Tuesday, October 31, 2017

    ഡോക്ട്ടർ ശിവകരൻ നമ്പൂതിരി [നാലു കെട്ട് - 149]

      സാമവേദാചാര്യൻ Dr.ശിവകരൻ ചാർച്ച കൊണ്ടും വേഴ്ച്ച കൊണ്ടും, വല്ലാത്ത ഒരു തരം അടുപ്പം കൊണ്ടും ഈ തറവാടിന്റെ ഒരഭിഭാജ്യഘടകമാണ്. പ്രഗത്ഭനായ ആ യുർവ്വേദാചാര്യൻ, സാമവേദജ്ഞൻ, നല്ല ഒരു സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ, വാഗ്മി..അങ്ങിനെ ഒരു ബഹുമുഖ പ്രതിഭയാണദ്ദേഹം. സാമവേദം മുഴുവൻ റിക്കാർഡിഗിനും എഡിറ്റി ഗിനുമായിരണ്ടു വർഷത്തോളംഎടുത്തു. മനോരമയുമായി ച്ചേർന്ന് തയാറാക്കിയ പ്രസ്തുത സി.ഡി. ഇന്ന് വിപണിയിൽ ലഭ്യമാണ്. രാഷ്ട്രപതി ഭവനിൽ വച്ച് ഇൻഡ്യൻ പ്രസിഡന്റ് തന്നെയാണ് ഈ സി ഡി റിലീസ് ചെയ്തത്. ശിവകരന്റെ നേതൃത്വത്തിൽ കേരളത്തിനു പുറത്തു വച്ചു നടന്ന യാഗങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു..

      കഴിഞ്ഞ ദിവസം ഹോമ കർമ്മങ്ങൾ കൊണ്ട് അദ്ദേഹം എന്റെ കുട്ടിക്കാലത്തേ നാലുകെട്ടിലെവൈദിക അന്തരീക്ഷത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി എന്നു തന്നെ പറയാം. അന്ന്,  രാവിലെ ഭസ്മവും ചന്ദനവും തൊട്ട് മുത്തശ്ശന്റെ ,തെക്കിണിയിൽ നിന്നുള്ള സഹസ്രനാമജപം, ഗണപതി ഹോമവും ഭഗവതിസേവയും, അതിന്റെ മണിനാദവും, ഓടി നടന്നു പണി എടുക്കുമ്പഴും നാമം ജപിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയും.അഹോരാത്രം അടുക്കളപ്പണിക്കിടയിലും നാമം ജപിക്കാനും, പ്രാർത്ഥിക്കാനും സമയം കണ്ടെത്തുന്ന അമ്മ, സൂര്യനമസ്കാരത്തിനൊരുങ്ങുന്ന മുത്തഫന്മാർ, എല്ലാം ഓർമ്മയിലൂടെ മിന്നി മറഞ്ഞു.

     ഭഗവതിസേവയും, ഗണപതി ഹോമവും മൃത്യുഞ്ചയഹോമവും ഒക്കെ കൊണ്ട് അദ്ദേഹം ഇവിടെ ഒരു വേദിക്ക് അന്തരീക്ഷംതന്നെ സൃഷ്ടിച്ചു. അങ്ങിനെ മനസുകൊെണ്ടൊരു മടക്കയാത്രക്ക് സഹായിച്ച എന്റെ പ്രിയപ്പെട്ട ശിവകരന് നന്ദി...

Thursday, October 26, 2017

  കൃഷ്ണനെത്തല്ലീ കുചേലൻ....

    പ്രിയപ്പെട്ടവയലാർ നമ്മേ വിട്ടുപിരിഞ്ഞിട്ട് നീണ്ട നാൽപ്പത്തിരണ്ടു വർഷം. " കുചേലൻ കുഞ്ഞൻ നായർ " അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ഒരു കവിതയാണ്. കളിയരങ്ങിൽ കുചേലവൃത്തം കഥകളി. സ്വന്തം സതീർത്ഥ്യനെ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കാൻ വരുന്ന കൃഷ്ണനെ കുചേലൻ ഒന്നു പൊട്ടിച്ചു. ആ മുഖ കമലത്തിനു തന്നെ. ദ്വേഷ്യം തീരാഞ്ഞിട്ട് ഓലക്കുടയുടെ കാല് ഊരി എടുത്തും അടിച്ചു.എല്ലവരും സ്തബ്ദ്ധരായി. മേളം നിന്നു. പാട്ടുനിന്നു.

       വയലാർ മുഴുപ്പട്ടിണിക്കാരനായ കുഞ്ഞൻ നായരീ ലേക്കാണ്‌ പോകുന്നത്‌. പട്ടിണി കൊണ്ടു വശം കെട്ട കഥകളി കലാകാരൻ.വീട്ടിലെ ഒമ്പതു വയറു കൾക്ക് ആഹാരം കൊടുക്കാൻ പറ്റാത്തവൻ. അദ്ദേഹം കുചേലവേഷത്തിൽ ജീവിക്കുകയായിരുന്നു. അനുഭവമാണ് അഭിനയമല്ല.
   കളി നടത്തിപ്പുകാരൻ ശങ്കുണ്ണി മേനോൻ ആണ് ശ്രീകൃഷ്ണൻ.അദ്ദേഹം കാശു മുഴുവൻ വാങ്ങി എടുക്കും. ബാക്കി ആർക്കും ഒന്നും കൊടുക്കില്ല. സഹികെട്ടു. തിരിച്ചു ചെല്ലുമ്പോൾ പതിനെട്ട് കണ്ണുകൾ ആശയോടെ കാത്തിരുപ്പുണ്ട്. അവർക്കാഹാരത്തിനു പോലും.... അങ്ങിനെ മടുത്തിട്ടാണ് ഒന്നു പൊട്ടിച്ചതു്. എത്ര മനോഹരമായാണ് ആ പാവം കലാകാരനെ അദ്ദേഹം വരച്ചുകാണിച്ചത്.

     എന്റെ പ്രിയപ്പെട്ടവയലാറിന് അനന്ത കൊടി പ്രണാമം,....
   ഭൃoഗ സഗീതം........

      രാത്രി ഒറ്റക്കാണ്. പുറത്തു നല്ല മഴ. മൂടിപ്പുതച്ചു കിടന്നുറങ്ങണം. രണ്ടു ദിവസമായി ശരിക്കുറങ്ങിയിട്ട്. അപ്പഴാണ് ചെവിക്കുള്ളിൽ നിന്ന് ഒരു സംഗീതം. തല മൂടിക്കിടന്നപ്പോൾ അവൻ പ്രാണരക്ഷാർത്ഥം ചെവിയിൽക്കയറി യ താ ണ്. പുറത്തിറങ്ങാൻ പറ്റാത്തപ്പോൾ അവൻ സാധകം തുടങ്ങിയതാണ്. ഒന്നുറങ്ങാനും പറ്റുന്നില്ല. എന്തായാലും അവൻ ഉപദ്രവിക്കുന്നില്ല. സംഗീതം മാത്രം. ചിലപ്പോൾ "ജിമിക്കി ക്കമ്മൽ " ഡാൻസും. ഒരു ചെറിയ വണ്ടാണ്. എനിക്കഭിമാനം തോന്നി. പണ്ട് കാളിദാസൻ പറഞ്ഞിട്ടുണ്ട് നല്ല ഭംഗിയുള്ള മുഖത്തിനു ചുറ്റുമെഭൃംഗം വരുകയുള്ളു എന്ന്. അന്നവൻ ശകും ന്തളയുടെ അടുത്തും ചെന്നിരുന്നു.
      
          ഇനി ഇന്ദ്രന്റെ പണിയാണോ?അന്ന് പാവം കർണ്ണനെപ്പറ്റിച്ചതാണ്. എന്തുo വരട്ടെ. ചെവിയിൽ കുറച്ചു വെള്ളമൊഴിക്കാം. അല്ലങ്കിൽ വേണ്ട. ഭാഗവതർ വെള്ളത്തിൽ മുങ്ങിച്ചാകും. ഭാഗവതരെക്കൊല്ലണ്ട. ചെവിത്തോണ്ടി ഉപയോഗിച്ചാലും പ്രശ്നമാണ്. അവൻ പ്രകോപിതൻ ആയാൽ അപകടമാണ്.

       സ്വയം വായും മൂക്കും പൊത്തിപ്പിടിക്കണം. പണ്ട് ഒരു നാട്ടുവൈദ്യൻ പറഞ്ഞു തന്നതാണ്. വായ്യൂവിന്റെ മർദ്ദം വരുമ്പോ ൾ അവൻ തന്നെ പുറത്തുചാടും. പറഞ്ഞ പോലെ സംഭവിച്ചു. അവൻ പുറത്തുചാടി. ഒരു മണിക്കൂർ നേരം എന്നെ വട്ടം കറക്കിയ അവൻ എന്റെ കൺമുമ്പിൽ വന്ന് ഒന്നു നൃത്തം വച്ച് പറന്നകന്നു....

Monday, October 23, 2017

തറവാട്ടിലെ ആദ്യ "ടോർച്ച് "[ നാലുകെട്ട് - 147]

      എന്റെ കുട്ടിക്കാലത്ത് രാത്രിസഞ്ചാരത്തിന് വെളിച്ചത്തിന് ചൂട്ട്  ആണുപയോഗിച്ചിരുന്നത്. ആ ഇടയാണ് അച്ഛന്റെ ഒരു സുഹൃത്ത് ഒരു ടോർച്ച് കൊണ്ടു കൊടുത്തത്.അതിൽ ബാറ്ററിയിട്ട് സ്വിച്ച് അമർത്തിയാൽ നല്ല പ്രകാശത്തോടെ ബൾബ് തെളിയും. അതിന്റെ ബീം ക്രമീകരിക്കാൻ അതിന്റെ മുകളററം തിരിച്ചാൽ മതിയാകും. കറണ്ടു പോലും വരാത്ത അന്നത്തെക്കാലത്ത് അതൊരത്ഭുതമായിരുന്നു.

       " ജീപ്പ് " എന്ന കമ്പനിയുടെ ആയിരുന്നു ആ ടോർച്ച്. അതിന്റെ മുകളറ്റം കുറച്ചു വലുതാണ്. ലോഹം കൊണ്ടാണതുണ്ടാക്കിയിരുന്നത്. പിച്ചള പ്ലെയ്റ്റ് ചെയ്ത് വെള്ളി നിറം ആക്കിയിരുന്നു. ഇന്ന് ചില സ്ഥലങ്ങളിൽ കാലപ്പഴക്കം കൊണ്ട് പിച്ചള തെളിഞ്ഞിരിക്കുന്നു. അന്നും ബാറ്ററി " എവർ റഡി" ആയിരുന്നു എന്നാണ് ഓർമ്മ. അതിന്റെ സൗകര്യവും ഒതുക്കവും വളരെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അതിൽ രണ്ടു ബാറ്ററി ആണ് ഇട്ടിരുന്നത്. അതിൽ കൂടുതൽ ബാറ്ററിയുള്ള വലിയ ടോർച്ചും ഉണ്ടായിരുന്നു. എങ്കിലും സർവ്വസാധാരണയായി ഈ ചെറിയ ടോർച്ചാണ് കണ്ടുവരാറ്.

     കുട്ടിക്കാലത്ത് അതിന്റെ മൂടി തുറന്ന് ആ ബാറ്ററിയിലും ടോർച്ചിന്റെ വക്കിലും നാക്ക് വച്ച് സ്വിച്ചിട്ടാൽ ചെറിയ ഷോക്കടിക്കും. നാക്കു തരിക്കും. അതു പലപ്പഴും നമ്മൾ കുട്ടികൾ ചെയ്തതോർക്കുന്നു. അന്ന തൊക്കെ അത്ഭുതമാണ്. ഇന്ന് ഒരു വെളിച്ച വിപ്ലവം തന്നെ വന്നെങ്കിൽ .അന്ന് കുറേ അധികം കാലം ഈ ജീപ്പ് കമ്പനിയുടെ തന്നെയാണ് മാറ്റമില്ലാതെ തുടർന്നത്

Thursday, October 19, 2017

മുത്തശ്ശാ പാച്ചു ഡെ കെയറിൽ [അച്ചു ഡയറി-182]

    മുത്തശ്ശാ അവനൊരു ടൻഷനുമില്ല. സ്കൂളിൽപ്പോകാൻ റഡി. പക്ഷേ അവന് ഏട്ടന്റെ കൂട്ടുബാഗ് വേണം.കുട വേണം. വാട്ടർബോട്ടിലും ടിഫിൻ ബോക്സും വേണം. ബാഗ് പുറത്തു തന്നെ തൂക്കണം. എല്ലാം ഏട്ടന്റെ കൂട്ടു വേണം. ടൈ കെട്ടാത്തതു കൊണ്ട് വഴക്കു കൂടി. വലിയ സ്കൂളിൽ പ്പോവുകയാണന്നാ ഭാവം. ആകെ ഒരു മണിക്കൂർ ഡേ കെയറിൽ. അത്രയേ ഉള്ളു. അതിനാണു ഗമ.

        എന്നാലും അച്ചൂന് സന്തോഷായി അവന്റെ ഉത്സാഹം കണ്ടപ്പോൾ. പക്ഷേ സ്കൂളിൽ ചെന്നാൽ വിധം മാറും.ഏട്ടനേം, അമ്മയേം അവനു പിരിഞ്ഞിരിക്കാൻ പറ്റില്ല.ഉറപ്പാ. അവൻ കരയും. പോകണ്ടാന്നു പറഞ്ഞ് ഏട്ടനെ കെട്ടിപ്പിടിച്ചു കരയും. അപ്പൊ ൾ ടീച്ചർ ബലമായി പ്പിടിച്ചു കൊണ്ടു പോകും.അച്ചൂന് സങ്കടായി.വേണ്ടായിരുന്നു. ഇത്ര കൊച്ചി ലേ സ്കൂളിൽ ആക്കണ്ടായിരുന്നു. പക്ഷേ അവൻ ഭയങ്കരനാ മുത്തശ്ശാ. അവിടെച്ചെന്ന് കൂടുകാരും കളിപ്പാട്ടങ്ങളും കണ്ടപ്പൊൾ അവൻ ബൈ പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച്ച് ഒറ്റപ്പൊക്ക്. ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല.
      അച്ചൂന് സങ്കടം വന്നു.അമ്മക്കും വിഷമായി. പാച്ചുമിടുക്കനല്ലേ. അവൻ കരയണമെന്ന് വിചാരിച്ച നമുക്കല്ലേ തെറ്റുപറ്റിയത് അമ്മേ.. നമ്മളെന്തിനാ വിഷമിക്കുന്നേ. സന്തോഷിക്കുകയല്ലേ വേണ്ടതു്. നമുക്ക് പുറത്ത് കാത്തിരിക്കാം.

Saturday, October 14, 2017

സി- എം.എസ്സ് കോളേജിലെ സർഗ്ഗോത്സവം
..

    അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് ചരിത്രം ഉറങ്ങുന്ന സിഎംഎസ്സ് കോളേജ്. അവിടെയാണ് ലൈബ്രറി കൗൺസിലിന്റെ സംസ്ഥാനതല സർഗ്ഗോത്സവം നടക്കുന്നത്. ഇത്ര അധികം " പോസിറ്റീവ് എനർജി "യുള്ള മറ്റൊരു കലാലയാന്തരീക്ഷം ഞാൻ കണ്ടിട്ടില്ല. പഴയ കാല പ്രതാപം വിളിച്ചോതുന്ന ആ പൈതൃക കെട്ടിടങ്ങൾ, വിശാലമായ കലാലയാങ്കണം, തണൽമരങ്ങൾ എല്ലാം കൂടി മനസിന് ഹരം പകരുന്ന പലതും...

       1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റിയാണ് ആദ്യത്തെ ഈ വെസ്റ്റേൺ സ്റ്റൈയിൽ കോളേജ് ആരംഭിച്ചത്. ആ കലാലയാങ്കണത്തിൽ കാലുകുത്തിയപ്പോൾത്തന്നെ അവിടെ പഠിച്ചിറങ്ങിയ ഭാഗ്യവാന്മാരോട് അസൂയ തോന്നി.

      ബാലവേദി പ്രതിഭകളുടെ സർഗോത്സവത്തിന് ഇതിലും നല്ലൊരിടം കിട്ടാനില്ല.  ഒരു ഗ്രന്ഥശാല പ്രവർത്തകൻ എന്ന നിലയിൽ ആ അക്ഷര നഗരിയുടെ ഹൃദയഭാഗത്ത് ചില വഴിച്ചപ്പോൾ ഇനി ഒരു ജന്മമുണ്ടങ്കിൽ ഇവിടെ പ്പഠിക്കാൻ ഭാഗ്യമുണ്ടാകണേ എന്ന ഒറ്റ മോഹമേ ഉണ്ടായിരുന്നുള്ളു..

Sunday, October 8, 2017

    ഒരു ഡയററീഷ്യന്റെ കഥ

ഒരു സമ്പൂർണ്ണ വൈദ്യ പരിശോധന.മക്കൾക്ക് നിർബ്ബന്ധം.ഒരു കുഴപ്പവുമില്ല. കൊളസ്ട്രോൾ സ്വൽപ്പം കൂടുതൽ എന്നു വേണമെങ്കിൽപ്പറയാം. മരുന്നു കഴിക്കില്ലന്നറിയാം. ആഹാരരീതി എങ്കിലും ശ്രദ്ധിക്കണം.അവർ ഒരു ഡയറ്റീഷ്യനെ ഏർപ്പാടാക്കി.അങ്ങിനെ ആഹാരോ പദേശകൻ വന്നു. ദിനചര്യയും ആഹാരവും ശ്രദ്ധിക്കണ്ട രീതി.... ഒരു നീണ്ട പ്രസംഗം. ചിക്കൻ മുതൽ ലിക്കർ വരെ നിയന്ത്രിച്ച് ഉപയോഗിക്കാവൂ എന്നും പറഞ്ഞു. ഞാൻ എല്ലാം ക്ഷമയോടെ കെട്ടു
   
      ഇനി എന്റെ രീതി പറയാം. മാംസാഹാരമോ മദ്യമോ ഉപയോഗിക്കില്ല. രാവിലെ നാലു മണിക്ക് എഴുനേൽക്കും.പ്രഭാദകർമ്മങ്ങൾക്ക് ശേഷം പത്മാസനത്തിലിരുന്ന് നാല്പതു മിനിട്ട് പ്രാണായാമം. തലേ ദിവസം ചുവന്ന തുളസിപ്പൂ ഇട്ട വെള്ളം രണ്ടു ക്ലാസ് കുടിക്കും. പിന്നെപ്പറമ്പും ,പാടവും ചുറ്റി നടന്ന് ഞാൻ നട്ടുവളർത്തിയ സസ്യജാലങ്ങളോടും. പക്ഷികളോടും അണ്ണാറക്കണ്ണനോടും കിന്നാരം. ഒരു മണിക്കൂർ. അതിനെ "മോർണി ഗ് വാക്ക് " എന്നു വിളിച്ചൊളൂ. വിസ്തരിച്ച് തേച്ചു കുളി, പ്രഭാത കർമ്മങ്ങൾ. ഒരു ഗ്ലാസ് ഗ്രീൻ ടീ. പിന്നെ വർത്തമാനപ്പത്രവുമായി മൽപ്പിടുത്തം. നല്ല ചെമ്പാവിന്റെ പൊടിയരിക്കഞ്ഞിയിൽ നാളികേരം ചിരകിയിട്ട് വയറു നിറയെക്കഴിക്കും.പിന്നെ എഴുത്ത് വായന. പതിനൊന്നു മുതൽ വായനശാലയിൽ.
ഉച്ച ഊണിന് ഓലൻ.രാവിലെ തന്നെ ചോറിൽ പാട നീക്കിയ പാലും മോരും ഒഴിച്ചു വച്ചിരിക്കും. ഉച്ചയാകുമ്പഴേക്ക് ചോറിൽ കിടന്ന് ഉറയൂ ടി യി ട്ടു ണ്ടാവും. അതിൽ ഇഞ്ചി അരിഞ്ഞിട്ടിരിയ്ക്കും. ചുട്ട രച്ച ചമ്മന്തിയും ഉണ്ടാകും. നല്ല മോര് നാരങ്ങാനീരും, കാന്താരിമുളകും ചേർത്ത് അതാണ് പാനീയം. ഉച്ചക്ക് അര മണിക്കൂർ ഉറക്കം.തിളപ്പിച്ച് പാട നീക്കിയ പാലിൽ കടുപ്പത്തിൽ ഒരു ചായ. ചെറുപഴം കൂട്ടിന്. പൈതൃക ഭൂമിയെ വല oവച്ച് നടത്തം.അല്ലങ്കിൽ ഷട്ടിൽ കളിക്കും.വൈകിട്ട് ഏഴുമണിക്ക് അത്താഴം. ഒരു ഫ്രൂട്ട് സാലഡ്, അല്ലങ്കിൽ വെജിറ്റബിൾ സാലഡ്. 
     ടി.വി, ന്യൂസ് കാണും. ലോകത്തിന്റെ പല കൊണുകളിൽ വസിക്കുന്ന മക്കളും മക്കളുടെ മക്കളും ആയി ഒരു വീഡിയോ കോൺഫ്രൻസ്. എല്ലാവരും ഒരു മേശക്കു ചുറ്റുമിരിക്കുന്ന പ്രതീതി. പരിവേദനങ്ങൾ പരിഭവങ്ങൾ... എല്ലാം അവിടെ ത്തീരും. പത്തു മണിക്കുറക്കം.

       നമ്മുടെ സയറ്റീഷ്യൻ ഈ ജീവിത രീതികേട്ട് ബോധംകെട്ടുവീണു എന്നു കഥ.

Saturday, October 7, 2017

  മുത്തശ്ശാ നമ്മളു തോറ്റു പോയി.. [ അച്ചു ഡയറി-181]

      സാരമില്ല മുത്തശ്ശാ നമ്മൾ ആദ്യമായല്ലേ വേൾഡ് കപ്പ് കളിക്കുന്നെ. അമേരിക്ക എത്ര കാലമായി. നല്ല എക്സ്പീരിയൻസും സ്റ്റാമിനയും അവർക്കാകൂ ടു തൽ. 

     പക്ഷേ നമ്മൾ നന്നായി ക്കളിച്ചു. രാഹുലിന്റെ കളി ശ്രദ്ധിക്കണമെന്ന് മുത്തശ്ശൻ പറഞ്ഞില്ലേ? നന്നായിക്കളച്ചു. നമ്മുടെ തൃശൂർക്കാരനല്ലേ മുത്തശ്ശാ. പിന്നെങ്ങിനേയാ മോശമാകുക. കോമൽ തട്ടലിനേയും നമ്മുടെ ഗോളിയേയും അച്ചൂ നിഷ്ടായി. അറ്റാക്കിഗ് കുറച്ചു കൂടി ശ്രദ്ധിച്ചാൽ മതി.അച്ചു ഇവിടെ സോക്കർ കോച്ചി ഗിന് പോകുന്നുണ്ട്. ഒരമേരിക്കൻ ക്ലബ്ബിലാ. പന്തു കൈവശം വയ്ക്കാതെ പെട്ടന്നു പാസു ചെയ്യാനാ ഇവിടെ പ്പഠിപ്പിക്കുക. നമ്മൾ നന്നായിക്കളിച്ചു. അതു മതി. നല്ല ടീമായി വരും. 

       അതല്ല അച്ചൂന് സങ്കടായേ. ജോബ് അമേരിക്കയുടെ കൂടെയാ. അവൻ അമേരിക്കക്കാരനാ. അവൻബററ് വയ്ക്കാൻ അച്ചൂ നോട് പറഞ്ഞതാ. "ബററു വയ്ക്കുന്നതും. ആർജൂ ചെയ്യുന്നതും "നല്ലതല്ലന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. അതിനവനെന്നെ കളിയാക്കി. ഇൻഡ്യ ജയിച്ചങ്കിൽ അവന് മറുപടി കൊടുക്കാമായിരുന്നു. 
    സാരമില്ല. ഒരു ദിവസം ഇൻഡ്യ കയറി വരും. അച്ചൂന് ഉറപ്പാ. അന്ന് അവനോട് പറയണം." ഡോൺ ഡ് അണ്ടർ എസ്റ്റിമേറ്റ് ഇൻഡ്യൻസ് " എന്നു്.

Wednesday, October 4, 2017

   ലാട വൈദ്യൻ    [ നാലു കെട്ട് - 146]

       കുട്ടിക്കാലത്ത് തറവാട്ടിൽ അപൂർവ്വമായി വരാള്ള ഒരു ലാട വൈദ്യനെ ഓർക്കുന്നു.  ഭിക്ഷാംദേഹികളായി അവർ വീടുകളിൽ കയറി ഇറങ്ങും. അന്ന സുഖങ്ങൾക്ക് അവർ ചികിത്സ നിശ്ചയിക്കുന്നു. മരുന്നും അവർ തരും..സിദ്ധ ചികിത്സയാണ് പ്രധാനം. പിന്നെ ഒറ്റമൂലികളും. ചിലപ്പോൾ തിരുപ്പതിയിലേക്കും മറ്റും വഴിപാടുകളും സ്വീകരിക്കും.

     മിക്കവാറും ഒറ്റക്കാണ് സഞ്ചരിക്കുക. അവരുടെ വിചിത്രമായ വേഷമാണ് അവരെ ഇന്നും ഓർക്കാൻ കാരണം. നെറ്റിയിൽ ഭസ്മം, ചന്ദനം, സിന്ദൂരം എന്നിവ കൊണ്ട് കുറി ഇട്ടിരിയ്ക്കും. മഞ്ഞയൊ, ചുവപ്പോ നിറത്തിലുള്ള തുണികൊണ്ട് ഒരു വലിയ തലപ്പാവണിഞ്ഞിരിക്കും. തലേക്കെട്ടിൽ വിവിധ വർണ്ണങ്ങളിൽ ഉള്ള പളുങ്ക് മാല കൾചുറ്റി അലങ്കരിച്ചിരിയ്ക്കും.കയിൽ നീളം കൂടിയ ഒരു വടി.ആ വടിയിൽ നിറയെ ചെറിയ അറകളാണ്. അവയിൽ വിവിധ തരം മരുന്നുകളും. രണ്ടു മണികൾ ഒരു ചരടിൽ കെട്ടി കഴുത്തിൽ തൂക്കിയിരിക്കും. കഴുത്തിൽ വലിയ രുദ്രാക്ഷമാല. വർണ്ണപ്പകിട്ടുള്ള വസ്ത്രങ്ങൾ ഒരു പ്രത്യേ കരീതിയിൽ ആണ് ധരിക്കൂ ക. കാലിൽ മെതിയടി. പുറത്ത് ഒരു വലിയ ഭാണ്ഡം തൂക്കിയിരിക്കും. അതിലും പല ചെപ്പുകളിൽ വിവിധ തരം മരുന്നുകൾ.
     പണ്ട് ഇല്ലത്തു വന്നാൽ ആഹാരം ഇവിടുന്നാണ് മുത്തശ്ശന്റെ നിർബ്ബന്ധമാണ്. പുറത്ത് ഇറയത്ത് ചമ്രം പടിഞ്ഞിരിയ്ക്കും. അകത്തുകയറില്ല. ആ വ ശ്യമുള്ളവർക്ക് ചികിത്സ നിശ്ചയിക്കും. മരുന്നു കൊടുക്കും.പല മാറാരോഗങ്ങളും അവർ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ടത്രേ. അന്നത്തെ ഒരു മൊബൈൽ ആശുപത്രി തന്നെയായിരുന്നു ആ ലാട ഗുരു. ഒരു പ്രാവശ്യം വന്നു പോയാൽ പിന്നീട് രണ്ടോ മൂന്നോ മാസം കഴിഞ്ഞേ വരൂ.
   ഒരു വലിയ സിദ്ധന്റെ രൂപഭാവമുള്ള ആ അതികായൻ കുട്ടികളിൽ കൗതുകം ഉണർത്തിയിരുന്നു. ഒരു ചെറിയ ഭയവും."

Sunday, October 1, 2017

    പുതുമന നാരായണൻ നമ്പൂതിരി [നാലു കെട്ട് - 145]

        അദ്ദേഹം എന്റെ അച്ഛന്റെ അമ്മാവൻ ആയിരുന്നു. അത്ഭുതാദരങ്ങളോടെ യേ അദ്ദേഹത്തെ ഓർക്കാൻ കഴിയൂ. വളരെ പ്പണ്ട് നമ്പൂതിരിമാരുടെ ഇടയിൽ നിന്നൊരാൾ കൊടുംകാട് വാങ്ങി.ഏറുമാടം കെട്ടി, വന്യമൃഗങ്ങളോട് മല്ലടിച്ച് ഒരു വലിയ എസ്റ്റേററ് പടുത്തുയർത്തിയ ആചരിത്രം.. എന്നും എനിക്കാ വേശം തന്നിരുന്നു. അതിസാഹസികനായ അമ്മാവൻ എന്റെ റോൾ മോഡൽ ആയിരുന്നു. 

        അന്ന് യാത്രാ സൗകര്യം കുറവായിരുന്നു. നടന്നോ, കാളവണ്ടിയിലോ കുറുപ്പന്തറ എത്തണം. അവിടുന്ന് തീവണ്ടി. കോഴിക്കോട്ടെത്തിയാൽ മുക്കം വരെ ബസുണ്ട്. അപ്പൂർവമായേ ഉണ്ടാവൂ. മുക്കത്തെത്തിയാൽ " ഇരുവഞ്ഞിപ്പുഴ " യുടെ വിരിമാറിലൂടെ തോണി തുഴഞ്ഞു വേണം സ്ഥലത്തെത്താൻ. അന്ന് ആ സ്ഥലത്തിന് " തക്ക നാരി" എന്നാണ് പറയുക. ഇന്നത്തെകോടഞ്ചേരി. നാട്ടിൽ നിന്നുള്ള രണ്ടു മൂന്നു പേരും കൂട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യമുണ്ട്. ഏറുമാടത്തിലാണ് വാസം, ഒരിരട്ടക്കുഴൽ തോക്കുണ്ട് സംരക്ഷണത്തിന്. ആദ്യം രാമച്ചവും മറ്റും കൃഷി ചെയ്ത് സ്ഥലം മറ്റു കൃഷികൾക്ക് യോഗ്യമാക്കുന്നു. പിന്നീടാണ് റബറും കമുകും കൃഷി ചെയ്തതു്.

ഈ തറവാടിന് ഒരുപാടു കടപ്പാടുണ്ട് അമ്മാവനുമായി. മുത്തശ്ശിയുടെ അനുജനാണ് . ഉണ്ണി എന്നാ മുത്തശ്ശി വിളിക്കുക. ആ ഉണ്ണിയും, ഓപ്പോളും തമ്മിലുള്ള ബന്ധം അത്ഭുതമുളവാക്കിയിരുന്നു. എന്താവശ്യത്തിനും ഉണ്ണിയേ വിളിച്ചു വരുത്തും ആ ഒപ്പോൾ. . ഒപ്പോൾ പറഞ്ഞാൽ ഉണ്ണിയ്ക്കത് വേദവാക്യo . 

      നാടിനും, നാട്ടിലെ സ്ക്കൂളിനും, അമ്പലത്തിനുo അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ മറക്കാൻ പറ്റില്ല. പേരും, പ്രശസ്തിയും ആഗ്രഹിക്കാതെ, ഒരു തപസ്സു പോലെ ഇവിടുള്ള പൊതു പ്രശ്നങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നു. ഇന്ന് മോഡൽ റൂറൽ ലൈബ്രറി ആയി ഉയർന്ന കുറിച്ചിത്താനത്തെPS PM - ലൈബ്രറിക്ക് കെട്ടിടം വയ്ക്കാൻ സ്ഥലം കൊടുത്തതും അദ്ദേഹമായിരുന്നു.

     ആദരവോടെ നമസ്കരിക്കുന്നു....
സാഷ് ട്ടാഗം പ്രണമിക്കുന്നു.