Monday, April 26, 2021
അർജുൻ്റെ യാത്ര [ അച്ചു ഡയറി-4 26]മുത്തശ്ശാ അച്ചൂൻ്റെ ഫ്രണ്ട് അർജുൻ ഇന്ന് നാട്ടിലേയ്ക്ക് പോവുകയാണ്. ആകെ സങ്കടായി. എൻ്റെ ക്ലോസ് ഫ്രണ്ടാണവൻ. ഈ കോവിഡ് കാലത്ത് അവനേ ഉണ്ടായിരുന്നൊള്ളു കൂട്ടിന്.അച്ചു നാട്ടിലേയ്ക്ക് വരാൻ മോഹിച്ചിട്ട് കുറേക്കാലമായി .അവനെങ്കിലും സാധിച്ചല്ലോ. നന്നായി. അച്ചൂന് സന്തോഷായി. അവൻ പോയി അടിച്ചു പൊളിയ്ക്കട്ടെ. പക്ഷേ മുത്തശ്ശാ അച്ചൂൻ്റെ ഉള്ളിൽ ഒരു ചെറിയ സങ്കടണ്ട്. അവൻ പോണതിന്.യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പും കഴിഞ്ഞ് ആവർ ഇറങ്ങി. അച്ഛനാണ് അവരെ എയറോഡ്രോമിൽ ആക്കാമെന്ന് ഏറ്റത്.അച്ചും കൂടെപ്പോയി. കാറിൽ അവൻ്റെ അടുത്താ അച്ചു ഇരുന്നത്. അവനൊന്നും മിണ്ടിയില്ല. അവന് വല്ലാത്ത സങ്കടം പോലെ തോന്നി.നാട്ടിൽ പോകുമ്പോൾ സന്തോഷിയ്ക്കുകയല്ലേ വേണ്ടത്.ഞങ്ങൾ വിമാനത്താവളത്തിൽ എത്തി. അവനെൻ്റെ കൈവിട്ടന്നില്ല. ഞങ്ങൾ കാറിൽ നിന്നിറങ്ങി പെട്ടിയുമായി അകത്തു പോയി .സമയം അന്വേഷിച്ചു വരാം എന്നു പറഞ്ഞ് അവൻ്റെ അച്ഛൻ അകത്തേയ്ക്ക് പൊയി. തിരിച്ചു വന്നപ്പോൾ ആകെ ആ മുഖത്തൊരങ്കലാപ്പ്. അവരുടെ ഫ്ലൈറ്റ് ക്യാൻസൽ ആയി. ഇനി പോകാൻ പറ്റില്ല. അവൻ്റെ അമ്മ കരയാൻ തുടങ്ങി. അച്ചൂന് ആകെ വിഷമായി. അവരുടെ സങ്കടം കണ്ടപ്പോൾ. ഇനി എന്നത്തേയ്ക്കാകുമെന്നറിയില്ല. താമസിച്ചാൽ അവൻ്റെ അച്ഛൻ്റെ ജോലി പ്രശ്നമാകും.ഇൻഡ്യയിൽ വിസ സ്റ്റാമ്പ് ചെയ്യാനും താമസം വരും .പാവം അർജുനനും സങ്കടായിക്കാണും എന്നാ അച്ചു വിചാരിച്ചത്. പക്ഷേ അവൻ സന്തോഷത്തോടെ ഓടി വന്ന് അച്ചൂനേ കെട്ടിപ്പിടിച്ചു. എനിയ്ക്കിവിടെയാ ഇഷ്ട്ടം .അവൻ അച്ചുവിൻ്റെ ചെവി യിൽ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment