Thursday, February 20, 2020

ആർട്ടിസ്റ്റ് നമ്പൂതിരി

അച്ചുവിൻ്റെ ഡയറിയുടെ നാൾവഴിയിലൂടെ [ഭാഗം-4 ]

അച്ചുവിൻ്റെ ഡയറിക്ക് മാടമ്പ് കുഞ്ഞിക്കട്ടേ ട്ടൻ്റെ അവതാരിക കൂടി കിട്ടിയപ്പോൾ എൻ്റെ ആത്മവിശ്വാസം കൂടി.ഒരിക്കലും നടക്കാത്ത മോഹത്തിനു പുറകേ പോവുക എൻ്റെ ഒരു സ്വഭാവമാണ്. നമ്മൾ ഒരു കാര്യം വേണമെന്നുറപ്പിച്ചിറങ്ങിയാൽ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ നിൽക്കും." ആൽക്കമിസ്ററി " ലെ ആപ്തവാക്യം. ഞാനതു വിശ്വസിക്കുന്ന ആളാണ്‌.
എൻ്റെ ആദ്യ പുസ്തകത്തിന് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഒരു വര കൂടി കിട്ടിയിരുന്നെങ്കിൽ! അതിമോഹമാണന്നറിയാം. എനിക്കദ്ദേഹത്തെ നേരിട്ടറിയില്ല. പക്ഷേ ആ ലോകോത്തര ആർട്ടിസ്റ്റിനെ എനിക്കറിയാം. അദ്ദേഹത്തിൻ്റെ മകനുമായിപ്പരിചയം ഉണ്ട്.എം.ടി.യുടെ രണ്ടാമൂഴത്തിനും മറ്റു പല ക്ലാസിക്കുക ൾ ക്കും മാറ്റുകൂട്ടിയത് അദ്ദേഹത്തിൻ്റെ മാന്ത്രിക വിരലുകളാണ്. പത്മരാജൻ്റെ "ഗന്ധർവനും "രൂപം നൽകിയതദ്ദേഹമാണ്.
അദ്ദേഹത്തെ കാണാൻ പോവുക തന്നെ.വി.കെ.എൻ പറഞ്ഞ ആ വരയുടെ വാസുദേവനെ പ്പോയിക്കണ്ടു.കല്ലും മുള്ളും നിറഞ്ഞ ഈ അവൽപ്പൊതി കാക്കൽ വച്ചു. യാതൊരു ജാഡയുമില്ലാത്ത ആ അതുല്യ കലാകാരൻ്റെ സ്വീകരണം എന്നെ അത്ഭുതപ്പെടുത്തി.
"ഞാനിപ്പോൾ പുതിയവർക്കുകൾ ഏറ്റെടുക്കാറില്ല. ഏറ്റെടുത്തത് ഒത്തിരി തീർത്തു കൊടുക്കാനുണ്ട്. അനിയ നിത് ഇവിടെ വച്ചോളൂ ഞാൻ നോക്കട്ടെ." അദ്ദേഹത്തിൻ്റെ ഒരു കരസ്പർശ്ശത്തിനു വേണ്ടി എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയാറാണു്.

ദിവസങ്ങൾ കഴിഞ്ഞു ഒരു ദിവസം അച്ചുവിൻ്റെ ഡയറിക്കുവേണ്ട ചിത്രങ്ങൾ വരച്ച് എൻ്റെ മരുമകൻ [ കൈതമറ്റം രാജ് കുമാർ ] വശം കൊടുത്തുവിട്ടു. സത്യത്തിൽ സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയ തന്നേരമാണ്. ഒരെഴുത്തുകാരന് ആവിലപിടിച്ച നിധിയുടെ മൂല്യം എത്ര വലുതാണന്ന് ബാക്കി ഉള്ളവർക്ക് മനസിലായിക്കൊള്ളണമെന്നില്ല. അച്ചുവിൻ്റെ ഡയറിയുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ല് അങ്ങിനെ പിന്നിട്ടു.ആ അതുല്യ ചിത്രകാരൻ്റെ പാദങ്ങളിൽ മനസുകൊണ്ട് ഒരായിരം വട്ടം നമസ്ക്കരിച്ചിട്ടുണ്ടാവും അല്ലാതെ നമസ്ക്കരിക്കാൻ അന്നദ്ദേഹം അനുവദിച്ചില്ല. അന്ന് പിടിച്ച് ഒപ്പമിരുത്തുകയാണ് ചെയ്തത്

No comments:

Post a Comment