Sunday, March 28, 2021

നമ്പ്യാത്തൻ നമ്പൂതിരിയുടെ അമൃതേത്ത് [5-ാം ദിവസം ]

ഇന്ന് ഏകാദശിയാണ്. ശുക്ലപക്ഷത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി. അന്ന് ഉപവാസ വൃതം നോറ്റാൽ സ്വർഗ്ഗവാതിൽ തുറന്നു കിട്ടും.നമ്പ്യാത്തൻ അന്ന് ജലപാനം കഴിക്കില്ല. വായിൽ വരുന്ന ഉമിനീര് വരെ തുപ്പിക്കളയും. ഇരുപത്തിനാലു മണിക്കൂർ.ഫലത്തിൽ മുപ്പത്തി ആറ് മണിക്കൂർ.പിറേറദിവസം അതിരാവിലെ കുളിച്ച് അമ്പലത്തിൽ പ്പോയി തീർത്ഥവും മലർ നിവേദ്യവും ഒന്നിച്ചു കഴിച്ച് ഉപവാസം അവസാനിപ്പിക്കും." താരണവീടുക " എന്നാണിതിന് പറയുന്നത്.
അന്നു രാവിലെ പൊടിയരിക്കഞ്ഞിയാണ്. ഉപ്പും ഇന്ദുകാന്തം നെയ്യും ചേർത്താണ് കഞ്ഞി കുടിക്കുക. എന്നും കഞ്ഞിക്ക് ഇന്ദുകാന്തം ചേർത്ത് കഴിയ്ക്കുന്നത് നല്ലതാണ്. കാച്ചിൽ പുഴുക്കാണ് കൂട്ടിന്. വറുത്തുപ്പേരിയും, നാരങ്ങാക്കറിയും.
ഉച്ചക്ക് പരിപ്പും നെയ്യും കൂട്ടിയാണ് ഊണു തുടങ്ങുക. ചക്കക്കുരുവും മാങ്ങയും, മുരിങ്ങക്കായും കൂട്ടി ഒരു കൂട്ടാൻ. കുമ്പളങ്ങ കൊണ്ടൊരു ഓലൻ. അവസാനം മാമ്പഴം പിഴിഞ്ഞു കൂട്ടി ഒരു ഊണ്. ചോറ് നല്ല പുളിച്ചമൊരു കൂട്ടിക്കുഴച്ച് ഇലയിൽ വട്ടത്തിൽ ഒരു ചിറ പോലെ ആക്കും. അതിലേക്ക് കഴുകി മൂക്കുചെത്തി വച്ച മാമ്പഴം ഒന്നൊന്നായി പിഴിയും: വത്തലുമുളക് കനലിൽ ചുട്ടെടുത്തത് ഉടച്ച്ചേർത്ത് കഴിക്കുന്നത് നമ്പ്യാത്തന് ഹരമാണ്. അതു കഴിഞ്ഞ് വിസ്തരിച്ചൊരു മുറുക്ക് .നമ്പ്യാത്തൻ്റെ മുറുക്ക് പ്രസിദ്ധമാണ്. ഒമ്പതു കൂട്ടം ഐറ്റമാണ് താമ്പൂലത്തിന്.വാഴപ്പോളയിൽ പൊതിഞ്ഞുവച്ച തുളസി വെറ്റില മുതൽ ഇടിച്ചുകൂട്ടിയ പുകയില വരെ നീളുന്നു വിഭവങ്ങൾ.ഗ്രാം പൂ, ഏലക്കാ.കൊപ്രാ ക്കഷ്ണം, ഇരട്ടി മധുരം അങ്ങിനെ തങ്കഭസ്മ്മം വരെ.കോളാമ്പിയിലാണ് തുപ്പുക. മുറ്റത്ത് തുപ്പി വൃത്തികേടാക്കില്ല.

വൈകുന്നേരം അത്താഴത്തിന് കൊഴുക്കട്ടയും പഴം നുറുക്കും .അരിപ്പൊടിയും നാളികേരവും ഉപ്പും ചേർത്ത് ഉരുട്ടി വെള്ളത്തിൽ വെവിച്ചെടുക്കും. വെള്ളം വറ്റാറാകുമ്പോൾ നാളികേരപ്പാൽ ചേർക്കണം. കുറുകി ക്കഴിഞ്ഞാൽ വാങ്ങി വയ്ക്കുക. ഉണ്ടപ്പലഹാരവും പഴം നുറുക്കും അത്താഴം. രാത്രി കിടക്കുന്നതിന് മുമ്പ് തൃഫല കഴിക്കും. നിത്യ യവ്വനത്തിന് നല്ലതാണ്. ഈ തൊണ്ണൂറ്റി അഞ്ചാം വയസിലും ഈ ആരോഗ്യത്തിൻ്റെ രഹസ്യം ഇതൊക്കെയ
ാകാം.

.

Saturday, March 20, 2021

ആരോഗ്യദായകമായ പച്ചമഞ്ഞൾ അച്ചാർ [തനതു പാകം - 44] പച്ചമഞ്ഞൾ. ഒരു നല്ല വിഷഹാരി. പ്രതിരോധ ശക്തി കൂട്ടാൻ ഒരൊറ്റമൂലി.സൗന്ദര്യ വർദ്ധക സഹായി... വിശേഷങ്ങൾ അനവധി. നമുക്ക് പച്ച മഞ്ഞൾ കൊണ്ട് ഒരച്ചാർ ഉണ്ടാക്കിയാലോ? ഒരു കിലോ പച്ചമഞ്ഞൾ കഴുകി തൊലി ചെത്തി നീളത്തിൽ കനം കുറച്ച് അരിഞ്ഞുവയ്ക്കണം. ഇഞ്ചി [ മാങ്ങാ ഇഞ്ചി എങ്കിൽ ഉത്തമം], ജാതിക്കായുടെ തൊണ്ട് തൊലി ചെത്തിയത്, കരിവേപ്പില, കാന്താരിമുളക് ഇവയും ചെറുതായി അരിഞ്ഞ് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് അതിൽ നല്ലണ്ണ ഒഴിക്കുക. കടുകും, മുളകും, കരിവേപ്പിലയും ഇട്ട് ഇളക്കണം. കടുക് പൊട്ടിക്കഴിഞ്ഞാൽ പച്ചമുളകും, ഇഞ്ചിയും, ജാതിത്തൊണ്ടും അരിഞ്ഞുവച്ചത്.ഇട്ടിളക്കുക. കുറച്ച്കടുക് പൊടിച്ചതും കായവും ഉപ്പും ചേർത്തിളക്കി വാങ്ങി വയ്ക്കുക. ചൂടാറിക്കഴിഞ്ഞാൽ പച്ചമഞ്ഞൾ അരിഞ്ഞത് അതിൽ ചേർത്തിളക്കണം അതിലേയ്ക്ക് ഒരു മൂന്നു ചെറുനാരങ്ങാ പിഴിഞ്ഞ വെള്ളം ചേർക്കണം. വീട്ടുവളപ്പിൽ സ ർ വ സുഗന്ധി എന്ന ഒരു വൃക്ഷം ഉണ്ട്. നാരകത്തിെൻ്റ ' ഇല പോലുള്ള അതിൻ്റെ ഇല തിരുമ്മി അതിലിടുക. പല തരം സ്പൈസസിൻ്റെ ഗന്ധമുള്ള അത് ഒരു സിദ്ധൗഷധവുമാണ്. നന്നായി ഇളക്കി യോജിപ്പിച്ച് ആരോഗ്യദായകമായ പച്ചമഞ്ഞൾ അച്ചാർ ഉണ്ടാക്കാം

Wednesday, March 10, 2021

പെണ്ണരശ്ശ് [കീശക്കഥകൾ -1 10]ആ മുറിയിൽ വനിതാ പൊലീസ് കാർ എല്ലാം ഒത്തുകൂടിയിട്ടുണ്ട്., എസ് ഐ ചിത്ര അങ്ങോട്ട് വന്നതും എല്ലാവരും സല്യൂട്ടടിയുന്നു." ഇന്ന് വനിതാ ദിനമാണ്. ഇന്ന് മുഴുവൻ ഈ പോലീസ് സ്‌റ്റേഷൻ്റെ പരമാധികാരം നമുക്കാണ്.ഈ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീജനങ്ങൾ അനുഭവിക്കുന്ന സകല പ്രശ്നങ്ങക്കും ഇന്ന് പരിഹാരം കാണാൻ പോവുകയാണ്. ഒറ്റ ദിവസം കൊണ്ട്.ഗാർഹിക പീഡനം, മയക്കുമരുന്ന്, കള്ളവാറ്റ്, പൂപ്പാലശല്യം, മദ്യപിച്ച് വീട്ടിൽ വന്നു ശല്യപ്പെടുത്തൽ അങ്ങിനെ എല്ലാം."എല്ലാവരും ആവേശത്തിലായി.രണ്ടു ദിവസമായി ചിത്ര നല്ല ഹോം വർക്ക് ചെയ്തിരുന്നു. യാതൊരു ദാക്ഷി ന്യവും വിചാരിക്കണ്ട. ഒരു സ്വാധീനത്തിനും വഴിപ്പെടണ്ട. സകലതും കേസ് ചാർജു ചെയ്യണം. ഉച്ച ആയപ്പഴേക്കും ജയിൽ നിറഞ്ഞു. എല്ലാം FIR എഴുതി കേസ് രജിസ്റ്റർ ചെയ്തു. രാഷ്ട്രീയക്കാരുടെ മുതൽമ ററു സഹപ്രവർത്തകരുടെ വരെ ഉള്ള ആവശ്യങ്ങൾ നിരസിക്കപ്പെട്ടു. തെറ്റു ചെയ്തു എന്നുറപ്പുള്ളവരെ നിഷ്ക്കരുണം ജയിലിലാക്കി."ഇനിമരുത്തൻ മലയിലെ കുപ്രസിദ്ധമാ ററു കേന്ദ്രം മാത്രം. അവിടെ കേളപ്പയാണ്. അയാളെ പിടികൂടാൻ പാടാണ്. നല്ല സ്വാധീനമാണ്. പോരാത്തതിന് എന്തിനും പോന്ന ഒരാർമി അവന് കൂടെയുണ്ട്. ""കേളപ്പ! അവൻ്റെ ചാരായം വിൽപ്പന ഏജൻ്റുമാർ സ്ത്രീകളും ഉണ്ട്. ഗതികേടിൻ്റെ പുറത്ത് കൂടെ നിൽക്കുന്നവർ!പുതിയ ഏജൻ്റുമാരെ കൂട്ടിക്കൊണ്ടു ചെല്ലണമെന്ന് പറഞ്ഞിരിക്കുകയാണ്. നമ്മൾ ഏജൻ്റ്മാരായി അവിടെ പോകുന്നു. ഒന്നും പേടിയ്ക്കണ്ട എല്ലാം രഹസ്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. "ചിത്രയും കൂട്ടരും വേഷം മാറി അവിടെ എത്തിയപ്പോൾ നാലു മണി. കേളപ്പഞങ്ങളെ കൂട്ടിക്കൊണ്ടുചെന്ന സ്ത്രീയോട് എന്തൊക്കെയോ സംസാരിച്ചു. അവസാനം തൃപ്തി വന്ന പോലെ അവരുടെ മുമ്പിൽ എത്തി. താടിയും മുടിയും നീട്ടിയ ഒരു കുറിയ മനുഷ്യൻ.തിളങ്ങുന്ന കണ്ണുകൾ. ഈ ജോലിയുടെ നിബന്ധനകൾ വിസ്തരിച്ച് അയാൾ പറഞ്ഞു. പോലീസ് പിടിച്ചാൽ എങ്ങിനെ രക്ഷപെടും എന്നു വരെ.പോലീസിലും എക്സൈസിലും എനിക്കാനുണ്ട്. പ ടി കൃത്യമായി പറ്റുന്നവർ.അവരനങ്ങിയാൽ ഞാനിവിടെ അറിയും. ചിത്ര ഉള്ളു കൊണ്ട് ചിരിച്ചു.ഇതാരൊക്കെയാണന്നറിഞ്ഞ് അവരെ ഒക്കെ ഒഴിവാക്കി സഹായത്തിന് എക്സൈസിൻ്റെ ഒരു സെൻറർബററാലിയനേയും ഒരുക്കി വച്ചിട്ടാണ് വന്നതെന്നിവ നറിയില്ലല്ലോ? പെട്ടന്ന് ഒരു വലിയ സൈറൻ മുഴങ്ങി.അപകടം മണത്ത കേളപ്പ ഓടാൻ തുടങ്ങിയതാണ്. ഒറ്റച്ചാട്ടത്തിന് ചിത്ര അയാളെ കീഴ്പ്പെടുത്തി തോക്ക് അവൻ്റെ തലയ്ക്ക് ചേർത്തു പിടിച്ചു. "അനങ്ങിയാൽ ഈ ബുള്ളറ്റ് തലയിൽ തുളച്ചു കയറും." കേളപ്പയേയും ചുററു തിന്നും വളഞ്ഞ എക്സൈസ് കാർബന്ധിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. " കേളപ്പ സഹകരിക്കുന്നില്ല. FIRന് അവൻ്റെ വിവരങ്ങൾ ഒന്നും പറയുന്നില്ല" എസ്.ഐ.ചിത്ര അവൻ്റെ അടുത്തെത്തി. എന്താടാ നിൻ്റെ ശരിക്കുള്ള പേരു് എല്ലാം മണി മണി പോലെ പറഞ്ഞോ അല്ലങ്കിൽ ഞാൻ പറയിപ്പിക്കും. അയാൾ പൊട്ടിച്ചിരിച്ചു. "എൻ്റെ പേര് ഭവാനി. "ഛീ നീ പോലീസുകാരെ കളിയാക്കുന്നോ?""സത്യമാണ് സാർ" എന്നു പറഞ്ഞ് അയാൾ അയാളുടെ മീശയും താടിയും മാറ്റി. ഒരു സ്ത്രീ! എല്ലാവരും ഞട്ടി. എൻ്റെ ഭർത്താവിൻ്റെ ചികിത്സക്കാണീ പണിക്കിറങ്ങിയതു്. പാവം നട്ടല്ല് തകർന്ന് ഒരു വശം തളർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തു വർഷമായി.കള്ളവാറിൻ്റെ വിവരം കസ്റ്റംസിന് കൈമാറിയതിന് വാറ്റുകാരും പോലീസുകാരും കൂടി ഭീകരമായി മർദ്ദിച്ചാണ് ഇങ്ങിനെയാക്കിയത്. ഒരിടത്തും നീതി കിട്ടാതെ വന്നപ്പോൾ ഞാൻ നിയമം കയ്യിലെടുത്തു. വേഷം മാറി.വാറ്റു കേന്ദ്രം സ്വന്തമാക്കി. സാക്ഷാൽ കേളപ്പ യെ കൊന്നു തള്ളി.ഇനിയും എന്തെങ്കിലും വിവരം വേണോ.കഴിഞ്ഞ ദിവസം എൻ്റെ എല്ലാമായിരുന്ന ഭർത്താവ് മരിച്ചു. ഇനി അങ്ങേക്ക് എന്നെ അറസ്റ്റ് ചെയ്യാം. വനിതാ ദിനത്തിൽ ഒരു സമ്മാനം.

Tuesday, March 9, 2021

അമീബ. [കീശക്കഥകൾ -1 11]"ഈ തിരഞ്ഞെടുപ്പിൽ അങ്ങ് സ്ഥാനാർത്ഥി ആണോ?""അതെ "" ഈ തൊണ്ണൂറാം വയസിലും അങ്ങയെ സമ്മതിയ്ക്കണം. എന്നാലും മറ്റു പാർട്ടിക്കാരൊക്കെ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമ്പോൾ അങ്ങയുടെ പാർട്ടി മാത്രം.?""എൻ്റെ ചെറിയ പാർട്ടിയാണ്. എൻ്റെ പേരിൻ്റെ ആദ്യത്തെ അക്ഷരമല്ലേ പാർട്ടിയ്ക്കുള്ളത്. അപ്പോ ഞാൻ മത്സരിയ്ക്കണ്ടതല്ലേ.? മുന്നണി ഞങ്ങൾക്ക് ഒരു സീററാണ് തന്നത്. അപ്പം എങ്ങിനെ ചെറുപ്പക്കാരെ പരിഗണിയ്ക്കും?"" പാർട്ടി ചെയർമാനും അങ്ങു തന്നെയല്ലേ?""അതിന് നല്ല പരിചയം ഉള്ളവർ വേണ്ടേ.? അതുകൊണ്ടാണ്. ഒരാൾ മാത്രം പൂരിപക്ഷമുള്ള നിയമസഭയിൽ മന്ത്രി സ്ഥാനം കിട്ടിയതും അങ്ങിനെയാണ്."" അങ്ങയുടെ പാർട്ടിയിലെ അണികൾക്കെതിർപ്പില്ലേ?" "ഒരു വലിയ പാർട്ടി പിളർന്നു പിളർന്ന് അല്ലേ ഈ പാർട്ടി ഉണ്ടായത്. വേറൊരാൾ കൂടെ പാർട്ടിയിൽ ഉണ്ടായാൽ വീണ്ടും പിളർന്നാലോ? അതു കൊണ്ട് പാർട്ടിയിൽ ആർക്കും മെമ്പർഷിപ്പ് കൊടുത്തിട്ടില്ല."

Monday, March 8, 2021

ആദിത്യപുരം സൂര്യ ക്ഷേത്രം [ഉണ്ണിയുടെ യാത്രകൾ - 14 ] കാനനക്ഷേത്രങ്ങളും ഗ്രാമ ക്ഷേത്രങ്ങളും തേടിയുള്ള യാത്രയിൽ എത്തിപ്പെട്ടത് ആദിത്യപുരം സൂര്യ ക്ഷേത്രത്തിലാണ്.കേരളത്തിലെ ഏക സൂര്യ ക്ഷേത്രം! കോട്ടയം ജില്ലയിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീററർ പോയാൽ ക്ഷേത്രത്തിലെത്താം. രവി [ സൂര്യൻ] കുടികൊള്ളുന്ന സ്ഥലമായതുകൊണ്ടാവാം ഇസ്ഥലത്തിന് ഇരവിമംഗലം എന്ന പേര് വന്നത്. വൃത്താകൃതിയിലുള്ള മനോഹര ശ്രീകോവിൽ. ദർശനം പടിഞ്ഞാട്ട് ആ ഗ്രാമീണ ക്ഷേത്രത്തിൽ ഞങ്ങൾ എത്തുമ്പോൾ സൂര്യഭഗവാൻ തൻ്റെ ചെങ്കതിരുകൾ കൊണ്ട് ഞങ്ങളെത്തഴുകിയിരുന്നു. അവിടുത്തെ അത്യപൂർവമായ സൂര്യ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം കല്ലുകൊണ്ടാണ്. അവിടെ എണ്ണ അഭിഷേകം പ്രധാനമാണ്. ഈ കൽ വിഗ്രഹം ഈ എണ്ണ മുഴുവൻ ആഗീരണം ചെയ്യുന്നു. വീണ്ടും ജലം കൊണ്ട് അഭിഷേകം ചെയ്യുമ്പോൾ എണ്ണയുടെ ഒരംശം പോലും ആ വിഗ്രഹത്തിൽ കാണില്ല. ശാസ്ത്രലോകത്തിനു പോലും അൽഭുതമാണ് ഈ പ്രതിഭാസം. ചതൃബാഹുവായ വിഗ്രഹത്തിൻ്റെ പിൻ കൈകളിൽ സുദർശനവും പാഞ്ചജന്യവും. മുൻപിലെ രണ്ടു കൈകൾ തപോ മുദ്രയിലും. ഇവിടെ നവഗ്രഹ പ്രതിഷ്ഠയില്ലന്നുള്ളത് ഒരത്ഭുത്രം.എന്നാൽ നവഗ്രഹ പൂജ വഴിപാടായി ഉണ്ട് താനും. നേത്രരോഗത്തിനും, ത്വക്ക് രോഗങ്ങൾക്കും ഇവിടുത്തെ ഉപാസന കൊണ്ടും വഴിപാടു കൊണ്ടും ശമനമുണ്ടാകും എന്ന് പരിക്ക വിശ്വസിക്കപ്പെടുന്നു. രക്തചന്ദന സമർപ്പണം ഇവിടുത്തെ പ്രധാന വഴിപാടാണ്. കുട്ടികൾ ഇല്ലാത്തവർക്കു് തൊട്ടിൽ സമർപ്പണവും നടന്നു വരുന്നു. രക്തചന്ദനക്കാവടി ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൺകണ്ട ഏക ദൈവം സൂര്യഭഗവാൻ.കുട്ടിക്കാലം മുതൽ ഞാൻ ആരാധിച്ചിരുന്നു. സൂര്യഗായത്രിമന്ത്രം ഒരു ആരോഗ്യദായക മന്ത്രമായി ഞാൻ അഭ്യസിച്ചിരുന്നു. അതിപുരാതനമായ ക്ഷേത്രത്തിൻ്റെ പഴക്കത്തിന് തെളിവൊന്നും ലഭ്യമല്ല. മരങ്ങാട്ടില്ലത്തെ ഉപാസനാമൂർത്തി ആയിരുന്നു സൂര്യഭഗവാൻ. അവരുടെ പുതിയ തലമുറ ഈ ക്ഷേത്രം ഭംഗിയായി നടത്തിപ്പോരുന്നു.എൻ്റെ ഫെയ്സ് ബുക്ക് ഫ്രണ്ട് മങ്ങാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി തന്നെയാണ് ഇവിടുത്തെ മേശാന്തിയും

Monday, March 1, 2021

ചീനഭരണിയിലെ കടുമാങ്ങ . [തനത് പാകം - 41]നാനൂറ് വർഷം പഴക്കമുള്ള ആ ചീനഭരണി കടുമാങ്ങയിടാൻ മാത്രം മാറ്റിവച്ചതാണ്. രണ്ടു പറമാങ്ങ .അതാണ് കണക്ക്.ആ ചീനഭരണിയിൽ കടുമാങ്ങായിട്ടാൽ അഞ്ചു വർഷം വരെ കേടുകൂടാതെ ഇരിയ്ക്കും. പടിഞ്ഞാറെ തൊടിയിൽ ഒരു നല്ല നാട്ടുമാവുണ്ട്. ചന്ത്രക്കാരൻ .അത് കടുമാങ്ങയ്ക്ക് സ്പെഷ്യൽ ആണ്. കടുമാങ്ങാ പ്രായമായാൽ കുലയോടെ പറിച്ചിറക്കും.നിലത്തു വീഴാതെ. നിലത്തു വീണതെടുക്കില്ല. അങ്ങിനെ പറിച്ചെടുത്ത മാങ്ങാ ഒരു സെൻ്റീമീററർ ഞട്ടു നിർത്തി ആണ് മുറിച്ചെടുക്കുക. അത് വലിയ പാത്രത്തിൽ ഇട്ട് നല്ല ശുദ്ധജലത്തിൽ കഴുകി എടുക്കുക. കഴുകി എടുത്ത മാങ്ങ വെള്ളം മുഴുവൻ വലിഞ്ഞു പോകാൻ സമയം കൊടുക്കണംചീനഭരണി നന്നായി ക്കഴുകി ഉണക്കി വച്ചിരിക്കും. കല്ലുപ്പ് വെള്ളത്തിൽ ഒന്നു കഴുകി ഉണക്കി വച്ചിരിയ്ക്കും.ആദ്യംഭരണിയിൽ കുറച്ച് ഉപ്പ് വിതരണം. അതിന് മുകളിൽ കുറച്ച് മാങ്ങാ ഇട്ട് അതിനു മുകളിൽ വീണ്ടും ഉപ്പു വിതറണം. വീണ്ടും മാങ്ങാ.അങ്ങിനെ ഒന്നിടവിട്ട് ഭരണിനിറയ്ക്കണം. മൂന്ന് കിലോ ഉപ്പ് വേണ്ടി വരും. നന്നായി ഭരണി അടച്ച് മെഴുക് ഇട്ട് വയ്ക്കണം. വേറൊരു ചെറിയ ഭരണിയിൽ കുറച്ചു മാങ്ങാ കൂടി ഇതുപോലെ ഇട്ടു വയ്ക്കണം.രണ്ടാഴ്ച്ചകഴിഞ്ഞ് ഭരണി തുറന്നു നോക്കിയാൽ മാങ്ങ മുഴുവൻ ചുക്കിച്ചുളിഞ്ഞ് ഭരണിയിൽ വെള്ളം മുക്കാൽ ഭാഗം നിറഞ്ഞിരിക്കും ഇനി .കൂട്ട് ശരിയാക്കണം.അന്ന് അതു യോജിപ്പിക്കുന്നത് ഒരു വലിയ തടിത്തോണിയിലാണ് [ പാത്തി ].ഭരണിയിലേവെള്ളം ഈ തോണിയിലേക്ക് പകരുക.മൂന്ന് കിലോ മുളക് ഉണക്കി ഞട്ടു കളഞ്ഞ് നന്നായി പ്പൊടിച്ചെടുക്കുക. രണ്ടു കിലോ കഷ്മീരി മുളകും, ഒരു കിലോ സാധാരണ മുളകും ഉപയോഗിയ്ക്കാം. നല്ല നിറം കിട്ടാനും എരിവ് കുറച്ചു കുറയാനും കാഷ്മീരി മുളക് ഉപയോഗിക്കുന്നത് നല്ലതാണ്. അതു് ഈ വെള്ളത്തിൽ നന്നായി ഇളക്കി യോജിപ്പിയ്ക്കണം.അതിലേയ്ക്ക് ഒരു കിലോ കടുക് കഴുകി ഉണക്കിപൊടിച്ചെടുക്കണം. നല്ല പൊടി ആകണ്ട. തരിവേണം. അതും ഈ വെള്ളത്തിൽ ഇട്ട് യോജിപ്പിച്ചെടുക്കണം.അതിൽ ഇരുനൂറ് ഗ്രാം കായം പൊടിച്ച് ചേർക്കണം. പെട്ടിക്കായം ചപ്പാത്തി പോലെ പരത്തി നല്ലണ്ണയിൽ വറുത്തെടുക്കും. അത് പൊടിച്ചെടുക്കണം. അതും ഇതിൽ ച്ചേർക്കണം.നൂറ് ഗ്രാം കുരുമുളക് പൊടിയും, അമ്പതു ഗ്രാം മഞ്ഞൾപ്പൊടിയും ചേർക്കണം. അമ്പതു ഗ്രാം ഇഞ്ചി തൊണ്ട് കളഞ്ഞ് നന്നായി അരച്ച് ചേർക്കുന്നതും നല്ലതാണ്.തോണിയിൽ ഇത് നന്നായി കട്ടവരാതെയോജിപ്പിച്ച് മാങ്ങ അതിൽ ഇട്ട് ഇളക്കി യോജിപ്പിക്കണം. ചെറിയ ഭരണിയിൽ ഇട്ടു വച്ചിരുന്നതും ചേർത്താലേ ഭരണി നിറയൂ .ഇത് ഭരണിയിലേയ്ക്ക് പകരാം . മൂന്ന് പച്ചക്കശുവണ്ടി രണ്ടായി പിളർത്തി അത് മാങ്ങയ്ക്കു മുകളിൽ കമിൾത്തിനിരത്തി വയ്ക്കുക. നല്ല കോട്ടൻ അതിനു മുകളിൽ വിരിക്കണം. കായം വറുക്കാനുപയോഗിച്ച എണ്ണ ഈ കോട്ടനുമുകളിൽ ഒഴിയ്ക്കണം.ഭരണി അടച്ച് നന്നായി മെഴുകിട്ട് അടച്ചു വയ്ക്കുക. മൂന്നു മാസം കഴിഞ്ഞ് തുറന്നു നോക്കിയാൽ കടുമാങ്ങ പാകമായിക്കാണും.ഇത് അടുത്ത മാസം" പഴയിടം രുചിയിൽ " ഇതിൻ്റെ ദൃശ്യാവിഷക്കാരം കാണാം. യദുവി