Friday, May 28, 2021

മുത്തശ്ശൻ്റെ മന്ത്രപ്പൂട്ട്: [ അച്ചു ഡയറി-432]മുത്തശ്ശാ അമേരിയ്ക്കയിൽ അച്ചൂൻ്റെ വീടിന് ഇൻറർനെറ്റ് ലോക്കാ.അച്ഛൻ രഹസ്യമായി പാസ് വേർഡ് അച്ചൂന് തന്നിട്ടുണ്ട്. ആരോടും ഷയർ ചെയ്യരുത് എന്നു പറഞ്ഞിട്ടുണ്ട്.അച്ചു പറയില്ല. കൂട്ടുകാർ ഒത്തു വന്നാലും അവരെ മാറ്റി നിർത്തിയാ തുറക്കാറ്. പക്ഷേ പാച്ചു അവൻ ഭയങ്കരനാ അവൻ അടുത്ത് വന്നു് ആ നമ്പർ കണ്ടു പിടിച്ചു.അച്ഛനോട് പറയണം.അവൻ കൊച്ചു കുട്ടിയല്ലേ. അവൻ്റെ മനസിൽ ഇരിയ്ക്കില്ല.നാട്ടിലെ മുത്തശ്ശൻ്റെ മന്ത്രപൂട്ടുകളാണ് അച്ചൂന് ഓർമ്മ വന്നത്. ഒന്നു മണിച്ചിത്രത്താഴ് .അത് പൂട്ടിയാലും അതിൽ ഒരു സൂത്രപ്പണിയുണ്ട്.ഒരു ചെറിയ കഷ്ണം അതിൻ്റെ ഓടമ്പലിലേയ്ക്ക് തള്ളിവയ്ക്കാം. അതാരും കണ്ടില്ല. താക്കോലിട്ട് തുറന്നാലും പൂട്ട് തുറക്കാൻ പറ്റില്ല. പക്ഷേ എന്തു വലിയ കീ ആണ് മുത്തശ്ശാ. പിന്നെ കോൽത്താഴ്. അതൊരൽഭുതം തന്നെയാണ്. ചുററുകളുള്ള ഒരു ഇരുമ്പ് കുറ്റി.അതിൽ പുറത്തേക്ക് വളഞ്ഞിരിയ്ക്കുന്ന കമ്പി കോർത്താണ് പൂട്ടുന്നത്.ആ കുറ്റിയ്ക്കടിയിൽ ഒരു ചെറിയ ഹോൾ ഉണ്ട്. അതിൽ.ക്കൂടി "ടി "ആകൃതിയിൽ ഉള്ള ഒരു കമ്പിയിട്ടാണ് തുറക്കുക .അതാണ് അതിൻ്റെ കീ. അച്ചൂന് ഇതൊക്കെ അത്ഭുതമാണ്.അടുത്ത അൽഭുതം മുത്തശ്ശൻ്റെ നിലവറയുടെ താക്കോൽ ആണ്.അതിൽ അഞ്ച് പൂട്ടാണ്. ഒരു താക്കോൽ കൊണ്ട്. അത് വലത്തു വശത്തേക്കും ഇടത്തുവശത്തേയ്ക്കും തിരിച്ച് അകത്തേക്കിറക്കിയാണ് പൂട്ടുക. ഒരോ പൂട്ട് വീഴുംമ്പഴും താക്കോൽ പുറത്തെടുത്ത് ഒരു പ്രത്യേക ക്രമത്തിൽ പ്പുറത്തെടുത്താണ് പൂട്ടുക .ആ ക്രമം ആണതിൻ്റെ സീക്രട്ട്. അതു തെറ റിയാൽ ഒന്നു തുറക്കുമ്പോൾ അടുത്ത പുട്ട് വീഴും. അവസാനം കാതടപ്പിയ്ക്കുന്ന ഒരലാറമുണ്ട്. എൺമ്പത് വയസായ ഒരു മുത്തശ്ശനാണ് ഇതുണ്ടാക്കിത്തരുന്നത്.ഗോദറേജ് കമ്പനി വരെ തോറ്റു പോകും ആ പഴയ ടക്കനോളജിയ്ക്ക് മുമ്പിൽ .പിന്നെ പൂജാമുറിയിലെ നമ്പർ ലോക്കാണ്.ഒരു മലയാളം വാക്കാണ് അതിൻ്റെ പാസ് വേർഡ്. അതു ക്രമത്തിൽ വച്ചാലേ തുറക്കാൻ പറ്റൂ. ആ പാസ് വേർഡും മുത്തശ്ശൻ അച്ചൂന് മാത്രം പറഞ്ഞു തന്നിട്ടുണ്ട്. അതൊന്നും അച്ചു ആരോടും ഷെയർ ചെയ്യില്ല ,എന്നാലും അച്ചു നോട് പറയണ്ടായിരുന്നു. സീക്രട്ട് സൂക്ഷിയ്ക്കാൻ വലിയ പാടാ. ആരോട് എങ്കിലും പറയണന്നു തോന്നും അവസാനം അച്ചു ജോബിനോട് മാത്രം പറഞ്ഞു. അവനിതൊന്നും വിശ്വസിക്കാൻ പറ്റണില്ല.ഇൻഡ്യയിൽ അവൻ ഒരിയ്ക്കലും വരില്ലന്നച്ചൂ ന റിയാം.പിന്നെ നമ്പർ ലോക്കിൻ്റെ പാസ് വേർഡ് മലയാളമല്ലേ.അതവന് ജീവിതത്തിൽ പഠിക്കാൻ പറ്റില്ല എന്നച്ചൂന് ഉറപ്പാ. എന്നാലും പറയണ്ടായിരുന്നു. പറഞ്ഞു പോയിഎന്നു മുത്തശ്ശനോട് പറയണം.അല്ലങ്കിൽ ചീറ്റി ഗ് ആകും.

Tuesday, May 25, 2021

എൻ്റെ തോമ്മസ് സാറും അന്നമ്മ ടീച്ചറും. [ ഗുരുപൂജ 12 ] കുറിച്ചിത്താനം ശ്രീ കൃഷ്ണാ വൊക്കേഷണൽ ഹൈസ്കൂളിലെ എൻ്റെ വിദ്യാഭ്യാസ കാലം. എൻ്റെ ഓപ്പളും അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എല്ലാടീച്ചേഴ്സിൻ്റെയും നോട്ടപ്പുള്ളി.പഠനത്തിൽ വലിയമിടുക്കൊന്നുമില്ലാത്ത എനിയ്ക്ക് പക്ഷേ സയൻസ് ഇഷ്ട്ടമായിരുന്നു.അതു കൊണ്ട് തന്നെ തോമസ് സാറും അന്നമ്മ ടീച്ചറും എനിക്ക് പ്രിയപ്പെട്ടവർ. രണ്ടു പേരും ഇഷ്ട്ടപ്പെട്ടുള്ള ആ വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു. പുരോഗമനാശയങ്ങളിലൂടെ ഒരു ഇടതു മനസിൻ്റെ ഉടമയായിരുന്ന തോമ്മ സ്സാറുമായി ഞാൻ വല്ലാതെ അടുത്തു .അങ്ങിനെ ടീച്ചറോടും. പഠിയ്ക്കാത്തതിന് കടുത്ത ശിക്ഷ നൽകുമ്പഴും അവരുടെ ഉള്ളിൽ എന്നോട് ഒരു പ്രത്യേക മമത ഉണ്ടായിരുന്നു. അനിയൻ എന്നേ എന്നേ വിളിയ്ക്കാറുള്ളു. കാലം കിടന്നു പോയി. ഞാൻ ലോർഡ് കൃഷ്ണാ ബാങ്കിൽ ജോലി നോക്കുന്നകാലം. ഒരു ദിവസം ടീച്ചർ ബാങ്കിൽ വന്നു. ഇതിനകം സാറിൻ്റെ വിയോഗം ഞാനറിഞ്ഞിരുന്നു. ടീച്ചറെ എങ്ങിനെ അഭിമുഖീകരിക്കും. ടീച്ചർ ഒരക്കൗണ്ട് തുടങ്ങാൻ വന്നതാണ്.ഭീമമായ ഒരു തുകയ്ക്ക് തന്നെ അക്കൗണ്ട് തുടങ്ങി.ഞാൻ ഉടനെ തന്നെ എല്ലാം പൂർത്തിയാക്കി പാസ് ബുക്ക് ഏൾപ്പിച്ചു. എന്നേ ടീച്ചർ അടുത്ത് വിളിച്ചു. കയ്യിൽ ഒരു വലിയ കവർ ഉണ്ട്. അതിൻ്റെ പുറത്ത് എന്തൊക്കെയോ കുത്തി കുറിച്ചിട്ടുണ്ട്. അതെൻ്റെ നേരേ നീട്ടി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. കരുത്തിൻ്റെ പ്രതീകമായ എൻ്റെ ടീച്ചർ കരയുന്നോ,"ഈ കവറിൽ 28020 രൂപായുണ്ട്. അവസാനമായി തോമസ് സാർ എടുത്തു വച്ചതാണ്. ആ കവറിൻ്റെ പുറത്ത് ഒരു കണക്ക് കുറിച്ചിട്ടുണ്ട്.കൂടെ ഡിനോമിഷനും. അദ്ദേഹത്തിൻ്റെ കയ്യക്ഷരമാണ്. ഇത് ഇതേപടി ബാങ്ക് സെയ്ഫിൽ വയ്ക്കാൻ പറ്റുമോ? ക്യാഷ് അകൗണ്ടിൽ ഇട്ടോളൂ. പക്ഷെ ഒരു കാലത്ത് ആ നോട്ട് തന്നെ തിരിച്ചു തരണം ആ കവർ സഹിതം. ലോക്കറില്ലാത്ത തു കൊണ്ടാണ്. സാങ്കേതികമായി ബാങ്കിൻ്റെ നിയമം അനുവദിക്കുമോ?എങ്കിൽ ചെയ്തു തരൂ."ടീച്ചർ എന്നോട് ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഞാൻ മാനേജരുമായി സംസാരിച്ചു. പ്രത്യേക സാഗ്ഷൻ വേണം. നോക്കട്ടെ." ആ ക്യാഷ് ഞാൻ വാങ്ങി വച്ചു.ഞാൻ അത്രയും ക്യാഷ് ടീച്ചറുടെ അകൗണ്ടിൽ ഇട്ടു. ശരി എന്ന് ടീച്ചറോട് പറഞ്ഞപ്പഴും ആ വിവരം ഞാൻ പറഞ്ഞില്ല.... ടീച്ചർ അമേരിയ്ക്കയ്ക്ക് പോയി.കാലം കഴിഞ്ഞു. ഒരു ദിവസം ടീച്ചർ വന്നിട്ടുണ്ട് ഒന്നവിടം വരെ വരുമോ എന്നു ചോദിച്ചു. ഞാൻ ഉടനെ അവിടെ എത്തി.ഹൃദയഭേദകമായിരുന്നു ആ കാഴ്ച്ച. ശരീരം മുഴുവൻ തളർന്ന് ടീച്ചർ കിടക്കയിൽ.നല്ല ഓർമ്മയുണ്ട്. വലതുകൈ മാത്രംചലിപ്പിയ്ക്കാം. സംസാരിയ്ക്കാൻ വിഷമമില്ല. ആ കവർ തിരിച്ചു തന്നേക്കൂ. ബുദ്ധിമുട്ടിയതിൽ ക്ഷമിക്കണം. ഞാൻ ടീച്ചറുടെ അടുത്തിരുന്നു. ആ കൈ എൻ്റെ മടിയിൽ വച്ചു. ഒത്തിരി നേരം സംസാരിച്ചിരുന്നു. പഴയ കാര്യങ്ങളൊക്കെപ്പങ്കുവച്ചു.വൈകിട്ട് ആ കവർ ഭദ്രമായി മകൻ ജസ്റ്റിനെ ഏൾപ്പിച്ചു. ആ തുകയ്ക്ക് ചെക്കും തന്നു.പിറ്റേ ദിവസം ടീച്ചറേ അമേരിയ്ക്കയ്ക്ക് കൊണ്ടു പോകാനുള്ള ടൻഷനിലായിരുന്നു മക്കൾ. പക്ഷേ വൈകുന്നേരമായപ്പഴേയ്ക്കും ടീച്ചർ ഉഷാറായത്രേ. സ്കൂളിലെ പഴയ ഓർമ്മകൾ ആണ് കാരണം. മക്കൾ നന്ദി പറഞ്ഞു. അങ്ങിനെ ടീച്ചർ പോയി. പിന്നെ ഞാൻ ടീച്ചറെക്കണ്ടിട്ടില്ല.

"കൊട്ടും ചിരിയും " [ അച്ചു ഡയറി-431]മുത്തശ്ശാ നാട്ടിൽ വരുമ്പഴൊക്കെ മുത്തശ്ശൻ്റെ പരദേവതയ്ക്കും, സർപ്പക്കാവിലും, മുല്ലയ്ക്കൽ തേവർക്കും വിളക്കു വയ്ക്കുന്നതച്ചു ആണ് .ആദ്യമൊക്കെ പേടി ആയിരുന്നു. സർപ്പക്കാവിൽ വിളക്കു വയ്ക്കാനും യക്ഷി യമ്മക്ക് വിളക്കു വയ്ക്കാനും .യക്ഷി ഞങ്ങളുടെ ഒക്കെ രക്തം കുടിയ്ക്കും എന്നൊക്കെപ്പറഞ്ഞ് ആദിയേട്ടൻ പേടിപ്പിച്ചിരുന്നു.അതു പോലെ പാമ്പിൻ കാവിലും. ഇതൊക്കെ അച്ചൂന് ഇപ്പഴും അൽഭുതമാണ്.പക്ഷേ മുല്ലയ്ക്കൽ ഭഗവതിയുടെ മുമ്പിലുള്ള ഒരു വഴിപാട് അച്ചൂന് ഇഷ്ട്ടാ." കൊട്ടും ചിരിയും കഴിക്കുക ". നമുക്ക് എന്തെങ്കിലും ഒരു സാധനം കാണാതെ പോയാൽ അത് കണ്ടെത്താനാണ് "കോട്ടും ചിരിയും "വഴിപാട്.മുല്ലയ്ക്കൽ മുറ്റത്ത് ഒരുരുളിയിൽ ഗുരുതി നിറയ്ക്കുക. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്ത് അതിൽ വെള്ളമൊഴിച്ചാൽ ചുവപ്പുനിറമുള്ള ഗുരുതി കിട്ടും. ചുറ്റും മൂന്ന് പ്ലാവില വച്ച് അതിൽ ഓടം വച്ച് എണ്ണ ഒഴിച്ച് തിരിതെളിയ്ക്കണം.അതിനു ശേഷം അതിനു ചുറ്റും കൈകൊട്ടി ഉറക്കെ ഉറക്കെ ചിരിച്ചു കൊണ്ട് പ്രദക്ഷിണം വയ്ക്കണം. മൂന്നു പ്രാവശ്യം. അതു കഴിഞ്ഞ് ഉരുളിയും ഓടവും കമിഴ്ത്തിവച്ച് പുറകോട്ട് നോക്കാതെ തിരിച്ചു പോരണം.എന്നിട്ട് ഇവിടെ വന്നു തിരഞ്ഞാൽ നഷ്ട്ടപ്പെട്ടത് കിട്ടുമെന്ന് അമ്മമ്മ പറഞ്ഞു. അമ്മമ്മ ക്ക് പല പ്രാവശ്യം കിട്ടിയിട്ടുണ്ടത്രെ,.ടൻഷൻ കൂടാതെ നോക്കിയാൽ കിട്ടും. കൈ കൊട്ടി ഉറക്കെ ചിരിയ്ക്കുമ്പോൾ നമ്മുടെ ടെൻഷൻ മാറും. അപ്പം തിരയുമ്പോൾ നമുക്കു കിട്ടും. എന്നാ മുത്തശ്ശൻ പറയുന്നേ. പക്ഷേ അച്ചൂന് അമ്മമ്മ പറയുന്നത് വിശ്വസിയ്ക്കാനാ ഇഷ്ട്ടം. ഇങ്ങിനെ രസമുള്ള പരിപാടികൾ അച്ചൂ നിഷ്ട്ടാണ്. പുറകോട്ട് തിരിഞ്ഞു നോക്കാതെ പോരണ ന്നു പറഞ്ഞപ്പോൾ അച്ചൂന് ഒന്നു നോക്കാൻ തോന്നിയതാ .ഭാഗ്യം. അച്ചു നോക്കിയില്ല.

Wednesday, May 19, 2021

?എൻ്റെ ടീച്ചറമ്മ [കീശക്കഥകൾ - 121 ]കർക്കശക്കാരനായ ആ ഹെഡ്മാസ്റ്ററുടെ കീഴിലായിരുന്നു പ്രാധമിക വിദ്യാഭ്യാസം. ചിട്ടയിൽ അണുവിടെ മാറ്റം വരാത്ത അച്ചടക്കത്തിൻ്റെ അപ്പോസ്തലൻ. ഇതു വരെയുള്ളതിൽ നിന്നും സ്ക്കൂളിന് ഒരു ദിശാബോധം വന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ബുദ്ധിയും ശക്തിയും മാത്രം പോരായിരുന്നു കുട്ടികളുടെ മനസു കീഴടക്കാൻ .ഭയത്തിൻ്റെ നിഴലിൽ പട്ടാളച്ചിട്ടയിൽത്തന്നെ പഠിച്ചു.തെറ്റു ചെയ്യാൽ ഒരു വിട്ടുവീഴ്ച്ചയുമില്ല. ക ഠിനശിക്ഷ. നേരെ നിന്ന് അഭിപ്രായം പറയാൻ പോലും ആർക്കും ധൈര്യമില്ല.അപ്പഴാണ് ഒരു മാലാഖയേപ്പോലെ ടീച്ചറമ്മ എത്തിയത്. എപ്പഴും ശാന്തമായിച്ചിരിക്കുന്ന ടീച്ചറമ്മ. സൗമ്യമായ പെരുമാറ്റം.പെട്ടന്നു തന്നെ കുട്ടികളുടെ ഹൃദയത്തിലേയ്ക്ക് കടന്നു കയറിയത് പോലെ. ആദ്യം ക്ലാസിൽ വന്നപ്പഴേ മേശപ്പുറത്തിരുന്ന വടിഎടുത്തു മാറ്റി. ആയമ്മ ഹൃദയം കൊണ്ടാണ് പഠിപ്പിക്കുന്നതെന്നു തോന്നി. ക്ലാസിലെ പ0ന വിഷയങ്ങളിൽ നിന്നു മാറി ജീവിതരീതി, ആഹാരരീതി എല്ലാം കരിക്കുലത്തിൻ്റെ ഭാഗമാക്കി. ആരോഗ്യ സംരക്ഷണത്തിനും പോഷകാഹാരക്രമത്തിനും ക്ലാസെടുത്ത് കൂടെ നിന്നു. ചോദ്യം ചോദിയുന്നവരേ ചേർത്ത് പിടിച്ച് പ്രതികരിയ്ക്കാൻ പ്രോത്സാഹിപ്പിച്ചു വീട്ടിലേകഷ്ടപ്പാട്ടുകളിലേയ്ക്കും അവർ ഇറങ്ങി വന്നു. പരിഹാരമുണ്ടാക്കി.ഇന്നു ടീച്ചർ നമുക്ക് വെറും അദ്ധ്യാപികയല്ല, അമ്മയാണ്, സഹോദരിയാണു് ദൈവമാണ്. ഈ ഭൂലോകത്തിൻ്റെ ഒരു കോണിലിരുന്ന് തൻ്റെ പ്രത്യേക പ്രവർത്ത രീതി ലോകം മുഴുവൻ അംഗീകരിയ്ക്കുന്ന രീതി വന്നു. അപ്പഴും ഒരു മാറ്റവുമില്ലാതെ ടീച്ചറമ്മ.പെട്ടന്നാണ് ഇടിത്തീ പോലെ ആ ദുരന്ത വാർത്ത. ടീച്ചർ അമ്മയ്ക്ക് ട്രാൻസ്ഫർ. ഉള്ളു നടുങ്ങി.പ്രൊമോഷനാണത്രേ. അത്രയും നല്ല ഒരദ്ധ്യാപികയെ അതിൽ നിന്നു മാറ്റിയാൽ നാടിന് തന്നെ നഷ്ട്ടമാണ്. ഞങ്ങളെല്ലാവരും കൂടിയാണ് ടീച്ചറമ്മയുടെ അടുത്തെിയത്. എല്ലാവരും കരച്ചിലടക്കാൻ പാടുപെടുന്നുണ്ട്. ടീച്ചർ അപ്പഴും ശാന്തമായിത്തന്നെ പ്രതികരിച്ചു. നമ്മളൊക്കെ ഒരു നല്ല സിസ്റ്റത്തിൻ്റെ ഭാഗമായി പ്രവർത്തിയ്ക്കുന്നു എന്നേയുള്ളു. ചിലപ്പോൾ എന്നേക്കാൾ നല്ല ഒരു ടീച്ചറെ നിങ്ങൾക്ക് കിട്ടും.പിന്നെ നിങ്ങളുടെ ജയവും പരാജയവും നിങ്ങളുടെ തന്നെ കയ്യിലാണ്.

Saturday, May 15, 2021

ചാർലി ചാപ്ലിൻ്റെ ഫാനാ അച്ചു [അച്ചു ഡയറി-4 29]മുത്തശ്ശാ ചാർലി ചാപ്ലിനെ അച്ചു നിഷ്ടാണ്.അച്ചു ചാപ്ലിൻ്റെ കട്ട ഫാനാ. സംഭാഷണമില്ലാതെ എങ്ങിനെയാ ഇങ്ങിനെ ചിരിപ്പിക്കുക. മിക്കി മൗസ് പോലെ കണ്ടിരിക്കാം. നിർമ്മാതാവും തിരക്കഥാകൃത്തും നടനും ഒക്കെ ചാപ്ലിനാണ്. ഇത്ര അധികം ആൾക്കാരെ ചിരിപ്പിച്ച ഒരാൾ ലോകത്ത് വേറേ ഉണ്ടാകില്ല മുത്തശ്ശാ.മുത്തശ്ശാ ഇപ്പം ഞാനിതൊക്കെപ്പറയാൻ കാരണമെന്തെന്നറിയോ മുത്തശ്ശന് .ഇന്നലെ ഞാൻ ചാപ്ലിൻ്റെ ആത്മകഥ വായിച്ചു തുടങ്ങി.Sച്ചി ഗ്: കുട്ടിക്കാലത്ത് ഒത്തിരി കഷ്ടപ്പെട്ടു ചാപ്ലിൽ. ചാപ്ലിൻ്റെ പ്രിയപ്പെട്ട അമ്മക്ക് അസുഖമായി ആശുപത്രിയിലായിരുന്നു അന്ന്. ആശുപത്രി മുറിയിൽ വന്നു വാതിലടച്ച് മുഖം പൊത്തിക്കരയും കുറേ നേരം. അതു കഴിഞ്ഞ് കണ്ണു തുടച്ച് ആളുകളെ ചിരിപ്പിയ്ക്കാനായി അടുത്ത വേദിയിലേയ്ക്ക്. അതു വായിക്കണ്ടായിരുന്നു. എപ്പഴും ചിരിപ്പിക്കുന്ന ചാപ്ലിൻ മതിയായിരുന്നു എന്നു തോന്നി അച്ചു ന്.അച്ചൂന് ഏറ്റവും വിഷമമുണ്ടാക്കിയ ഒരു കുറിപ്പുണ്ട് അതിൽ"എനിയ്ക്ക് മഴയത്തു നടക്കാനാണിഷ്ടം കാരണം എൻ്റെ കണ്ണുനീർ ആരും കാണില്ലല്ലോ." അച്ചു ആ പുസ്തകം അവിടെ വച്ചു നിർത്തി. ബാക്കി വെണ്ട: മലയാളത്തിലും ആ ആത്മകഥ ഇറങ്ങിയിട്ടുണ്ട് എന്നച്ഛൻ പറഞ്ഞു. മുത്തശ്ശൻ വായിച്ചിട്ടുണ്ടോ?ഇല്ലങ്കിൽ വേണ്ട മുത്തശ്ശാ.

Friday, May 14, 2021

അച്ചുവും ചക്കിയും [അച്ചുവിൻ്റെ ഡയറി._428]അച്ചു ഡബിൾ ഫിഗറിലേയ്ക്ക്. ബർത്ത് ഡേ സെലിബ്രേഷൻ ചക്കി ചീസിലായിരുന്നു. അവിടെ കൂട്ടുകാർക്കൊപ്പം കളിയ്ക്കാൻ ഒരു പാട് ഗയിംസ് ഉണ്ട്. കൗണ്ടറിൽ അഞ്ചു ഡോളർ കൊടുത്താൽ കുറേ കൂപ്പൺ കിട്ടും. അതു കൊണ്ട് ഇഷ്ടം പോലെഗയിംസ് കളിയ്ക്കാം. ആ കുപ്പൺകൊടുത്ത് ഗെയിംസ് കളിച്ചാൽ ഒത്തിരി പോയിൻ്റ് സമ്പാദിയ്ക്കാം. അവസാനം അവ കൗണ്ടറിൽക്കൊടുത്ത് ഇഷ്ടമുള്ള സമ്മാനങ്ങൾ വാങ്ങാം.കളിയ്ക്കിടെ ചക്കിവരും. ചക്കി ഒരലിയാണ്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു കാർട്ടൂൺ കഥാപാത്രം. ചക്കിയുടെ വേഷം കെട്ടിയ ഒരാൾ . അയാൾ കുട്ടികളുടെ കൂടെ ആടും,പാടും, കളിയ്ക്കും. അതു കൊണ്ട് കുട്ടികൾക്ക് അയാളെ വലിയ ഇഷ്ട്ടമാണ്.കൂടെ നിന്ന് അച്ചു ഫോട്ടോ എടുത്തു.ഒരു മണി ആയപ്പോ എല്ലാവരും കഴിയ്ക്കാനിരുന്നു. കേക്ക് കട്ട് ചെയ്ത് എല്ലാവരും ഹാപ്പി ബർത്ത് ഡേ പറഞ്ഞു. ചക്കിയും കൂടെക്കൂടി.പിന്നെ ഫുഡ്.ഇഷ്ട്ടമുള്ളത് വാങ്ങിക്കഴിയ്ക്കാം. അച്ചൂന് ചക്കി ചീസ് പിസയാണിഷ്ടം. ചക്കിയും ഡയിനിഗ്ടേബിളിന് ചുറ്റും നടന്നു് ഡാൻസ് ചെയ്യുന്നുണ്ട്. പാവം അയാളൊന്നും കഴിച്ചിട്ടില്ലല്ലോ.അച്ചു ഒരു പ്ലേറ്റ് അയാളുടെ നേരേ നീട്ടി."നൊ "അയ്യാൾ കയ്യു കൊണ്ട് വിലക്കി. ഈ ഡ്രസിട്ടൊണ്ട് പാവത്തിനു കഴിക്കാൻ പറ്റില്ല. പാവത്തിന് വിശക്കുന്നുണ്ടാകും. മൂന്നു മണി ആയി. എല്ലാവരും പിരിഞ്ഞു.അമ്മയും അച്ഛനും അകൗണ്ട് സെറ്റിൽ ചെയ്യാൻ പോയി. ചക്കിയുടെ വേഷം കെട്ടിയ ആൾ ഒരു മുറിയിലേക്ക് കയറുന്നത്ത് അച്ചു കണ്ടു. അച്ചു ഒരു വലിയ പ്ലെയ്ററിൽ നിറയെ പലതരം ആഹാരവുമായി അയാളുടെ റൂം തുറന്ന് അകത്ത് കയറി. അയാൾ ഡ്രസ് മാറി.വിയർത്തുകളിച്ചിട്ടുണ്ട് ഒരു വലിയ പാത്രത്തിലെ വള്ളം കുടിക്കുന്നു. രാവിലെ മുതൽ ഈ ഡ്രസിൽ വെള്ളം പോലും കുടിയ്ക്കാതെ. പാവം.ഞാൻ പ്ലയ്റ്റ് അയാളുടെ നേരെ നീട്ടി. "അങ്കിൾ ഇതുകഴിയ്ക്കൂ " അയാൾ അൽഭുതത്തോടെ എന്നെ നോക്കി"ഇന്നു വരെ എനിയ്ക്ക് ഇതുപോലെ ആരും തന്നിട്ടില്ല." അയാൾ പ്ലയ്റ്റ് വാങ്ങി ക്കഴിച്ചു തുടങ്ങി.ആ കണ്ണു നനയുന്നതച്ചു കണ്ടു മുത്തശ്ശാ."മോനേപ്പോലെ ഒരു കുട്ടി എനിക്കുണ്ട്. അവനു വേണ്ടിയാ ഞാനീ വേഷം കെട്ടണെ.ഒരു ദിവസം അമ്പത് ഡോളർ കിട്ടും "അച്ചുവേഗം ഹാളിലേക്ക് തിരിച്ചുപോയി. അച്ചൂ ന് കിട്ടിയ സമ്മാനങ്ങൾ അവിടെ അടുക്കി വച്ചിട്ടുണ്ട്. അതിലൊരെണ്ണം എടുത്ത് വീണ്ടും അച്ചു അയാളുടെ അടുത്തെത്തി.ആ സമ്മാനം അയാളുടെ നേരേ നീട്ടി. അങ്കിളിൻ്റെ മോന് കൊടുത്തോളൂ.അച്ചുതരിച്ചു നടന്നു.ഇനി അച്ചൂൻ്റെ പുറന്നാളിന് ഈ പരിപാടി വേണ്ട മുത്തശ്ശാ.

Monday, May 10, 2021

അശ്രുപൂജഒരു വല്ലാത്ത ദുഖത്തോടെയാണ് ആ വാർത്ത കേട്ടത് .മാടമ്പ് കുഞ്ഞി കുട്ടേട്ടൻ നമ്മേ വിട്ടു പിരിഞ്ഞു. അദ്ദേഹവുമൊത്തുള്ള അനേകം ഓർമ്മകൾ ബാക്കി വച്ച് അദ്ദേഹം വിടവാങ്ങി. "അശ്വസ്ഥാമാവ് " എന്ന നോവലാണ് എന്നെ അദ്ദേഹത്തിൻ്റെ അടുത്തെത്തിച്ചത്. പിൽക്കാലത്ത് ഒരു ദിവസം എൻ്റെ "അച്ചുവിൻ്റെ ഡയറി "ക്കൊരവതാരിക്കായിട്ടാണ് കീരാലൂര് എത്തിയത്. മടിച്ച് മടിച്ച് കാര്യം പറഞ്ഞു. പ്രൂഫ് തരൂ ഞാന്നൊന്നു വായിച്ച് നോക്കട്ടെ. അവിടുന്ന് പോന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവതാരിക എഴുതി വച്ചിട്ടുണ്ട് എന്നു പറഞ്ഞു വിളിച്ചു. ഞാനന്നു തന്നെ മാടമ്പിലെത്തി. വായിച്ചു നോക്കൂ. എന്നു പറഞ്ഞ് എൻ്റെ കയ്യിൽത്തന്നു.സത്യത്തിൽ അതൊരവാരിക ആയിരുന്നില്ല ഒരനുഗ്രഹമായിരുന്നു. പിന്നീട് അങ്ങോട്ട് എൻ്റെ എഴുത്തിന് ഒരു വഴികാട്ടി ആയിരുന്നു അദ്ദേഹം.യാഗവുമായി ബന്ധപ്പെട്ട "പത്തനാടി; എന്ന എൻ്റെ ചെറുകഥ തിരുത്തലിനായി അദ്ദേഹത്തെ ഏൾപ്പിച്ച ഒരുനുഭവം ഉണ്ടെനിയ്ക്ക്. അതിലെ ചില സാങ്കേതിക പദങ്ങൾ എനിയ്ക്കന്യമായിരുന്നു. തൃശൂരു ഒരു വിവാഹം ച്ചടങ്ങിൽ വച്ചാണ് മടിയോടെ അദ്ദേഹത്തെ ഏൾപ്പിച്ചത്.അതു തുറന്നവിടെ വച്ചുതന്നെ അദ്ദേഹം വായിച്ചു. പേന വാങ്ങി അവിടെ വച്ചുതന്നെ തിരുത്തി എനിയ്ക്ക് തിരിച്ചു തന്നു. നന്നായിട്ടുണ്ട് ..എഴുത്തു തുടരണം.ആ വേദിക് പേഴ്സാണാലിറ്റിയെ ഇതിനകം ഞാൻ എൻ്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നു. ആ പാവനമായ ഓർമ്മയ്ക്ക് മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അശ്രുപൂജയോടെ...

Sunday, May 9, 2021

അച്ചൂന് വാക്സിൻ [ അച്ചു ഡയറി-4 27]മുത്തശ്ശാ അമേരിക്കയിൽ കൊറോണാ തോറ്റു പിൻ വാങ്ങിത്തുടങ്ങി. അമ്മയും അച്ഛനും വാക്സിൻ എടുത്തു. ഇവിടെ ളപ്പോൾ മാസ്ക്ക് നിർബ്ബന്ധമില്ലന്നാക്കുമെന്ന് കേൾക്കുന്നു. ഇവിടെ ഒറ്റ ഡോസ് മതി .അച്ചൂന് അടുത്ത മാസം വാക്സിൻ കിട്ടും. അച്ചു കാത്തിരിയ്ക്കുകയാ. അത് കഴിഞ്ഞ് ഇവിടെ കൊറോണാ മാറിയിട്ട്വേണം കൂട്ടുകാരുമായി പ്പുറത്തു കളിയ്ക്കാൻ പോകാൻ.,അതുപോലെ സ്ക്കൂളിൽ പോകാൻ കൊതിയാകുന്നു മുത്തശ്ശാ. ഇനി ഞങ്ങൾക്ക് വെക്കേഷനാണ്. മൂന്നു മാസം .അതു കഴിഞ്ഞ് സ്ക്കൂൾ തുറക്കുമ്പോൾ അച്ചൂന് സ്ക്കൂളിൽ പോകാൻ പറ്റുo. അച്ഛൻ പറഞ്ഞിട്ടുണ്ട്.അച്ചു സ്കൂളിലെ കാര്യങ്ങളൊക്കെ മറന്നു തുടങ്ങി മുത്തശ്ശാ.കളിയും, ചിരിയും, ലൈബ്രറി പീരിയഡും, സെമിനാറുകളും, പ്രോജക്റ്റ് കളും എല്ലാം കൂടി എന്തു രസമായിരുന്നു. ജോബ് ഇടക്ക് വിളിയ്ക്കാറുണ്ട്. എല്ലാവരേയും കാണാൻ കൊതിയാകുന്നുഅതിൻ്റെ അടുത്ത മാസം പാച്ചുവിന് വാക്സിനാകും അവൻ സമ്മതിയ്ക്കുന്നില്ല. വാക്സിനേഷൻ എടുക്കാൻ .പുറത്തു പോയി കളിയ്ക്കാം സ്ക്കൂളിൽപ്പോകാം എന്നൊക്കെപ്പറഞ്ഞു നോക്കി.ഒരു രക്ഷയുമില്ല. അവസാനം നാട്ടിൽ പോകണമെങ്കിൽ വാക്സിൻ എടുക്കണമെന്നു പറഞ്ഞപ്പഴാ സമ്മതിച്ചത്.ഞങ്ങൾ നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു മുത്തശ്ശാ. ആകെ സങ്കടായി. പാച്ചുവിനാഏററവും സങ്കടം. അവന് പറഞ്ഞിട്ട് മനസിലാകുന്നില്ല. ഇപ്പം അവനും കാത്തിരിയ്ക്കുകയാണ് നാട്ടിൽ പോകാൻ. അവൻ വാക്സിൻ എടുക്കാത്തതു കൊണ്ടാ ടിക്കാറ് ക്യാൻസൽ ചെയ്തിരിക്കുന്നത് എന്നാ അവൻ ധരിച്ചിരിയ്ക്കുന്നത്. പാവം.

Friday, May 7, 2021

ഗ്രൂപ്പർ [കീശക്കഥ - 119]തിരഞ്ഞെടുപ്പ് കഴിഞ്ഞു.പാർട്ടി എട്ടുനിലയിൽ പൊട്ടി. എന്തുകൊണ്ടു തോറ്റു. തിരുത്തണം.പാർട്ടിയെ ശക്തിപ്പെടുത്തണം. കൂലംകഷമായ ചർച്ച പരദേശങ്ങളിൽ നിന്നു പോലും പ്രതിനിധികൾ എത്തി. ഇവിടുത്തെ പ്രധാന പാർട്ടിയാണ്. പക്ഷേ പാർട്ടി തന്നെ ഒരൈക്കമുന്നണിയാണ്. നാലു ഗ്രൂപ്പ് ഉണ്ട് പാർട്ടിയിൽ. പിന്നെ ഗ്രൂപ്പില്ലാത്തവരുടെ ഒരു ഗ്രൂപ്പ് വേറേ .തലകളുരുളും. ഒരു ഗ്രൂപ്പിലെ ഒരു ഭാരവാഹിയുടെ തലതെറിച്ചാൽ അത് മററു സ്ഥാനങ്ങളിലേയ്ക്കും പടരും. എല്ലാ ഗ്രൂപ്പിനും നഷ്ടം. ഗ്രൂപ്പില്ലാത്തവനും നഷ്ടം. അപകടം മണത്തു ഗ്രൂപ്പ് യുദ്ധം തത്ക്കാലം നിർത്തിവച്ച് അവർ ഒത്തുകൂടി.ഒത്തുതീർപ്പ് ഫോർമുല തിരക്കി. അവസാനം തീരുമാനമായി.കുറേക്കാലമായി വലിയ ചുമതലയൊന്നുമില്ലാത്ത പാർട്ടിയിലെ സമുന്നതനായ നേതാവ് തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്തു.അങ്ങേർക്ക് ഒരു നഷ്ട്ടവുമില്ല. ബാക്കിയുള്ളവർ രക്ഷപെട്ടു. ഇനി ചിലപ്പോൾ ഈ വലിയ ത്യാഗത്തിൻ്റെ പേരിൽ ഒരു സ്ഥാനം കിട്ടിയാൽ അതൊരു ബോണസ്.പിറ്റേ ദിവസം മുതൽ പൂർവ്വാധികം ഭംഗിയായി ഗ്രൂപ്പ് പ്രവർത്തനം ഊർജിതമാക്കി പാർട്ടിയെ പരിപോഷിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ ഈ പാർട്ടി നല്ല ശക്തിയോടെ നിലനിൽക്കണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണ് എന്നാഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തി കൊണ്ട് അന്യോന്യം ചെളി വാരി എറിഞ്ഞ് ഗ്രൂപ്പർ പാർട്ടിയിൽവാണു

Thursday, May 6, 2021

കണിക്കൊന്നയും ഇലഞ്ഞിമരവും [ നാലുകെട്ട് 340]തറവാട്ടിൽ വടക്കു കിഴക്കേ മൂലയ്ക്കാണ് സർപ്പക്കാവ്. പ്രകൃതിസംരക്ഷണത്തിന് പൂർവ്വികരുടെ ഒരു കരുതൽ.കുട്ടിക്കാലം മുതൽ അതിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഇലഞ്ഞിമരത്തിനോടും, കണിക്കൊന്ന യോടും ഒരു വല്ലാത്ത അടുപ്പമുണ്ടായിരുന്നു. ഓണക്കാലത്തും തിരുവാതിരയും ഊഞ്ഞാൽ കെട്ടിയിരുന്നതതിലാണ്.ഞറളവള്ളിയും, മടക്കടയും ഉപയോഗിച്ച് .വിഷുവിനെ വരവേൽക്കാൻ സ്വർണ്ണവർണ്ണ പൂക്കൾ സമ്മാനിയന്ന കൊന്നമരം.നാട്ടുകാരെല്ലാവരും ഇവിടന്നാണ് പൂ കൊണ്ടു പോവുക. ആയുർവേദ മരുന്നിന് പലരും അതിൻ്റെ തൊലി ചെത്തിക്കൊണ്ടു പോകുമ്പോൾ ദുഖം തോന്നിയിട്ടുണ്ട്. ഇലഞ്ഞിമരം പൂത്തു കഴിഞ്ഞാൽ ചുറ്റുപാട് മുഴുവൻ അതിൻ്റെ ഗന്ധം പരക്കും. അന്ന് ഇലഞ്ഞിപ്പൂപറുക്കിയെടുത്ത് മാലകെട്ടും. അത് കയ്യിൽച്ചുററി ഇടക്കിടെ മണപ്പിച്ചു നോക്കും. എനിക്കേറ്റവും ഇഷ്ടപ്പെട്ട മണം. കുറേ ദിവസത്തേക്ക് കേടുകൂടാതെ ആ മാല ഇരിയ്ക്കും.തൊട്ടടുത്ത് മഞ്ചാടി മരം അതിൻ്റെ കായ്പൊട്ടി മഞ്ചാടിക്കുരു താഴെ വീണ് ചിതറിക്കിടക്കും. ചുവന്ന നിറത്തിലുള്ള മഞ്ചാടിക്കുരു കാണാൻ നല്ല രസമാണ്. സൗന്ദര്യത്തിൽകുന്നിക്കുരു വിനൊപ്പം.. അത് വാരി ചില്ലു പാത്രത്തിലിട്ടുവയ്ക്കും. അതിനടുത്താണ് ആ നെല്ലിമരം. ചെറിയ നെല്ലിയ്ക്കയാണ്.കുട്ടിക്കാലത്ത് അതിൻ്റെ സ്വാദ് അത്ര ഇഷ്ടമില്ലായിരുന്നു. പക്ഷേ അത് തിന്നിട്ട് പച്ചവെള്ളം കുടിച്ചാൽ വെള്ളത്തിന് മധുരമാണ്. അതിനു വേണ്ടി ക്കഴിയ്ക്കാറുള്ളതോർക്കുന്നു. ഈ മരങ്ങൾ എല്ലാം നമ്മുടെ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ ആയിരുന്നു.കാലങ്ങൾ ഏറെ ആയിട്ടും ഗൃഹാതുരത്വഭാവമുണർത്തി ആ മര മുത്തശ്ശിമാർ പടർന്നു നിന്നിരുന്നു.ഇന്നലെ നടന്ന ഒരത്യാഹിതമാണ് ഇതൊക്കെപ്പിന്നെയും ഓർമ്മിക്കണ്ടി വന്നത്.വായു ഭഗവാൻ്റെ സംഹാര താണ്ഡവം. അഞ്ചു മിനിട്ടിനുള്ളിൽ എല്ലാം കഴിഞ്ഞു. പ്രചണ്ഡമായ ആ ചുഴലിക്കൊടുങ്കാറ്റ് ആവൻമരങ്ങൾനാലിനേയും ചുഴറ്റി എറിഞ്ഞു.മറ്റു നഷ്ടങ്ങളേക്കാൾ ദുഖിപ്പിച്ച പതനം.മഴ മാറി ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. ഒരു തേങ്ങൽ പോലെ അതിൻ്റെ തളിരിലകൾ മഴ വെള്ളത്തിൽ ചെറുതായി സ്പന്ദിക്കുന്നതായിത്തോന്നി.ആ ഇലകളിൽ നിന്നു് ഇറ്റുവീണ മഴത്തുള്ളികൾ അവയുടെ കണ്ണുനീർത്തുള്ളികൾ പോലെ തോന്നിച്ചു .ഒരു മാസം മുമ്പ് ഇന്ദ്രധനുസാൽ കരിച്ചു കളഞ്ഞ ആ താന്നിമരത്തിൻ്റെ അസ്ഥിപഞ്ച രം മാത്രം നിലംപൊത്താതെ അവശേഷിച്ചു.ഇന്ദ്രദേവൻ്റെ ഉഛിഷ്ട്ടമായതുകൊണ്ടാവാം അത് വായൂദേവൻ ഉപേക്ഷിച്ചത്