Wednesday, February 15, 2023
അൽ കുദ്രയിലെ എക്സ്പോ 2020 തടാകം [ ദൂബായി ഒരൽഭുതലോകം .36] ഒരു വലിയ ആഗോള സംഗമം നാട്ടിൽ വരുമ്പോൾ അതിനെ എങ്ങിനെ എല്ലാം വരവേക്കണമെന്ന് ദൂബായി ഭരണാധികാരികൾക്ക് നന്നായറിയാം. എക്സ്പോ 2020 എന്ന 192 ലോക രാഷ്ട്രങ്ങളുടെ സംഗമം ദൂബായിൽ നടക്കുമ്പോൾ അതിനെ എങ്ങിനെ മോടി കൂട്ടാമെന്നത് ഇവർക്ക് ആരും പറഞ്ഞു കൊടുക്കണ്ടതില്ല. ഇന്നും അതിൻ്റെ അടയാളങ്ങൾ അവർ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഉപയോഗിക്കുന്നു. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് എക്സ്പോ ലെയ്ക്ക്. പ്രാചീന കാലത്ത് അവിടെ ഉപയോഗിച്ചിരുന്ന ഒരു കർണ്ണാഭരണത്തിൻ്റെ ആകൃതി ആണ് ആ ലോഗോയ്ക്ക് .ദുബായിൽ പലിടത്തും ഈ ലോഗോ പല രൂപത്തിൽ കാണാം. പക്ഷേ ഈ കൊടും മരുഭൂമിയിൽ ജലം സംഭരിച്ച് ആലോഗോയുടെ ആകൃതിയിൽ ഒരു വലിയ തടാകം നിർമ്മിച്ചപ്പോൾ അതൊരത്ഭുതമായി മാറി.അനേകം ദളങ്ങൾ ഉള്ള ഈ വലിയ തടാകം മനുഷ്യനിർമ്മിതമാണ്. കാർ പാർക്കു ചെയ്ത് മരുഭൂമിയിലൂടെ നടന്നു തടാകക്കരയിൽ എത്താം. അതിൻ്റെ ഒരു ദളം നടന്നു തീർക്കാൻ തന്നെ കുറേ ദൂരമുണ്ട്. അതിനരുകിൽ മനോഹരമായ ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നു. നാലു വശത്ത് നിന്നും ജലത്തിലൂടെ നടന്ന് ലോഗോയുടെ നടുഭാഗത്തെത്താം. ധാരാളം മത്സ്യങ്ങൾ ഓടിക്കളിക്കുന്ന നല്ല തണുപ്പുള്ള ജലം. പക്ഷേ നമ്മൾ ഒരു സ്ഥലത്തു നിന്നു നോക്കുമ്പോൾ അതിൻ്റെ പൂർണ്ണരൂപം കിട്ടില്ല. അത്രക്കു വലിയ പ്രതലമാണ്. വിമാനത്തിൽ വരുന്നവർക്ക് കൃത്യമായി കാണാം.അവരേ വരവേൽക്കാനാണ് ആ കമനീയ ജലാശയം. മുകളിലായി ഒരു വലിയ പവലിയൻ ഉണ്ട്. അതിൻ്റെ വ്യൂ പോയിൻ്റിൽ നിന്നാൽ നോക്കെത്താത്ത മരുഭൂമിക്ക് ഒരു തിലകക്കുറി പോലെ ഇതു കാണാം. ഇവിടം ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെ വന്ന് ടൻ്റു കെട്ടി ബാർബിക്യുസും മററുമായി കൂടിയിരിക്കുന്ന അനേകം കുടുബങ്ങളെ അങ്ങിങ്ങായിക്കാണാം.ജല സാമിപ്യം മനസിലാക്കി ധാരാളം പക്ഷികൾ അവിടെ വന്നു കൂടിയിട്ടുണ്ട്. അവയ്ക്കു കൂടു കൂട്ടാനുള്ള മരങ്ങൾ അവിടെ വളർത്തിയിട്ടുണ്ട്. വരുന്നവർ ആഹാരം കരുതണം. അല്ലങ്കിൽ അവിടെ പാകം ചെയ്യാനുളള സന്നാഹമെങ്കിലും . അതിലേയ്ക്ക് പ്രവേശിയ്ക്കാനുള്ള ഒരു കവാടം കാണണ്ടതാണ്.ധാരാളം കൊത്തുപണികളുള്ള ഒരു കോട്ടവാതിൽ' അതിൻ്റെ രണ്ടു വശവും വലിയ കരിങ്കല്ലു കൊണ്ട് ഉയരത്തിൽ കെട്ടിയിരിക്കുന്നു. അവിടുന്നുള്ള വെള്ളച്ചാട്ടം താഴെയുള്ള ചെറിയ കുളത്തിൽപ്പതിയ്ക്കുന്നു. കുറച്ചു സമയം കൂടി നിൽക്കണമെന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചു പോന്നു. തിരിച്ചുള്ള വഴിയുടെ ഇരുവശങ്ങളിലും മാനുകൾ ഓടിക്കളിക്കുന്നത് കാണാം: മനുഷ്യ പ്രയത്നം കൊണ്ടുള്ള ആ മഹാൽഭുതത്തിന് വിട
Subscribe to:
Post Comments (Atom)
No comments:
Post a Comment