടിയാൽ ചാനലുകാരും ജനങ്ങളും അതിൻ്റെ പുറകേ പൊയ്ക്കൊള്ളും. വിവാദങ്ങൾ ഇഷ്ടമുള്ളവരാണവർ. രാജ്യതാത്പ്പര്യം പോലും മറന്ന് അവർ രാഷ്ട്രീയ വിരോധം തീർക്കാൻ ഈ മസാലക്കൂട്ട് അന്യോന്യം ഉപയോഗിക്കാൻ തുടങ്ങും. അങ്ങിനെ എന്നിൽ നിന്ന് ശ്രദ്ധ മാറുമ്പോൾ ഞാൻ കയറി മേയും ""ഞാൻ സർവ്വ സന്നാഹവുമായി കൂടെ ഉണ്ടാകും. പക്ഷേ അവരുടെ ശ്രദ്ധ താത്ക്കാലികമായി മാറിയാലും അവർ വളരെപ്പെട്ടന്ന് ലൈനിൽ വരും. അവരെ തോൽപ്പിക്കുക എളുപ്പമല്ല.""അതാണ് ഉടനേ വേണ്ടത് ചെയ്യണം എന്നു പറയാനാ ഞാൻ വന്നത്. ""പക്ഷേ നിന്നെ നശിപ്പിക്കാൻ ഉള്ള രാസായുധത്തിൻ്റെ ഗവേഷണത്തിലാണവർ. അതു വിജയിച്ചാൽ നിൻ്റെ കാര്യം പോക്കാ"."മനുഷ്യരുടെ കിടമത്സരവും,ബിസിനസ് താത്പര്യവും കൊണ്ട് ഒരു രാജ്യം കണ്ടു പിടിച്ചാൽത്തന്നെ ശത്രുക്കൾ അത് ഹാക്കു ചെയ്ത് നശിപ്പിച്ചു കൊള്ളും."

No comments:

Post a Comment