Monday, February 6, 2023

ഒരു ലക്ഷത്തിപ്പതിനായിരം രൂപയുടെ "ഭഗവൽ ഗീത " [ ദൂബായ് ഒരത്ഭുതലോകം -28] എവിടെച്ചെന്നാലും അവിടുത്തെ ഗ്രന്ഥശാലയിലും പുസ്തകശാലയിലും ഒന്നു കയറി ഇറങ്ങും. അങ്ങിനെയാണ് ദൂബായിമോളിലെ "കിനോകുനിയ "ബുക്ക്സ്റ്റാളിൽ കയറിയത് .ഹൗസ് ഓഫ് നിററിഗലിൽ " പബ്ലിഷ് ചെയ്ത ബുക്കുകൾക്കിടെ,അതിൻ്റെ മദ്ധ്യഭാഗത്ത് പാവനമായി അലങ്കരിച്ച് ഒരു വലിയ ഗ്രന്ഥം എന്നെ ഞട്ടിച്ചു കളഞ്ഞു. നമ്മുടെ ആദ്ധ്യാത്മിക [ഭൗതികവും] ഉണർവിൻ്റെ കാരണമായ ആ മഹത് ഗ്രന്ഥം "ഭഗവൽ ഗീത "! അത് വെറുമൊരു ഗ്രന്ഥമല്ല. ഭഗവത് ഗീതയുടെ ആർട്ട് എഡീഷൻ കോപ്പിയാണ് .വിലപിടിപ്പുള്ള ലോഹങ്ങൾ ,മുത്തുകൾ, ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പേപ്പർ, ലോകപ്രസിദ്ധമായ ആർട്ട് പ്രിൻ്റിഗ്. യൂറോപ്പ് ജപ്പാൻ തുടങ്ങി പല രാജ്യങ്ങളുടേയും സാങ്കേതിക മികവ് ഇതിനുപയോഗിച്ചിട്ടുണ്ട്.ഒരു ബുക്കിൻ്റെ ആകൃതിയിലുള്ള കൊത്തുപണികളോടുകൂടിയ ഒരു മനോഹര ലോഹ പേടകമാണതിൻ്റെ കവർ .ഗ്രന്ഥത്തിൻ്റെ അരിക് സ്വർണ്ണം പൂശിയിരിക്കുന്നു. മുകളിലുള്ള ലോഹപ്പൂട്ട് തുറന്നാൽ പുസ്തകം നമുക്ക് വായിക്കാം. അതിൻ്റെ മൂലകൾ സ്വർണ്ണം പൊതിഞ്ഞിരിക്കുന്നു. അതിൽ നൂറ്റി അമ്പതോളം മനോഹര ചിത്രങ്ങൾ. നമ്മുടെ വിജയനഗര സാമ്രാജ്യത്തിലും മറ്റു കാണുന്ന ചിത്രണ ശൈലി. സംസ്കൃതത്തിലും അതിൽ താഴെ ഇഗ്ലീഷിലും പിന്നെ ഹിന്ദിയിലും. ഫലേഛ കൂടാതെ കർമ്മം ചെയ്യാൻ എന്നെ പഠിപ്പിച്ച ആ മഹത് ഗ്രന്ഥത്തെത്തൊട്ടു വണങ്ങിയാണത് ഞാൻ തുറന്നത്. മയിൽപ്പീലിയുടെ ആകൃതിയിൽ സ്വർണ്ണം കൊണ്ടുള്ള ബുക്ക്മാർക്ക് ആ ഗ്രന്ഥത്തിനനുയോജ്യമായിത്തോന്നി. മരം കൊണ്ടുള്ള മനോഹരമായ ഒരു വ്യാസ പീOത്തിലാണ് അത് വച്ചിരിക്കുന്നത്. അതിലെ കൊത്തുപണികൾക്ക് പോലും ഈ പുരാണ ഗ്രന്ഥത്തിൻ്റെ ഒരു പാവന സ്പർശമുണ്ട്. ഒരു ലക്ഷത്തിപ്പതിനായിരം രൂപയാണതിൻ്റെ വില.അതു കുറവാണന്നേ നമുക്ക് തോന്നൂ. ആ ഗ്രന്ഥത്തിൻ്റെ ആന്തരിക മൂല്യത്തിനൊപ്പം ബാഹ്യ മൂല്യവും രൂപപ്പെടുത്തിയ പ്രസാധകരോട് മനസുകൊണ്ട് നന്ദി പറഞ്ഞാണവിടുന്ന് ഇറങ്ങിയത്. ഇങ്ങിനെ ഒന്ന് നേരിൽ കാണാൻ എനിയ്ക്ക് ദുബായിൽ വരണ്ടി വന്നു.

No comments:

Post a Comment