അച്ചുവിൻ്റെ ഡയറിയുടെ നാൾവഴികളിലൂടെ [ ഭാഗം -1 ]
എൻ്റെ "അച്ചുവിൻ്റെ ഡയറി " പ്രകാശനം ചെയ്തിട്ട് ഇന്ന് കൃത്യം മൂന്നു വർഷം. 2012 മുതൽ ആണ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമായത്.ഇതിനിടെ അമേരിക്കയിൽ മോളുടെ കൂടെ കുറേ നാൾ താമസിക്കാനിടയായി. അവിടെ വച്ചാണ് അച്ചു എന്ന കഥാപാത്രം മനസിൽ കടന്നു കൂടിയത് മകളുടെ മകൻ്റെ കുസൃതിയും, അവന് നാടിനോടുള്ള സ്നേഹവും ആ കഥാപാത്രത്തിനു രൂപം നൽകാൻ സഹായിച്ചു. ഇൻഡ്യൻ വംശജരായ അവൻ്റെ കുറേ കൂട്ടുകാരെപ്പരിച യപ്പെടാനിടയായി.അച്ചു അവൻ്റെ മുത്തശ്ശനോട് സംവദിക്കുന്ന രീതിയിലാണ് അതിൻ്റെ ആഖ്യാനം.ഇവിടെ മുത്തശ്ശൻ കേൾവിക്കാരൻ മാത്രം.
ഇവരുടെ ഒക്കെ ചിന്തകളും അവരുടെ ഗൃഹാതുരത്വവും എല്ലാം അച്ചുവിൻ്റെ ഡയറിയിൽ വിഷയമായി. അത് ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തു. അതിനു കിട്ടിയ സ്വീകാര്യത എനിക്കാവേശം പകർന്നു. അച്ചുവിനെ വായനക്കാർ നെഞ്ചിലേറ്റിയപ്പോൾ അത് വളരെപ്പെട്ടന്ന് 100 എപ്പിസോഡ് പിന്നിട്ടു. ആദ്യം ഒരു തമാശിന് തുടങ്ങിയത് കാര്യമായി. ഒരെപ്പിസോഡ് വൈകിയാൽ ആൾക്കാർ അന്വേഷിച്ചു തുടങ്ങി.അമേരിക്കയിൽ കേരളത്തിൽ നിന്നു വന്ന പ്രവാസികളെല്ലാം അവരു ടെ കുട്ടികളിൽ അച്ചുവിനെക്കണ്ടു.നാട്ടിലുള്ളവർ തങ്ങളുടെ പേരക്കുട്ടികളെ അച്ചുവിൽകൂടി കണ്ടാസ്വദിച്ചു. ഒരു ബാലസാഹിത്യം എന്നതിലുപരി അത് " സ്മാർട്ട് പേരൻ്റിഗ് " എന്നുള്ള രീതിയിൽ കൂടി വായനക്കാർ ആ കൃതിയെ വിലയിരുത്തിത്തുടങ്ങി. അവിടെ ഒരെഴുത്തുകാരൻ്റെ ഉത്തരവാദിത്വം കൂടുകയായിരുന്നു
ആ സമയത്ത് ശ്രീ.കെ.സി. നാരായണനുമായി സംസാരിക്കാനിടയായി. അദ്ദേഹമാണ് ഇതൊരു പുസ്തകമാക്കിയാലോ എന്നുള്ള ചിന്ത എന്നിൽ രൂപപ്പെടുത്തിയത്.പിന്നെ അതിനുള്ള ഒരു പരക്കംപാച്ചിൽ ആയിരുന്നു.ഇതിൻ്റെ കോപ്പിയുമായി ഒരവതാരികക്കായി ശ്രീ.മാടമ്പ് കുഞ്ഞിക്കുട്ടനെ സമീപിച്ചു. അദ്ദേഹം അതൊന്ന് ഓടിച്ചു നോക്കി. അവതാരിക എഴുതിത്തരാമെന്ന് സമ്മതിച്ചു.
പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗലയുടെ ചേച്ചി അന്ന് അമേരിക്കയിൽ ആണ്.അച്ചുവിൻ്റെ ഡയറി അവർ സ്ഥിരം വായിക്കാറുണ്ട്. മോളാണ് അതവതരിപ്പിച്ചത് " അച്ഛന് ഈ പുസ്തകത്തിന് സുമംഗലൂടെ ഒരാസ്വാദനം കിട്ടാൻ മോഹമുണ്ടന്ന് " അപ്പൊൾത്തന്നെ വിളിച്ചു പറഞ്ഞ് എന്നോട് ചെല്ലാൻ പറഞ്ഞു. എനിക്കാ അമ്മയുടെ മുമ്പിൽ ഇരിക്കാൻ പോലും ധൈര്യമില്ലായിരുന്നു. അവരെന്നെ അടുത്ത് പിടിച്ചിരുത്തി.ഞാൻ കോപ്പി കൊടുത്ത് മടിച്ച് മടിച്ച് കാര്യം പറഞ്ഞു. ഇവിടെ വച്ചോളൂ ഞാൻ വായിച്ചു നോക്കട്ടെ. വിളിക്കാം. ഞാനവിടുന്ന് പൊന്ന് മൂന്നാം ദിവസം എനിക്ക് ഫോൺ വന്നു. അച്ചുവിൻ്റെ ഡയറി ഇഷ്ടായി, ഒരാസ്വാദനം എഴുതി വച്ചിട്ടുണ്ട്. എങ്ങിനെയാ എത്തിച്ചു തരുക. ജീവിതത്തിൽ സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം. ഞാനതു വാങ്ങി താണു നമസ്ക്കരിച്ചപ്പോൾ പിടിച്ചെഴുനേൽപ്പിച്ച് അനുഗ്രഹിച്ചു. "നന്നായിട്ടുണ്ട് ഇതിവിടം കൊണ്ട് നിർത്തരുത് തുടരണം. ആ അനുഗ്രഹം ഇന്നും എൻ്റെ കൂടെ ഉണ്ട്.ഇന്ന് അച്ചുവിൻ്റെ സയറിയുടെ മൂന്നാം ഭാഗത്തിൻ്റെ ശ്രമത്തിലാണ്. ഫെയ്സ് ബുക്കിൽ 328 ലധികം എപ്പിസോഡായി തുടരുന്നു.
No comments:
Post a Comment