Saturday, December 5, 2020

വള്ളിക്കാട്ടുകാവിലെ "ജലദുർഗ്ഗ " [ ഉണ്ണിയുടെ യാത്രകൾ - 4 ] പ്രകൃതി രമണീയമായ ചിക്കിലോട്ട് ഗ്രാമം. അവിടെ എടക്കരയിലാണ് വള്ളിക്കാട്ട്കാവ്. വള്ളിപ്പടർപ്പുകളും വന്മരങ്ങളും നിറഞ്ഞ ഔഷധസസ്യങ്ങൾ കൊണ്ട് നിബിഡമായ ഒരു കാനന ക്ഷേത്രം. ഇരുപത്തി ഏഴ് ഏക്കർ നി ബിഡമായ വനത്തിനു നടുവിൽ ഒരു സ്വയംഭൂ ക്ഷേത്രം. വനത്തിന് മുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു ചെറിയ കാട്ടുചോല വിഗ്രഹത്തിൽ പതിച്ച് താഴേക്ക് ഒഴുകുന്നു. അവസാനം അത് ഒരു തീർത്ഥകുളത്തിൽ സംഭരിക്കുന്നു. ഔഷധ സമ്പത്തിനാൽ ധന്യമായ ഈ പുണ്യ ജലം ഏതു വേനലിലും ഇടമുറിയാതെ ഒഴുകിക്കൊണ്ടിരിയ്ക്കും. നമ്മൾ ഒരു നടവരമ്പിലൂടെ നടന്ന് വള്ളിക്കാട്ടുകാവിൻ്റെ കവാടത്തിൽ എത്തുന്നു.പണ്ട് ,അവിടെ മുങ്ങിക്കുളിച്ച് ഈറനുടുത്ത് ആ ചെറിയ നീരൊഴുക്കിലൂടെ കാടിനുളളിലേക്ക് പ്രവേശിക്കും. അതൊരനുഭൂതിയാണ്. സൂര്യബിംബത്തെ വരെ മറയ്ക്കുന്ന നിബിഡമായ വനം. വിവിധ തരം അംബരചുംബികളായ മരങ്ങൾ, വള്ളിപ്പടർപ്പുകൾ, ഉയർന്നു നിൽക്കുന്ന വലിയ ഭീകരരൂപം പൂണ്ട വേരുകൾ, മൂവായിരത്തോളം ഇനം ജീവികളും സസ്യങ്ങളും, പത്തു പേർ ഒത്തുപിടിച്ചാൽ പോലും വട്ടമെത്താത്ത മരങ്ങൾ, കുരങ്ങന്മാർക്ക് പോലും കയറാൻ പറ്റാത്ത പ്രത്യേകതരം മരങ്ങൾ... എന്നു വേണ്ട അവിടുത്തെ ജൈവസമ്പത്തുകൾ വിവരിച്ചാൽ തീരില്ല. ഇവിടെ കുരങ്ങന്മാരുടെ ആവാസ കേന്ദ്രമാണ ന്നു പറയാം. ദർശ്ശനത്തിന് വരുന്നവർ അവർക്കു കൊടുക്കാൻ പഴങ്ങളും മറ്റും കരുതും. വഴിപാട് കഴിച്ച് അത് ഈവാനരന്മാർക്ക് കൊടുക്കുന്നത് ഇവിടെ വഴിപാടിൻ്റെ ഭാഗമാണ്. അവിടെ അതിനായി ഒരു വലിയ തറ പണിതിട്ടുണ്ട്. അവിടെ ആഹാരം വച്ച് കൈ കൊട്ടിയാൽ അവർ കൂട്ടമായി വന്ന് കഴിച്ചു പോകും.അവരുടെ കളികൾ കണ്ടിരിക്കുന്നത് കൗതുകകരമാണ്. കുരങ്ങന്മാരെ ഊട്ടുന്ന "കുടുക്കച്ചോർ " ഇവിടത്തെ പ്രധാന വഴിപാടാണ്. അമ്പത് മൺകുടങ്ങളിൽ നേദിച്ച നിവേദ്യം ഈ കുരങ്ങന്മാർക്ക് കൊടുക്കുമ്പോൾ വഴിപാട് പൂർത്തിയാകുന്നു. സന്താന ലബ്ദ്ധിക്ക് ഇത് വിശേഷമാണന്നൊരു വിശ്വാസമുണ്ട്.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ അപൂർവ്വ വനദുർഗ്ഗാക്ഷേത്രം എൻ്റെ വാമഭാഗത്തിൻ്റെ ഇല്ലത്തിനടുത്താണ്. രാവിലെ അവിടെപ്പോയി ഒരു പകൽ മുഴുവൻ ആ കാട്ടിൽ കഴിച്ചുകൂട്ടിയിട്ടുണ്ട്. ജീവിതത്തിലെ സകല പിരിമുറുക്കങ്ങളും മറന്നു്, ഒരതീന്ദ്രിയധ്യാനത്തിൻ്റെ വക്കിൽ വരെ എത്തുന്ന അനുഭൂതി ! കാനനക്ഷേത്രങ്ങൾ തേടിയുള്ള യാത്രകൾ തുടരുന്നു.

No comments:

Post a Comment