Saturday, July 30, 2022
കുറുവ ദ്വീപ് - വയനാടിൻ്റെ കാനന സുന്ദരി [ യാത്രാ നുറുങ്ങുകൾ - 645] കബനീനദിയുടെ കൈവഴികളുടെ കരയിലായി ഏഴോളം ദ്വീപുകൾ. നൂറ്റി അമ്പതോളം ചെറുതുരുത്തുകൾ .തൊള്ളാംയിരത്തി അമ്പത് ഏക്കർ സ്ഥലത്ത് നിരന്നു കിടക്കുന്ന ഈ ഭൂമികയുടെ സൗന്ദര്യം ഏറെ വശ്യമാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് പതിനേഴ് കിലോമീററർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ജൈവ വൈവിദ്ധ്യ മേഖല. അപൂർവ്വ ഓർക്കിട്ടുകളാലും ഹർബൽ പ്ലാൻ്റുകളാലും പക്ഷിമൃഗാദികളാലും ഈ വനഭൂമി ചാരുത ഭാവം തരുന്നു. വനം വകുപ്പിൻ്റെ അനുമതി വേണം അങ്ങോട്ട് എത്താൻ .ഇപ്പോൾ ഫൈബർ ബോട്ടുകൾ ഉണ്ട്.പക്ഷേ മുള കൊണ്ടുള്ള ആ വലിയ ചങ്ങാടമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.അക്കര ഇക്കരെ കെട്ടി ഉറപ്പിച്ചിരിക്കുന്ന വടംവലിച്ചാണ് ചങ്ങാടം ചലിപ്പിക്കുന്നത്. ഒരു ചലിക്കുന്ന ദ്വീപു പോലെ വിശാലം' ശബ്ദമലിനീകരണവുമില്ല. ശാന്തമായ ആ ഓളപ്പരപ്പിലൂടെ ഒഴുകി ഒഴുകി ഒരു യാത്ര. മറക്കില്ല. കാടിൻ്റെ പ്രതിബിംബം വെള്ളത്തിൽ കാണാം. എന്തൊരു മനോഹരമായ കാഴ്ച്ച.ഒരു ത്രിമാനചിത്രം പോലെ മനസിനെ മഥിക്കുന്ന ദൃശ്യം. ഇവിടെ ജനവാസം ഇല്ല.അതിൽ സ്വാഭാവിക നടപ്പാതകൾ മാത്രം. ഇടക്കിടെ പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികൾ കാണാം. അത് നമുക്ക് കാൽനടയായി മുറിച്ചുകടക്കാം. കാട്ടരുവിയുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും മാത്രം കേൾക്കുന്നുള്ളു. അത്ര ശാന്തം. ആഹരിത മനോഹര ഭൂമി നമുക്ക് മാനസികമായി ഒരു പുനർജന്മം നൽകുന്നു. രാവിലെ അവിടെ എത്തിയാൽ വൈകിട്ടു വരെ കാടിനോട് സല്ലപിക്കാം. കാട്ടരുവിയിൽ നീരാടാം. ആനകളും മറ്റു മൃഗങ്ങളും ഉണ്ടങ്കിലും ആ പ്രദേശത്തേക്ക് അവസാധാരണ വരാറില്ല. ഫോറസ്റ്റ് ഗാർഡിൻ്റെ കർശ്ശന നിരീക്ഷണം നമ്മേ കാനന മദ്ധ്യത്തിലേക്ക് പോകുന്നത് തടയുന്നു. ഈ തുരുത്തുകൾക്കിടയിൽ രൂപം കൊണ്ട മനോഹര തടാകങ്ങൾ ഉണ്ട്. തടാകക്കരയിൽ ആ വനസുന്ദരിയുമായി സല്ലപിച്ച് എത്ര സമയം വേണമെങ്കിലും നമുക്ക്ചെലവഴിക്കാം. ജീവിതത്തിലെ ഇതുവരെയുള്ള സമ്മർദ്ദങ്ങൾ എല്ലാം മാറി ഒരു പുനർജന്മത്തോടെ നമുക്ക് അവിടുന്ന് തിരിച്ചു പോരാം
Tuesday, July 26, 2022
തൊള്ളായിരം കണ്ടി- ഒരു വ്യത്യസ്ഥ ഇക്കോ പാർക്ക് [ യാത്രാനുറുങ്ങുകൾ - 644] വയനാടിൻ്റെ വനഭംഗി ആസ്വദിയ്ക്കാൻ 900 കണ്ടിയിൽ തന്നെ പോകണം. സമുദ്രനിരപ്പിൽ നിന്ന് 4612 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാഭാവിക ഇക്കോ പാർക്ക് .മേപ്പാടിയിൽ നിന്ന് 12 കിലോമീററർ.ഈ സ്വാഭാവികസന പ്രദേശത്ത് നമ്മെക്കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. കല്ലാടിയിൽ നിന്ന് ജീപ്പിൽ വേണം യാത്ര. ഒരു വല്ലാത്ത യാത്ര. ശരിക്ക് വഴി ഒന്നുമില്ല.. പാറക്കൂട്ടങ്ങളും കുഴികളും ഇടകലർന്ന ഒരു മലയോരപ്പാത .ഘോരവനത്തിനു നടുക്കു കൂടിയാണ് യാത്ര. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആനയും കാട്ടുപോത്തും പലപ്പഴും വഴിയിൽ ഇറങ്ങി വരും. ആ ജീപ്പിൽ ഭൂമിയിൽ അമ്മാനമാടി പകുതി ദൂരം പിന്നിടുമ്പോൾ മനോഹരമായ ഒരു കാട്ടരു വി കാണാം. ഇറങ്ങിക്കുളിയ്ക്കാൻ മോഹമുണ്ടായിരുന്നു. എപ്പഴും മലവെള്ളപ്പാച്ചിൽ ഉണ്ടാകാം അതുകൊണ്ട് പുഴയിൽ ഇറങ്ങാൻ സമ്മതിച്ചില്ല. നല്ല തണുപ്പ്, കുളിർ കാറ്റ്, ചിലപ്പോൾ താണ്ഡവ രൂപം പുറത്തെടുക്കുന്ന പവനരാജൻ. അങ്ങിനെ ആ ജീപ്പ് യാത്ര അവസാനിച്ചു. ആശ്വാസമായി.ഇനി നടക്കണം. നല്ല മഴയാണ്. അവർ മഴക്കോട്ട് തരും.കോട്ടും ധരിച്ച് കുത്തനേ ഉള്ള കയറ്റം കയറണം. അവിടെയാണ് പ്രസിദ്ധമായ കണ്ണാടിപ്പാലം .ഇൻഡ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ്. 100 അടി നീളം.നൂറ്റിമുപ്പതടി ഉയരം. അതിലൂടെ നടന്നു് ഭൂമിയുടെ അറ്റം വരെ എത്താം എന്നു തോന്നി. കടൽപ്പാലം പോലെ ആ പാലം അവസാനിച്ചിരിക്കുന്നു. അടിയിൽ ഗ്ലാസ് അണ്. അതിലൂടെ നോക്കിയാൽ അങ്ങ് അഗാധതയിൽ മലനിരകൾ കാണാം. കാട്ടുനായ്ക്കരും, കാട്ടാനയും വസിക്കുന്ന ഗ്രാമം,.ആ ഗ്ലാസ് എങ്ങാൻ പൊട്ടിപ്പോയാൽ! അങ്ങേത്തലയ്ക്കൽ നിന്ന് മഴയിൽ കുതിർന്ന് എല്ലാവരും കൂടി ഒരു ഫോട്ടോ എടുത്തു. ലോകം മുഴുവൻ കാൽച്ചുവട്ടിലമർന്നു നിന്നതിൻ്റെ അഹങ്കാരത്തിൽ തിരിച്ചു നടന്നു.അതിനടുത്തു തന്നെ ഒരു ആകാശ ഊഞ്ഞാൽ ഉണ്ട്.ആ മലയുടെ അറ്റത്ത് നിർമ്മിച്ചിരിക്കുന്ന ആ വലിയ ഉഞ്ഞാലിൽക്കയറി ആടാം. രണ്ടു പേർക്കിരിക്കാം. നല്ല കരളുറപ്പുള്ളവർക്ക് മാത്രം പറ്റുന്ന വിനോദം. അതിനടുത്താണ് വേറൊരത്ഭുതം.ഒരാകാശ പവലിയൻ. ഒരു ഇരുമ്പ് കോവണി കയറി മുകളിൽ എത്തി, മ ല യ്ക്കുമുകളിൽ സുരക്ഷിതമായ ഇടത്തിൽപ്പോലും നമ്മേ ഭയപ്പെടുത്തുന്ന അവസ്ഥ. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു ദു:ഖം മാത്രം. എൻ്റെ ക്യാമറയ്ക്കും, എൻ്റെ ഒക്കാബുലറിക്കും ആ വനസുന്ദരിയെ പൂർണ്ണമായും വർണ്ണിക്കാൻ പറ്റില്ല എന്ന ദു:ഖം
Monday, July 25, 2022
എന്നൂര് " - ഒരു ഗോത്ര പൈതൃകഗ്രാമം [ യാത്രാ നുറുങ്ങുകൾ - 643] വയനാടിൻ്റെ വന്യമായ സൗന്ദര്യം നുകർന്ന് ഒരാഴ്ച്ച.ആദ്യo ഒരു ആദിവാസി ഗോത്ര ഗ്രാമം. അങ്ങിനെയാണ് എന്നൂര് എത്തിയത്. എൻ്റെ ഊര് എന്നർത്ഥം. ലക്കിടിയിലെ മലമുകളിൽ ഇരു പത്തി അഞ്ച് ഏക്കർ സ്ഥലത്ത് എല്ലാ അർത്ഥത്തിലും ഒരു ഗോത്ര പൈതൃകഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. മല അടിവാരത്തെത്തിയാൽ പിന്നെ ഗവണ്മേൻ്റ് ജീപ്പിൽ പോകാം. പൈതൃകഗ്രാമത്തിൻ്റെ കവാടത്തിൽ നമ്മൾ എത്തി. എന്തു മനോഹരമായാണ് അതു പണിതുയർത്തിയിരിക്കുന്നത്, കവാടം കടന്നു നടന്നു പോകണം.കോടമഞ്ഞും കുളിർ കാറ്റും, മലമുകളിൽ തട്ടി വരുന്ന വായൂ ഭഗവാൻ്റെ ഹുങ്കാരശബ്ദവും ആകെ വല്ലാത്തൊരനുഭൂതി. മുമ്പോട്ടു നടക്കുമ്പോൾ ഗോത്ര സംസ്കൃതികൾ ഒന്നൊന്നായി നമുക്ക് കാണാം. ട്രൈബൽ മാർക്കറ്റ്., ആർട്ട് മ്യൂസിയം, ഗോത്ര മരുന്നുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ പിന്നെ ഒരൊന്നാന്തരം കഫ്ത്തേരിയ. പിന്നെ ആദിവാസി കുടിലുകളാണ്.വെട്ടുകല്ലുപാകി രണ്ടു വശവും മണ്ണു കൊണ്ട് മതിലുകൾ തീർത്ത ഇടുങ്ങിയ വഴികൾ. ഒരോ കുടിലിൻ്റെ മുമ്പിലും അകത്തും എത്ര നേരം വേണമെങ്കിലും ഇരിക്കാം അങ്ങു ദൂരെ വിശാലമായ മലനിരകൾ കാണാം. പുല്ലുമേഞ്ഞ മണ്ണു കൊണ്ടുള്ള കുടിലുകൾ അകത്തു കയറിയാൽ മുള കൊണ്ടുള്ള ഉപകരണങ്ങൾ. അവിടെ ഒരു രാത്രി കൂടാൻ സാധിച്ചെങ്കിൽ മോഹിച്ചു പോയി.നേരത്തേ ബുക്ക് ചെയ്താൽ അനുവദിക്കുമായിരുന്നു. ഈ ഇരുപത്തി അഞ്ചേക്കർ സ്ഥലം മുഴുവൻ നടന്നു മടുത്തു. നല്ല വിശപ്പ്. അവിടെ അവരുടെ ആഹാരം കിട്ടുന്ന നല്ല ഒരു ഭക്ഷണശാലയുണ്ട്. എന്തൊരു സ്വാദ് .അവിടുന്ന് മടിച്ച് മടിച്ചാണ് തിരിച്ചു പോന്നത് .എന്തോ ഒരു വല്ലാത്ത കാന്തികവലയം അവിടെ ഉള്ള പോലെ. ഇനിയും വയനാടിൻ്റെ സൗന്ദര്യം നുകരാൻ യാത്ര തുടർന്നു.
Sunday, July 24, 2022
മുത്തശ്ശാ അച്ചു മൈലാഞ്ചി ഇട്ടു. [അച്ചു ഡയറി-471] "അയ്യേ പെണ്ണുങ്ങൾ അല്ലേ മൈലാഞ്ചി ഇടുന്നത്. " അമ്മ കളിയാക്കി.എന്നാലും ഒരു ര സം. ലച്ചുവിനെ മൈലാഞ്ചി ഇടിയിയ്ക്കാനാണ് കൂട്ടു ശരിയാക്കിയത്.കടയിൽ നിന്നു മേടിക്കുന്ന ഹെന്ന അല്ല മുത്തശ്ശാ. ഇവിടെത്തന്നെ ഉണ്ടാക്കിയതാ. ആവശ്യമുള്ളതൊക്കെ ഇല്ലത്തെപ്പറമ്പിൽ ഉണ്ട്.അതാ അച്ചൂന് രസം തോന്നിയത്. നാട്ടിൽ മൈലാഞ്ചിക്കൂട്ട് ഉണ്ടാക്കുന്നതിന് മുത്തശ്ശിക്ക് ഒരു രീതിയുണ്ട്. മുറ്റത്തിൻ്റെ അരുകിൽ മൈലാഞ്ചിച്ചെടി വളർന്നു നിൽക്കുന്നുണ്ട്. അതിൽ നിന്നും കുറേ ഇലകൾ പറിച്ച് കഴുകി വയ്ക്കും. നല്ല പഴുത്ത പ്ലാവിലഞട്ട് കുറച്ച് വാളംപുളി എന്നിവ കൂട്ടി മൈലാഞ്ചി നന്നായി അരച്ചെടുക്കും. നല്ല കടുപ്പത്തിൽ തേയില തിളപ്പിച്ച കട്ടൻ ചായ ചേർത്താണര ക്കുക. നല്ലവണ്ണം അരഞ്ഞു കഴിയുമ്പോൾ അത് ഒരു ബൗളിലേയ്ക്ക് മാറ്റും. മുത്തശ്ശിക്ക് നല്ല അരകല്ലിൽത്തന്നെ അരയ്ക്കണം. മിക്സി ഉപയോഗിയ്ക്കില്ല. രണ്ട് പച്ച ഈർക്കിലി ചീകി എടുക്കും. ഒന്നിൻ്റെ ഒരറ്റം ചതച്ച് ബ്രഷ് പോലെ ആക്കും. അടുത്തതിൻ്റെ അറ്റം കൂർപ്പിച്ച് വയ്ക്കും. എന്നിട്ട് അതുകൊണ്ടാണ് മുത്തശ്ശി മൈലാഞ്ചി ഇട്ടു തരുന്നത്. കയ്യിലും കാലിലും നല്ല ചിത്രങ്ങൾ വരച്ചുതരും. ഏതു ഡിസൈൻ വേണമെന്ന് പറഞ്ഞാൽ മതി. എത്ര പെട്ടന്നാണ് മുത്തശ്ശി അതു ചെയ്യുന്നത്. അച്ചൂൻ്റെ കയ്യിൽ ശംഖാണ് വരച്ചത്. മൈലാഞ്ചി ഇട്ടാൽ മൂന്നു മണിക്കൂർ കഴിഞ്ഞേ കഴുകിക്കളയാവൂ.അതാണ് അച്ചു ന് വിഷമം. അത്രയും നേരം വെറുതേ ഇരിയ്ക്കണ്ടേ. സമയം കഴിഞ്ഞ് അച്ചു കൈ കഴുകി. ചുവന്ന നിറത്തിൽ അതി മനോഹരമായ ശംഖ് .നാട്ടിലിതിനൊന്നും ഒരു ചെലവുമില്ല. എല്ലാം തൊടിയിലുണ്ടാകും
Tuesday, July 19, 2022
മിത്രാനന്ദപുരത്തെ നക്ഷത്ര വനം [ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 23] പെരുമനം ശ്രീവാമനമൂർത്തി ക്ഷേത്രം.വളരെ അധികം പ്രത്യേകത നിറഞ്ഞ ഒരു ക്ഷേത്രസങ്കേതം. മിത്രാനന്ദപുരത്തെ വാമനമൂർത്തി വിദ്യാ സ്വരൂപനാണ്. വിദ്യയെയും പ്രകൃതിയേയും ആരാധിക്കുന്ന ആരാധനാക്രമം നമ്മെ അത്ഭുതപ്പെടുത്തും. അവിടെ അതി മനോഹരമായ ഒരു നക്ഷത്ര വനം ഉണ്ട്, ക്ഷേത്രസമീപം കുറേ സ്ഥലം ചുറ്റുമതിൽ കെട്ടിത്തിരിച്ച് അതിലാണ് ഒരോനാളിനും [ നക്ഷത്രം] സങ്കൽപ്പിച്ചിരിക്കുന്ന വൃക്ഷം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഒരോ വൃക്ഷത്തിനും തറ കെട്ടി പ്രദക്ഷിണം വയ്ക്കാൻ പാകത്തിനു് പ്രദിക്ഷിണ വഴിയും ക്രമീകരിച്ചിരിക്കുന്നു. ഇന്ന് അവ വലിയ വൃക്ഷങ്ങൾ ആയി വളർന്നിരിക്കുന്നു.ആ വൃക്ഷങ്ങളുടെ വലിപ്പം അതിൻ്റെ കാലം വിളിച്ചോതുന്നു. നക്ഷത്ര വനത്തിൽ പ്രവേശിച്ച് തൻ്റെ നാളിലുള്ള വൃക്ഷത്രത്തവണങ്ങി പ്രദക്ഷിണം വച്ച് നമസ്ക്കരിക്കുന്നു. ആരാധിക്കുന്നു. നക്ഷത്രങ്ങൾ സ്വയം ജ്വലിക്കുന്നവയാണ്. അതിൻ്റെ ഊർജ്ജം ഈ വൃക്ഷങ്ങൾ സാം ശീകരിച്ച് 'ആഗീരണം ചെയ്യുന്നു.അവ മനുഷ്യൻ്റെ ചേതനകളെ സ്വാധീനിയ്ക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ മനുഷ്യൻ്റെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നു. അ തിൻ്റെ ഒരോന്നിൻ്റെയും ഔഷധ ഗുണം പഠനവിഷയമാക്കി പുതുതലമുറക്ക് പകർന്നു നൽകണ്ടതാണ്. ഒരതീന്ദ്രീ യധ്യാനത്തിൻ്റെ നിർവൃതിയോടെ അവിടെ നമുക്ക് എത്ര സമയം വേണമെങ്കിലും ചിലവഴിക്കാം
Sunday, July 3, 2022
സിനിമാ തിരക്കിനിടയിലും ആർട്ടിസ്റ്റ് വിനു എൻ്റെ കാനന ക്ഷേത്രത്തിന് യോജിച്ച ഒരു ബോർഡ് വേണം. അങ്ങിനെയാണ് എൻ്റെ സുഹൃത്ത് ആർട്ടിസ്റ്റ് വിനുവിനടുത്തെത്തിയത്, വിനു സിനി ആർട്ടിസ്റ്റാണ്. വലിയ സിനിമാത്തിരക്കിനിടയിലും എനിയ്ക്കു വേണ്ടി സമയം കണ്ടെത്തിയ വിനുവിന് നന്ദി. കാനനക്ഷേത്രത്തിൻ്റെ തീം എനിയ്ക്കിഷ്ടായി. പറഞ്ഞാൽ മതി ഇനിയും എത്ര സമയം വേണമെങ്കിലും ഇതിനു വേണ്ടി ചെലവഴിയ്ക്കാം. ഒരു വലിയ കലാകാരൻ്റെ മനസ്സാണത്. ഒരു പഴയ തടിയിൽ അക്ഷരങ്ങൾ 3D ഇ ഫക്ററിൽ കൊത്തിയെടുത്ത ആ ബോർഡ് കാനനക്ഷേത്രത്തിന് അത്രയും യോജിച്ചതായി 'നന്ദി വിനു ഒരിയ്ക്കൽ കൂടി നന്ദി
Saturday, July 2, 2022
മിത്രാനന്ദപുരം ശ്രീവാമനമൂർത്തി ക്ഷേത്രം [ ഗ്രാമ ക്ഷേത്രങ്ങളിലൂടെ - 2 2] വിദ്യാ സ്വരൂപനായ ദേവൻ. ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കൽപ്പം. അത്യപൂർവ്വമായ ഈ ക്ഷേത്രസങ്കൽപ്പത്തിൽ ആകൃഷ്ടനായാണ് ഞാനവിടെ എത്തിയത്.ഈ ക്ഷേത്രത്തിൽ ഓത്തു കൊട്ട് [ഓത്തൂട്ട് ] ഒഴിച്ച് വേറൊരാഘോഷവുമില്ല. വിദ്യാർത്ഥികളുടെ പഠനത്തിൻ്റെ ഏകാഗ്രത നഷ്ടപ്പെടാതിരിയ്ക്കാൻ നിത്യപൂജയ്ക്ക് മണി കൊട്ടുക പോലുമില്ല. തൃശൂർ പെരുവനം ഗ്രാമത്തിലെ ഈ ക്ഷേത്രത്തിൽ പ്രത്യേകതകൾ വേറേയും ഉണ്ട്. വേദത്രയങ്ങളിലെ യജുർവേദം ആണ് ഓത്തു കൊട്ട്" എന്ന വേദ സംഹിത ക്ക് ഉപയോഗിക്കുന്നത്. വേദം മുഴുവൻ 36 ആവർത്തി ഈ കാലയളവിൽ ചൊല്ലുന്നു. 64 ആവർത്തിയും കണ്ടിട്ടുണ്ട്. ഗണപതി, ഭഗവതി, പുറത്ത് സ്വാമിയാർ .ഇവയാണ് ഈ ക്ഷേത്രത്തിലെ മറ്റു സാന്നിദ്ധ്യം." വേദം കേട്ട നെയ്യ് " ആണ് ഇവിടുത്തെ പ്രസാദം. ക്ഷേത്രത്തോട് ചേർന്ന് ഒരു " നക്ഷത്രവനക്ഷേത്ര "വും ഉണ്ട്.ഭക്തജനങ്ങൾ അവരവരുടെ നാളുകളിലുള്ള വൃക്ഷത്തെ നമസക്കരിച്ച് വലം വച്ച് വൃക്ഷ പൂജ ചെയ്ത് തിരിച്ചു പോരാം.വിദ്യയേയും പ്രകൃതിയേയും ആരാധനാ സങ്കൽപ്പമാക്കിയ ഈ ക്ഷേത്രത്തിൽ വന്നു പോകുമ്പോൾ ഉള്ള അനുഭൂതി ഒന്നു വേറേയാണ്. ആയിരത്തി മു ണ്ണൂറു വർഷം പഴക്കമുള്ള ഈ ക്ഷേത്ര സമുച്ചയത്തിൽ വച്ചായിരുന്നു എൻ്റെ അച്ചുവിൻ്റെയും പാച്ചുവിൻ്റെയും ഉപനയനം. ഓനിച്ചുണ്ണി ദേവ സങ്കൽപ്പമായ ക്ഷേത്രമായതുകൊണ്ടാവാം ചടങ്ങുകൾ ആറര മണിക്കൂറോളം നീണ്ട് വിധി പ്രകാരം നടന്നത്
Subscribe to:
Posts (Atom)