Sunday, July 24, 2022
മുത്തശ്ശാ അച്ചു മൈലാഞ്ചി ഇട്ടു. [അച്ചു ഡയറി-471] "അയ്യേ പെണ്ണുങ്ങൾ അല്ലേ മൈലാഞ്ചി ഇടുന്നത്. " അമ്മ കളിയാക്കി.എന്നാലും ഒരു ര സം. ലച്ചുവിനെ മൈലാഞ്ചി ഇടിയിയ്ക്കാനാണ് കൂട്ടു ശരിയാക്കിയത്.കടയിൽ നിന്നു മേടിക്കുന്ന ഹെന്ന അല്ല മുത്തശ്ശാ. ഇവിടെത്തന്നെ ഉണ്ടാക്കിയതാ. ആവശ്യമുള്ളതൊക്കെ ഇല്ലത്തെപ്പറമ്പിൽ ഉണ്ട്.അതാ അച്ചൂന് രസം തോന്നിയത്. നാട്ടിൽ മൈലാഞ്ചിക്കൂട്ട് ഉണ്ടാക്കുന്നതിന് മുത്തശ്ശിക്ക് ഒരു രീതിയുണ്ട്. മുറ്റത്തിൻ്റെ അരുകിൽ മൈലാഞ്ചിച്ചെടി വളർന്നു നിൽക്കുന്നുണ്ട്. അതിൽ നിന്നും കുറേ ഇലകൾ പറിച്ച് കഴുകി വയ്ക്കും. നല്ല പഴുത്ത പ്ലാവിലഞട്ട് കുറച്ച് വാളംപുളി എന്നിവ കൂട്ടി മൈലാഞ്ചി നന്നായി അരച്ചെടുക്കും. നല്ല കടുപ്പത്തിൽ തേയില തിളപ്പിച്ച കട്ടൻ ചായ ചേർത്താണര ക്കുക. നല്ലവണ്ണം അരഞ്ഞു കഴിയുമ്പോൾ അത് ഒരു ബൗളിലേയ്ക്ക് മാറ്റും. മുത്തശ്ശിക്ക് നല്ല അരകല്ലിൽത്തന്നെ അരയ്ക്കണം. മിക്സി ഉപയോഗിയ്ക്കില്ല. രണ്ട് പച്ച ഈർക്കിലി ചീകി എടുക്കും. ഒന്നിൻ്റെ ഒരറ്റം ചതച്ച് ബ്രഷ് പോലെ ആക്കും. അടുത്തതിൻ്റെ അറ്റം കൂർപ്പിച്ച് വയ്ക്കും. എന്നിട്ട് അതുകൊണ്ടാണ് മുത്തശ്ശി മൈലാഞ്ചി ഇട്ടു തരുന്നത്. കയ്യിലും കാലിലും നല്ല ചിത്രങ്ങൾ വരച്ചുതരും. ഏതു ഡിസൈൻ വേണമെന്ന് പറഞ്ഞാൽ മതി. എത്ര പെട്ടന്നാണ് മുത്തശ്ശി അതു ചെയ്യുന്നത്. അച്ചൂൻ്റെ കയ്യിൽ ശംഖാണ് വരച്ചത്. മൈലാഞ്ചി ഇട്ടാൽ മൂന്നു മണിക്കൂർ കഴിഞ്ഞേ കഴുകിക്കളയാവൂ.അതാണ് അച്ചു ന് വിഷമം. അത്രയും നേരം വെറുതേ ഇരിയ്ക്കണ്ടേ. സമയം കഴിഞ്ഞ് അച്ചു കൈ കഴുകി. ചുവന്ന നിറത്തിൽ അതി മനോഹരമായ ശംഖ് .നാട്ടിലിതിനൊന്നും ഒരു ചെലവുമില്ല. എല്ലാം തൊടിയിലുണ്ടാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment