Wednesday, February 22, 2023

അൽ അഹീദി ഫോർട്ട് - ഇന്നൊരു ചരിത്ര മ്യൂസിയം [ ദൂബായ് ഒരത്ഭുത ലോകം - 4 1] ദൂബായി എന്ന അത്യന്താധുനിക രാജ്യത്തു നിന്ന് ഒരു കാലാന്തര യാത്ര നടത്തിയാലോ? നൂറു കണക്കിന് വർഷങ്ങൾ പിന്നിലേക്ക് .! എണ്ണ കണ്ടു പിടിയ്ക്കുന്ന തിനു വളരെ മുമ്പുള്ള കാലഘട്ടത്തിൻ്റെ അവശേഷിപ്പുകൾ ആ പഴയ കോട്ടയിൽ അവർ ഒരുക്കിയിരിക്കുന്നു. കോട്ടയ്ക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു പഴയ പായ്ക്കപ്പലും കടന്ന് നമുക്ക് അകത്തേയ്ക്ക് പ്രവേശിയ്ക്കാം.ദൂബായിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം. ഏതോ രാജാവിൻ്റെ കാലത്തു പണിത ആ കോട്ട ഇന്നും വലിയ കേടുപാടുകൾ ഇല്ലാതെ സംരക്ഷിച്ചിരിയ്ക്കുന്നു. അതിനുള്ളിലെ നാലായിരത്തോളം ചതുരശ്ര മീററർ സ്ഥലത്ത് അവർ അവരുടെ ഭൂതകാലം ശരിക്കും സന്നിവേശിപ്പിച്ചിരിയ്ക്കുന്നു. പഴയ വീടുകൾ, സ്കൂൾ, പള്ളി, സൂക്കുകൾ, ഈന്തപ്പഴ ഫാമുകൾ എന്നു വേണ്ട അന്നത്തെതെല്ലാം അതേപടിക്ക അവിടെക്കാണാം. മൂവ്വായിരം ബി.സിയിലെ വരെയുള്ള പാത്രങ്ങൾ അൽഭുതപ്പെടുത്തി.ഗോത്ര കാലഘട്ടത്തിലെ ആയുധപ്പുരകൾ, പ്രഭുമന്ദിരങ്ങൾ, ചൂടു കുറയ്ക്കുന്നതിനുള്ള കാറ്റാടി ഗോപുരങ്ങൾ എല്ലാം കണ്ട് അകത്തു കയറുമ്പോൾ അതിലും വലിയ അൽഭുതങ്ങൾ നമുക്കായി കാത്തിരിയ്ക്കുന്നതറിയുന്നത്. പഴയ ആയുധങ്ങളും ഗൃഹോപകരളങ്ങളും കണ്ട് ഭൂമിക്കടിയിലെ ഒരു ഗുഹയിലേയ്ക്ക് നമുക്ക് പ്രവേശിക്കാം. അതിൻ്റെ വശങ്ങളിൽ ചലിക്കുന്ന പ്രതിമകളുടെ രൂപത്തിൽ കൊല്ലപ്പണിക്കാരനെയും, മുക്കുവനേയും ,നാവികനെയും, പടയാളികളെയും എല്ലാം കാണാം. അവരവരുടെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന രീതിയിൽത്തന്നെ. ശബ്ദവും വെളിച്ചവും കൊണ്ട് അവർ ആ ഗോത്ര കാലഘട്ടത്തിൻ്റെ അനുഭൂതി നമ്മളിലുളവാക്കുന്നു. പഴയ ആഗോത്ര കാലഘട്ടത്തിൽ നിന്ന് രണ്ടു മണിക്കൂറുകളോടം എടുത്തു പുറത്തിറങ്ങിയിട്ടും അതിൻ്റെ ഒരു " ഹാങ്ങ് ഓവർ " നമ്മെപ്പിന്തുടരുന്നതായിത്തോന്നി.

No comments:

Post a Comment