Thursday, April 1, 2021

നമ്പ്യാത്തൻ്റെ അമൃതേത്ത് [ആറാം ദിവസം ]ഇന്ന് നമ്പ്യാത്തന് പഴങ്ങൾ മാത്രം. പഴത്തിൻ്റെ ജ്യൂസ് കുടിയ്ക്കാനും .ഇങ്ങിനെ മാസത്തിൽ ഒരു ദിവസം പതിവുണ്ട്. രാവിലെ ഏത്തപ്പഴം ചുട്ടെടുക്കും.ചെമ്പ് കൊണ്ട് അതിനൊരു കുഴൽ ഉണ്ട്.അത് രണ്ടായി ഊരി എടുക്കാം. എന്നിട്ട് ഏത്തപ്പഴം അതിലിട്ട് അടച്ച് കനലിൽ ഇട്ട് ചുട്ടെടുക്കും. അതിനൊരു പ്രത്യേക സ്വാദാണ് .അതിലെ ജലാംശം പകുതിയിലധികം വറ്റിയിരിയ്ക്കും.ചെറുനാരങ്ങാ തൊണ്ടോടു കൂടി അരച്ച് കാന്താരിമുളകും ഉപ്പും നെല്ലിക്കാ വെള്ളവും ചേർത്ത് കുടിയ്ക്കും .അതിൻ്റെ സ്വാദ് എല്ലാവർക്കും പിടിയ്ക്കില്ല.ആരോഗ്യത്തിന് പറ്റിയ പാനീയമാണ്.നല്ല പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങാ പറിച്ച് വയ്ക്കോലിൽ പൊതിഞ്ഞുവച്ചിട്ടുണ്ടാകും. അത് തൊണ്ടു ചെത്തി പൂളി തിന്നും. പഴുത്ത മാതള നാരങ്ങയുടെ അല്ലി എടുത്ത് വച്ചിരിയ്ക്കും അത് ഇടക്കിടയ്ക്ക് കഴിയ്ക്കും.വടക്കേ തൊടിയിലെ തേൻവരിയ്ക്കാപ്ലാവ് തറവാട്ടിലെ ഇല്ലത്തെ ഒരു അമൂല്യ സമ്പത്താണ്. അതിൻ്റെ ചക്കപ്പഴം പ്രസിദ്ധമാണ്. അത് പറിച്ചു വയ്ച്ച് പഴുപ്പിയ്ക്കും. വലിയ ചുളകളാണ്. ചുവന്നു തുടങ്ങുന്ന തേൻവരിയുടെ ചുള എത്ര കഴിച്ചാലും മതിയാകില്ല. അത്താഴത്തിന് അതാണ്.കൂടെ ഒരു പേരയ്ക്കയും. കിടക്കുന്നതിന് മുമ്പ് രണ്ടു പൂവ്വൻ പഴവും.മാസത്തിൽ രണ്ടു ദിവസം ഉപവാസവും, ഒരു ദിവസം പഴങ്ങൾ മാത്രം കഴിച്ചുള്ള ആഹാരരീതിയും ,ആചാരത്തിൻ്റെ ഭാഗമായി പല ദിവസവും ഒരിയ്ക്കലും [ ദിവസത്തിൽ ഒരു നേരം മാത്രം ആഹാരം] നമ്പ്യാത്തൻ്റെ ആരോഗ്യം നിലനിർത്തുന്ന ഘടകങ്ങൾ ആണ്. കിടക്കുന്നതിന് മുമ്പ് രണ്ട് ഔൺസ് നെല്ലിക്കാരിഷ്ടവും കഴിച്ച് അന്നത്തെ ആഹാരം നമ്പ്യാത്തൻ അവസാനിപ്പിയ്ക്കും.

No comments:

Post a Comment