Friday, April 9, 2021

വ്യത്യസ്തമായ ഒരു ഉണക്കു മാങ്ങാ അച്ചാർ [തനത് പാകം - 46] നല്ലവണ്ണം മൂത്ത്തകിടി ഉറച്ച മാങ്ങാ കഴുകി എടുക്കണം. ഉൾക്കാമ്പ് കൂടുതൽ ഉള്ള മാങ്ങാ ഉത്തമം. അതു നല്ല മൂർച്ചയുള്ള വാക്കത്തിക്ക് വെട്ടി അറഞ്ഞെടുക്കണം .അതിൻ്റെ മാങ്ങയണ്ടി ഉൾപ്പടെ മുറിഞ്ഞ് കിട്ടണം. അതിനുള്ളിലെ പരിപ്പ് മാറ്റണം.കല്ലുപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമ്മി യോജിപ്പിച്ച് അടച്ചു വയ്ക്കണം. പിറേറദിവസം അതിൽ പകുതി വെള്ളം നിറഞ്ഞിട്ടുണ്ടാകും. ആ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് വെയിലത്ത് വച്ച് ഉണക്കി എടുക്കണം. ഒരു ദിവസത്തെ വെയിൽ മതിയാകും. രണ്ടു കിലോ മാങ്ങയ്ക്ക് 200gm വീതം ഉലുവപ്പൊടി, കടുക് പൊടി, മല്ലിപ്പൊടി, 350 gm മുളക് പൊടി, 50 gm.കുരുമുളക് പൊടി, കുറച്ച് മഞ്ഞപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ കരുതുക. ഒരു ഉരുളി അടുപ്പത്ത് വച്ച് 200gm നല്ലണ്ണ ഒഴിച്ച് ചൂടാക്കുക.അതിൽ അമ്പതു ഗ്രാം കായപ്പൊടി ചേർത്തിളക്കി വാങ്ങി വയ്ക്കണം. ചൂടായിക്കഴിയുമ്പോൾ പൊടികൾ ഒന്നൊന്നായി ചേർത്ത് യോജിപ്പിയ്ക്കണം. അതിലേക്ക് 200gmപൊട്ടുകടലയും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിയ്ക്കുക. അതിലേയ്ക്ക് ഉണക്കി വെള്ളം വലിഞ്ഞ മാങ്ങ ചേർത്തിളക്കി യോജിപ്പിയ്ക്കണം. അത് ഒരു ഭരണിയിലേയ്ക്ക് പകർന്ന് മുകളിൽ എണ്ണ ശീലയിട്ട് അടച്ചു വയ്ക്കണം. മുകളിൽ തുണി കെട്ടി അടച്ചു വക്കണം. ആറു മാസം കഴിഞ്ഞാൽ വ്യത്യസ്ഥമായ സ്വാദിഷ്ടമായ ഉണക്ക മാങ്ങാ അച്ചാർ പാകപ്പെടും....

No comments:

Post a Comment