Monday, February 3, 2020

നിപ്പൻ. [കീ ശക്കഥകൾ - 105 ]

നിപ്പൻ ചാക്കോ എന്നാണ് വിളിപ്പേര്.ആ വിളി കേൾക്കാൻ മൂപ്പർക്കും സന്തോഷം. എന്നും രണ്ടു നേരവും പറ്റുമെങ്കിൽ ഇടനേരവും ചാക്കോയ്ക്ക് മദ്യം വേണം. നല്ല വീര്യം കൂടിയതു തന്നെ. അതിന് കൂടുതൽ നേരം കാത്തിരിയ്ക്കാനൊന്നും പറ്റില്ല."നിപ്പൻ " ആണിഷ്ടം. ബാറിന്റെ കൗണ്ടറിൽപ്പോയി മദ്യം വാങ്ങി ഒറ്റ വലി. നിന്ന നിൽപ്പിൽ. കഴിവതും വേഗം പൂസാകണം. എന്നിട്ട് കവലയിൽച്ചെന്ന് വലിയ വായിൽ രണ്ടു വർത്തമാനം പറയണം. ആരെ എങ്കിലുമൊക്കെ വെല്ലുവിളിക്കണം. ഞാൻ കഴിച്ചിട്ടുണ്ടന്നുള്ളത് ബാക്കി ഉള്ളവരെ അറിയിയ്ക്കണം. ഒരു ശരാശരി മലയാളിക്ക് എല്ലാത്തിനോടും ആസക്തിയാണ്. ഇഷ്ടമല്ല.ചാക്കോ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. ആഹാരം വലിയ നിർബ്ബന്ധമില്ല. കിട്ടിയാൽ വെട്ടി വിഴുങ്ങും. മകൾ അമേരിക്കയിലാണ്.ക്യാഷിന് പഞ്ഞമില്ല.

അങ്ങിനെ വിലസി യി രു ന്ന കാലത്ത് ഒരിയ്ക്കൽ മകൾ ചാക്കോയെ അമേരിയ്ക്കക്കു കൊണ്ടുപോയി. അവിടെ എല്ലാ വീട്ടിലും ഫ്രിഡ്ജ് നിറയെ മദ്യം. ചില വീട്ടിൽ ബാർ തന്നെയുണ്ട്. കൂട്ടുകാരൻ പറഞ്ഞതാണ്. . ആദ്യം മടിച്ചെങ്കിലും പോയി. വിമാനത്തിൽ നിന്നിറങ്ങിയപ്പഴേ നല്ല തണുപ്പ്.വീട്ടിലെത്തിയപ്പഴേ ആ വലിയ ഫ്രിഡ്ജിൽ ചാക്കോയുടെ കണ്ണുടക്കി.ഓടിച്ചെന്ന് ഫ്രിഡ്ജ് തുറന്നു. എന്ത് അതിൽ മദ്യത്തിന്റെ ഒരു തരിപോലുമില്ല.
" അപ്പനെന്താ തിരയുന്നേ? ഉച്ചയ്ക്ക് ഊണിനു മുമ്പ് എത്തിയ്ക്കാം " മോൾക്ക് കാര്യം പിടികിട്ടി. " ഇത്ര രാവിലെ ആരെങ്കിലും കഴിക്കുമോ?"
ഉച്ചവരെ എങ്ങിനെ കാത്തിരുന്നു എന്ന് ചാക്കോയ്ക്കറിയില്ല. ആഹാരം മേശപ്പുറത്ത് നിരത്തി. നോൺ വെജിറേററിയൻ തന്നെ. പക്ഷേ എന്തുമാത്രം വെജിറ്റബിൾ സാലഡാണ്. കൂടെ. എല്ലാവരും മേശക്ക് ചുറ്റുമിരുന്നു. ആഹാരസാധനങ്ങൾ ഒന്നൊന്നായി വിളമ്പി.ചാക്കോ അക്ഷമനായി. അവസാനം മരുമകൻ സ്കോച്ചു വിസ്ക്കിയുടെ ഒരു കുപ്പി പുറത്തെടുത്തു. "ഒരു ആപ്പിറ്റൈസർ ആകാം "
കോണിക്കൽ ആകൃതിയിലുള്ള ഗ്ലാസ് നിരത്തി. എല്ലാവർക്കും ഒരു പെഗ് വീതം പകർന്നു. ഐസും തണുത്ത വെള്ളവും പകർന്നു." ടേബിൾ മാനേഴ്സ് മറക്കരുത്" മോളു പറഞ്ഞതോർത്തു. അവസാനം എല്ലാവരും ഗ്ലാസ് കയ്യിലെടുത്ത് ചിയേഴ്സ് പറഞ്ഞു ഒരു സിപ്പെടുത്തു. ആർക്കും ഒരു ധൃതി യുമില്ല. സാവകാശം എല്ലാവരും ആഹാരം കഴിച്ചു തുടങ്ങി.ചാക്കോ പെട്ടന്ന് ഗ്ലാസ് കാലിയാക്കി. ഛെ.. ഇതു തൊണ്ണനനയാനില്ലല്ലോ. പതുക്കെ മനസിൽപ്പറഞ്ഞു.അടുത്ത പെഗ് ഒഴിക്കാൻ തുടങ്ങിയപ്പഴേ ചാക്കോ കുപ്പി വാങ്ങി അടുത്തിരുന്ന വലിയ ബിയർ ഗ്ലാസിൽ പകുതിയിലധികം പകർന്നു. കുറച്ചു വെള്ളവും ചേർത്ത് ഒരൊറ്റ വലി.എല്ലാവരും പകച്ചു നോക്കുന്നുണ്ട്.ചാക്കോ ശ്രദ്ധിക്കുന്നേയില്ല. വീണ്ടും ചാക്കോ കുപ്പി കയ്യിൽ എടുത്തു.
" അപ്പാ "മോളുടെ ശബ്ദം. അവൾ സാവധാനം കയ്യിൽ പിടിച്ചു.. പ്ലീസ്.......

No comments:

Post a Comment