Saturday, July 30, 2022
കുറുവ ദ്വീപ് - വയനാടിൻ്റെ കാനന സുന്ദരി [ യാത്രാ നുറുങ്ങുകൾ - 645] കബനീനദിയുടെ കൈവഴികളുടെ കരയിലായി ഏഴോളം ദ്വീപുകൾ. നൂറ്റി അമ്പതോളം ചെറുതുരുത്തുകൾ .തൊള്ളാംയിരത്തി അമ്പത് ഏക്കർ സ്ഥലത്ത് നിരന്നു കിടക്കുന്ന ഈ ഭൂമികയുടെ സൗന്ദര്യം ഏറെ വശ്യമാണ്. വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് പതിനേഴ് കിലോമീററർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ജൈവ വൈവിദ്ധ്യ മേഖല. അപൂർവ്വ ഓർക്കിട്ടുകളാലും ഹർബൽ പ്ലാൻ്റുകളാലും പക്ഷിമൃഗാദികളാലും ഈ വനഭൂമി ചാരുത ഭാവം തരുന്നു. വനം വകുപ്പിൻ്റെ അനുമതി വേണം അങ്ങോട്ട് എത്താൻ .ഇപ്പോൾ ഫൈബർ ബോട്ടുകൾ ഉണ്ട്.പക്ഷേ മുള കൊണ്ടുള്ള ആ വലിയ ചങ്ങാടമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.അക്കര ഇക്കരെ കെട്ടി ഉറപ്പിച്ചിരിക്കുന്ന വടംവലിച്ചാണ് ചങ്ങാടം ചലിപ്പിക്കുന്നത്. ഒരു ചലിക്കുന്ന ദ്വീപു പോലെ വിശാലം' ശബ്ദമലിനീകരണവുമില്ല. ശാന്തമായ ആ ഓളപ്പരപ്പിലൂടെ ഒഴുകി ഒഴുകി ഒരു യാത്ര. മറക്കില്ല. കാടിൻ്റെ പ്രതിബിംബം വെള്ളത്തിൽ കാണാം. എന്തൊരു മനോഹരമായ കാഴ്ച്ച.ഒരു ത്രിമാനചിത്രം പോലെ മനസിനെ മഥിക്കുന്ന ദൃശ്യം. ഇവിടെ ജനവാസം ഇല്ല.അതിൽ സ്വാഭാവിക നടപ്പാതകൾ മാത്രം. ഇടക്കിടെ പാറക്കെട്ടുകൾ നിറഞ്ഞ കൊച്ചരുവികൾ കാണാം. അത് നമുക്ക് കാൽനടയായി മുറിച്ചുകടക്കാം. കാട്ടരുവിയുടെ കളകളാരവവും പക്ഷികളുടെ കളകൂജനവും മാത്രം കേൾക്കുന്നുള്ളു. അത്ര ശാന്തം. ആഹരിത മനോഹര ഭൂമി നമുക്ക് മാനസികമായി ഒരു പുനർജന്മം നൽകുന്നു. രാവിലെ അവിടെ എത്തിയാൽ വൈകിട്ടു വരെ കാടിനോട് സല്ലപിക്കാം. കാട്ടരുവിയിൽ നീരാടാം. ആനകളും മറ്റു മൃഗങ്ങളും ഉണ്ടങ്കിലും ആ പ്രദേശത്തേക്ക് അവസാധാരണ വരാറില്ല. ഫോറസ്റ്റ് ഗാർഡിൻ്റെ കർശ്ശന നിരീക്ഷണം നമ്മേ കാനന മദ്ധ്യത്തിലേക്ക് പോകുന്നത് തടയുന്നു. ഈ തുരുത്തുകൾക്കിടയിൽ രൂപം കൊണ്ട മനോഹര തടാകങ്ങൾ ഉണ്ട്. തടാകക്കരയിൽ ആ വനസുന്ദരിയുമായി സല്ലപിച്ച് എത്ര സമയം വേണമെങ്കിലും നമുക്ക്ചെലവഴിക്കാം. ജീവിതത്തിലെ ഇതുവരെയുള്ള സമ്മർദ്ദങ്ങൾ എല്ലാം മാറി ഒരു പുനർജന്മത്തോടെ നമുക്ക് അവിടുന്ന് തിരിച്ചു പോരാം
Subscribe to:
Post Comments (Atom)
No comments:
Post a Comment