Monday, March 1, 2021

ചീനഭരണിയിലെ കടുമാങ്ങ . [തനത് പാകം - 41]നാനൂറ് വർഷം പഴക്കമുള്ള ആ ചീനഭരണി കടുമാങ്ങയിടാൻ മാത്രം മാറ്റിവച്ചതാണ്. രണ്ടു പറമാങ്ങ .അതാണ് കണക്ക്.ആ ചീനഭരണിയിൽ കടുമാങ്ങായിട്ടാൽ അഞ്ചു വർഷം വരെ കേടുകൂടാതെ ഇരിയ്ക്കും. പടിഞ്ഞാറെ തൊടിയിൽ ഒരു നല്ല നാട്ടുമാവുണ്ട്. ചന്ത്രക്കാരൻ .അത് കടുമാങ്ങയ്ക്ക് സ്പെഷ്യൽ ആണ്. കടുമാങ്ങാ പ്രായമായാൽ കുലയോടെ പറിച്ചിറക്കും.നിലത്തു വീഴാതെ. നിലത്തു വീണതെടുക്കില്ല. അങ്ങിനെ പറിച്ചെടുത്ത മാങ്ങാ ഒരു സെൻ്റീമീററർ ഞട്ടു നിർത്തി ആണ് മുറിച്ചെടുക്കുക. അത് വലിയ പാത്രത്തിൽ ഇട്ട് നല്ല ശുദ്ധജലത്തിൽ കഴുകി എടുക്കുക. കഴുകി എടുത്ത മാങ്ങ വെള്ളം മുഴുവൻ വലിഞ്ഞു പോകാൻ സമയം കൊടുക്കണംചീനഭരണി നന്നായി ക്കഴുകി ഉണക്കി വച്ചിരിക്കും. കല്ലുപ്പ് വെള്ളത്തിൽ ഒന്നു കഴുകി ഉണക്കി വച്ചിരിയ്ക്കും.ആദ്യംഭരണിയിൽ കുറച്ച് ഉപ്പ് വിതരണം. അതിന് മുകളിൽ കുറച്ച് മാങ്ങാ ഇട്ട് അതിനു മുകളിൽ വീണ്ടും ഉപ്പു വിതറണം. വീണ്ടും മാങ്ങാ.അങ്ങിനെ ഒന്നിടവിട്ട് ഭരണിനിറയ്ക്കണം. മൂന്ന് കിലോ ഉപ്പ് വേണ്ടി വരും. നന്നായി ഭരണി അടച്ച് മെഴുക് ഇട്ട് വയ്ക്കണം. വേറൊരു ചെറിയ ഭരണിയിൽ കുറച്ചു മാങ്ങാ കൂടി ഇതുപോലെ ഇട്ടു വയ്ക്കണം.രണ്ടാഴ്ച്ചകഴിഞ്ഞ് ഭരണി തുറന്നു നോക്കിയാൽ മാങ്ങ മുഴുവൻ ചുക്കിച്ചുളിഞ്ഞ് ഭരണിയിൽ വെള്ളം മുക്കാൽ ഭാഗം നിറഞ്ഞിരിക്കും ഇനി .കൂട്ട് ശരിയാക്കണം.അന്ന് അതു യോജിപ്പിക്കുന്നത് ഒരു വലിയ തടിത്തോണിയിലാണ് [ പാത്തി ].ഭരണിയിലേവെള്ളം ഈ തോണിയിലേക്ക് പകരുക.മൂന്ന് കിലോ മുളക് ഉണക്കി ഞട്ടു കളഞ്ഞ് നന്നായി പ്പൊടിച്ചെടുക്കുക. രണ്ടു കിലോ കഷ്മീരി മുളകും, ഒരു കിലോ സാധാരണ മുളകും ഉപയോഗിയ്ക്കാം. നല്ല നിറം കിട്ടാനും എരിവ് കുറച്ചു കുറയാനും കാഷ്മീരി മുളക് ഉപയോഗിക്കുന്നത് നല്ലതാണ്. അതു് ഈ വെള്ളത്തിൽ നന്നായി ഇളക്കി യോജിപ്പിയ്ക്കണം.അതിലേയ്ക്ക് ഒരു കിലോ കടുക് കഴുകി ഉണക്കിപൊടിച്ചെടുക്കണം. നല്ല പൊടി ആകണ്ട. തരിവേണം. അതും ഈ വെള്ളത്തിൽ ഇട്ട് യോജിപ്പിച്ചെടുക്കണം.അതിൽ ഇരുനൂറ് ഗ്രാം കായം പൊടിച്ച് ചേർക്കണം. പെട്ടിക്കായം ചപ്പാത്തി പോലെ പരത്തി നല്ലണ്ണയിൽ വറുത്തെടുക്കും. അത് പൊടിച്ചെടുക്കണം. അതും ഇതിൽ ച്ചേർക്കണം.നൂറ് ഗ്രാം കുരുമുളക് പൊടിയും, അമ്പതു ഗ്രാം മഞ്ഞൾപ്പൊടിയും ചേർക്കണം. അമ്പതു ഗ്രാം ഇഞ്ചി തൊണ്ട് കളഞ്ഞ് നന്നായി അരച്ച് ചേർക്കുന്നതും നല്ലതാണ്.തോണിയിൽ ഇത് നന്നായി കട്ടവരാതെയോജിപ്പിച്ച് മാങ്ങ അതിൽ ഇട്ട് ഇളക്കി യോജിപ്പിക്കണം. ചെറിയ ഭരണിയിൽ ഇട്ടു വച്ചിരുന്നതും ചേർത്താലേ ഭരണി നിറയൂ .ഇത് ഭരണിയിലേയ്ക്ക് പകരാം . മൂന്ന് പച്ചക്കശുവണ്ടി രണ്ടായി പിളർത്തി അത് മാങ്ങയ്ക്കു മുകളിൽ കമിൾത്തിനിരത്തി വയ്ക്കുക. നല്ല കോട്ടൻ അതിനു മുകളിൽ വിരിക്കണം. കായം വറുക്കാനുപയോഗിച്ച എണ്ണ ഈ കോട്ടനുമുകളിൽ ഒഴിയ്ക്കണം.ഭരണി അടച്ച് നന്നായി മെഴുകിട്ട് അടച്ചു വയ്ക്കുക. മൂന്നു മാസം കഴിഞ്ഞ് തുറന്നു നോക്കിയാൽ കടുമാങ്ങ പാകമായിക്കാണും.ഇത് അടുത്ത മാസം" പഴയിടം രുചിയിൽ " ഇതിൻ്റെ ദൃശ്യാവിഷക്കാരം കാണാം. യദുവി

No comments:

Post a Comment