Monday, July 25, 2022

എന്നൂര് " - ഒരു ഗോത്ര പൈതൃകഗ്രാമം [ യാത്രാ നുറുങ്ങുകൾ - 643] വയനാടിൻ്റെ വന്യമായ സൗന്ദര്യം നുകർന്ന് ഒരാഴ്ച്ച.ആദ്യo ഒരു ആദിവാസി ഗോത്ര ഗ്രാമം. അങ്ങിനെയാണ് എന്നൂര് എത്തിയത്. എൻ്റെ ഊര് എന്നർത്ഥം. ലക്കിടിയിലെ മലമുകളിൽ ഇരു പത്തി അഞ്ച് ഏക്കർ സ്ഥലത്ത് എല്ലാ അർത്ഥത്തിലും ഒരു ഗോത്ര പൈതൃകഗ്രാമം രൂപകൽപ്പന ചെയ്തിരിക്കുന്നു. മല അടിവാരത്തെത്തിയാൽ പിന്നെ ഗവണ്മേൻ്റ് ജീപ്പിൽ പോകാം. പൈതൃകഗ്രാമത്തിൻ്റെ കവാടത്തിൽ നമ്മൾ എത്തി. എന്തു മനോഹരമായാണ് അതു പണിതുയർത്തിയിരിക്കുന്നത്, കവാടം കടന്നു നടന്നു പോകണം.കോടമഞ്ഞും കുളിർ കാറ്റും, മലമുകളിൽ തട്ടി വരുന്ന വായൂ ഭഗവാൻ്റെ ഹുങ്കാരശബ്ദവും ആകെ വല്ലാത്തൊരനുഭൂതി. മുമ്പോട്ടു നടക്കുമ്പോൾ ഗോത്ര സംസ്കൃതികൾ ഒന്നൊന്നായി നമുക്ക് കാണാം. ട്രൈബൽ മാർക്കറ്റ്., ആർട്ട് മ്യൂസിയം, ഗോത്ര മരുന്നുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ പിന്നെ ഒരൊന്നാന്തരം കഫ്ത്തേരിയ. പിന്നെ ആദിവാസി കുടിലുകളാണ്.വെട്ടുകല്ലുപാകി രണ്ടു വശവും മണ്ണു കൊണ്ട് മതിലുകൾ തീർത്ത ഇടുങ്ങിയ വഴികൾ. ഒരോ കുടിലിൻ്റെ മുമ്പിലും അകത്തും എത്ര നേരം വേണമെങ്കിലും ഇരിക്കാം അങ്ങു ദൂരെ വിശാലമായ മലനിരകൾ കാണാം. പുല്ലുമേഞ്ഞ മണ്ണു കൊണ്ടുള്ള കുടിലുകൾ അകത്തു കയറിയാൽ മുള കൊണ്ടുള്ള ഉപകരണങ്ങൾ. അവിടെ ഒരു രാത്രി കൂടാൻ സാധിച്ചെങ്കിൽ മോഹിച്ചു പോയി.നേരത്തേ ബുക്ക് ചെയ്താൽ അനുവദിക്കുമായിരുന്നു. ഈ ഇരുപത്തി അഞ്ചേക്കർ സ്ഥലം മുഴുവൻ നടന്നു മടുത്തു. നല്ല വിശപ്പ്. അവിടെ അവരുടെ ആഹാരം കിട്ടുന്ന നല്ല ഒരു ഭക്ഷണശാലയുണ്ട്. എന്തൊരു സ്വാദ് .അവിടുന്ന് മടിച്ച് മടിച്ചാണ് തിരിച്ചു പോന്നത് .എന്തോ ഒരു വല്ലാത്ത കാന്തികവലയം അവിടെ ഉള്ള പോലെ. ഇനിയും വയനാടിൻ്റെ സൗന്ദര്യം നുകരാൻ യാത്ര തുടർന്നു.

No comments:

Post a Comment