Monday, February 13, 2023

അബൂദാബിയിലെ "മാൻഗരോവ് നാഷണൽ പാർക്ക് " [ ദൂബായി ഒരൽഭുതലോകം - 34] അബൂദാബിയിലെ കണ്ടൽക്കാടുകൾ സംരക്ഷിച്ചിരിക്കുന്നത് കണ്ടു പഠിയ്ക്കണ്ട താണ്. അതൊരു വലിയ വിനോദ സഞ്ചാര കേന്ദ്രമാക്കി അവർ മാറ്റിയിരിക്കുന്നു. യു. എ. ഇ 'ലെ എഴുപത്തി അഞ്ചു ശതമാനം കണ്ടൽക്കാടുകളും ഇവിടെയാണ്. ആവാസ വ്യവസ്ഥക്ക് ഇതെത്ര പ്രാധാന്യമുണ്ടന്നത് അവർ ശരിക്കു മനസിലാക്കിയിരിയുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സയിഡിൻ്റെ അളവു കുറച്ച്‌ രാജ്യത്തെത്തന്നെ സംരക്ഷിക്കുന്നതിന് ഈ വിശാലമായ കണ്ടൽക്കാടുകൾ സഹായിക്കുന്നുണ്ട്. വേലിയേറ്റത്തിൽ നിന്ന് തീരത്തെ സംരക്ഷിക്കുക, ജലം ശുദ്ധീകരിക്കുക എല്ലാം ഇവിടെ പ്രകൃതി തന്നെ ചെയ്യുന്നു. കണ്ടൽമരങ്ങൾക്കിടയിലൂടെ നമുക്ക് രണ്ടു കിലോമീറ്ററോളം നടക്കാം.അറുപതോളം ഇനം പക്ഷികളെ ഇവിടെ കാണാം. സീസണായാൽ ദേശാടനക്കിളികൾ വേറെയും. ഗ്രേറ്റർ ഫ്ലെമിഗോ, വെസ്റ്റേൺ റീഫ് തുടങ്ങി പക്ഷി നിരീക്ഷകർക്ക് ഇവിടെ നല്ല ദൃശ്യവിരുന്നൊരുങ്ങിയിരിക്കുന്നു. ഒരു ഗൈഡിൻ്റെ സഹായം തേടുന്നതാണുചിതം കണ്ടൽക്കാടുകളുടെ മനോഹാരിത മുഴുവൻ ആസ്വദിക്കണമെങ്കിൽ ജലപാത തന്നെ തിരഞ്ഞെടുക്കണം. രണ്ടു പേരാണങ്കിൽ കയാക്കിംഗ് ആണ് നല്ലത്.ഉൾക്കാടുകളിലേയ്ക്കും തുഴഞ്ഞു കയറാം,.ഞങ്ങൾക്ക് മനോഹരമായ ബോട്ട് " അനന്തര "ഹോട്ടൽ തന്നെ ഏർപ്പാടാക്കിയിരുന്നു. അതിൻ്റെ സാരഥി ഹൈദരബാദുകാരനാണ്.അയാൾ തന്നെയാണ് ഗൈയിഡും .ചെറു ചെറു ദ്വീപുകളായി വളർന്ന കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള വിശാലമായ ജലപാതയിലൂടെ ഒന്നോടിച്ചു ചുറ്റി വരാൻ തന്നെ ഒരു മണിക്കൂർ എടുക്കും.പലതരം മത്സ്യങ്ങളും, ആമയും എന്തിത് ഡോൾഫിൻ വരെ ആ ജലാശയത്തിലുണ്ട്. നമ്മുടെ സാരഥി മിടുക്കനാണ്. അയാൾ ഇടയ്ക്ക് ബോട്ടിൻ്റെ സ്റ്റീഡ് പരമാവധി ആക്കി വളച്ചെക്കുമ്പോൾ നമ്മുടെ ഉള്ളൊന്നുകാളും. വശങ്ങളിലുള്ള മരങ്ങളിൽ മുഴുവൻ പക്ഷികൾ കൂട്ടം കൂട്ടമായി ഇരിപ്പുണ്ട്. ഇനി ഒരു നല്ല വീഡിയോ എടുക്കാൻ തയ്യാറായിക്കൊള്ളൂ. അയാൾ കൈ കൊട്ടിയപ്പോൾ ആ പക്ഷികൾ എല്ലാം പറന്നുയർന്നു. ആദിത്യഭഗവാൻ്റെ ചെങ്കിരണങ്ങളെ സാക്ഷിനിർത്തി ആ മനോഹര ദൃശ്യം നമ്മൾ ക്യാമറയിൽപ്പകർത്തി. ബോട്ടിൻ്റെ മുമ്പോട്ടു തള്ളിനിൽക്കുന്നിടത്ത് കയറി ഇരുന്നു നമുക്ക് ഫോട്ടോ എടുക്കാം. ദൂരെ വെള്ളത്തിൽ ഒരു "ഫ്ലോട്ടി ഗ് പ്ലാറ്റ്ഫോം " കാണാം അതിനരുകിൽ അയാൾ ബോട്ടടുപ്പിച്ചു. ആപ്ലാറ്റ്ഫോമിൽക്കയറി ഒരു തടിപ്പാലത്തിലൂടെ നമുക്ക് കണ്ടൽക്കാടുകളുടെ ഉള്ളിലേയ്ക്ക് പോകാം.അത് വേറിട്ടൊരത്ഭവമായിരുന്നു. തിരിച്ചു ബോട്ടിൽക്കയറി. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറയാൻ സമയമായി. അത് ആസ്വദിക്കാൻ പാകത്തിന് അയാൾ ഒരിടത്ത് ബോട്ടെത്തിച്ചു. ലോകത്തെവിടെയും കാണുന്ന ആ മനോഹര ദൃശ്യത്തിന് ഇവിടെ ചാരുത ഏറിയതായിത്തോന്നി. തിരിച്ച് ഹോട്ടലിൽ എത്തിയപ്പോൾ രാത്രി ആയി. അവിസ്മരണീയമായ ആ യാത്ര അവിടെ അവസാനിച്ചു.

No comments:

Post a Comment