Sunday, October 8, 2017

    ഒരു ഡയററീഷ്യന്റെ കഥ

ഒരു സമ്പൂർണ്ണ വൈദ്യ പരിശോധന.മക്കൾക്ക് നിർബ്ബന്ധം.ഒരു കുഴപ്പവുമില്ല. കൊളസ്ട്രോൾ സ്വൽപ്പം കൂടുതൽ എന്നു വേണമെങ്കിൽപ്പറയാം. മരുന്നു കഴിക്കില്ലന്നറിയാം. ആഹാരരീതി എങ്കിലും ശ്രദ്ധിക്കണം.അവർ ഒരു ഡയറ്റീഷ്യനെ ഏർപ്പാടാക്കി.അങ്ങിനെ ആഹാരോ പദേശകൻ വന്നു. ദിനചര്യയും ആഹാരവും ശ്രദ്ധിക്കണ്ട രീതി.... ഒരു നീണ്ട പ്രസംഗം. ചിക്കൻ മുതൽ ലിക്കർ വരെ നിയന്ത്രിച്ച് ഉപയോഗിക്കാവൂ എന്നും പറഞ്ഞു. ഞാൻ എല്ലാം ക്ഷമയോടെ കെട്ടു
   
      ഇനി എന്റെ രീതി പറയാം. മാംസാഹാരമോ മദ്യമോ ഉപയോഗിക്കില്ല. രാവിലെ നാലു മണിക്ക് എഴുനേൽക്കും.പ്രഭാദകർമ്മങ്ങൾക്ക് ശേഷം പത്മാസനത്തിലിരുന്ന് നാല്പതു മിനിട്ട് പ്രാണായാമം. തലേ ദിവസം ചുവന്ന തുളസിപ്പൂ ഇട്ട വെള്ളം രണ്ടു ക്ലാസ് കുടിക്കും. പിന്നെപ്പറമ്പും ,പാടവും ചുറ്റി നടന്ന് ഞാൻ നട്ടുവളർത്തിയ സസ്യജാലങ്ങളോടും. പക്ഷികളോടും അണ്ണാറക്കണ്ണനോടും കിന്നാരം. ഒരു മണിക്കൂർ. അതിനെ "മോർണി ഗ് വാക്ക് " എന്നു വിളിച്ചൊളൂ. വിസ്തരിച്ച് തേച്ചു കുളി, പ്രഭാത കർമ്മങ്ങൾ. ഒരു ഗ്ലാസ് ഗ്രീൻ ടീ. പിന്നെ വർത്തമാനപ്പത്രവുമായി മൽപ്പിടുത്തം. നല്ല ചെമ്പാവിന്റെ പൊടിയരിക്കഞ്ഞിയിൽ നാളികേരം ചിരകിയിട്ട് വയറു നിറയെക്കഴിക്കും.പിന്നെ എഴുത്ത് വായന. പതിനൊന്നു മുതൽ വായനശാലയിൽ.
ഉച്ച ഊണിന് ഓലൻ.രാവിലെ തന്നെ ചോറിൽ പാട നീക്കിയ പാലും മോരും ഒഴിച്ചു വച്ചിരിക്കും. ഉച്ചയാകുമ്പഴേക്ക് ചോറിൽ കിടന്ന് ഉറയൂ ടി യി ട്ടു ണ്ടാവും. അതിൽ ഇഞ്ചി അരിഞ്ഞിട്ടിരിയ്ക്കും. ചുട്ട രച്ച ചമ്മന്തിയും ഉണ്ടാകും. നല്ല മോര് നാരങ്ങാനീരും, കാന്താരിമുളകും ചേർത്ത് അതാണ് പാനീയം. ഉച്ചക്ക് അര മണിക്കൂർ ഉറക്കം.തിളപ്പിച്ച് പാട നീക്കിയ പാലിൽ കടുപ്പത്തിൽ ഒരു ചായ. ചെറുപഴം കൂട്ടിന്. പൈതൃക ഭൂമിയെ വല oവച്ച് നടത്തം.അല്ലങ്കിൽ ഷട്ടിൽ കളിക്കും.വൈകിട്ട് ഏഴുമണിക്ക് അത്താഴം. ഒരു ഫ്രൂട്ട് സാലഡ്, അല്ലങ്കിൽ വെജിറ്റബിൾ സാലഡ്. 
     ടി.വി, ന്യൂസ് കാണും. ലോകത്തിന്റെ പല കൊണുകളിൽ വസിക്കുന്ന മക്കളും മക്കളുടെ മക്കളും ആയി ഒരു വീഡിയോ കോൺഫ്രൻസ്. എല്ലാവരും ഒരു മേശക്കു ചുറ്റുമിരിക്കുന്ന പ്രതീതി. പരിവേദനങ്ങൾ പരിഭവങ്ങൾ... എല്ലാം അവിടെ ത്തീരും. പത്തു മണിക്കുറക്കം.

       നമ്മുടെ സയറ്റീഷ്യൻ ഈ ജീവിത രീതികേട്ട് ബോധംകെട്ടുവീണു എന്നു കഥ.

No comments:

Post a Comment