Saturday, June 26, 2021
സ്ത്രീ [ കീശക്കഥ-134]അഭിലാഷ് സാവധാനം കണ്ണു തുറന്നു. ചുറ്റുപാടും നോക്കി. ആശുപത്രിയിലെ പേ വാർഡിലാണ്.ബന്ധുക്കൾ ചുററുമുണ്ട്."ഞാനെവിടെയാണ്. ബിന്ദു ?. ഞങ്ങൾ ഒന്നിച്ചാണ് കാറിൽപ്പോയത് വഴിക്കു വച്ച് ആരോ കുറേ പ്പേർ ചേർന്ന് ഞങ്ങളെ ത്തടഞ്ഞു. എന്നെ എന്നോ മണപ്പിച്ച് ബോധം കെടുത്തി. പിന്നെ ഒന്നും ഓർമ്മയില്ല.""നിന്നെ രണ്ടു വഴിപോക്കരാണ് ഇവിടെ എത്തിച്ചത്. ബിന്ദുവിനുള്ള തിരച്ചിൽ നടക്കുന്നുണ്ട് " അഭിലാഷിൻ്റെ കണ്ണിൽ ഒരു തിളക്കം. ഡോക്ട്ടർ വന്ന് അഭിലാഷിൻ്റെ അച്ഛനേയും അമ്മയേയും ഒഴിച്ച് ബാക്കിയുള്ളവരെ ഒക്കെപ്പുറത്താക്കി. അടുത്ത കുറ്റിക്കാട്ടിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്രെ. ബിന്ദുവിൻ്റെ ആണ് എന്നു സംശയിക്കുന്നു.' അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും പുറത്തു പോയി .അഭിലാഷിൻ്റെ അച്ഛൻ കതക് കുറ്റിയിട്ടു." അപ്പോൾ നീ പരിപാടി നടപ്പാക്കി അല്ലേ? നന്നായി. അവളുടെ അച്ഛൻ ഇന്ന് പാപ്പരാണ്. ഉള്ളതു മുഴുവൻ നിനക്ക് തന്നില്ലേ.ഇനിയൊന്നും അവിടുന്ന് കിട്ടാനില്ല""എല്ലാം പ്ലാനിംഗ് പോലെ നടന്നു. ഒരു ലക്ഷം രൂപ പോയാലെന്താ. കൊട്ടേഷൻ സംഘം പറഞ്ഞ പോലെ ചെയ്തു. എന്നെ ക്ലോറോഫോം തന്നു മയക്കി അവളെക്കൊന്ന്. കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. ശല്യം ഒഴിഞ്ഞു. "അഭിലാഷിൻ്റെ മുഖത്ത് ഒരു വല്ലാത്ത ചിരി."എനിക്ക് വല്ലാതെ പേടിയാകുന്നു. നിൻ്റെ പ്ലാനിൽ എന്തെങ്കിലും കുറവ് വന്നെങ്കിൽ നമ്മളൊക്കെ തൂങ്ങിയേനെ?""ഇനിയാണ് ഏറ്റവും ശ്രദ്ധിക്കണ്ടത്. പൊലീസിനും ബന്ധുക്കൾക്കും ഒരു സംശയം പോലും തോന്നാതെ പെരുമാറണം. ആർക്കും സംശയം തോന്നാതിരിയ്ക്കാനാണ് വീട്ടിൽ വച്ച് വേണ്ടന്നു വച്ചത്." അഭിലാഷ് പൊട്ടിച്ചിരിച്ചു."പതുക്കെ... പുറത്തു കേൾക്കും; "വാതിലിൽ ഒരു മുട്ട്. വാതിൽ തുറന്നപ്പോൾ ഒരു പോലീസ് കാരൻ .ഒരു പൊതി അഭിലാഷിൻ്റെ അമ്മയുടെ കയ്യിൽ കൊടുത്തു." ഇത് ബിന്ദുവിൻ്റെ ആണോ എന്നു നോക്കൂ.മുഖം വികൃതമാക്കിയിരുന്നു. തിരിച്ചറിയാൻ പറ്റില്ലാത്ത വിധം ""അയ്യോ ഇതവളുടെ തന്നെ. മഹാപാപം" അവർ ഉറക്കെ ക്കരഞ്ഞു." ബഹളം കൂട്ടണ്ട. മാദ്ധ്യമപ്പട തന്നെ പുറത്തുണ്ട്. വാതിലടച്ച് കറ്റിയിട്ടോളൂ"-വീണ്ടും വാതിൽ കുറ്റിയിട്ടു."ആർക്കും ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ല." അഭിലാഷ് ചിരിച്ചു.ഇതിൻ്റെ ബഹളം ഒന്നൊതുങ്ങിയാൽ അമ്മ പറഞ്ഞ കുട്ടിയുമായി വിവാഹം നിശ്ചയിച്ചോളൂ"വീണ്ടും വാതിലിൽ മുട്ട്. വാതിൽ സാവധാനം തുറന്നു. ബിന്ദു സാവധാനം മുറിയിൽ പ്രവേശിച്ചു. അഭിലാഷി ൽ നിന്നും ഒരാർത്ത നാദം. "നീ മരിച്ചില്ലെ?""എന്നെ എൻ്റെ അച്ഛൻ കരാട്ടെയും സ്വയം സംരക്ഷണവും അഭ്യസിപ്പിച്ചിരുന്നു.അതു കൊണ്ട് ഞാൻ രക്ഷപെട്ടു. നിങ്ങൾ അയച്ച വരെ അടിച്ചൊതുക്കി പോലീസിൽ ഏല്പിച്ചിട്ടുണ്ട്. അവർ തത്ത പറയും പോലെ എല്ലാം പറഞ്ഞു കഴിഞ്ഞു. പിന്നെ... ഈ മുറിയിൽ നടന്നത് പോലീസിൻ്റെ ഒരു നാടകം. നിങ്ങളുടെ സന്തോഷവും സംസാരവും എല്ലാം വ്യക്തമായി സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസുകാരും പുറകേ മാധ്യമപ്പടയും മുറിയിലേയ്ക്ക് ഇരച്ചു കയറി.
Subscribe to:
Post Comments (Atom)
No comments:
Post a Comment