Tuesday, July 26, 2022
തൊള്ളായിരം കണ്ടി- ഒരു വ്യത്യസ്ഥ ഇക്കോ പാർക്ക് [ യാത്രാനുറുങ്ങുകൾ - 644] വയനാടിൻ്റെ വനഭംഗി ആസ്വദിയ്ക്കാൻ 900 കണ്ടിയിൽ തന്നെ പോകണം. സമുദ്രനിരപ്പിൽ നിന്ന് 4612 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വാഭാവിക ഇക്കോ പാർക്ക് .മേപ്പാടിയിൽ നിന്ന് 12 കിലോമീററർ.ഈ സ്വാഭാവികസന പ്രദേശത്ത് നമ്മെക്കാത്തിരിക്കുന്നത് അത്ഭുതങ്ങളാണ്. കല്ലാടിയിൽ നിന്ന് ജീപ്പിൽ വേണം യാത്ര. ഒരു വല്ലാത്ത യാത്ര. ശരിക്ക് വഴി ഒന്നുമില്ല.. പാറക്കൂട്ടങ്ങളും കുഴികളും ഇടകലർന്ന ഒരു മലയോരപ്പാത .ഘോരവനത്തിനു നടുക്കു കൂടിയാണ് യാത്ര. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആനയും കാട്ടുപോത്തും പലപ്പഴും വഴിയിൽ ഇറങ്ങി വരും. ആ ജീപ്പിൽ ഭൂമിയിൽ അമ്മാനമാടി പകുതി ദൂരം പിന്നിടുമ്പോൾ മനോഹരമായ ഒരു കാട്ടരു വി കാണാം. ഇറങ്ങിക്കുളിയ്ക്കാൻ മോഹമുണ്ടായിരുന്നു. എപ്പഴും മലവെള്ളപ്പാച്ചിൽ ഉണ്ടാകാം അതുകൊണ്ട് പുഴയിൽ ഇറങ്ങാൻ സമ്മതിച്ചില്ല. നല്ല തണുപ്പ്, കുളിർ കാറ്റ്, ചിലപ്പോൾ താണ്ഡവ രൂപം പുറത്തെടുക്കുന്ന പവനരാജൻ. അങ്ങിനെ ആ ജീപ്പ് യാത്ര അവസാനിച്ചു. ആശ്വാസമായി.ഇനി നടക്കണം. നല്ല മഴയാണ്. അവർ മഴക്കോട്ട് തരും.കോട്ടും ധരിച്ച് കുത്തനേ ഉള്ള കയറ്റം കയറണം. അവിടെയാണ് പ്രസിദ്ധമായ കണ്ണാടിപ്പാലം .ഇൻഡ്യയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ്. 100 അടി നീളം.നൂറ്റിമുപ്പതടി ഉയരം. അതിലൂടെ നടന്നു് ഭൂമിയുടെ അറ്റം വരെ എത്താം എന്നു തോന്നി. കടൽപ്പാലം പോലെ ആ പാലം അവസാനിച്ചിരിക്കുന്നു. അടിയിൽ ഗ്ലാസ് അണ്. അതിലൂടെ നോക്കിയാൽ അങ്ങ് അഗാധതയിൽ മലനിരകൾ കാണാം. കാട്ടുനായ്ക്കരും, കാട്ടാനയും വസിക്കുന്ന ഗ്രാമം,.ആ ഗ്ലാസ് എങ്ങാൻ പൊട്ടിപ്പോയാൽ! അങ്ങേത്തലയ്ക്കൽ നിന്ന് മഴയിൽ കുതിർന്ന് എല്ലാവരും കൂടി ഒരു ഫോട്ടോ എടുത്തു. ലോകം മുഴുവൻ കാൽച്ചുവട്ടിലമർന്നു നിന്നതിൻ്റെ അഹങ്കാരത്തിൽ തിരിച്ചു നടന്നു.അതിനടുത്തു തന്നെ ഒരു ആകാശ ഊഞ്ഞാൽ ഉണ്ട്.ആ മലയുടെ അറ്റത്ത് നിർമ്മിച്ചിരിക്കുന്ന ആ വലിയ ഉഞ്ഞാലിൽക്കയറി ആടാം. രണ്ടു പേർക്കിരിക്കാം. നല്ല കരളുറപ്പുള്ളവർക്ക് മാത്രം പറ്റുന്ന വിനോദം. അതിനടുത്താണ് വേറൊരത്ഭുതം.ഒരാകാശ പവലിയൻ. ഒരു ഇരുമ്പ് കോവണി കയറി മുകളിൽ എത്തി, മ ല യ്ക്കുമുകളിൽ സുരക്ഷിതമായ ഇടത്തിൽപ്പോലും നമ്മേ ഭയപ്പെടുത്തുന്ന അവസ്ഥ. എല്ലാം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒരു ദു:ഖം മാത്രം. എൻ്റെ ക്യാമറയ്ക്കും, എൻ്റെ ഒക്കാബുലറിക്കും ആ വനസുന്ദരിയെ പൂർണ്ണമായും വർണ്ണിക്കാൻ പറ്റില്ല എന്ന ദു:ഖം
Subscribe to:
Post Comments (Atom)
No comments:
Post a Comment