Friday, December 11, 2020

മുത്തശ്ശാ അച്ചു തോറ്റു കൊടുത്തു [ അച്ചുവിൻ്റെ ഡയറി-411 ]

മുത്തശ്ശാ ഈ ഓൺലൈൻ ക്ലാസ് മടുത്തു.. ഫ്രണ്ട്സ് ഒക്കെയായി കളിച്ച കാലം മറന്നു.സ്ക്കൂളിലെ കൂട്ടുകാരുമായി ഓടിക്കളിച്ചിരുന്ന കാര്യം ഓർക്കുമ്പോൾ അച്ചുവിന് സങ്കടം വരും. ഈ കോവിഡ് ഒന്നു തീർന്നാൽ മതിയായിരുന്നു.
ഇപ്പോൾ വീട്ടിൽ ടേബിൾ ടെന്നീസ് കോർട്ട് വാങ്ങിയിട്ടുണ്ട്.ഇവിടെ വീടിൻ്റെ ബെയ്സ്മെൻ്റിൽ ഒരു വലിയ ഹാൾ ആണ്. മുത്തശ്ശൻ്റെ നിലവറ പോലെ.. ശരിക്കും ഭൂമിക്കടിയിൽ.അവിടെയാണ് ടെന്നീസ് കളി.ഓടിക്കളിയ്ക്കാനുള്ള സ്ഥലം ഉണ്ട്. ഇപ്പം അച്ചൂന് നന്നായി കളിയ്ക്കാറായി.പാച്ചു. അവനും കഷ്ടിച്ച് കളിയ്ക്കും. അച്ചു അവന്നു മായി കളിയും. പക്ഷേ അവൻ തോറ്റാൽ അവന് സങ്കടം വരും. ദേഷ്യംവരും. ബാറ്റും വലിച്ചെറിഞ്ഞ് പോകും. പക്ഷേ കുറച്ചു കഴിയുമ്പോൾ ഒരു ചെറിയ ചിരിയും ചിരിച്ച് ഏട്ടനെ അന്വേഷിച്ച് വരും: വീണ്ടും കളിയ്ക്കാനാണ്. പാവം അവനും വേറേ കൂട്ടുകാരില്ല. എല്ലാത്തിനും ഏട്ടൻ വേണം.
ഇത്തവണ അച്ചു അറിഞ്ഞു കൊണ്ട് ഒന്നു തോറ്റു കൊടുത്തു. അവൻ്റെ ഗ മ ഒന്നു കാണണ്ടതായിരുന്നു. അവൻ തുള്ളിച്ചാടി.ഏട്ടനെ തോൽപ്പിച്ചതിൻ്റെ സന്തോഷം. അച്ചു അച്ഛനുമായും കളിയ്ക്കാറുണ്ട്.അച്ചുവിൻ്റെ കോച്ചും അച്ഛനാണ്. ഇന്ന് ഒരു മത്സരമായാലോ ജയിയ്ക്കണ ആൾക്ക് ഒരു കാർ സമ്മാനം.റിമോട്ട് ഉപയോഗിച്ച് ഓടിക്കുന്ന ടോയി കാറാണ്.ഇത് കിട്ടണമെങ്കിൽ അച്ഛനെ തോൽപ്പിക്കണം. അച്ചു ആ ചലഞ്ച് ഏറ്റെടുത്തു. ആദ്യമൊക്കെ അച്ഛനാ ജയിച്ചു നിന്നത്. പക്ഷേ അവസാനം അച്ചുവിന് പോയിൻ്റ് കൂടി അച്ചു ജയിച്ചു. സമ്മാനം അച്ചുവിന് പാച്ചു കൊടുക്കണം. അച്ഛൻ പറഞ്ഞു. അച്ഛൻ തോറ്റു തന്നതായിരിക്കുമോ? ഏ. അല്ല. ഞാൻ നന്നായി ക്കളിച്ചിരുന്നു. ഏതായാലും അച്ചുന് സന്തോഷായി.
പാച്ചു ഏട്ടന് സമ്മാനം തന്നപ്പോൾ അവന് സന്തോഷമില്ലായിരുന്നു. അച്ഛനെ തോൽപ്പിച്ച് സമ്മാനം മേടിച്ച എന്നെ കഴിഞ്ഞ കളിയിൽ പാച്ചു തോൽപ്പിച്ചതല്ലേ? സമ്മാനം അവനിരിക്കട്ടെ. അച്ചു ആ കാറ് അവനു കൊടുത്തു. അവനതു പ്രതീക്ഷിച്ചില്ല. അവന് സന്തോഷമായി. അവൻ ഏട്ടനെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവൻ കാറുമായി ഓടി. അവൻ്റെ സന്തോഷം കാണാനാ അച്ചു അങ്ങിനെ ചെയ്തത്

No comments:

Post a Comment