Wednesday, June 2, 2021

അച്ചു കുത്ത്. [നാലു കെട്ട് - 342] നാടാകെ വസൂരി പടർന്ന പിടിച്ച ഒരു കാലമുണ്ടായിരുന്നു നമുക്ക്.അതു വന്നാൽ അന്നത്തെ ക്വാറൻ്റയിൻഭീകരമാണ്. ദൂരെ ഒരു ഓലപ്പുരയിലെയ്ക്ക് രോഗിയെ മാറ്റും. ആരും അടുത്തു ചെല്ലില്ല. ആഹാരം ഒരു വലിയ തോട്ടിയിൽ കെട്ടി ദൂരെ നിന്നു കൊണ്ട് തന്നെ എത്തിച്ചു കൊടുക്കും. അപൂർവമായി ചിലെവെദ്യന്മാർ അടുത്തു പോയി ചികിത്സിക്കാൻ തയാറാകുകയുള്ളു. അങ്ങിനെ നരകിച്ച് മരിയ്ക്കും. അച്ഛൻ പറഞ്ഞതാണ്. അച്ഛൻ്റെ കൈത്തണ്ടയിലെ വട്ടത്തിലുള്ളപാട് അച്ഛൻ കാണിച്ചു തന്നു. അന്ന് വസൂരിക്കെതിരായ കുത്തിവയ്പ്പിൻ്റെ പാടാണ്. ഭഗവതി കോപം കൊണ്ട് വസൂരിയുടെ വിത്തെറിഞ്ഞതാണ് എന്നൊരു വിശ്വാസവും അന്നുണ്ടായിരുന്നു. അന്ന് അച്ചു കുത്ത് സർവ്വസാധാരണമാക്കിയത് തിരുവതാംകൂർ മഹാരാജാവാണ്. വീടുകളിൽപ്പോയി സൗജന്യമായി അച്ചു കുത്ത് നടത്തും.ജനങ്ങളിൽ നിന്ന് കരം പിരിക്കുന്ന സർക്കാരിന് ജനങ്ങളുടെ ആരോഗ്യത്തിലും ഉത്തരവാദിത്വമുണ്ട്. അത് കൊണ്ട് അച്ചു കുത്ത് സൗജന്യമായി എല്ലാവർക്കും നൽകാനുള്ള തീരുമാനംമഹാരാജാവിൻ്റെ കൽപ്പന ആയിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവാണ് അന്ന് ആ മഹത് തീരുമാനം കൈക്കൊണ്ടത് എന്നാണെൻ്റെ ഓർമ്മ. അടി വട്ടത്തിലിരിക്കുന്ന ഒരു പ്രത്യേകതരം സിറിഞ്ചാണ് അന്ന് ഉപയോഗിച്ചിരുന്നത്. അത് മരുന്നിൽ മുക്കി കൈത്തണ്ടയിൽ അമർത്തി ഒരു കറക്കാണ്. രക്തം പൊടിയും. നല്ലവണ്ണം വേദന എടുക്കും. അത് പഴുത്ത് വൃണമാകും. നല്ല പനിയും തലവേദനയും ഉണ്ടാകും. പക്ഷേ ഈ "ഗോവസൂരിപ്രയോഗം "കൊണ്ട് ശരീരത്തിന് പ്രതിരോധ ശക്തി വർദ്ധിക്കുന്നു. പിന്നെ വന്ന ഭരണാധികാരികളും ഈ മാതൃക പിന്തുടർന്നു.അങ്ങിനെ ലോകത്തു നിന്നു തന്നെ വസൂരി അപ്രത്യക്ഷമായി.മഹാരാജാവിൻ്റെ ആകാഴ്ച്ചപ്പാട് ഇന്നത്തെ ഭരണാധികാരികൾക്ക് മാതൃക ആകണ്ടതാണ്. അന്ന് കുട്ടികൾക്ക് അച്ചു കുത്ത് എന്നു കേട്ടാൽ പേടിയാണു്. അച്ചു കുത്തുകാർ വന്നാൽ ഓടി ഒളിയ്ക്കും. പക്ഷേ അന്ന് സ്കൂളിൽ ചേരാൻ കുത്തിവയ്പ്പ് നിർബന്ധമാണ്. പക്ഷേ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട. കയ്യിലെ പാട് കാണിച്ചാൽ മതി. ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസത്തിൽ വസൂരിക്കാലത്തെ വർണ്ണിയ്ക്കുന്ന ഒരേടുണ്ട്. ഭീകരമായ ആ അവസ്ഥ അദ്ദേഹം നല്ല ഒരു വാഗ്മയ ചിത്രമായി അവതരിപ്പിച്ചിട്ടുണ്ട്. ഹൃദയഭേദകം.

No comments:

Post a Comment